സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, September 30, 2013

നാഷണല്‍ ഗെയിംസിന് സ്വാഗതം

35-മത് നാഷണല്‍ ഗെയിംസിന് കേരളത്തിലേക്ക് സ്വാഗതം. 2014 ഫെബ്രുവരിയില്‍ കേരളത്തിലാകെ നാഷണല്‍ ഗെയിംസിന്റെ അലയടികളാവും. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഗെയിംസിന്റെ പ്രചരണത്തിനായി നാഷണല്‍ ഗെയിംസ് സെക്രട്ടറിയറ്റ് അമ്മു എന്ന പേരില്‍ നാടകം സജീകരിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്കുള്ള ഈ സംഘത്തിന്റെ പര്യടനം തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്യാന്‍ അവസരം ലഭിച്ചു. ഒരു മഹാമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.
 വിദ്യാര്‍ത്ഥികളില്‍ കായികാഭിരുചി വളര്‍ത്താന്‍ അമ്മുവിന്റെ യാത്ര പ്രയോജനപ്പെടുമെന്ന് ഉറപ്പുണ്ട്. പുതിയ താരങ്ങള്‍ക്കിടയിലൂടെയാണ് വേഴാമ്പല്‍ അമ്മു യാത്ര തുടങ്ങിയത്. അമ്മുവിനോട് സംസാരിച്ചും കായികരംഗത്തെ വിശേഷങ്ങള്‍ പങ്കുവെച്ചും നാഷണല്‍ ഗെയിംസ് കേരളത്തിന്റെ കായികോല്‍സവമാവും. ലോകത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമതുള്ള രാജ്യമായ ഇന്ത്യയില്‍നിന്ന് പുതിയ താരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ജനസംഖ്യയുടെ വലുപ്പത്തിനനുസരിച്ച് പ്രതിഭകളുടെ എണ്ണം കൂടുകതന്നെ വേണം. ഗെയിംസ് നടക്കുന്ന ഏഴുജില്ലകളിലെ ആരവങ്ങള്‍ 14 ജില്ലകളിലേക്കും വ്യാപിക്കട്ടെയെന്ന് ആശംസിക്കുന്നു

Sunday, September 29, 2013

സ്നേഹപൂര്‍വ്വം.....


ശുഭപ്രതീക്ഷയോടെ പ്രവാസി ഹരിത സഹകരണ സംഘങ്ങള്‍

ജീവിതത്തിന്റെ വസന്തങ്ങള്‍ വിദേശരാജ്യങ്ങളില്‍ അധ്വാനിച്ച് ചിലവഴിച്ചവരാണ് ഇപ്പോള്‍ നാട്ടിലുള്ള പ്രവാസികള്‍ .വീടുവെച്ചും മക്കളെ വിവാഹം ചെയ്തയച്ചും ജീവിതം വഴിമുട്ടിയവര്‍ . അല്ലെങ്കില്‍ ഒന്നും സമ്പാദിക്കാനാവാതെ കാലം കഴിച്ചവര്‍ . എങ്കിലും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ പലപ്പോഴും ഇവര്‍ ഗള്‍ഫുകാരാണ്. അല്ലെങ്കില്‍ സമ്പന്നര്‍ .
നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴില്‍സംരംഭം വേണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വേണം. അതാണ് ഇന്നലെ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് മലബാര്‍ പാലസില്‍ ഇന്നലെ നടത്തിയത്. വിവിധ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ആദ്യം ഹരിത സഹകരണ സംഘങ്ങള്‍ തുടങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നെ പരിശീലനം. സഹകരണ സംഘം എന്ത്, എന്തിന് , റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ്, സര്‍ക്കാര്‍തല കരാര്‍ പ്രവൃത്തികള്‍ , ഹൈടെക് അഗ്രികള്‍ച്ചര്‍ , പൌള്‍ട്രി ഫാം, ഗോട്ട് ഫാം, ഹൈടെക് ഡയറി ഫാമിങ്ങ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധര്‍ ക്ളാസുകള്‍ എടുത്തു. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള പ്രവാസികള്‍ അവരുടെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞ് ക്ളാസുകള്‍ ഊര്‍ജ്ജസ്വലമാക്കി. ഇനി പ്രായോഗികമാക്കാനുള്ള നടപടികള്‍ .
 സംസ്ഥാനത്തെല്ലാം കേരള പ്രവാസി ലീഗ് ഇതുപോലെ ഹരിത സഹകരണ സംഘങ്ങള്‍ രൂപവല്‍ക്കരിച്ച് തൊഴിലസവരങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാരിന്റെ സഹായവും ഇക്കാര്യത്തിലുണ്ടാവും. മാന്യമായി തൊഴിലെടുക്കാനും സുഖകരമായ ജീവിതം നയിക്കാനും ഇനിയുള്ള കാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. മുസ്ലിംലീഗ് നടപ്പാക്കുന്ന ബൈത്തുറഹ്മ പദ്ധതി പോലെത്തന്നെ പ്രധാനപ്പെട്ടതാണ് പ്രവാസി ലീഗിന്റെ ഹരിത സഹകരണ സംഘം എന്ന പേരിലുള്ള പുതിയ സംരംഭം. ഗള്‍ഫ് നാടുകളിലായിരുന്നപ്പോള്‍ കേരളത്തിലേക്ക് കോടികള്‍ അയച്ചവര്‍ സംസ്ഥാനത്തിന് പുതിയ വഴികളിലൂടെ മുതല്‍ക്കൂട്ടാവുന്ന കാഴ്ചയാണ് ഇനി കാണുക. എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിലുണ്ടാവുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

Friday, September 27, 2013

മേല്‍ക്കുളങ്ങരയിലേക്കൊരു ബസ് റൂട്ട്

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഉള്‍പ്രദേശമായ മേല്‍ക്കുളങ്ങരയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി. ദീര്‍ഘകാലത്തെ യാത്രാക്ളേശത്തിന് പരിഹാരം. നാട്ടുകാരുടെ സന്തോഷത്തില്‍ പങ്കുചേരുന്നു.

Thursday, September 26, 2013

റോഡ് നവീകരണത്തിനായി 34 കോടി

റോഡ് നവീകരണത്തിനായി മലപ്പുറം നഗരസഭക്ക് 15 കോടി രൂപയും പുതിയ നഗരസഭകളായ കോട്ടക്കല്‍ , നിലമ്പൂര്‍ എന്നിവക്ക് എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് 4.5 കോടി രൂപയും അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തൊടുപുഴ, പാല, കോട്ടയം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നഗരസഭകള്‍ക്ക് ആകെ 10 കോടി രൂപയും നവീകരണത്തിന്റെ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Monday, September 23, 2013

സൌദിക്ക് ദേശീയ ദിനാശംസകള്‍

1932ലാണ് ഇന്നത്തെ സൌദി അറേബ്യ കിങ്ങ് അബ്ദുല്‍ അസീസ് ഇബിന്‍ സൌദ് രൂപപ്പെടുത്തിയത്. പോരടിച്ച് നിന്നിരുന്ന  Hejaz നെയും Najd നെയും മറ്റ് അനേകം ചെറിയ രാജ്യങ്ങളെയും യോജിപ്പിച്ച് സൌദി അറേബ്യ എന്ന ഏകീകൃത രാജ്യമായി. ആ പ്രഖ്യാപന ദിനമാണ് സൌദിയിലെ ദേശീയദിനം.
 25 ലക്ഷം ഇന്ത്യക്കാരും ലക്ഷക്കണക്കിന് മറ്റ് വിദേശികളും ജോലി ചെയ്യുന്ന സൌദിയെ സമ്പത്തിന്റെ കാര്യത്തില്‍ ദൈവം കനിഞ്ഞനുഗ്രഹിച്ചു. പെട്രോളും സ്വര്‍ണ്ണവും വെള്ളിയും മറ്റ് മിനറല്‍സും മെറ്റല്‍സുമെല്ലാം ഈ മരുഭൂമിയില്‍ സുലഭം. ഈ െെഎശ്വര്യം എന്നും നിലനില്‍ക്കട്ടെ. 81-മത് ദേശീയ ദിനം ആഘോഷത്തിന് ആശംസകള്‍ ....

വികസനത്തിന് ചാലക്കുടി മാതൃക


 ചാലക്കുടി നഗരസഭയെ അഭിനന്ദിക്കാതെ വയ്യ. സര്‍ക്കാര്‍ഫണ്ടിനെ മാത്രം ആശ്രയിക്കാതെ ജനകീയ പങ്കാളിത്തത്തോടെ ടൌണ്‍ഹാള്‍ നിര്‍മ്മാണം തുടങ്ങിയിരിക്കുന്നു. വ്യത്യാസങ്ങളേതുമില്ലാതെ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ നല്‍കുന്ന തുക ഉപയോഗിച്ചാണ് അഞ്ചു കോടി രൂപ ചിലവില്‍ ടൌണ്‍ഹാള്‍ നിര്‍മ്മിക്കുന്നത്. പൊതുപ്രവര്‍ത്തകരും സാധാരണക്കാരും സിനിമാ പ്രവര്‍ത്തകരും മറ്റെല്ലാവരും ഇതില്‍ പങ്കാളികളാവുന്നു. സംസ്ഥാനത്തിന്റെ വികസന ഭാവിയില്‍ ഒരുപക്ഷെ ആദ്യത്തെ വലിയ മാതൃകയാണിത്. ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നഗരസഭയെയും ചാലക്കുടിയുടെ മോഹസാഫല്യത്തിനായി സംഭാവനകള്‍ നല്‍കിയവരെയും ഞായറാഴ്ചയിലെ ചടങ്ങ് ധന്യമാക്കിയ നാട്ടുകാരെയും എല്ലാവരെയും അഭിനന്ദിക്കുന്നു. നിര്‍മ്മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാനും സുതാര്യമായി പ്രവര്‍ത്തിക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു

Saturday, September 21, 2013

സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ക്ക് സല്യൂട്ട്

വാഹനപകടങ്ങള്‍ കണ്ടും കേട്ടും മതിയായി. അപകട വാര്‍ത്തയില്ലാത്ത ഒരുദിവസത്തിനായി കൊതിക്കുകയാണ് നാമെല്ലാവരും. ഒരാളോ രണ്ടാളോ വിചാരിച്ചാല്‍ അപകടം ഇല്ലാതാവില്ല. വഴിയാത്രക്കാരും ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും എല്ലാവരും ശ്രദ്ധിക്കണം. ഇക്കാലമത്രയും അതിന് കഴിഞ്ഞില്ല. ഇനിയും ഈ നില തുടര്‍ന്നാല്‍ അകാലമൃത്യുകൊണ്ട് നാടിന്റെ കണ്ണീരുണങ്ങാത്ത കാലംവരും. അതില്ലാതാക്കാന്‍ പുതിയ പുതിയ ചിന്തകള്‍ വേണം. പ്രവര്‍ത്തനങ്ങള്‍ വേണം. ബോധവല്‍ക്കരണവും ഇടപെടലും വേണം. പുതിയ സമൂഹത്തെ ട്രാഫിക് നിയമങ്ങളും സംവിധാനങ്ങളും പഠിപ്പിക്കണം. സ്കൂള്‍ സിലബസിന് പുറത്ത് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ ഈ രംഗത്തേക്ക് ഇറങ്ങുന്നുവെന്നറിയുന്നതില്‍ വളരെ സന്തോഷം. ഇവര്‍ സമൂഹത്തിന് വഴികാട്ടികളാവണം. ചുറ്റിലുമുള്ളവരെ ഇക്കാര്യങ്ങളിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നവരുമാവണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇറങ്ങിത്തിരിച്ച ഈ കുട്ടിപ്പോലീസുകാരെ അഭിനന്ദിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളാല്‍ വിലപ്പെട്ട ഒട്ടേറെ ജീവിതങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. ഒപ്പം നിയമലംഘനങ്ങള്‍ തടയാന്‍ നിയമപാലകര്‍ ആര്‍ജ്ജവം കാണിക്കുകകൂടി ചെയ്താല്‍ അപകടങ്ങള്‍ക്ക് ശമനമുണ്ടാവും. ഈ ദൌത്യമേറ്റെടുത്ത എല്ലാവരെയും സ്നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു. നന്‍മകളുടെ ഈ ചിന്തകള്‍ക്ക് അഭിവാദ്യങ്ങളുടെ സല്യൂട്ട്. 

Thursday, September 12, 2013

ആശയങ്ങളുടെ അന്‍സാരി

ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയെ ഇന്ന് തിരുവനന്തപുരത്ത് രാജ് ഭവനില്‍ ചെന്നുകണ്ടു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനായിരുന്ന ഡോ. അന്‍സാരിയുമായി ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ സംസാരിച്ചു. കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. 35 മിനുറ്റിലധികം സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. ജീവിതത്തിന്റെ സന്തോഷങ്ങളോട് ചേര്‍ത്തുവെക്കേണ്ട അനുഭവമായി ആ കൂടിക്കാഴ്ച മാറി.

Tuesday, September 10, 2013

നഗരസഭകളില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ ഇനി ഇ ടെന്‍ഡര്‍

തിരുവന്തപുരം
നഗരസഭകളില്‍ അഞ്ച് ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തികള്‍ക്ക് ഇ ടെന്‍ഡര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. ഓണം കഴിഞ്ഞാലുടന്‍ ഇ ടെന്‍ഡര്‍ സംവിധാനം പ്രാബല്യത്തില്‍ വരുത്തും.
തദ്ദേശ സ്ഥാപനങ്ങളില്‍ കരാറുകാര്‍ അവിഹിതമായി ഇടപാടുകള്‍ നടത്തുന്നതായും ഇതുമൂലം വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. നഗരസഭകളില്‍ കയ്യാങ്കളി നടത്തിയും അവിഹിതമായി ധാരണകളുണ്ടാക്കിയും കരാര്‍ നല്‍കുന്ന നിലവിലെ  സംവിധാനം അവസാനിപ്പിക്കണം. സിംഗിള്‍ ടെന്‍ഡര്‍ രീതി അവസാനിപ്പിക്കുകയാണ്. അഞ്ച് ലക്ഷത്തിന് മുകളില്‍ നടത്തുന്ന മരാമത്ത് പണികളെല്ലാം ഇ ടെന്‍ഡര്‍ വഴി മതിയെന്നാണ് തീരുമാനം. ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളും.

Saturday, September 7, 2013

തോരില്ല, ഈ കണ്ണീര്‍ചാലുകള്‍

ഒരുനാട് ചലനമറ്റിരിക്കുന്നു. തോരാത്ത മഴയായി കണ്ണീര്‍പ്രവാഹം. ഒരിക്കലും കാണരുതാത്ത കാഴ്ചകള്‍ . ആരുടെ ജീവിതവും ഇങ്ങനെ കടന്നുപോകരുത്. താനൂരില്‍ ഒരു കുടുംബം വേരറ്റുപോയപ്പോഴും അതായിരുന്നു പ്രാര്‍ത്ഥന. പക്ഷെ, തൊട്ടടുത്ത വെള്ളിയാഴ്ചതന്നെ അതിന്റെ ഇരട്ടി ജീവനെടുക്കാന്‍ അപകടം വന്നെത്തി.
കോഴിക്കോട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടിരുന്നു. കൊണ്ടോട്ടിയില്‍ എത്തിയപ്പോഴാണ് അപകടവിവരമെത്തിയത്. നാലുപേര്‍ മരിച്ചെന്നായിരുന്നു വിവരം. പാര്‍ട്ടി നേതാക്കളെ വിവരമറിയിച്ച് ഉടന്‍ തിരിച്ചു. പെരിന്തല്‍മണ്ണയിലേക്കുള്ള കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ മരണസംഖ്യ കൂടിക്കൂടി വന്നു. ആശുപത്രികളിലെത്തുമ്പോള്‍ എങ്ങും കൂട്ടനിലവിളികള്‍ . ഉറ്റവരെ തിരയുന്ന ബന്ധുക്കള്‍ . ആശ്വസിപ്പിക്കാനാവാതെ കണ്ണീര്‍ തുടക്കുന്നവര്‍ . പ്രതീക്ഷകളോടെ വിവരം തേടുന്നവര്‍ . ആരൊക്കെയോ കുഴഞ്ഞുവീഴുന്നു. മരിച്ചവരെയും പരുക്കേറ്റവരെയും കണ്ടു. ഒന്നും സംഭവിച്ചില്ലെന്ന പ്രതീക്ഷയോട വരുന്ന ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കണ്ട് തകര്‍ന്നു. ആശുപത്രി പരിസരവും മരണവീടുകളും നാടും ജനത്തെക്കൊണ്ട് നിറഞ്ഞു. പിന്നെ എല്ലാം ജനം ഏറ്റെടുത്തു. വലിയ ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയായിരുന്നു.
ഉമ്മയുടെ മരണമായിരുന്നു ഇന്നലെ വരെ വലിയ ദുഖം. പക്ഷെ മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപങ്ങളാണ് ഏറ്റവും വലിയ ദുഖമെന്ന് തിരിച്ചറിയുന്നു. 44 ദിവസം മുമ്പാണ് ഉമ്മ മരിച്ചത്. അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ല. അതിനുമുമ്പെ സഹിക്കാനാവാത്ത ദുരന്തം. തേങ്ങലടങ്ങില്ല. എത്ര പ്രതീക്ഷകളാണ് റോഡില്‍ ചിതറിയത്. വിദ്യാര്‍ത്ഥികളും ഗൃഹനാഥരും കുടുംബിനികളുമൊക്കെ അപകടത്തിന്റെ ഇരകളായി. ഒരുമിനിബസ്സ് അപകടം കഴിഞ്ഞപ്പോള്‍ നാലഞ്ച് കഷണങ്ങള്‍ പോലെയായി. എവിടെയൊക്കെയോ സംഭവിച്ച അശ്രദ്ധകള്‍ , നിയമലംഘനങ്ങള്‍ ..അതിന്റെ അവസാനത്തെ ഇരകളാണ് ഈ 13 പേര്‍ .
തിരുവനന്തപുരത്തുനിന്ന് രാത്രി മുഖ്യമന്ത്രി എത്തി. നാടിന്റെ കണ്ണീരൊപ്പാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, ആര്യാടന്‍ മുഹമ്മദ് എ.പി. അനില്‍കുമാര്‍ എന്നിവരും വന്നു. ജനനേതാക്കളും ഉദ്യോഗസ്ഥരുമെത്തി. പൊതുപ്രവര്‍ത്തകരും നേതാക്കളും ഒരുമെയ്യായി ഒഴുകിയെത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി സഹായങ്ങള്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചികില്‍സയിലുള്ളവര്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ്ണമായ സഹായമുണ്ടാവും. ഇതിനെല്ലാമുള്ള അടിയന്തര നടപടികള്‍ കൈക്കൊണ്ടു.
ഒരുനാടിന്റെ നന്മ തിരിച്ചറിയുന്ന രംഗം കൂടിയായിരുന്നു ആശുപത്രികളിലും വീടുകളിലും കണ്ടത്. ഭേദങ്ങളൊന്നുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജനം മുന്നിട്ടിറങ്ങി. ആശ്വസിപ്പിക്കാനും കൂടെനില്‍ക്കാനും എല്ലാവരുമുണ്ടായി. ഡോക്ടര്‍മാരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മറ്റെല്ലാവരും അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചു. ഷംന, ഷബീറ, സഫില, മുബഷിറ, തസ്നി, ഫാത്തിമ, മറിയ, നാദിനയ, സൈനബ, ഇഹ്തിഷാ എന്നിവരുട മയ്യിത്തുകള്‍ ഇന്ന് രാവിലെ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ക്കിടെ കബറടക്കി. നീതുവിന്റെയും ചെറിയക്കന്റെയും ചെറുക്കിയുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. വേദനിപ്പിക്കുന്ന ഓര്‍മ്മകളായി. അകാലത്തില്‍ വിട്ടുപോയവര്‍ക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഈ നാടിനെ ആശ്വസിപ്പിക്കാന്‍ നമുക്ക് കരുത്ത് ലഭിക്കട്ടെ. ഇനിയൊരു ദുരന്തത്തിനുകൂടി സാക്ഷിയാവാനുള്ള ദുര്‍വിധി ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ.

Thursday, September 5, 2013

വൈവിധ്യങ്ങളുടെ കൌതുകങ്ങളാണ് ചുറ്റിലും. അതിന് ഗുണവും ദോഷവും കാണാം. തിങ്ങിനിറഞ്ഞ ക്ളാസ് മുറിയില്‍തന്നെ ഒരേ സ്വഭാവമുള്ള രണ്ടുപേര്‍ കാണില്ലല്ലോ. അവിടെ വഴിതെറ്റുന്ന കുട്ടിയെ നേര്‍വഴിക്ക് നടത്തുകയാണ് അധ്യാപകന്റെ ജോലി. സ്നേഹവും ശ്രദ്ധയും കൂടുതല്‍ നല്‍കി പരിചരണം. തന്നിഷ്ടം കാട്ടി വേറിട്ടുനില്‍ക്കുന്ന അത്തരം കുട്ടിയുടെ അവസ്ഥയിലാണ് ഇന്നത്തെ സമൂഹമെന്ന് തോന്നിപ്പോവുന്നു. മറ്റാരെക്കാള്‍ കൂടുതല്‍ അധ്യാപകര്‍ക്കാണ് ഇക്കാര്യത്തിലും ഉത്തരവാദിത്തം കൂടുതല്‍ . സാമൂഹ്യശില്‍പ്പികളാണ് അധ്യാപകര്‍ . സമൂഹത്തിന്റെ വിശേഷബുദ്ധിയും അഭിരുചിയും മനസ്സിലാക്കി രാജ്യത്തെ നന്മയിലേക്ക് നയിക്കാന്‍ ഡോ. എസ്. രാധാകൃഷ്ണന്‍ കാണിച്ച വഴിയിലൂടെ അധ്യാപകരും സഞ്ചരിക്കട്ടെ. ഒരുമിച്ചുനിന്നാല്‍ മാറ്റിയെടുക്കാനാവാത്തതായി ഒന്നുമില്ല. നന്മയുടെ സന്ദേശവാഹകരായി മാറാന്‍ അധ്യാപകര്‍ക്ക് കഴിയട്ടെ. ഉത്തരവാദിത്തങ്ങളുടെ പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ ...

Sunday, September 1, 2013

അക്രമം ഭയന്ന് വികസനം മാറ്റിവെക്കാനായില്ല


വികസനമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. അതുമുടക്കാന്‍ നിറം മങ്ങിയ ചെങ്കൊടിക്ക് കരുത്തില്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ ആറാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി വന്നത്. 44 ലക്ഷം ജനങ്ങളുള്ള മലപ്പുറം ജില്ലയുടെയും സമീപ ജില്ലകളുടെയും ദീര്‍ഘകാലത്തെ സ്വപ്നം. ആഹ്ളാദത്തിന്റെ നിമിഷങ്ങള്‍ കറുപ്പിച്ചെടുക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. ദരിദ്രരും സാധാരണക്കാരുമായ രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കിയതിന് എന്താണിത്ര അസഹിഷ്ണുത. നിലമ്പൂരില്‍ എന്നെ അക്രമിച്ചതുകൊണ്ടും യുഡിഎഫിന്റെ നയം മാറില്ല, വികസന, ക്ഷേമ പദ്ധതികള്‍ മുടങ്ങുകയുമില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്യുന്നതാണ് പ്രതിഷേധമെങ്കില്‍ പിന്നെന്ത് ജനാധിപത്യം. സെക്രട്ടറിയറ്റിലെ സമരപരാജയത്തിന്റെ നാണക്കേടുമാറ്റാനാണ് പുതിയ

സമരമുറയെങ്കില്‍ സമരക്കാര്‍ അനുഭവിക്കുകതന്നെ ചെയ്യും. സംഘം  ചേര്‍ന്ന് അക്രമിക്കുന്ന കാടത്തം മാറ്റാതെ സിപിഎമ്മിന്റെ വികൃതമുഖം മാറില്ല. ചെരുപ്പും ചീമുട്ടയും വോട്ടാവില്ലെന്ന് ഇനിയും തിരിച്ചറിഞ്ഞില്ലെ. അതോ അവസാന വഴി ഇതാണെന്ന് നേതാക്കള്‍ കരുതിയതാണോ. എന്തുതന്നെയായാലും പാവങ്ങളുടെ കണ്ണീരൊപ്പി, അശരണര്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍ മുന്നോട്ടുപോവുകതന്നെ ചെയ്യും. ജില്ലയുടെ ആഘോഷങ്ങള്‍ക്ക് നേരെ കരിങ്കൊടിയുമായി വന്ന് കലാപം നടത്തിയവര്‍ക്ക് ജനം മറുപടി നല്‍കും. വൈകാതെ അത് സിപിഎമ്മിനും മുന്നണിക്കും ബോധ്യപ്പെടുകയും ചെയ്യും


http://www.mangalam.com/malappuram/90626

http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=14898216&district=Malappuram&programId=1079897613&BV_ID=@@@