സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, February 4, 2013

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-നഗരസഭകള്‍ക്ക് ഫണ്ട് ഉടന്‍

തിരുവനന്തപുരം
 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഉടന്‍ ഫണ്ട് നല്‍കാന്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രഥമ കൌണ്‍സില്‍ തീരുമാനിച്ചു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ആധ്യക്ഷ്യം വഹിച്ചു.
 ബജറ്റും കര്‍മ്മപദ്ധതിയും സമര്‍പ്പിച്ച നഗരസഭകള്‍ക്ക് ആവശ്യപ്പെട്ട തുകയുടെ 25 ശതമാനമാണ് ആദ്യഗഡുവായി നല്‍കുക.കോര്‍പ്പറേഷനുകള്‍ക്ക് പരമാവധി ഒരുകോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 50 ലക്ഷവും ലഭിക്കും. ഈ തുക ഉടന്‍ കൈമാറും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 4,12,32,060 രൂപയുടെയും കൊച്ചി 58,44,500 രൂപയുടെയും കോഴിക്കോട് 7,79,91,750 രൂപയുടെയും പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 60 മുനിസിപ്പാലിറ്റികളില്‍ ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കും. പരമാവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുവെന്ന് നഗരസഭകള്‍ ഉറപ്പാക്കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍ദേശിച്ചു. അനുവദിക്കുന്ന തുക ഈ മാര്‍ച്ചിനകം തന്നെ ചെലവഴിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ ദേശീയതലത്തില്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി നഗരസഭകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
 നിയമസഭാ ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, നഗരസഭാ അധ്യക്ഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്തവര്‍ഷം കൂടുതല്‍ തുക അനുവദിക്കാനും ധാരണയായിട്ടുണ്ട്.






Saturday, February 2, 2013

തിരുവനന്തപുരത്ത് ന്യൂനപക്ഷ കോച്ചിങ്ങ് സെന്റര്‍ തുടങ്ങി


ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ സമീപ ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മല്‍സരപരീക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തുടങ്ങുന്ന പരിശീലന കേന്ദ്രം മേലേതമ്പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ, വിദ്യാഭ്യാസ ഉയര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മല്‍സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പതാമത്തെ കേന്ദ്രമാണ് തിരുവനന്തപുരത്തേത്. യുപിഎസ് സി, പിഎസ് സി തുടങ്ങിയ പരീക്ഷകളില്‍ പരിശീലന കേന്ദ്രങ്ങളിലെ കുട്ടികള്‍ മികച്ച റാങ്കുകളില്‍ എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം സമീപ ഭാവിയില്‍തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുണ്ടാവും. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല കേന്ദ്രമാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ അവസരമുണ്ടാവും. സിവില്‍സര്‍വീസ് മേഖലകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 20 മാസത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മല്‍സര പരീക്ഷകള്‍ എഴുതുന്നിന് ലഭിക്കുന്ന പരിശീലനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെന്നും ഇതിലൂടെയുണ്ടാവുന്ന നേട്ടം പൊതുസമൂഹത്തിന് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.

Thursday, January 31, 2013

മാലിന്യ പ്ലാന്റുകള്‍ക്ക് യോജിച്ച സ്ഥലം കണ്ടെത്താന്‍ തീരുമാനം


തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആധുനിക മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് യോജിച്ച സ്ഥലം കണ്ടെത്താന്‍ ജനപ്രതിനിധികളുടെയും കക്ഷിനേതാക്കളുടെയും യോഗത്തില്‍ ധാരണയായി. നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളില്‍ യോജിച്ച കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കും. നേമം മണ്ഡലത്തിന്റെ ഭാഗമായ പൂജപ്പുുര ജയില്‍ പരിസരം, പാപ്പനംകോട് കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിന് എതിര്‍വശം, കാര്‍ഷിക സര്‍വ്വകലാശാലാ ക്യാമ്പസ് എന്നിവിടങ്ങളില്‍ യോജിച്ച സ്ഥലം വിദഗ്ധ സമിതി കണ്ടെത്തും. വട്ടിയൂര്‍കാവില്‍ കുടപ്പനക്കുന്ന്,പിടിപി നഗര്‍(), മലമുകള്‍ എന്നിവിടങ്ങളിലും കഴക്കൂട്ടത്ത് ശ്രീകാര്യം സിടിസിആര്‍എ, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, ഉള്ളൂര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളും പരിശോധനക്ക് നിര്‍ദേശമുണ്ടായി. ചാലയില്‍ നിര്‍ദ്ദിഷ്ട പ്ളാന്റിന്റെ വിവരങ്ങള്‍ ജനത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രദര്‍ശനങ്ങള്‍ക്ക് സംസ്ഥാന ശുചിത്വമിഷന്‍ തിങ്കളാഴ്ച തുടക്കം കുറിക്കും.