സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, February 7, 2013

ജനാധിപത്യത്തെ ഇങ്ങനെ അവഹേളിക്കരുത്

നിയമസഭയുടെ ചരിത്രത്തില്‍ അപമാനകരമായ സംഭവങ്ങളോട് ചേര്‍ത്തുവെക്കാന്‍ വ്യാഴാഴ്ചയും പ്രതിപക്ഷം അനുഭവമുണ്ടാക്കി. സിപിെഎയുടെ പ്രതിനിധിയായ ബിജിമോളെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്പെന്റ് ചെയ്തശേഷം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്പീക്കറുടെ ചെയറിലേക്കുള്ള ഇരച്ചുകയറ്റം.
 സൂര്യനെല്ലി വിഷയത്തില്‍ പി.ജെ. കുര്യനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഈ സമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രതിപക്ഷം ബഹളവും ഇറങ്ങിപ്പോക്കും തുടങ്ങിവെച്ചത്. സഭ നടന്നുകൊണ്ടിരിക്കെ പുറത്തുനടന്ന മഹിളകളുടെ പ്രക്ഷോഭത്തില്‍ ബിജിമോളും ഗീതാഗോപിക്കും പരുക്കുപറ്റിയെന്നാണ് പ്രതിപക്ഷം അറിയിച്ചത്. ബിജിമോള്‍ ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇത് വിശ്വാസത്തിലെടുത്ത് എഡിജിപിയെക്കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇക്കാര്യം ബുധനാഴ്ച തന്നെ നിയമസഭയെ അറിയിക്കുകയും ചെയ്തു.
  ഇന്നത്തെ പത്രങ്ങളിലെ ചിത്രങ്ങളും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഒരേ കാര്യംതന്നെയാണ് വിശദമാക്കുന്നത്. മഹിളാ പ്രവര്‍ത്തകര്‍ പൊലീസിനെ തല്ലുന്നതും എംഎല്‍എമാര്‍ പൊലീസ് വലയം ഭേദിക്കുന്നതും പത്രത്താളുകളില്‍നിന്ന് വ്യക്തം. പൊലീസ് വാഹനത്തോട് പരാക്രമം കാണിക്കുന്ന നേതാക്കളെയും വിഷ്വല്‍ മീഡിയാകളിലൂടെ ജനം കണ്ടു. ഈ അപമാനവും കൊണ്ടാണ് വ്യാഴാഴ്ച പ്രതിപക്ഷം സഭയിലെത്തിയത്.
  നിരപരാധിയെങ്കില്‍ പിണറായിയെങ്ങനെ പ്രതിയായി എന്ന വിഎസ് അച്യുതാനന്ദന്റെ ചോദ്യം ഉയര്‍ത്തിയ അഭിമുഖ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സി.പി.എം. കണ്ടെത്തിയ വഴിയാണ് സൂര്യനെല്ലി. എത്ര മായ്ച്ചിട്ടും മാഞ്ഞുപോകാത്ത വിഎസിന്റെ ആരോപണങ്ങളില്‍നിന്ന് പിണറായി വിജയനെ രക്ഷിക്കാന്‍ വിഎസിനെ തന്നെ മുന്‍നിര്‍ത്തി സാമാജികര്‍ നടത്തുന്ന ചവിട്ടുനാടകമാണ് സഭ കാണുന്നത്. ബിജിമോളെ പൊലീസ് ആക്രമിച്ചുവെന്നും പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്നുമായിരുന്നു പ്രധാന ആവശ്യം. അക്രമിച്ച പൊലീസുകാരുടെ പേരുകള്‍ പറഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയപ്പോള്‍ വീണ്ടും വെട്ടിലായി. ഒടുവിലാണ് താലിമാലയിലേക്ക് തിരിഞ്ഞത്.
സമരത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് ബിജിമോളുടെ മാല പൊട്ടിയെന്ന് പൊലീസും മാധ്യമങ്ങളും പറയുന്നു. ബിജിമോളുടെ താലി സര്‍ക്കാര്‍ കളഞ്ഞെന്നാണ് വ്യാഴാഴ്ച പ്രതിപക്ഷം പറഞ്ഞത്. ആ മാല പി.കെ. ശ്രീമതിടീച്ചറിന് ബിജിമോള്‍ തന്നെ കൈമാറിയെന്ന് ആഭ്യന്തര മന്ത്രി സഭയില്‍ പറഞ്ഞു. ബുധനാഴ്ചയിലെ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇതൊന്നും പോരാഞ്ഞ്  സഭയെ അവഹേളിക്കാനാണ് പ്രതിപക്ഷം തുനിഞ്ഞിറങ്ങിയത്. പ്രകോപനത്തോടെ സ്പീക്കറുടെ ചേംബറിലേക്കും ചെയറിലേക്കും വനിതാ എംഎല്‍എമാര്‍ കയറി. ജനാധിപത്യത്തോടുള്ള ധിക്കാരമാണ് ഈ കാഴ്ച. സാമാജികരേ, ലജ്ജിക്കുക..
 സ്പീക്കറുടെ ചെയറില്‍ കയറിയാല്‍ പൊലീസുകാരെ സസ്പെന്റ് ചെയ്യാനാവുമെന്ന് ഇവര്‍ കരുതാനിടയില്ല. എന്നാല്‍ സഭ അലങ്കോലമാക്കാനും ജനാധിപത്യത്തെ പരിഹസിക്കാനും ഇതിലൂടെ കഴിയുകയും ചെയ്തു. നടന്നിട്ടില്ലാത്ത സംഭവത്തിന്റെ പേരില്‍ നിയമനിര്‍മ്മാണ സഭയെ നോക്കുകുത്തിയാക്കുമ്പോള്‍ നഷ്ടം പൊതുജനത്തിനാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായില്ല. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യമാണ് സര്‍ക്കാരിന്റെ നയപരിപാടി. അതില്‍ വീട്ടുവീഴ്ചയില്ല. സഭയെ അപമാനിച്ചും നിരപരാധികളെ വേട്ടയാടിയും ഈ നയത്തെ തിരുത്താനുമാവില്ല.

Monday, February 4, 2013

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-നഗരസഭകള്‍ക്ക് ഫണ്ട് ഉടന്‍

തിരുവനന്തപുരം
 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഉടന്‍ ഫണ്ട് നല്‍കാന്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രഥമ കൌണ്‍സില്‍ തീരുമാനിച്ചു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ആധ്യക്ഷ്യം വഹിച്ചു.
 ബജറ്റും കര്‍മ്മപദ്ധതിയും സമര്‍പ്പിച്ച നഗരസഭകള്‍ക്ക് ആവശ്യപ്പെട്ട തുകയുടെ 25 ശതമാനമാണ് ആദ്യഗഡുവായി നല്‍കുക.കോര്‍പ്പറേഷനുകള്‍ക്ക് പരമാവധി ഒരുകോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 50 ലക്ഷവും ലഭിക്കും. ഈ തുക ഉടന്‍ കൈമാറും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 4,12,32,060 രൂപയുടെയും കൊച്ചി 58,44,500 രൂപയുടെയും കോഴിക്കോട് 7,79,91,750 രൂപയുടെയും പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 60 മുനിസിപ്പാലിറ്റികളില്‍ ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കും. പരമാവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുവെന്ന് നഗരസഭകള്‍ ഉറപ്പാക്കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍ദേശിച്ചു. അനുവദിക്കുന്ന തുക ഈ മാര്‍ച്ചിനകം തന്നെ ചെലവഴിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ ദേശീയതലത്തില്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി നഗരസഭകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
 നിയമസഭാ ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, നഗരസഭാ അധ്യക്ഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്തവര്‍ഷം കൂടുതല്‍ തുക അനുവദിക്കാനും ധാരണയായിട്ടുണ്ട്.






Saturday, February 2, 2013

തിരുവനന്തപുരത്ത് ന്യൂനപക്ഷ കോച്ചിങ്ങ് സെന്റര്‍ തുടങ്ങി


ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ സമീപ ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മല്‍സരപരീക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തുടങ്ങുന്ന പരിശീലന കേന്ദ്രം മേലേതമ്പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ, വിദ്യാഭ്യാസ ഉയര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മല്‍സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പതാമത്തെ കേന്ദ്രമാണ് തിരുവനന്തപുരത്തേത്. യുപിഎസ് സി, പിഎസ് സി തുടങ്ങിയ പരീക്ഷകളില്‍ പരിശീലന കേന്ദ്രങ്ങളിലെ കുട്ടികള്‍ മികച്ച റാങ്കുകളില്‍ എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം സമീപ ഭാവിയില്‍തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുണ്ടാവും. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല കേന്ദ്രമാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ അവസരമുണ്ടാവും. സിവില്‍സര്‍വീസ് മേഖലകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 20 മാസത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മല്‍സര പരീക്ഷകള്‍ എഴുതുന്നിന് ലഭിക്കുന്ന പരിശീലനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെന്നും ഇതിലൂടെയുണ്ടാവുന്ന നേട്ടം പൊതുസമൂഹത്തിന് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.