സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, March 12, 2013

മുനിസിപ്പല്‍ കെട്ടിട നികുതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

തിരുവനന്തപുരം
അശാസ്ത്രീയമായ നികുതി നിര്‍ണ്ണയ നിര്‍ദേശങ്ങള്‍ ഒഴിവാക്കി 2011ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ചട്ടങ്ങള്‍ നിലവില്‍ വന്നശേഷം ഉടമകള്‍ക്കുണ്ടായ അധിക ബാധ്യതകളും കെട്ടിട ഉടമകള്‍ നല്‍കുന്ന റിട്ടേണ്‍ ഫോറത്തിലെ സങ്കീര്‍ണ്ണതകളും ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയിലാണ് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ഇന്നലെ ഒപ്പുവെച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍ വരും.
 വസ്തുനികുതി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നികുതി ദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോറം അത്യാവശ്യ വിവരങ്ങള്‍മാത്രം ഉള്‍ക്കൊള്ളിച്ച് ലഘൂകരിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കകം വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കെട്ടിട ഉടമകള്‍ ആദ്യത്തെ 10 ദിവസത്തെ കാലയളവിന് 50 രൂപയും തുടര്‍ന്നുള്ള 30 ദിവസംവരെ 100 രൂപയും പിന്നീട് സമര്‍പ്പിക്കുന്നതുവരെ പ്രതിദിനം 10 രൂപ വീതവുമാണ് പിഴ നല്‍കേണ്ടിയിരുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുക, തെറ്റായി ഫയല്‍ ചെയ്യുക, കാലതാമസം വരുത്തുക തുടങ്ങിയവക്കും പിഴ ഈടാക്കിയിരുന്നു. പുതിയ ഭേദഗതിയില്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കി.
 ചുമരിന്റെ നിര്‍മ്മിതി കണക്കാക്കി നികുതി വര്‍ധന നിശ്ചയിച്ചിരുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത, സംസ്ഥാന പാത, അഞ്ച് മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ എന്നിവ പ്രധാന മാര്‍ഗമായുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ 30 ശതമാനമായിരുന്ന വര്‍ധന 20 ശതമാനമാക്കി കുറച്ചു. കൌണ്‍സില്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍നിന്ന് പ്രവേശന മാര്‍ഗമുള്ള കെട്ടിടങ്ങള്‍ക്ക് 30 ശതമാനം വര്‍ധന വരുത്തുന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. ഒന്നര മീറ്ററില്‍ കുറവ് വഴി സൌകര്യമുള്ളവര്‍ക്ക് 10 ശതമാനവും പൊതുവഴി സൌകര്യമില്ലാത്തവര്‍ക്ക് ശതമാനവും നികുതിയിളവ് ലഭിക്കും.
 കെട്ടിടത്തിന്റെ ഉപയോഗത്തിന്റെ സ്വഭാവം അനുസരിച്ചുള്ള നികുതി വര്‍ധന ഒഴിവാക്കി. ഉടമ വാടകക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങളുടെ അധിക വര്‍ധന പുതിയ ഭേദഗതിപ്രകാരം ഉണ്ടാവില്ല. തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍പ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി ആദ്യമായി നിര്‍ണ്ണയിക്കുമ്പോഴുള്ള വര്‍ധന കുറഞ്ഞത് നിലവിലുണ്ടായിരുന്നതിന്റെ 25 ശതമാനവും കൂടിയത് 60 ശതമാനവുമായിരിക്കണമെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ വാണിജ്യാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ ഉണ്ടാവുന്ന വര്‍ധന വാര്‍ഷിക വസ്തുനികുതിയുടെ 150 ശതമാനത്തില്‍ അധികമാവാന്‍ പാടില്ലെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ച് ശതമാനം എന്ന തോതില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 25 ശതമാനത്തില്‍ അധികരിക്കാത്ത വസ്തുനികുതി വര്‍ധിപ്പിക്കാന്‍ നഗരസഭകള്‍ക്ക് അധികാരം നല്‍കും.
 വാണിജ്യാവശ്യത്തിനോ ഓഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടത്തിന്റെ കാര്യത്തില്‍ ഭൂനിരപ്പിലെ നിലയുടെ മുകളിലുള്ള നിലക്ക് ആദ്യത്തെ നിലയിലെ വസ്തുനികുതിയുടെ അഞ്ച് ശതമാനം, രണ്ടാംനിലക്ക് കണക്കാക്കിയ വസ്തുനികുതിയുടെ 10 ശതമാനം, മൂന്നാംനിലക്ക് 15 ശതമാനം, നാലാംനിലക്ക് 20 ശതമാനം, അഞ്ചാംനിലക്ക് 5 ശതമാനം ആറാംനിലമുതല്‍ ഓരോ നിലക്കും വാര്‍ഷിക വസ്തുനികുതിയുടെ 25 ശതമാനം എന്ന തോതില്‍ ഇളവ് അനുവദിക്കും.
 വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് 2011 ജനുവരിയില്‍ കൊണ്ടുവന്ന ചട്ടങ്ങളില്‍ ഇപ്പോള്‍ ഭേദഗതി വരുത്തുന്നത്. 1994നുശേഷം കേരളത്തിലെ നഗരസഭകളില്‍ വസ്തുനികുതി പുനര്‍നിര്‍ണ്ണയം നടത്തിയിട്ടില്ല. നഗരസഭകളില്‍ വസ്തുനികുതിയില്‍നിന്നുള്ള തനത് വരുമാനത്തില്‍ ഇതുമൂലം കാര്യമായ കുറവുണ്ടായി. കെട്ടിട ഉടമകള്‍ക്ക് ഭാരമാവാത്ത വിധം നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ ചട്ടഭേദഗതിയിലൂടെ കഴിയും.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do

Monday, March 11, 2013

പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ പരിശീലന കേന്ദ്രം തുടങ്ങി


മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കോച്ചിങ്ങ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണ്. ഒരു മാസത്തിനകം എല്ലാ ജില്ലകളിലും ന്യൂനപക്ഷ കോച്ചിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങും. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക് പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്ത്രീ കൂട്ടായ്മകള്‍ക്ക് രണ്ടര ലക്ഷം രൂപവരെ സബ്സിഡി നല്‍കും. ഉദ്ദേശിച്ചുള്ള ന്യൂനപക്ഷ പദ്ധതികള്‍ സമ്പന്ന വിഭാഗങ്ങള്‍ ഹൈജാക്ക് ചെയ്യാതെ നോക്കണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കായി തുടങ്ങിയ പല പദ്ധതികളും ഇത്തരത്തില്‍ സമ്പന്നര്‍ കൈക്കലാക്കുന്നത് പതിവായിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രഫണ്ടുകള്‍ക്ക് വേണ്ടത്ര അപേക്ഷകരില്ല. കേന്ദ്രപദ്ധതികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് കാരണം. പഞ്ചായത്തുകളില്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം പൂര്‍ത്തിയാവുന്നതോടെ ഇതിന് ഏറെക്കുറെ പരിഹാരമാവും. നഗരസഭാ ചെയര്‍പേഴ്സണ്‍ നിഷി അനില്‍രാജ് ആധ്യക്ഷ്യം വഹിച്ചു.മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡി ഹനീഫ പെരിഞ്ചീരി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Monday, March 4, 2013

കാസര്‍കോട് ജില്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള കോച്ചിങ്ങ് സെന്റര്‍ തുടങ്ങി



കാസര്‍കോട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മല്‍സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രം കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയില്‍ പ്രവര്‍ത്തനം തുടങ്ങി. കാലങ്ങളായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂനപക്ഷ ക്ഷേമ, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മിക്ക സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായി പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ മുന്‍കാലങ്ങളില്‍ കേരളം അലംഭാവം കാണിച്ചു. ഈ കുറവ് ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചുവരുകയാണ്. ന്യൂനപക്ഷ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തി വരുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴില്‍സംരംഭം തുടങ്ങുന്നതിന് സബ്സിഡിയോടെയുള്ളവായ്പ കോര്‍പ്പറേഷന്‍ അനുവദിക്കും. സംസ്ഥാനത്ത് 1.30 ലക്ഷം അധ്യാപകരില്‍ 10,000 പേര്‍ മാത്രമാണ് മദ്രസ അധ്യാപക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പദ്ധതികള്‍ അര്‍‌ഹരായവരിലേക്ക് എത്തിക്കുന്നതില്‍ എല്ലാവരും ജാഗ്രത കാണിക്കണം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ന്യൂനപക്ഷക്ഷേമത്തിനായി 3500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 60 ശതമാനം കൂടുതലാണ്. വിവാഹ മോചിതരായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു. എന്‍... എ. നെല്ലിക്കുന്ന് ആധ്യക്ഷ്യം വഹിച്ചു. മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പഴ്സണ്‍ ഹസീന താജുദ്ദീന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര് ഡോ. പി.നസീര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.