സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, October 8, 2013

പെരിന്തല്‍മണ്ണ ഗവ. കോളജില്‍ പുതിയ പിജി കോഴ്സുകള്‍ തുടങ്ങി



പെരിന്തല്‍മണ്ണ പിടിഎം കോളജിനെ മികച്ച കോളജാക്കി മാറ്റണം. കൂടുതല്‍ കോഴ്സുകള്‍ , ഭൌതിക സൌകര്യങ്ങള്‍ .. അങ്ങനെയെല്ലാം ഒരുക്കണം. കോളജ് അധികൃതരും വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും നിരന്തരമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് മൂന്നര കോടി രൂപ ചെലവില്‍ സയന്‍സ് ബ്ളോക്ക് നിര്‍മ്മിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും വിമന്‍സ് ഹോസ്റ്റലിന്റെയും നിര്‍മ്മാണത്തിന് തുക കണ്ടെത്തി. ഇനി വേണ്ടത് പുതിയ കോഴ്സുകള്‍ . എംഎസ് സി മാത്തമാറ്റിക്സും എംകോമും ഇന്നലെ മുതല്‍ ഔദ്യോഗികമായി തുടങ്ങി. ബിരുദാനന്തര ബിരുദത്തിനായി കുറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു.
1975ലാണ് കോളജ് തുടങ്ങിയത്. വിദ്യാഭ്യാസത്തില്‍ മുന്നേറ്റത്തിന് കാഹളമൊരുക്കിയ പാണക്കാട് പൂക്കോയ തങ്ങളോടാണ് ഈ ക്യാമ്പസിന് കടപ്പാട്. പ്രീഡിഗ്രി കോഴ്സ് മാത്രമായി 25 വര്‍ഷം. 33 വര്‍ഷംകൊണ്ട് അഞ്ച് ഡിഗ്രി കോഴ്സുകളും രണ്ട് പിജി കോഴ്സുകളും. ഇനി ഈ വേഗംപോര. നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇവിടെ സൌകര്യം വേണം. അതിനാണ് ഉദ്യമം. അലിഗഡിന്റെ വരവോടെ പെരിന്തല്‍മണ്ണയുടെ വിദ്യാഭ്യാസ ചിത്രം തന്നെ മാറി. കൂടുതല്‍ തുക ഈ മേഖലയില്‍ ചെലവഴിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ മിടുക്ക് കാണിക്കണം. അതിനുള്ള സൌകര്യം ചെയ്യാന്‍ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ വിളവെടുപ്പ് നിങ്ങളുടെ വിജയമാണ്. കഠിനാധ്വാനത്തിലൂടെ ഉന്നതവിജയം നാട്ടിലേക്കും വീട്ടിലേക്കും കൊണ്ടുവരണം. അതാണ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തോട് കാണിക്കേണ്ട കടപ്പാട്.

Monday, October 7, 2013

പ്രവാസികളുടെ ശബ്ദവും കേള്‍ക്കണം

ഏറെ നാളത്തെ ഇടവേളക്കുശേഷം വീണ്ടും ദുബായില്‍ . ജീവിതം വഴിതിരിച്ച മണലാരണ്യത്തിലേക്ക് അതിഥിയായി ഒരിക്കല്‍കൂടി. പഴയ കാലത്തിന്റെ ഓര്‍മ്മകളെല്ലാം അവിടെ തങ്ങി നില്‍ക്കുന്നു. ഇടകലര്‍ന്ന് അന്നത്തെ സന്തോഷങ്ങളും വേദനകളും.
 വിമാനത്താവളത്തിന് പുറത്ത് സൌഹൃദങ്ങളുടെ പെരുമഴ. കെഎംസിസി പ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേര്‍ . അറൈവല്‍ ഹാളിന്റെ പടികടന്ന് അവരിലേക്കിറങ്ങി. പിന്നെ അവരിലൂടെ സഞ്ചരിച്ചു. ഏറെക്കാലമായി ദുബായില്‍ ജീവിക്കുന്നവര്‍ മുതല്‍ പുതിയ പ്രവാസികള്‍ വരെ. എല്ലാവരുമായും സംസാരിച്ചു. കാലത്തിന്റെ ദൈര്‍ഘ്യം പ്രശ്നങ്ങള്‍ കുറച്ചിട്ടില്ല. 1971ലാണ് ആദ്യം യുഎഇയില്‍ എത്തിയത്. അന്നൊക്കെ കേട്ടതും അനുഭവിച്ചതുമായ പ്രയാസങ്ങള്‍ ഇപ്പോഴുമുണ്ട്. മെനക്കേടൊന്നുമില്ലാതെ ലോകത്ത് വിദേശനാണ്യം ഇത്രയധികം ഒഴുകുന്ന മറ്റൊരു രാജ്യമില്ല. 69 ബില്യന്‍ ഡോളറാണ് പ്രതിവര്‍ഷം നാട്ടിലെത്തുന്നത്. കേരളത്തിന്റെ നിലനില്‍പ്പ് പോലും പ്രവാസികളിലാണ്. എന്നിട്ടും ഇവര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം പരിമിതം. നാട്ടിലുണ്ടെങ്കില്‍ മാത്രം വോട്ടവകാശമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ ഈ മാറ്റം പക്ഷെ അപൂര്‍ണ്ണംതന്നെയാണ്. പ്രവാസി വകുപ്പിന് ചെയ്യാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. പലതും അത്രയൊന്നും ബുദ്ധിമിട്ടില്ലാത്തവ. എന്നിട്ടും ശ്രദ്ധയെത്തുന്നില്ല. അഥവാ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഇവരുടെ ആവശ്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നില്ല. കഷ്ടപ്പെടാന്‍ ഒരുക്കമാണ്. എന്നും അതാണ് പ്രവാസികളുടെ യോഗം. അതിനൊപ്പം അവര്‍ക്ക് സര്‍ക്കാരുകളുടെ ഒരുകൈ സഹായം വേണം. പിന്തുണ വാക്കുകളില്‍ മാത്രമാവരുത്. കേരളത്തിന്റെ നിലനില്‍പ്പപോലും ഇവരുടെ വരുമാനത്തെ ആശ്രയിച്ചാണ്. വെറും കറവപ്പശുക്കളാക്കരുത്.
അബുദാബി, കുവൈത്ത് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ , സിഎച്ച് അനുസ്മരണം, ചന്ദ്രിക ക്യാമ്പയിന്‍ എന്നീ പരിപാടികള്‍ . എങ്ങും നിറഞ്ഞ സദസ്സ്. ആവേശത്തോടെ പ്രവാസികള്‍ . ലോക്സഭാ തെരഞ്ഞെടുപ്പിന് ഇവിടെ കേളികൊട്ടുയരുംമുമ്പ് അവിടെ മല്‍സരം തുടങ്ങിയ പ്രതീതി. വര്‍ഗീയത തന്നെയാണ് അവിടെയും ചര്‍ച്ച. നരേന്ദ്രമോഡി വേണോ ജനാധിപത്യം വേണോയെന്നാണ് ചോദ്യം. പുതിയ വര്‍ത്തമാനങ്ങളില്‍ അവര്‍ക്കും ആശങ്കകളുണ്ട്. ഗള്‍ഫ് നാടുകളുമായി നമുക്കുള്ള ആത്മബന്ധത്തിന് കോട്ടം വരാതെ നോക്കാന്‍ അവരും പരിശ്രമിക്കുന്നു.
 സിഎച്ചിന്റെ അനുസ്മരണത്തിലും പങ്കെടുക്കാനായി. രാഷ്ട്രീയ, മത രംഗങ്ങളില്‍ സിഎച്ച് ചെയ്ത അഭിമാനകരമായ സംഭാവനയാണ് മുസ്ലിംലീഗെന്നാണ് എന്റെ പക്ഷം. പ്രാസംഗികരെല്ലാം സിഎച്ചിന്റെ വ്യത്യസ്തമായ ഓര്‍മ്മകള്‍ പങ്കിട്ടു. സങ്കീര്‍ണ്ണതകളെ ലാളിത്യത്തോടെ നീതീകരിച്ച സിഎച്ചിന്റെ മഹത്വവും അതുതന്നെ. സീതിസാഹിബിന്റെയും സെയ്ത് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും അദൃശ്യ സാന്നിധ്യമായി സദസ്സ് മാറി. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന ഇടംനേടിയ ചന്ദ്രികയുടെ പ്രചരണ ക്യാമ്പയിന്‍ അബുദാബിയില്‍ ചന്ദ്രിക റീഡേഴ്സ് ഫോറം സംഘടിപ്പിച്ചിരുന്നു. തിരക്കുപിടിച്ച മൂന്നുദിവസങ്ങള്‍ക്കുശേഷം നാട്ടിലെ തിരക്കിലേക്ക് വിമാനമിറങ്ങിയെങ്കിലും പ്രവാസികളുടെ സങ്കടങ്ങളുടെ കനം കുറഞ്ഞില്ല. അവരുടെ സന്തോഷവും സന്ദേഹവുമെല്ലാം ഒപ്പിയെടുത്ത് അവര്‍ക്കുവേണ്ടി വാദിക്കാനും അവരിലേക്ക് ശ്രദ്ധിക്കാനുമാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഈ പാവങ്ങളെ ഒറ്റക്ക് വിടുന്നതെങ്ങനെ..

Wednesday, October 2, 2013

ചാല പ്ളാന്റ് -KSIDC നോഡല്‍ ഏജന്‍സി

ചാലയിലെ മാലിന്യപ്ളാന്റിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കും. പ്ളാന്റ് നിര്‍മ്മാണം ചുമതലപ്പെടുത്തിയിരുന്ന ലോറോ കമ്പനി ബാങ്ക് ഗ്യാരണ്ടി യഥാസമയം നല്‍കാത്ത സാഹചര്യത്തില്‍ നോഡല്‍ ഏജന്‍സിയായി കെഎസ്െഎഡിസിയെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
 ഉറവിട മാലിന്യ സംസ്കരണ പരിപാടി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 62 ബയോഗ്യാസ് പ്ളാന്റുകളും 30 പാറ്റൂര്‍ മോഡല്‍ പ്ളാന്റുകളും സ്ഥാപിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. നാല് നിയോജക മണ്ഡലങ്ങളില്‍ സമാനമായ പ്ളാന്റുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്ളാന്റുകളുടെ നിര്‍മ്മാണ ചിലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍ , മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.