സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, February 20, 2013

ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം

സബ്മിഷനുള്ള മറുപടി

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, സ്കോളര്‍ഷിപ്പുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമായും വ്യാപകമായും ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി 16.06.2012ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന തോതില്‍ 1000 പ്രമോട്ടര്‍മാരെ പ്രതിമാസം 4000 രൂപ ഓണറേറിയം നല്‍കി നിയമിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. പത്താംക്ലാസ് യോഗ്യതയുള്ള 18നും 39നുമിടയില്‍ പ്രായമുള്ളവരെയാണ് പ്രമോട്ടര്‍മാരായി നിയമിക്കുന്നത്.
 ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമത്തിനായി മാതൃഭൂമി, മലയാള മനോരമ, മാധ്യമം, ചന്ദ്രിക, ദേശാഭിമാനി, തൊഴില്‍വീഥി, തൊഴില്‍വാര്‍ത്ത തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു. 18.12.2012വരെ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ അതാത് കലക്ടറേറ്റുകളില്‍ സ്വീകരിച്ചു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം ലഭിച്ചില്ല എന്ന പരാതിയെ തുടര്‍ന്ന് ആദ്യം 26.12.2012വരെയും പിന്നീട് 28.01.2013 വരെയും സമയം ദീര്‍ഘിപ്പിച്ചുനല്‍കി. ഇത്തരത്തിലുള്ള അപേക്ഷകരില്‍നിന്ന് യോഗ്യരായ പ്രമോട്ടര്‍മാരെ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 14 ജില്ലകളിലും കൂടിക്കാഴ്ച നടത്തുന്നതിനായി അഞ്ച് സമിതികളെ നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഈ സമിതിയില്‍ മുസ്ലിം യുവജനതക്കായുള്ള പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍, മദ്രസ്സാക്ഷേമനിധി മാനേജര്‍ തുടങ്ങിയവര്‍ക്കുപുറമേ അതാത് ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെക്കൂടി ലഭ്യമെങ്കില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.

കെന്നല്‍ ക്ലബ്ബുകള്‍

കെ.എം. ഷാജിയുടെ സബ്മിഷനുള്ള മറുപടി

തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ വര്‍ധനയും ശല്യവും മനുഷ്യജീവന് ഭീഷണിയായ സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കുന്നതിന് പ്രായോഗികവും ശാസ്ത്രീയവുമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് 50,575 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഇവരില്‍ ആറുപേര്‍ പേവിഷബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
 തെരുവുനായ്ക്കളെ കൊല്ലുന്നത് ബഹു. സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. നായ്ക്കളെ കൊല്ലുന്നത് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി അനിമല്‍ ആക്ട് 1982 പ്രകാരവും ഭരണഘടന അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമാണ്. കേന്ദ്രസര്‍ക്കാരിന്റെ 2001ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍((0 (ഡോഗ്സ്) റൂള്‍സ് പ്രകാരം വെല്‍ഫയര്‍ ബോര്‍ഡ് നടപ്പാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം, ആന്റി റാബീസ് പ്രോഗ്രാം എന്നിവ ഫലപ്രദമായി നടപ്പില്‍ വരുത്തുവാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ ലോക്കല്‍ അതോറിറ്റിയുടെയും ജന്തുസംഘടനകളുടെയും പങ്കാളിത്തത്തോടെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയും രോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കിയും വിട്ടയക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.
 പൊതുജനങ്ങള്‍ക്കും വാഹന ഗതാഗതത്തിനും ഭീഷണിയുണ്ടാക്കുന്നതും തെരുവുകളില്‍ അലഞ്ഞുതിരിയുന്നതും ഉടമസ്ഥര്‍ ഉപേക്ഷിച്ചതുമായ നായ്ക്കളെ ഭക്ഷണവും ചികില്‍സയും നല്‍കി നഗരസഭകളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ കെന്നല്‍ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.  

ബ്രഹ്മപുരത്ത് ഒരുവര്‍ഷത്തിനകം ആധുനിക മാലിന്യ സംസ്കരണ പ്ളാന്റ്

ഫെബ്രുവരി15 ന് കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ പ്ളാസ്റ്റിക്  മാലിന്യത്തിന് തീ പിടിച്ച സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ഉന്നതതല യോഗം നടത്തി. ബ്രഹ്മപുരത്ത് ഒരു വര്‍ഷത്തിനകം അത്യാധുനിക മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.
 കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യ സംസ്കരണ പ്ളാന്റുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണും. കോര്‍പ്പറേഷന്റെ 102 ഏക്കര്‍ സ്ഥലത്താണ് പ്ളാന്റ് സ്ഥാപിക്കുക. ഇതിന് ആവശ്യമായ കരഭൂമിയുടെ ഭാഗം നഗരകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനിക്കും. ബ്രഹ്മപുരത്തെ നിലവിലെ പ്ളാന്റിനുചുറ്റും നാലുമാസത്തിനകം മതില്‍ നിര്‍മ്മിക്കും. പ്ളാസ്റ്റിക് വേര്‍തിരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കും. ഷ്രെഡ്ഡിങ്ങ് മെഷീന്‍ സ്ഥാപിക്കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസംവരെ ക്യാപ്പിങ്ങ് തുടരും. ഇത് പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മോണിറ്റര്‍ ചെയ്യും.
 പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തീ പിടിച്ച സംഭവത്തെക്കുറിച്ച് ജില്ലാകലക്ടര്‍ അന്വേഷിക്കും. അടുത്തയാഴ്ച ബ്രഹ്മപുരം സന്ദര്‍ശിക്കാനും ഉദ്ദേശമുണ്ട്. നിയമസഭയിലെ മന്ത്രിയുടെ മുറിയില്‍ 19ന് നടന്ന യോഗത്തില്‍ മന്ത്രി കെ. ബാബു, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡോമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, വി.പി. സചീന്ദ്രന്‍, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മിണി, കലക്ടര്‍ പി.എ. പരീത്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.