നഗരസഭകള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ അര്‍ബണ്‍ 2020 പദ്ധതി......... പാര്‍ട്ണര്‍ കേരള മിഷന്‍ രൂപവല്‍ക്കരിച്ചു.......21 വര്‍ഷത്തിനുശേഷം ആദ്യമായി സംസ്ഥാനത്തെ 32 നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തി... പുതിയ 15 ഒന്നാം ഗ്രേഡ് നഗരസഭകള്‍..... നഗരസഭകളില്‍ കെട്ടിട നി‍ര്‍മ്മാണത്തിനുള്ള അപേക്ഷകളും അനുമതിയും ഓണ്‍ലൈന്‍ വഴി.... ..

Tuesday, November 18, 2014


ചാല മാര്‍ക്കറ്റില്‍ അഗ്നിക്കിരയായ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുംതിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ കത്തി നശിച്ച കടകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. കത്തിനശിച്ച കടകളുള്ള ബ്ലോക്ക് ഒന്നിച്ച് ലാന്റ് പൂളിങ്ങ് വ്യവസ്ഥയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി കേരള മുനിസിപ്പല്‍ ബില്‍ഡിങ്ങ് റൂളില്‍ ആവശ്യമായ ഇളവുനല്‍കും. 
  നേരത്തെ കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ കടകള്‍ കത്തിനശിച്ചപ്പോള്‍ നടപ്പാക്കിയ സംവിധാനം ഇവിടെയും പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെറിയ കച്ചവടക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ലാന്റ് പൂളിങ്ങ് ഏര്‍പ്പെടുത്തി ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കും. തിരുവനന്തപുരം ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിലവിലെ കടകള്‍ക്ക് പകരം ഈ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് കടകളുടെ ഇപ്പോഴത്തെ വിസ്തൃതിക്ക് ആനുപാതികമായ സ്ഥലം കടയുടമകള്‍ക്ക് നല്‍കും. വാഹന പാര്‍ക്കിങ്ങിനും മറ്റും പ്രത്യേകമായ സ്ഥലം കണ്ടെത്തുകയും നഗരസൗന്ദര്യത്തിന്റെ പ്രധാന്യം നല്‍കിയുള്ള രൂപരേഖയില്‍ നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യും. ലാന്റ് പൂളിങ്ങ് നടപ്പാക്കുന്നതിനായി ഈ പ്രദേശത്തെ കടയുടമകള്‍ കൂട്ടായ തീരുമാനം കൈക്കൊണ്ട് സര്‍ക്കാരിനെ അറിയിക്കണം. കത്തിയ കടകള്‍ മാത്രമായി പുനര്‍നിര്‍മ്മാണം സാധിക്കില്ല. അതിനാല്‍ ഇരുനൂറോളം കടകള്‍ വരുന്ന ബ്ലോക്ക് ഒന്നിച്ച് പുതുക്കിപ്പണിയുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായും സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വി.എസ്. കിവകുമാറുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം 25ന് രാവിലെ ഒമ്പതിന് സെക്രട്ടറിയറ്റില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരികള്‍ സന്നദ്ധത അറിയിച്ചാല്‍ ആറുമാസത്തിനകം പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കും.

Tuesday, November 11, 2014

മാധ്യമങ്ങള്‍ കാണാത്ത യത്തീംഖാനകളെ ബിഹാറികള്‍ കണ്ടു

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെതിരെ രംഗത്തുവന്നവര്‍ക്കെല്ലാം ബിഹാര്‍ സര്‍ക്കാര്‍ സ്പഷ്ടമായ മറുപടി നല്‍കിയിരിക്കുന്നു. കേരളത്തില്‍ സൗജന്യവിദ്യാഭ്യാസത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ കൊണ്ടുവരുന്നതെന്നും ഇവിടെ പ്രതിഫലേച്ഛയില്ലാതെ താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ബിഹാര്‍ സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
 കഴിഞ്ഞ മേയില്‍ ജാര്‍ഖണ്ഡില്‍നിന്ന്് യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വലിയ കോലാഹലങ്ങള്‍ നാം മറന്നിട്ടില്ല. സിബിഐ അന്വേഷണം നടത്തിക്കിട്ടാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ നീചമായ പ്രവര്‍ത്തനങ്ങളും കണ്‍മുന്നിലുണ്ട്. കേരളത്തിലെ അനാഥശാലകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇത്തരത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് യത്തീംഖാനാ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് സുപ്രീംകോടതി വ്യക്തമാക്കി. അതിനുപിന്നാലെയാണ് കേരള ഹൈക്കോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം വന്നിരിക്കുന്നത്. മനുഷ്യക്കടത്തെന്നു പ്രചരിപ്പിച്ചും പേടിപ്പിച്ചും വികൃതമാക്കിയ അന്തരീക്ഷത്തില്‍ കേരളത്തില്‍ വന്ന് അന്വേഷണം നടത്തിയ ബിഹാറിലെ ഉന്നതതല സംഘം യത്തീംഖാനകളില്‍ കുട്ടികള്‍ ജീവിക്കുന്നതുകണ്ട് യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുകയാണുണ്ടായത്. കാരണം അവിടുത്തെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇവിടെ വിശ്വാസത്തിന്റെ ഭാഗമായി യത്തീംഖാനകള്‍ ചെയ്യുന്നത്. രക്ഷിതാക്കളെപ്പോലെതന്നെയുള്ള പരിചരണത്തില്‍ വിദ്യാഭ്യാസവും ഭക്ഷണവും താമസ സൗകര്യവും നല്‍കി ഇവര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായി സംഘത്തിന് ബോധ്യപ്പെട്ടു. അന്യനാട്ടില്‍നിന്ന് വന്ന് ഇവിടുത്തെ ആളുകളുമായും ഉദ്യോഗസ്ഥരുമായും മറ്റും വിശദമായി ചര്‍ച്ചകള്‍ നടത്തിയും യത്തീംഖാനകളിലെ ജീവിതം നേരില്‍ കണ്ടുമാണ് ബിഹാര്‍ സംഘം ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ യത്തീംഖാനകള്‍ കണ്ടുജീവിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഒളിച്ചുവെച്ചതോ പറയാന്‍ മടിച്ചതോ ആയ കാര്യമാണ് ബിഹാര്‍ സംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അനാഥര്‍ക്ക് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും വര്‍ഷങ്ങളായി നല്‍കി വരുന്ന അനാഥശാലകളെ മനുഷ്യക്കടത്തുകേന്ദ്രങ്ങളായി ചിത്രീകരിച്ച് അപമാനിക്കുകയാണ് അന്ന് ഇവര്‍ ചെയ്തത്. വിശ്വാസത്തിന്റെ ഭാഗമായി അനാഥരെ സംരക്ഷിക്കുന്നവരെ മനുഷ്യക്കടത്തുകാരെന്നുപറയാന്‍ ചിലര്‍ക്ക് ഒട്ടും മടിയുണ്ടായില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷതന്നെ വേണം. എന്നാല്‍ വലിയ ശരികളെ തെറ്റായി ചിത്രീകരിച്ച് നശിപ്പിക്കരുത്. 'അനാഥരുടെ കഞ്ഞിയില്‍ മണ്ണിടരുത്' എന്ന തലക്കെട്ടില്‍ ഇതേക്കുറിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിലെ മാധ്യമം ദിനപത്രത്തില്‍ ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഇതിനെക്കുറിച്ച് കേരളം ആദരിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. കാരണം യത്തീംഖാനകളെക്കുറിച്ച് പറയുന്നത് വര്‍ഗീയമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. വരികള്‍ക്കിടയില്‍ എന്റെ മതേതര കാഴ്ചപ്പാടുകളെ പോലും ചോദ്യം ചെയ്യാന്‍ തുനിഞ്ഞതില്‍ ഖേദമുണ്ടായിരുന്നു. എന്നാല്‍ വിവാദത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ അന്നും ഇപ്പോഴും എനിക്കതിന് മറുപടിയില്ല. അതേസമയം, ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം കേരള സര്‍ക്കാര്‍ അന്ന് സ്വീകരിച്ച നിലപാട് ശരിവെയ്ക്കുന്നതാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചുപറയുന്നുവെന്നുമാത്രം.