സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Sunday, May 25, 2014

ദരിദ്രവിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍

സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വഴി വായ്പ നല്‍കുന്ന പദ്ധതി തുടങ്ങി. സ്വയംതൊഴില്‍ വായ്പ, നിതാഖാത്തിലൂടെ തിരിച്ചെത്തിയവര്‍ക്ക് സ്വയംതൊഴില്‍ തുടങ്ങുന്നതിനായി നിതാഖാത്ത് വായ്പ, തിരിച്ചുപോകാന്‍ സന്നദ്ധരായ പ്രവാസികള്‍ക്ക് വിസാലോണ്‍ തുടങ്ങിയവയാണ് പ്രധാനം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം തുറന്നുകൊടുക്കുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കച്ചവടം, ഫാമുകള്‍, ഓട്ടോറിക്ഷകള്‍, ടൈലറിങ്ങ് യൂണിറ്റുകള്‍.......രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകള്‍ക്ക് സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളില്‍ മൈക്രോ ഫിനാന്‍സ് രൂപവല്‍ക്കരിക്കുന്നതിനായി 25 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയും ന്യൂനപക്ഷ വികസന ധനകരായ് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഒന്നുരണ്ടു വര്‍ഷംകൊണ്ട് 100 കോടി രൂപ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാനാവുമെന്നാണ് കരുതുന്നത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനാണ് 90 ശതമാനം സഹായം നല്‍കുന്നത്. കൊള്ളപ്പലിശക്കാര്‍ ചോര്‍ത്തിയെടുക്കുന്ന ദരിദ്ര പോക്കറ്റുകള്‍ സംരക്ഷിക്കാന്‍ ഏറെ ആശ്വാസകരവും ആകര്‍ഷണീയവുമാണ് പുതുതായി തുടങ്ങിയ വായ്പാ പദ്ധതി. ആ അര്‍ത്ഥത്തില്‍ ഈ പദ്ധതിയെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'ഓപ്പറേഷന്‍ കുബേര' യെന്നു വിളിക്കാനാണ് എനിക്ക് തോന്നുന്നത്.

പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു. സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ന്നുനിന്ന് വിജയംകൊയ്ത സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്ക് എന്ന ഖ്യാതി പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിനുണ്ട്. 225 കോടി ഡെപ്പോസിറ്റ്. 179 കോടി രൂപ ഇന്‍വെസസ്റ്റ്‌മെന്റ്. ഈ തുക സാധാരണക്കാരുടെ നന്‍മയ്ക്കുവേണ്ടി, നാടിന്റെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായമാവണം. സാധാരണക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍, അവരുടെ ആശ്രയമാവാന്‍ കഴിയുന്ന വിധം പദ്ധതികള്‍ ആസൂത്രണം ചെയ്യണം, നടപ്പാക്കണം. നേട്ടങ്ങള്‍ പിന്നാലെ വന്നുകൊള്ളും. 

Saturday, May 17, 2014

പഠിച്ചിരിക്കേണ്ട തെരഞ്ഞെടുപ്പ് പാഠങ്ങള്‍

പാര്‍ലമെന്റിലേക്ക് കേരളവും വിധിയെഴുതി. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തവും സുപ്രധാനവുമായ നിലപാടാണ് കേരള ജനത സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎ യെ പാടെ തള്ളിയും ജന്‍മനാ അപ്രസക്തമായ മൂന്നാം മുന്നണിയോട് മുഖംതിരിച്ചുമാണ് നമ്മുടെ വിധിയെഴുത്ത്. മതേതരത്വത്തിനും വികസനത്തിനുമായിരുന്നു കേരളത്തിന്റെ വോട്ട്. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ചവര്‍ക്കും ഏറ്റുപിടിച്ചവര്‍ക്കും ജനങ്ങള്‍ ചുട്ട മറുപടി നല്‍കി, ആ വിവാദങ്ങളെല്ലാം കഴുകിക്കളയുകയും ചെയ്തു.
  ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെകൂടി വിലയിരുത്തലാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കത്തിലെ ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനം വിലയിരുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വികസനവും കരുതലുമായി നാടിനെ നയിക്കുന്നതില്‍ ജനം കൂടെയുണ്ടെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടു. നാടിന്റെ നേട്ടങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജനപിന്തുണയുണ്ടെന്നും ജനം ആഗ്രഹിക്കുന്ന വഴിയിലൂടെയാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നും വ്യക്തമായി. ജനങ്ങളുടെ മനസ്സറിഞ്ഞ് അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന സര്‍ക്കാരിനുവേണ്ടിയായിരുന്നു ഇത്തവണത്തെ വോട്ട്.
 ഇതൊരു പാഠമാണ്. രാഷ്ട്രീയ കക്ഷികള്‍ ഈ സിലബസ്സിലൂടെ തന്നെയാണ് പഠിക്കേണ്ടതും. നിയമസഭയിലെ കുറഞ്ഞ ഭൂരിപക്ഷം ഭരണത്തില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ ഇടതുമുന്നണി. എന്നാല്‍ പിന്നീടുവന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ജനം സുസ്ഥിര ഭരണത്തിന് വോട്ടുചെയ്തു. നിരാശയുടെ രാഷ്ട്രീയമുഖം പിന്നെ വിവാദങ്ങളിലേക്കാണ് തിരിഞ്ഞത്. ഇല്ലാത്ത കഥകള്‍ മെനഞ്ഞ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു ശ്രമം. തെരുവില്‍ അടുപ്പുകൂട്ടിയും സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടിയും സമരങ്ങളില്‍ കൗതുകമുണ്ടാക്കിയെങ്കിലും ഏല്‍ക്കാതെ പോയി. സെക്രട്ടറിയറ്റ് വളഞ്ഞ് ഭരണം സ്തംഭിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. അനാവശ്യ സമരക്കാരെ ചൂലുമായി വീട്ടമ്മമാര്‍ നേരിട്ടപ്പോള്‍ രക്ഷയില്ലാതായി. ഇപ്പോള്‍ കിട്ടിയ അവസരം ഉപയോഗിച്ച് ജനം വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. രാജ്യത്താകമാനമുണ്ടായ രാഷ്ട്രീയ നിലപാട് ഇത്തവണ കേരളത്തില്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ കക്ഷികള്‍ വിശകലനം ചെയ്യണം. അവയില്‍നിന്നുള്ള ഉത്തരങ്ങളില്‍ പഠിച്ചെടുക്കേണ്ട ഒരുപാട് പാഠങ്ങളുണ്ടാവും. രാജ്യത്തിന്റെ രക്ഷയും രാഷ്ട്രീയ കക്ഷികളുടെ നിലനില്‍പ്പും ആ പാഠങ്ങളില്‍തന്നെയാണ് ഉണ്ടാവുകയെന്ന് തിരിച്ചറിയാതെ പോവരുത്.