സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, December 25, 2014

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ തിരുവനന്തപുരം മേഖലാ ഓഫീസ് തുറന്നു

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസ് മേലേതമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ സമസ്ത ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവരുടെ സൗകര്യത്തിനായാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. ധനകാര്യ കോര്‍പ്പറേഷന്‍ വഴി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഈ ഓഫീസ് സഹായിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായവരെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹായങ്ങളാണ് കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നത്. കോര്‍പ്പറേഷന്റെ അടുത്ത റീജണല്‍ കേന്ദ്രം എറണാകുളത്ത് ഉടനെ പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.

Tuesday, December 23, 2014

പ്രദര്‍ശനങ്ങളുടെ മലപ്പുറം മേള

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മലപ്പുറം മേളയ്ക്ക് വലിയ അംഗീകാരം ലഭിക്കുന്നതായി അവിടുത്തെ തിരക്കില്‍നിന്ന് മനസ്സിലാക്കാം. വാണിജ്യ, വ്യവസായ, കാര്‍ഷിക പ്രദര്‍ശനവും വിപണനവുമാണ് 10 ദിവസങ്ങളിലായി നടക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ കലാവിരുന്നുകൊണ്ട് മേള വിഭവസമൃദ്ധമാവുന്നു. അത്രയൊന്നും പരിചിതമല്ലാത്തതും അവസരം ലഭിക്കാത്തതുമായ ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കലകള്‍ കഴിഞ്ഞദിവസം അരങ്ങേറി. കാടിന്റെ നിഴലിനകത്തുനിന്ന് അലങ്കരിച്ച വേദിയിലേക്ക് മാറിയതിന്റെ ആശയക്കുഴപ്പമൊന്നും ഈ കലാകാരില്‍ കണ്ടില്ല. നിലമ്പൂര്‍ ഗോത്രമൊഴിയിലെ ചവിട്ടുകളി ആശാത്തി കാളിയെ ആദരിച്ചതിലൂടെ ഒരു സംസ്‌കാരത്തെയാണ് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. വ്യവസായ, വാണിജ്യ, കാര്‍ഷിക രംഗത്തെ നൂതന ചിന്തകള്‍ സമൂഹത്തിന് സുപരിചിതമാക്കുന്നതിനൊപ്പം പരിഷ്‌കാരങ്ങളില്ലാത്ത ഗോത്രകലകള്‍ക്കും പൊതുവേദി നല്‍കുകയാണ് ജില്ലാ പഞ്ചായത്ത് ചെയ്തിരിക്കുന്നത്. മേളയ്ക്ക് ആശംസകള്‍ നേരുന്നു.Sunday, December 21, 2014

വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇനി ട്രേഡ് ലൈസന്‍സ്

https://www.youtube.com/watch?v=rD8LVkWThxU

വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ചെറിയ പെട്ടിക്കടകള്‍ക്കും 'ഡേഞ്ചറസ് ആന്റ് ഒഫന്‍സീവ്' എന്ന ഗണത്തില്‍പ്പെടുത്തിയുള്ള ലൈസന്‍സ് ആണ് നല്‍കിയിരുന്നത്. കടകളില്‍ ഓരോ ഇനത്തിനും വെവ്വേറെ നികുതി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പെട്ടിക്കടകള്‍ക്കുപോലും 2000-3000 രൂപ നികുതി നല്‍കേണ്ടി വന്നു. ഈ അശാസ്ത്രീയത ഒഴിവാക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. ഡേഞ്ചറസ് ആന്റ് ഒഫന്‍സീവ് ലൈസന്‍സ് എന്ന പേര് ട്രേഡ് ലൈസന്‍സ് എന്നാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭകളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇനിമുതല്‍ നഗരസഭകളുടെ അറിവോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കു. നികുതി നിര്‍ണ്ണയത്തിലെ അപാകതകള്‍ പൂര്‍ണ്ണമായും പരിഹരിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

Saturday, December 20, 2014

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ നിയമം വരുന്നു


വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്ന ഉദ്ദേശത്തോടെ പഞ്ചായത്ത്, മുനിസിപ്പല്‍ ഭേദഗതി ബില്‍ നിയമസഭ അംഗീകരിച്ചു. ബില്ലിന്റെ ചര്‍ച്ചകളില്‍ മിക്കപ്പോഴും വലിയ കോലാഹലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നിയമസഭ ഏകാഭിപ്രായത്തോടെയാണ് പ്രവാസികളുടെ വോട്ടവകാശ ബില്‍ പാസാക്കിയത്. ദീര്‍ഘകാലമായി പ്രവാസി ലോകത്തുനിന്ന് ഉയര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തിന് ഒടുവില്‍ ശുഭാന്ത്യമായി. പ്രവാസികളുടെ നോട്ടുമതി വോട്ടുവേണ്ട എന്ന സമീപനം മാറിയതിന്റെ സൂചനയാണിത്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 ലക്ഷം പ്രവാസികളിലൂടെ ഓരോ വര്‍ഷവും 90,000 കോടി രൂപയാണ് സംസ്ഥാനത്തെത്തുന്നത്. നമ്മുടെ ജനാധിപത്യ പ്രക്രിയയില്‍നിന്ന് ഇവരെ അകറ്റി നിര്‍ത്തുന്നത് ഒട്ടും ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതേസമയം ഇവരുടെ വോട്ടവകാശം എങ്ങിനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്തുക, അതാത് രാജ്യത്തെ എംബസിയില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ചെയ്യുക, പ്രവാസികള്‍ നിര്‍ദേശിക്കുന്നയാള്‍ ഇവിടുത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് മുന്നിലുള്ളത്. എല്ലാ പ്രവാസികളും കമ്പ്യൂട്ടര്‍ സാക്ഷരരല്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങ് സമ്പ്രദായം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഇതിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടതുമുണ്ട്. എംബസിയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അതാതു രാജ്യങ്ങളുടെ പ്രത്യേക അനുമതി ആവശ്യമാണ്. എംബസിയിലെ ജീവനക്കാരെ ഇതിനായി വിനിയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 20,000ലധികം ബൂത്തുകളുണ്ടാവും. ഇത്രയും ബൂത്തുകളില്‍ വോട്ടു ചെയ്യുന്നതിനായി എംബസിയില്‍ ബാലറ്റ് പെട്ടി ക്രമീകരിക്കുവാന്‍ പ്രായോഗികമായി പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് അതാത് നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അഭിപ്രായസമന്വയമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ ചലനങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രവാസികള്‍ക്ക് ഇത്രയും ആനന്ദമുണ്ടാവുന്ന മറ്റൊരു കാര്യമില്ല. തെരഞ്ഞെടുപ്പില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ പ്രവാസികളുടെ പങ്കാളിത്തം മുഖ്യമായിരിക്കും എന്ന വാസ്തുത എല്ലാ പ്രവാസികള്‍ക്കും അഭിമാനകരം തന്നെയാണ്.