സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, February 20, 2013

ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം

സബ്മിഷനുള്ള മറുപടി

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, സ്കോളര്‍ഷിപ്പുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമായും വ്യാപകമായും ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി 16.06.2012ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന തോതില്‍ 1000 പ്രമോട്ടര്‍മാരെ പ്രതിമാസം 4000 രൂപ ഓണറേറിയം നല്‍കി നിയമിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. പത്താംക്ലാസ് യോഗ്യതയുള്ള 18നും 39നുമിടയില്‍ പ്രായമുള്ളവരെയാണ് പ്രമോട്ടര്‍മാരായി നിയമിക്കുന്നത്.
 ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമത്തിനായി മാതൃഭൂമി, മലയാള മനോരമ, മാധ്യമം, ചന്ദ്രിക, ദേശാഭിമാനി, തൊഴില്‍വീഥി, തൊഴില്‍വാര്‍ത്ത തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു. 18.12.2012വരെ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ അതാത് കലക്ടറേറ്റുകളില്‍ സ്വീകരിച്ചു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം ലഭിച്ചില്ല എന്ന പരാതിയെ തുടര്‍ന്ന് ആദ്യം 26.12.2012വരെയും പിന്നീട് 28.01.2013 വരെയും സമയം ദീര്‍ഘിപ്പിച്ചുനല്‍കി. ഇത്തരത്തിലുള്ള അപേക്ഷകരില്‍നിന്ന് യോഗ്യരായ പ്രമോട്ടര്‍മാരെ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 14 ജില്ലകളിലും കൂടിക്കാഴ്ച നടത്തുന്നതിനായി അഞ്ച് സമിതികളെ നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഈ സമിതിയില്‍ മുസ്ലിം യുവജനതക്കായുള്ള പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍, മദ്രസ്സാക്ഷേമനിധി മാനേജര്‍ തുടങ്ങിയവര്‍ക്കുപുറമേ അതാത് ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെക്കൂടി ലഭ്യമെങ്കില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.

കെന്നല്‍ ക്ലബ്ബുകള്‍

കെ.എം. ഷാജിയുടെ സബ്മിഷനുള്ള മറുപടി

തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ വര്‍ധനയും ശല്യവും മനുഷ്യജീവന് ഭീഷണിയായ സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കുന്നതിന് പ്രായോഗികവും ശാസ്ത്രീയവുമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് 50,575 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഇവരില്‍ ആറുപേര്‍ പേവിഷബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
 തെരുവുനായ്ക്കളെ കൊല്ലുന്നത് ബഹു. സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. നായ്ക്കളെ കൊല്ലുന്നത് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി അനിമല്‍ ആക്ട് 1982 പ്രകാരവും ഭരണഘടന അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമാണ്. കേന്ദ്രസര്‍ക്കാരിന്റെ 2001ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍((0 (ഡോഗ്സ്) റൂള്‍സ് പ്രകാരം വെല്‍ഫയര്‍ ബോര്‍ഡ് നടപ്പാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം, ആന്റി റാബീസ് പ്രോഗ്രാം എന്നിവ ഫലപ്രദമായി നടപ്പില്‍ വരുത്തുവാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ ലോക്കല്‍ അതോറിറ്റിയുടെയും ജന്തുസംഘടനകളുടെയും പങ്കാളിത്തത്തോടെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയും രോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കിയും വിട്ടയക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.
 പൊതുജനങ്ങള്‍ക്കും വാഹന ഗതാഗതത്തിനും ഭീഷണിയുണ്ടാക്കുന്നതും തെരുവുകളില്‍ അലഞ്ഞുതിരിയുന്നതും ഉടമസ്ഥര്‍ ഉപേക്ഷിച്ചതുമായ നായ്ക്കളെ ഭക്ഷണവും ചികില്‍സയും നല്‍കി നഗരസഭകളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ കെന്നല്‍ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.  

ബ്രഹ്മപുരത്ത് ഒരുവര്‍ഷത്തിനകം ആധുനിക മാലിന്യ സംസ്കരണ പ്ളാന്റ്

ഫെബ്രുവരി15 ന് കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ പ്ളാസ്റ്റിക്  മാലിന്യത്തിന് തീ പിടിച്ച സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ഉന്നതതല യോഗം നടത്തി. ബ്രഹ്മപുരത്ത് ഒരു വര്‍ഷത്തിനകം അത്യാധുനിക മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.
 കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യ സംസ്കരണ പ്ളാന്റുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണും. കോര്‍പ്പറേഷന്റെ 102 ഏക്കര്‍ സ്ഥലത്താണ് പ്ളാന്റ് സ്ഥാപിക്കുക. ഇതിന് ആവശ്യമായ കരഭൂമിയുടെ ഭാഗം നഗരകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനിക്കും. ബ്രഹ്മപുരത്തെ നിലവിലെ പ്ളാന്റിനുചുറ്റും നാലുമാസത്തിനകം മതില്‍ നിര്‍മ്മിക്കും. പ്ളാസ്റ്റിക് വേര്‍തിരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കും. ഷ്രെഡ്ഡിങ്ങ് മെഷീന്‍ സ്ഥാപിക്കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസംവരെ ക്യാപ്പിങ്ങ് തുടരും. ഇത് പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മോണിറ്റര്‍ ചെയ്യും.
 പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തീ പിടിച്ച സംഭവത്തെക്കുറിച്ച് ജില്ലാകലക്ടര്‍ അന്വേഷിക്കും. അടുത്തയാഴ്ച ബ്രഹ്മപുരം സന്ദര്‍ശിക്കാനും ഉദ്ദേശമുണ്ട്. നിയമസഭയിലെ മന്ത്രിയുടെ മുറിയില്‍ 19ന് നടന്ന യോഗത്തില്‍ മന്ത്രി കെ. ബാബു, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡോമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, വി.പി. സചീന്ദ്രന്‍, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മിണി, കലക്ടര്‍ പി.എ. പരീത്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫ്ളാറ്റുകള്‍ക്ക് വന്‍തുക വാങ്ങി ചൂഷണം ചെയ്യുന്നത് തടയാന്‍ നിയമം വരുന്നു


(നിയമസഭയില്‍ സബ്മിഷന് മറുപടി 19-02-2013)

ഫ്ളാറ്റ്, വില്ല, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിച്ചുനല്‍കാമെന്ന് പരസ്യം നല്‍കി അഡ്വാന്‍സ് തുകയും വാങ്ങി എഗ്രിമെന്റ് വെച്ചശേഷം ആവശ്യക്കാര്‍ പലരീതിയില്‍ പറ്റിക്കപ്പെടുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുക, നിലവാരം കുറഞ്ഞ സാധനസാമഗ്രികള്‍ ഉപയോഗിക്കുക, നിശ്ചിത സമയത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉടമക്ക് കൈമാറാതിരിക്കുക, അംഗീകൃത പ്ളാനില്‍നിന്ന് വ്യതിചലിച്ച് നിര്‍മ്മാണം നടത്തുക, ബില്‍ഡറുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമിയില്‍ നിര്‍മ്മിക്കുക, നിര്‍മ്മാണം കഴിഞ്ഞശേഷം പാര്‍ക്കിങ്ങ് ഏരിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റുക, തുറസ്സായി ഇടേണ്ട സ്ഥലം പാര്‍ക്കിങ്ങിനോ മറ്റ് ആവശ്യങ്ങള്‍ക്കൊ ഉപയോഗിക്കുക തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉയര്‍ന്നുവന്നിട്ടുള്ളത്. വന്‍തോതിലുള്ള ചൂഷണം ഈ മേഖലയില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതികളില്‍ ഉടന്‍ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്.
 ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണ്. കെട്ടിട നിര്‍മ്മാതാക്കളുടെ ചൂഷണം തടയുന്നതിനും സാധാരണക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി ദി റിയല്‍ എസ്റ്റേറ്റ്(റഗുലറൈസേഷന്‍ ആന്റ് ഡവലപ്മെന്റ് ) ബില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതേ മാതൃകയില്‍ സംസ്ഥാനത്തിന് യോജിച്ച നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

Monday, February 11, 2013

കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി

കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലഘൂകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1999ലെ മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ മുന്‍ ഇടതുസര്‍ക്കാര്‍ 2009, 2010 വര്‍ഷങ്ങളില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. മൂന്നുവര്‍ഷമായി നിലച്ച കെട്ടിട നിര്‍മ്മാണ മേഖലക്ക് പുത്തന്‍ഉണര്‍വ്വ് നല്‍കുന്നതാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ വിജ്ഞാപനം വായിക്കാന്‍ താഴെ ക്ളിക്ക് ചെയ്യുക.

http://www.go.lsgkerala.gov.in/files/gz20130201_8162.pdf

പത്ര വാര്‍ത്തകള്‍
http://www.madhyamam.com/news/212797/130210
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?
http://www.mathrubhumi.com/online/malayalam/news/story/2114061/2013-02-12/kerala

Thursday, February 7, 2013

ഗുരുവായൂര്‍ നഗരസഭ ഒന്നാംഗ്രേഡിലേക്ക്

ക്ഷേത്രനഗരമായ ഗുരുവായൂര്‍ ഒന്നാംഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നഗരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി മുന്നോട്ടുവെച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
 ക്ഷേത്രനഗരത്തിന് പുതിയ മുഖച്ഛായ നല്‍കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തുന്നത്.  നിലവില്‍ മൂന്നാംഗ്രേഡ് നഗരസഭയാണ് ഗുരുവായൂര്‍. നഗരസഭക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജുകള്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം നടന്നുവരുകയാണ്. ഗ്രേഡ് ഉയരുന്നതോടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന നഗരസഭയായി മാറും.
 1961 മുതല്‍ ഗുരുവായൂരിന് ടൌണ്‍ഷിപ്പ് പദവി ഉണ്ടായിരുന്നു. 1994ല്‍ മുനിസിപ്പല്‍ ആക്ട് വന്നതോടെ നഗരസഭയായി മാറി. ദിനംപ്രതി പതിനായിരക്കണക്കിന് ഭക്തര്‍ എത്തുന്ന പ്രദേശമായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. നഗരമാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഇതിലൂടെ സാധിക്കും.


ഗുരുവായൂര്‍ ഇനി കുതിപ്പിലേക്ക്... വാര്‍ത്ത വായിക്കാന്‍ ചുവടെ ക്ളിക്ക് ചെയ്യുക

http://www.mathrubhumi.com/thrissur/news/2106660-local_news-guruvayoor-%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html


ജനാധിപത്യത്തെ ഇങ്ങനെ അവഹേളിക്കരുത്

നിയമസഭയുടെ ചരിത്രത്തില്‍ അപമാനകരമായ സംഭവങ്ങളോട് ചേര്‍ത്തുവെക്കാന്‍ വ്യാഴാഴ്ചയും പ്രതിപക്ഷം അനുഭവമുണ്ടാക്കി. സിപിെഎയുടെ പ്രതിനിധിയായ ബിജിമോളെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്പെന്റ് ചെയ്തശേഷം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്പീക്കറുടെ ചെയറിലേക്കുള്ള ഇരച്ചുകയറ്റം.
 സൂര്യനെല്ലി വിഷയത്തില്‍ പി.ജെ. കുര്യനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഈ സമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രതിപക്ഷം ബഹളവും ഇറങ്ങിപ്പോക്കും തുടങ്ങിവെച്ചത്. സഭ നടന്നുകൊണ്ടിരിക്കെ പുറത്തുനടന്ന മഹിളകളുടെ പ്രക്ഷോഭത്തില്‍ ബിജിമോളും ഗീതാഗോപിക്കും പരുക്കുപറ്റിയെന്നാണ് പ്രതിപക്ഷം അറിയിച്ചത്. ബിജിമോള്‍ ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇത് വിശ്വാസത്തിലെടുത്ത് എഡിജിപിയെക്കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇക്കാര്യം ബുധനാഴ്ച തന്നെ നിയമസഭയെ അറിയിക്കുകയും ചെയ്തു.
  ഇന്നത്തെ പത്രങ്ങളിലെ ചിത്രങ്ങളും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഒരേ കാര്യംതന്നെയാണ് വിശദമാക്കുന്നത്. മഹിളാ പ്രവര്‍ത്തകര്‍ പൊലീസിനെ തല്ലുന്നതും എംഎല്‍എമാര്‍ പൊലീസ് വലയം ഭേദിക്കുന്നതും പത്രത്താളുകളില്‍നിന്ന് വ്യക്തം. പൊലീസ് വാഹനത്തോട് പരാക്രമം കാണിക്കുന്ന നേതാക്കളെയും വിഷ്വല്‍ മീഡിയാകളിലൂടെ ജനം കണ്ടു. ഈ അപമാനവും കൊണ്ടാണ് വ്യാഴാഴ്ച പ്രതിപക്ഷം സഭയിലെത്തിയത്.
  നിരപരാധിയെങ്കില്‍ പിണറായിയെങ്ങനെ പ്രതിയായി എന്ന വിഎസ് അച്യുതാനന്ദന്റെ ചോദ്യം ഉയര്‍ത്തിയ അഭിമുഖ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സി.പി.എം. കണ്ടെത്തിയ വഴിയാണ് സൂര്യനെല്ലി. എത്ര മായ്ച്ചിട്ടും മാഞ്ഞുപോകാത്ത വിഎസിന്റെ ആരോപണങ്ങളില്‍നിന്ന് പിണറായി വിജയനെ രക്ഷിക്കാന്‍ വിഎസിനെ തന്നെ മുന്‍നിര്‍ത്തി സാമാജികര്‍ നടത്തുന്ന ചവിട്ടുനാടകമാണ് സഭ കാണുന്നത്. ബിജിമോളെ പൊലീസ് ആക്രമിച്ചുവെന്നും പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്നുമായിരുന്നു പ്രധാന ആവശ്യം. അക്രമിച്ച പൊലീസുകാരുടെ പേരുകള്‍ പറഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയപ്പോള്‍ വീണ്ടും വെട്ടിലായി. ഒടുവിലാണ് താലിമാലയിലേക്ക് തിരിഞ്ഞത്.
സമരത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് ബിജിമോളുടെ മാല പൊട്ടിയെന്ന് പൊലീസും മാധ്യമങ്ങളും പറയുന്നു. ബിജിമോളുടെ താലി സര്‍ക്കാര്‍ കളഞ്ഞെന്നാണ് വ്യാഴാഴ്ച പ്രതിപക്ഷം പറഞ്ഞത്. ആ മാല പി.കെ. ശ്രീമതിടീച്ചറിന് ബിജിമോള്‍ തന്നെ കൈമാറിയെന്ന് ആഭ്യന്തര മന്ത്രി സഭയില്‍ പറഞ്ഞു. ബുധനാഴ്ചയിലെ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇതൊന്നും പോരാഞ്ഞ്  സഭയെ അവഹേളിക്കാനാണ് പ്രതിപക്ഷം തുനിഞ്ഞിറങ്ങിയത്. പ്രകോപനത്തോടെ സ്പീക്കറുടെ ചേംബറിലേക്കും ചെയറിലേക്കും വനിതാ എംഎല്‍എമാര്‍ കയറി. ജനാധിപത്യത്തോടുള്ള ധിക്കാരമാണ് ഈ കാഴ്ച. സാമാജികരേ, ലജ്ജിക്കുക..
 സ്പീക്കറുടെ ചെയറില്‍ കയറിയാല്‍ പൊലീസുകാരെ സസ്പെന്റ് ചെയ്യാനാവുമെന്ന് ഇവര്‍ കരുതാനിടയില്ല. എന്നാല്‍ സഭ അലങ്കോലമാക്കാനും ജനാധിപത്യത്തെ പരിഹസിക്കാനും ഇതിലൂടെ കഴിയുകയും ചെയ്തു. നടന്നിട്ടില്ലാത്ത സംഭവത്തിന്റെ പേരില്‍ നിയമനിര്‍മ്മാണ സഭയെ നോക്കുകുത്തിയാക്കുമ്പോള്‍ നഷ്ടം പൊതുജനത്തിനാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായില്ല. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യമാണ് സര്‍ക്കാരിന്റെ നയപരിപാടി. അതില്‍ വീട്ടുവീഴ്ചയില്ല. സഭയെ അപമാനിച്ചും നിരപരാധികളെ വേട്ടയാടിയും ഈ നയത്തെ തിരുത്താനുമാവില്ല.

Monday, February 4, 2013

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-നഗരസഭകള്‍ക്ക് ഫണ്ട് ഉടന്‍

തിരുവനന്തപുരം
 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഉടന്‍ ഫണ്ട് നല്‍കാന്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രഥമ കൌണ്‍സില്‍ തീരുമാനിച്ചു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ആധ്യക്ഷ്യം വഹിച്ചു.
 ബജറ്റും കര്‍മ്മപദ്ധതിയും സമര്‍പ്പിച്ച നഗരസഭകള്‍ക്ക് ആവശ്യപ്പെട്ട തുകയുടെ 25 ശതമാനമാണ് ആദ്യഗഡുവായി നല്‍കുക.കോര്‍പ്പറേഷനുകള്‍ക്ക് പരമാവധി ഒരുകോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 50 ലക്ഷവും ലഭിക്കും. ഈ തുക ഉടന്‍ കൈമാറും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 4,12,32,060 രൂപയുടെയും കൊച്ചി 58,44,500 രൂപയുടെയും കോഴിക്കോട് 7,79,91,750 രൂപയുടെയും പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 60 മുനിസിപ്പാലിറ്റികളില്‍ ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കും. പരമാവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുവെന്ന് നഗരസഭകള്‍ ഉറപ്പാക്കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍ദേശിച്ചു. അനുവദിക്കുന്ന തുക ഈ മാര്‍ച്ചിനകം തന്നെ ചെലവഴിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ ദേശീയതലത്തില്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി നഗരസഭകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
 നിയമസഭാ ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, നഗരസഭാ അധ്യക്ഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്തവര്‍ഷം കൂടുതല്‍ തുക അനുവദിക്കാനും ധാരണയായിട്ടുണ്ട്.


Saturday, February 2, 2013

തിരുവനന്തപുരത്ത് ന്യൂനപക്ഷ കോച്ചിങ്ങ് സെന്റര്‍ തുടങ്ങി


ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ സമീപ ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മല്‍സരപരീക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തുടങ്ങുന്ന പരിശീലന കേന്ദ്രം മേലേതമ്പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ, വിദ്യാഭ്യാസ ഉയര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മല്‍സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പതാമത്തെ കേന്ദ്രമാണ് തിരുവനന്തപുരത്തേത്. യുപിഎസ് സി, പിഎസ് സി തുടങ്ങിയ പരീക്ഷകളില്‍ പരിശീലന കേന്ദ്രങ്ങളിലെ കുട്ടികള്‍ മികച്ച റാങ്കുകളില്‍ എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം സമീപ ഭാവിയില്‍തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുണ്ടാവും. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല കേന്ദ്രമാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ അവസരമുണ്ടാവും. സിവില്‍സര്‍വീസ് മേഖലകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 20 മാസത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മല്‍സര പരീക്ഷകള്‍ എഴുതുന്നിന് ലഭിക്കുന്ന പരിശീലനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെന്നും ഇതിലൂടെയുണ്ടാവുന്ന നേട്ടം പൊതുസമൂഹത്തിന് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.