സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, December 25, 2014

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ തിരുവനന്തപുരം മേഖലാ ഓഫീസ് തുറന്നു

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസ് മേലേതമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ സമസ്ത ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവരുടെ സൗകര്യത്തിനായാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. ധനകാര്യ കോര്‍പ്പറേഷന്‍ വഴി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഈ ഓഫീസ് സഹായിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായവരെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹായങ്ങളാണ് കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നത്. കോര്‍പ്പറേഷന്റെ അടുത്ത റീജണല്‍ കേന്ദ്രം എറണാകുളത്ത് ഉടനെ പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.

Tuesday, December 23, 2014

പ്രദര്‍ശനങ്ങളുടെ മലപ്പുറം മേള

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മലപ്പുറം മേളയ്ക്ക് വലിയ അംഗീകാരം ലഭിക്കുന്നതായി അവിടുത്തെ തിരക്കില്‍നിന്ന് മനസ്സിലാക്കാം. വാണിജ്യ, വ്യവസായ, കാര്‍ഷിക പ്രദര്‍ശനവും വിപണനവുമാണ് 10 ദിവസങ്ങളിലായി നടക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ കലാവിരുന്നുകൊണ്ട് മേള വിഭവസമൃദ്ധമാവുന്നു. അത്രയൊന്നും പരിചിതമല്ലാത്തതും അവസരം ലഭിക്കാത്തതുമായ ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കലകള്‍ കഴിഞ്ഞദിവസം അരങ്ങേറി. കാടിന്റെ നിഴലിനകത്തുനിന്ന് അലങ്കരിച്ച വേദിയിലേക്ക് മാറിയതിന്റെ ആശയക്കുഴപ്പമൊന്നും ഈ കലാകാരില്‍ കണ്ടില്ല. നിലമ്പൂര്‍ ഗോത്രമൊഴിയിലെ ചവിട്ടുകളി ആശാത്തി കാളിയെ ആദരിച്ചതിലൂടെ ഒരു സംസ്‌കാരത്തെയാണ് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. വ്യവസായ, വാണിജ്യ, കാര്‍ഷിക രംഗത്തെ നൂതന ചിന്തകള്‍ സമൂഹത്തിന് സുപരിചിതമാക്കുന്നതിനൊപ്പം പരിഷ്‌കാരങ്ങളില്ലാത്ത ഗോത്രകലകള്‍ക്കും പൊതുവേദി നല്‍കുകയാണ് ജില്ലാ പഞ്ചായത്ത് ചെയ്തിരിക്കുന്നത്. മേളയ്ക്ക് ആശംസകള്‍ നേരുന്നു.Sunday, December 21, 2014

വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇനി ട്രേഡ് ലൈസന്‍സ്

https://www.youtube.com/watch?v=rD8LVkWThxU

വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ചെറിയ പെട്ടിക്കടകള്‍ക്കും 'ഡേഞ്ചറസ് ആന്റ് ഒഫന്‍സീവ്' എന്ന ഗണത്തില്‍പ്പെടുത്തിയുള്ള ലൈസന്‍സ് ആണ് നല്‍കിയിരുന്നത്. കടകളില്‍ ഓരോ ഇനത്തിനും വെവ്വേറെ നികുതി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പെട്ടിക്കടകള്‍ക്കുപോലും 2000-3000 രൂപ നികുതി നല്‍കേണ്ടി വന്നു. ഈ അശാസ്ത്രീയത ഒഴിവാക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. ഡേഞ്ചറസ് ആന്റ് ഒഫന്‍സീവ് ലൈസന്‍സ് എന്ന പേര് ട്രേഡ് ലൈസന്‍സ് എന്നാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭകളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇനിമുതല്‍ നഗരസഭകളുടെ അറിവോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കു. നികുതി നിര്‍ണ്ണയത്തിലെ അപാകതകള്‍ പൂര്‍ണ്ണമായും പരിഹരിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

Saturday, December 20, 2014

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ നിയമം വരുന്നു


വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്ന ഉദ്ദേശത്തോടെ പഞ്ചായത്ത്, മുനിസിപ്പല്‍ ഭേദഗതി ബില്‍ നിയമസഭ അംഗീകരിച്ചു. ബില്ലിന്റെ ചര്‍ച്ചകളില്‍ മിക്കപ്പോഴും വലിയ കോലാഹലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നിയമസഭ ഏകാഭിപ്രായത്തോടെയാണ് പ്രവാസികളുടെ വോട്ടവകാശ ബില്‍ പാസാക്കിയത്. ദീര്‍ഘകാലമായി പ്രവാസി ലോകത്തുനിന്ന് ഉയര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തിന് ഒടുവില്‍ ശുഭാന്ത്യമായി. പ്രവാസികളുടെ നോട്ടുമതി വോട്ടുവേണ്ട എന്ന സമീപനം മാറിയതിന്റെ സൂചനയാണിത്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 ലക്ഷം പ്രവാസികളിലൂടെ ഓരോ വര്‍ഷവും 90,000 കോടി രൂപയാണ് സംസ്ഥാനത്തെത്തുന്നത്. നമ്മുടെ ജനാധിപത്യ പ്രക്രിയയില്‍നിന്ന് ഇവരെ അകറ്റി നിര്‍ത്തുന്നത് ഒട്ടും ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതേസമയം ഇവരുടെ വോട്ടവകാശം എങ്ങിനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്തുക, അതാത് രാജ്യത്തെ എംബസിയില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ചെയ്യുക, പ്രവാസികള്‍ നിര്‍ദേശിക്കുന്നയാള്‍ ഇവിടുത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് മുന്നിലുള്ളത്. എല്ലാ പ്രവാസികളും കമ്പ്യൂട്ടര്‍ സാക്ഷരരല്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങ് സമ്പ്രദായം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഇതിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടതുമുണ്ട്. എംബസിയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അതാതു രാജ്യങ്ങളുടെ പ്രത്യേക അനുമതി ആവശ്യമാണ്. എംബസിയിലെ ജീവനക്കാരെ ഇതിനായി വിനിയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 20,000ലധികം ബൂത്തുകളുണ്ടാവും. ഇത്രയും ബൂത്തുകളില്‍ വോട്ടു ചെയ്യുന്നതിനായി എംബസിയില്‍ ബാലറ്റ് പെട്ടി ക്രമീകരിക്കുവാന്‍ പ്രായോഗികമായി പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് അതാത് നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അഭിപ്രായസമന്വയമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ ചലനങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രവാസികള്‍ക്ക് ഇത്രയും ആനന്ദമുണ്ടാവുന്ന മറ്റൊരു കാര്യമില്ല. തെരഞ്ഞെടുപ്പില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ പ്രവാസികളുടെ പങ്കാളിത്തം മുഖ്യമായിരിക്കും എന്ന വാസ്തുത എല്ലാ പ്രവാസികള്‍ക്കും അഭിമാനകരം തന്നെയാണ്.

Tuesday, November 18, 2014


ചാല മാര്‍ക്കറ്റില്‍ അഗ്നിക്കിരയായ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുംതിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ കത്തി നശിച്ച കടകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. കത്തിനശിച്ച കടകളുള്ള ബ്ലോക്ക് ഒന്നിച്ച് ലാന്റ് പൂളിങ്ങ് വ്യവസ്ഥയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി കേരള മുനിസിപ്പല്‍ ബില്‍ഡിങ്ങ് റൂളില്‍ ആവശ്യമായ ഇളവുനല്‍കും. 
  നേരത്തെ കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ കടകള്‍ കത്തിനശിച്ചപ്പോള്‍ നടപ്പാക്കിയ സംവിധാനം ഇവിടെയും പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെറിയ കച്ചവടക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ലാന്റ് പൂളിങ്ങ് ഏര്‍പ്പെടുത്തി ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കും. തിരുവനന്തപുരം ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിലവിലെ കടകള്‍ക്ക് പകരം ഈ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് കടകളുടെ ഇപ്പോഴത്തെ വിസ്തൃതിക്ക് ആനുപാതികമായ സ്ഥലം കടയുടമകള്‍ക്ക് നല്‍കും. വാഹന പാര്‍ക്കിങ്ങിനും മറ്റും പ്രത്യേകമായ സ്ഥലം കണ്ടെത്തുകയും നഗരസൗന്ദര്യത്തിന്റെ പ്രധാന്യം നല്‍കിയുള്ള രൂപരേഖയില്‍ നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യും. ലാന്റ് പൂളിങ്ങ് നടപ്പാക്കുന്നതിനായി ഈ പ്രദേശത്തെ കടയുടമകള്‍ കൂട്ടായ തീരുമാനം കൈക്കൊണ്ട് സര്‍ക്കാരിനെ അറിയിക്കണം. കത്തിയ കടകള്‍ മാത്രമായി പുനര്‍നിര്‍മ്മാണം സാധിക്കില്ല. അതിനാല്‍ ഇരുനൂറോളം കടകള്‍ വരുന്ന ബ്ലോക്ക് ഒന്നിച്ച് പുതുക്കിപ്പണിയുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായും സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വി.എസ്. കിവകുമാറുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം 25ന് രാവിലെ ഒമ്പതിന് സെക്രട്ടറിയറ്റില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരികള്‍ സന്നദ്ധത അറിയിച്ചാല്‍ ആറുമാസത്തിനകം പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കും.

Tuesday, November 11, 2014

മാധ്യമങ്ങള്‍ കാണാത്ത യത്തീംഖാനകളെ ബിഹാറികള്‍ കണ്ടു

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെതിരെ രംഗത്തുവന്നവര്‍ക്കെല്ലാം ബിഹാര്‍ സര്‍ക്കാര്‍ സ്പഷ്ടമായ മറുപടി നല്‍കിയിരിക്കുന്നു. കേരളത്തില്‍ സൗജന്യവിദ്യാഭ്യാസത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ കൊണ്ടുവരുന്നതെന്നും ഇവിടെ പ്രതിഫലേച്ഛയില്ലാതെ താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ബിഹാര്‍ സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
 കഴിഞ്ഞ മേയില്‍ ജാര്‍ഖണ്ഡില്‍നിന്ന്് യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വലിയ കോലാഹലങ്ങള്‍ നാം മറന്നിട്ടില്ല. സിബിഐ അന്വേഷണം നടത്തിക്കിട്ടാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ നീചമായ പ്രവര്‍ത്തനങ്ങളും കണ്‍മുന്നിലുണ്ട്. കേരളത്തിലെ അനാഥശാലകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇത്തരത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് യത്തീംഖാനാ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് സുപ്രീംകോടതി വ്യക്തമാക്കി. അതിനുപിന്നാലെയാണ് കേരള ഹൈക്കോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം വന്നിരിക്കുന്നത്. മനുഷ്യക്കടത്തെന്നു പ്രചരിപ്പിച്ചും പേടിപ്പിച്ചും വികൃതമാക്കിയ അന്തരീക്ഷത്തില്‍ കേരളത്തില്‍ വന്ന് അന്വേഷണം നടത്തിയ ബിഹാറിലെ ഉന്നതതല സംഘം യത്തീംഖാനകളില്‍ കുട്ടികള്‍ ജീവിക്കുന്നതുകണ്ട് യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുകയാണുണ്ടായത്. കാരണം അവിടുത്തെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇവിടെ വിശ്വാസത്തിന്റെ ഭാഗമായി യത്തീംഖാനകള്‍ ചെയ്യുന്നത്. രക്ഷിതാക്കളെപ്പോലെതന്നെയുള്ള പരിചരണത്തില്‍ വിദ്യാഭ്യാസവും ഭക്ഷണവും താമസ സൗകര്യവും നല്‍കി ഇവര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായി സംഘത്തിന് ബോധ്യപ്പെട്ടു. അന്യനാട്ടില്‍നിന്ന് വന്ന് ഇവിടുത്തെ ആളുകളുമായും ഉദ്യോഗസ്ഥരുമായും മറ്റും വിശദമായി ചര്‍ച്ചകള്‍ നടത്തിയും യത്തീംഖാനകളിലെ ജീവിതം നേരില്‍ കണ്ടുമാണ് ബിഹാര്‍ സംഘം ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ യത്തീംഖാനകള്‍ കണ്ടുജീവിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഒളിച്ചുവെച്ചതോ പറയാന്‍ മടിച്ചതോ ആയ കാര്യമാണ് ബിഹാര്‍ സംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അനാഥര്‍ക്ക് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും വര്‍ഷങ്ങളായി നല്‍കി വരുന്ന അനാഥശാലകളെ മനുഷ്യക്കടത്തുകേന്ദ്രങ്ങളായി ചിത്രീകരിച്ച് അപമാനിക്കുകയാണ് അന്ന് ഇവര്‍ ചെയ്തത്. വിശ്വാസത്തിന്റെ ഭാഗമായി അനാഥരെ സംരക്ഷിക്കുന്നവരെ മനുഷ്യക്കടത്തുകാരെന്നുപറയാന്‍ ചിലര്‍ക്ക് ഒട്ടും മടിയുണ്ടായില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷതന്നെ വേണം. എന്നാല്‍ വലിയ ശരികളെ തെറ്റായി ചിത്രീകരിച്ച് നശിപ്പിക്കരുത്. 'അനാഥരുടെ കഞ്ഞിയില്‍ മണ്ണിടരുത്' എന്ന തലക്കെട്ടില്‍ ഇതേക്കുറിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിലെ മാധ്യമം ദിനപത്രത്തില്‍ ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഇതിനെക്കുറിച്ച് കേരളം ആദരിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. കാരണം യത്തീംഖാനകളെക്കുറിച്ച് പറയുന്നത് വര്‍ഗീയമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. വരികള്‍ക്കിടയില്‍ എന്റെ മതേതര കാഴ്ചപ്പാടുകളെ പോലും ചോദ്യം ചെയ്യാന്‍ തുനിഞ്ഞതില്‍ ഖേദമുണ്ടായിരുന്നു. എന്നാല്‍ വിവാദത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ അന്നും ഇപ്പോഴും എനിക്കതിന് മറുപടിയില്ല. അതേസമയം, ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം കേരള സര്‍ക്കാര്‍ അന്ന് സ്വീകരിച്ച നിലപാട് ശരിവെയ്ക്കുന്നതാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചുപറയുന്നുവെന്നുമാത്രം.

കല്‍പ്പാത്തി സംഗീതോല്‍സവം ഉദ്ഘാടനത്തിനിടെ


കല്‍പ്പാത്തിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

ദക്ഷിണേന്ത്യയിലെ പ്രധാന ഉല്‍സവമാണ് പാലക്കാട് കല്‍പ്പാത്തി രഥോല്‍സവം. രഥോല്‍സവത്തിന്റെ ഭാഗമായി നടന്ന സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യാനായി കല്‍പ്പാത്തിയില്‍ ചെന്നപ്പോള്‍ അവിടത്തെ അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചു. എഴുനൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് രാജാവ് ഗോത്ര വര്‍ഗക്കാരിയെ വിവാഹം കഴിച്ചെന്നും നമ്പൂതിരിമാരുടെ ബഹിഷ്‌കരണത്തെ നേരിടാന്‍ പൂജാദി കാര്യങ്ങള്‍ക്കായി തഞ്ചാവൂരില്‍നിന്ന് തമിഴ് ബ്രാഹ്മണരെ കൊണ്ട് താമസിപ്പിച്ചുവെന്നുമാണ് കല്‍പ്പാത്തിയുടെ ഐതീഹ്യം. പാലക്കാട് നഗരസഭാ പരിധിയിലെ കല്‍പ്പാത്തി ഗ്രാമം ഇപ്പോഴും ആ പഴമയുടെ നേര്‍കാഴ്ചതന്നെയാണ്. വീതിയുള്ള മണ്‍ചുമരുകള്‍ക്കിടയില്‍ ഇടനാഴി പോലെയുള്ള അഗ്രഹാരങ്ങള്‍. 1300ല്‍പ്പരം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. തമിഴ് ബ്രാഹ്്മണ സംസ്‌കാരം കൊണ്ടും ആചാരങ്ങള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ പ്രദേശത്തിന്റെ പൈതൃക സംസ്‌കൃതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. അതേസമയം പൈതൃക ഗ്രാമമായി സംരക്ഷിച്ചതിന്റെ പേരില്‍ അഗ്രഹാരങ്ങളിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി എന്ന ബോധ്യമാണ് ആ സന്ദര്‍ശനം എനിക്കുനല്‍കുന്നത്. അറ്റകുറ്റപ്പണികള്‍ക്കും ചെറുതും വലുതുമായ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു ബാത്ത് റൂം നിര്‍മ്മാണം പോലും സാധിക്കാതെ ഇവര്‍ ദുരിതം പേറുന്നു. 

 രാജ്യത്തെ ഉന്നത ഔദ്യോഗിക പദവികളിലുള്ള പലരും ഈ അഗ്രഹാരങ്ങളില്‍ വളര്‍ന്നവരാണ്. ഇവിടുത്തെ താമസക്കാരില്‍ കൂടുതല്‍ പേരും ഉയര്‍ന്ന ജോലിയില്‍നിന്ന് വിരമിച്ചവരുമാണ്. ഈ അഗ്രഹാരങ്ങളിലെ യുവാക്കളെല്ലാം മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നു. അവിടേക്ക് താമസം മാറാന്‍ ഇവിടുത്തെ മുതിര്‍ന്നവര്‍ക്ക് മനസ്സുവരുന്നില്ല. കല്‍പ്പാത്തിക്ക് പുറത്ത് രമ്യഹര്‍മ്മങ്ങള്‍ നിര്‍മ്മിക്കാന്‍ പണമില്ലാഞ്ഞല്ല, ജനിച്ചുവളര്‍ച്ച ദേശത്തിന്റെ സ്വത്വത്തില്‍നിന്ന് പറിച്ചുകളയാനാവാത്ത ബന്ധമാണ് ഇവിടെ ഇവരെ നിലനിര്‍ത്തുന്നത്. ആവാസ വ്യവസ്ഥയുടെ ഈ കൗതുക ഗ്രാമത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടതുണ്ട്. അഗ്രഹാരങ്ങളിലും ഈ ഗ്രാമങ്ങളിലും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വീടുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ ഈ മാസം 20നകം തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കാന്‍ തീരുമാനിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കൂടി പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ ചര്‍ച്ചകളിലൂടെ ഇവിടുത്തെ മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൈ എടുക്കും. ഷാഫി പറമ്പില്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ രാജേഷ് തുടങ്ങി ജനപ്രതിനിധികളുമായി സംസാരിച്ച് വേണ്ടത് ചെയ്യാന്‍ ഒപ്പമുണ്ടാവുമെന്ന് ഈ ഗ്രാമത്തിന് ഉറപ്പുനല്‍കുന്നു.Sunday, November 2, 2014

ഇ വേസ്റ്റ് വാങ്ങാന്‍ ക്ലീന്‍ കേരള കമ്പനി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ മാലിന്യങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നു. ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തിയതായി നഗരകാര്യ, ന്യൂനപക്ഷക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. നവംബര്‍ നാലുമുതല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതനുസരിച്ച് ഓഫീസുകളിലും മറ്റ് ഉപയോഗശൂന്യമായിക്കിടക്കുന്ന ഇ മാലിന്യങ്ങള്‍ കമ്പനിക്ക് കൈമാറാവുന്നതാണ്. സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ഹൈദരാബാദില്‍ റീസൈക്ലിങ്ങ് യൂണിറ്റുള്ള പാലക്കാട് എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറും. ഇതിനായുളള ധാരണാപത്രത്തില്‍ ക്ലീന്‍ കേരള കമ്പനി എംഡി കബീര്‍ ബി. ഹാറൂണും എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ ലിമിറ്റഡ് സിഇഒ ജോണ്‍ റോബര്‍ട്ടും ഒപ്പുവെച്ചിട്ടുണ്ട്. 
 കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടിവി, ഫോട്ടോ കോപ്പിയര്‍, സ്‌കാനര്‍, റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രെയ്ന്റര്‍, മിക്‌സി, ഇസ്തിരിപ്പെട്ടി  തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ഇ മാലിന്യത്തില്‍ ഉള്‍പ്പെടും. ഇവ കിലോഗ്രാമിന് അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി വാങ്ങിക്കും. സിഎഫ്എല്‍ ഉള്‍പ്പടെയുള്ള ബള്‍ബുകള്‍, മറ്റ് പ്രകാശിക്കുന്ന ഉല്‍പ്പന്നങ്ങള്‍, സിഡി തുടങ്ങിയവ ഇ മാലിന്യങ്ങള്‍ക്കൊപ്പം കൊണ്ടുവന്നാല്‍ ക്ലീന്‍ കേരള കമ്പനി സൗജന്യമായി ശേഖരിക്കും.  സര്‍ക്കാര്‍ ഓഫീസുകളിലെയും മറ്റ് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും  മാലിന്യങ്ങള്‍ അതാത് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് ക്ലീന്‍ കേരള കമ്പനിയെ അറിയിക്കാം. നഗരസഭാ പരിധിയിലുള്ള മാലിന്യങ്ങള്‍ നഗരസഭകളിലെ ഒരു കേന്ദ്രത്തിലോ കോര്‍പ്പറേഷനുകളില്‍ ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളിലോ  സൂക്ഷിക്കാവുന്നതാണ്. കുടുംബശ്രീ ഉള്‍പ്പടെയുള്ള ഘടകങ്ങളെ ശേഖരണത്തിനായി നഗരസഭകള്‍ക്ക് ഉപയോഗപ്പെടുത്താം. ഇവിടെനിന്ന് ക്ലീന്‍ കേരള കമ്പനി ഇവ ശേഖരിക്കും. വീടുകളിലെ ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മൂന്നുമാസത്തില്‍ ഒരിക്കല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ കമ്പനിയുടെ വാഹനമെത്തും. മാലിന്യങ്ങള്‍ കൊണ്ടുവരുന്നവരില്‍നിന്ന് തൂക്കത്തിനനുസരിച്ച് പണം നല്‍കി ഇവ ശേഖരിക്കും. എന്‍ജിനീയറിങ്ങ് കോളജ്, മറ്റ് വിദ്യാഭ്യാസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആറുമാസത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ വാഹനം എത്തിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി മൊബൈല്‍ ഇ മാലിന്യ ശേഖരണ വാഹനം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണമായി ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.
 സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഒക്‌ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്തെ നഗരസഭകളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചുവരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടര്‍ച്ചയായി ശേഖരിക്കുന്ന പദ്ധതിക്കുപിന്നാലെയാണ് ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കമ്പനി നടപടി സ്വീകരിച്ചിരിക്കുന്നത്.വിശപ്പില്ല, കടമില്ല, പെന്റിങ് ഫയലില്ല പരാതികളില്ലാത്ത നഗരസഭയായി മലപ്പുറം മാതൃക

ലോകത്തെവിടെനിന്നു നോക്കിയാലും ഇനി മുതല്‍ മലപ്പുറം നഗരസഭയെ കാണാം. നഗരസഭാ കാര്യാലയത്തിലെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ക്യാമറകളുടെ കണ്ണില്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഓണ്‍ലൈന്‍ ആയി നിരീക്ഷിക്കുന്ന സംവിധാനം നഗരസഭയില്‍ നടപ്പാക്കി മലപ്പുറം ഒരിക്കല്‍ കൂടി മാതൃക കാണിച്ചിരിക്കുകയാണ്. വിശപ്പുരഹിത നഗരസഭ, ഫയലുകള്‍ കെട്ടിക്കിടക്കാത്ത നഗരസഭ, ബാധ്യതയില്ലാത്ത നഗരസഭ തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പരാതിരഹിത നഗരസഭയായി മലപ്പുറം മാറിക്കഴിഞ്ഞു. നഗരഭരണം എങ്ങിനെയാവണമെന്ന് ഇതര നഗരസഭകള്‍ക്ക് കാണിക്കുകയാണ് മലപ്പുറം. ഓരോ നേട്ടങ്ങളുടെയും പിന്നില്‍ തീവ്രമായ പരിശ്രമങ്ങളും അധ്വാനവുമുണ്ട്. മലപ്പുറത്തിന്റെ നേട്ടത്തിന് വഴിയൊരുക്കുന്ന നഗരസഭയുടെ സാരഥികള്‍ക്ക് അഭിനന്ദനങ്ങള്‍.Thursday, October 23, 2014


വികസനത്തിന് വഴി തെളിക്കാന്‍ പാര്‍ട്ണര്‍ കേരള

വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിലും നടപ്പാക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പ്രദേശത്തിന്റെ ആവശ്യങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്നതും മാധ്യമപ്രവര്‍ത്തകരാണ്. മീഡിയകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എത്രയോ പദ്ധതികള്‍ നാടിനുവേണ്ടി നടപ്പാക്കാന്‍ എക്കാലത്തും സര്‍ക്കാരുകള്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാര്‍ട്ണര്‍ കേരള എന്ന പൊതു-സ്വകാര്യ പങ്കാളിത്ത സമവാക്യം ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമ ശില്‍പ്പശാല നടത്തിയത്. തിരുവനന്തപുരത്തെ സീനിയര്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ ശില്‍പ്പശാലയില്‍ പങ്കാളികളായി.
പുതിയ പദ്ധതി കൊണ്ടുവരുമ്പോള്‍ സമൂഹത്തിനുണ്ടാവുന്ന സംശയങ്ങള്‍, ആശങ്കകള്‍, നിര്‍ദേശങ്ങള്‍ ഇവയെല്ലാം മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന നഗരസഭകള്‍ക്ക് പുതിയ പദ്ധതി വലിയ ഗുണം ചെയ്യുമെന്ന ആശയത്തിന് സ്വീകാര്യത ലഭിച്ചു. നഗരസഭകളുടെ ഭൂമിയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായി വികസന പദ്ധതികള്‍ രൂപപ്പെടുത്തും. നിശ്ചിത വര്‍ഷത്തിനുശേഷം ഈ ഭൂമിയും നടപ്പാക്കിയ പദ്ധതിയും നഗരസഭയ്ക്ക് സ്വന്തമാവും. സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുമ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യില്ലെന്നും സുതാര്യമാവുമെന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതില്‍ വിട്ടുവീഴ്ചയില്ല. സേവനങ്ങളുടെ മാനേജ്‌മെന്റാണ് പ്രധാനം. നെടുമ്പാശേരി വിമാനത്താവളംതന്നെയാണ് സുപ്രധാനമായ ഉദാഹരണം. നിക്ഷേപ-ലാഭ അനുപാതത്തില്‍ ലോകത്തുതന്നെ നാലാം സ്ഥാനത്താണ് നെടുമ്പാശേരി വിമാനത്താവളം. ഈ ഭരണരീതി സ്വീകരിക്കാം. മാന്യമായ മാനേജ്‌മെന്റ് ഉറപ്പാക്കിയാല്‍ സംതൃപ്തിയുള്ള സേവനം ജനത്തിന് ലഭിക്കും. നഗരസഭയ്ക്ക് സല്‍പ്പേരും വരുമാനവുമാവും.
അതിവേഗം ഒരു വലിയ നഗരമായി നമ്മുടെ സംസ്ഥാനം മാറുകയാണെന്ന സത്യം ഉള്‍ക്കൊള്ളാതെ ഇനി മുന്നോട്ടുപോകാനാവില്ല. ഇപ്പോള്‍ വരുമാനമുണ്ടാക്കാന്‍ കഴിയാതെ പോയാല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരിഞ്ചു ഭൂമിപോലും നഗരസഭകളില്‍ ഇല്ലാതെ വരും. മാധ്യമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞപോലെ 10 കോടിയുടെ പാലത്തിന് 40 കോടിയുടെ ഭൂമി വാങ്ങേണ്ട സ്ഥിതിയുണ്ടായാല്‍ നഗരസഭകള്‍ക്ക് എന്തുചെയ്യാനാവും. വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാരും ഈ നയംതന്നെയാണ് പിന്തുടരുന്നത്. നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പാര്‍ട്ണര്‍ കേരള വഴി കാണിക്കുകതന്നെ ചെയ്യും.

Wednesday, October 15, 2014

Tuesday, October 14, 2014

അര്‍ബണ്‍ 2020 നഗരസഭകളുടെ പദ്ധതി രൂപീകരണം പ്രഫഷണലാക്കുന്നു

തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യവും ആസൂത്രണത്തിലൂന്നിയതുമായ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യാറാക്കാന്‍ 'അര്‍ബന്‍ 2020' എന്ന പദ്ധതിക്ക് രൂപം നല്‍കി. കേന്ദ്ര സര്‍ക്കാരില്‍നിന്നും എഡിബി പോലുള്ള രാജ്യാന്തര ഏജന്‍സികളില്‍നിന്നും വികസന പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കുന്നതിനും യഥാസമയം നടപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന ഈ പദ്ധതി ബുധനാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
  നഗര വികസനത്തിന് കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിന് പ്രഫഷണല്‍ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അര്‍ബണ്‍ 2020 നടപ്പാക്കുന്നത്. ഇതിനായി നടപ്പുവര്‍ഷം 30 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ ഒരു വര്‍ഷത്തിനകം തയ്യാറാക്കും. വിവിധ നഗരപദ്ധതികള്‍ക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍)തയ്യാറാക്കുന്നതിലെ പോരായ്മകള്‍ മൂലം സംസ്ഥാനത്തെ നഗരസഭകള്‍ക്ക് ആവശ്യമായ ധനസഹായം കാലങ്ങളായി വേണ്ടപോലെ ലഭിക്കാറില്ല. ജന്റം പദ്ധതിയുടെ ഫസ്റ്റ് ഫേസിലും ട്രാന്‍സിഷന്‍ ഫേസിലും ഉദ്ദേശിച്ചത്ര പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാന്‍ സാധിക്കാതിരുന്നതും ഡിപിആറിലെ പോരായ്മ മൂലമാണ്. ഫണ്ട് ലഭ്യമായ പദ്ധതികളില്‍പോലും കൃത്യമായ പഠനങ്ങള്‍ നടത്താതെ ഡിപിആര്‍ തയ്യാറാക്കിയതിനാല്‍ നിര്‍വ്വഹണത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ലഭിച്ച തുക പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ പറ്റാതിരിക്കുകയും സര്‍ക്കാറിന് അധികമായി തുക ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ഈ പരിമിതികളെല്ലാം മറികടക്കുന്നതിന് നഗരസഭകളെ സഹായിക്കാനാണ് അര്‍ബണ്‍ 2020 തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ നോഡല്‍ ഏജന്‍സിയായി കെ.എസ്.യു.ഡി.പി. യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെലവും കെഎസ്‌യുഡിപി നല്‍കും. ഇതിനായി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള 31 ഏജന്‍സികളെ  തെരഞ്ഞെടുത്ത് എം പാനല്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ ഏത് ഏജന്‍സിയെ ഉപയോഗിച്ചും നഗരസഭകള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാവുന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും  ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെയും ധനസഹായം ലഭ്യമാക്കുന്നതിന് കെഎസ് യുഡിപി മുന്‍കൈ എടുക്കും. നിലവില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന 1000 കോടി രൂപയുടെ എഡിബി പദ്ധതികള്‍ 2016 ജൂണ്‍ 30ന് പൂര്‍ത്തിയാവുകയാണ്. പുതിയ വായ്പ്പയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ക്കുമുള്ള ഡിപിആര്‍ രൂപീകരണവും പുതിയ സംവിധാനത്തിലൂടെ ആയിരിക്കും തയ്യാറാക്കുന്നത്.                          
 നിലവില്‍ നഗരവികസന പദ്ധതികള്‍ തയ്യാറാക്കുന്നതും അവയ്ക്കുവേണ്ട സാങ്കേതിക, സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും നഗരസഭകളുടെ മാത്രം ചുമതലയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്ന് പരമാവധി ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നേരിട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. പദ്ധതിരേഖ തയ്യാറാക്കുന്നതിന് ആവശ്യമായ തനത് ഫണ്ട് നീക്കിവെയ്ക്കാന്‍ നഗരസഭകള്‍ക്കും കഴിയുകയില്ല.  മെച്ചപ്പെട്ട പദ്ധതി രേഖകള്‍ യഥാസമയം തയ്യാറാക്കി നല്‍കുന്നതിനും പരിമിതയുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയ്ക്ക് ആവശ്യവും അനുയോജ്യവും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതുമായ പദ്ധതികള്‍ കണ്ടെത്തി സമര്‍പ്പിക്കുവാന്‍ സാങ്കേതിക, സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഖര-ദ്രവ മാലിന്യ സംസ്‌കരണപദ്ധതികള്‍, സമഗ്ര ഡ്രെയ്‌നേജ് സംവിധാനം, കാല്‍നട യാത്രക്കാര്‍ക്കുള്ള സ്‌കൈവാക്കുകള്‍, മള്‍ട്ടി ലെവല്‍  പാര്‍ക്കിങ്ങ്, പൈതൃക സംരക്ഷണം, നഗര നവീകരണം, ജലാശയങ്ങളുടെയും കനാലുകളുടെയും സംരക്ഷണം തുടങ്ങി നഗര വികസനത്തിന്റെ സര്‍വ്വമേഖലകളിലും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഈ സംരംഭം വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.   

 Tuesday, October 7, 2014

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഇനി 'സങ്കേത'ത്തില്‍

നഗരസഭകളില്‍നിന്ന് കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ലഭിക്കാന്‍ സാധാരണക്കാര്‍ പലപ്പോഴും പ്രയാസപ്പെടുന്നത് പതിവുകാഴ്ചയാണ്. യഥാസമയം അനുമതി ലഭിക്കാത്തതിനാല്‍ വലിയ നഷ്ടങ്ങളും സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാന്‍ ഇന്ത്യയില്‍ ആദ്യമായി കെട്ടിടനിര്‍മ്മാണത്തിനുള്ള അപേക്ഷയും അനുമതിയും ഓണ്‍ലൈനിലേക്ക് മാറ്റുകയാണ്. നവംബര്‍ ഒന്നുമുതല്‍ ഔദ്യോഗികമായി ഇത് നിലവില്‍ വരും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ 'സങ്കേതം'എന്ന സോഫ്റ്റ്‌വെയറില്‍ വീട്ടിലിരുന്ന് അപേക്ഷ സമര്‍പ്പിക്കാം. നഗരസഭകളിലേക്ക് വരേണ്ട ആവശ്യമില്ല. സ്ഥലപരിശോധനയുടെ തിയതി, ഫീസ് തുക തുടങ്ങിയ വിവരങ്ങള്‍ മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. 30 ദിവസത്തിനകം പെര്‍മിറ്റ് ലഭിക്കും. രാജ്യത്തിനാകെ മാതൃകയായ ഈ സംവിധാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അവരുടെ ആത്മാര്‍ത്ഥമായ സേവനമാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. നഗരസഭകളിലെ ജീവനക്കാരുടെയും പൊതുജനത്തിന്റെയും പിന്തുണ കൂടിയുണ്ടാവുമ്പോള്‍ ഈ മാതൃകാ പദ്ധതി വന്‍വിജയമാവുമെന്ന് തീര്‍ച്ചയുണ്ട്.

Wednesday, September 24, 2014

മംഗള്‍യാന്റെ ആഹ്ലാദത്തില്‍...........പാര്‍ട്ണര്‍ കേരള മിഷന്‍ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: നഗരസഭകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ 'പാര്‍ട്ണര്‍ കേരള മിഷന്‍ ' രൂപവല്‍ക്കരിക്കുന്നതിന് തീരുമാനമായി. നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന പാര്‍ട്ണര്‍ കേരള മീറ്റില്‍ അവതരിപ്പിച്ചതില്‍ 2558 കോടി രൂപയുടെ 36 പദ്ധതികള്‍ ആദ്യഘട്ടത്തില്‍ വേഗത്തില്‍ തുടങ്ങും.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള സേവനവും നഗരസഭകള്‍ക്ക് വരുമാനവും ഉറപ്പുവരുത്തുന്നതിനാണ് നഗരസഭകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ(പിപിപി) പദ്ധതികള്‍ നടപ്പാക്കുന്നത്. നഗരസഭകളും നിക്ഷേപകരും ചേര്‍ന്നുള്ള സംരംഭമെന്ന നിലയിലുണ്ടാവുന്ന സാങ്കേതികമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പാര്‍ട്ണര്‍ കേരള മിഷന്‍ സഹായിക്കും. മുഖ്യമന്ത്രി ചെയര്‍മാനും നഗരകാര്യ മന്ത്രി വൈസ് ചെയര്‍മാനും ആസൂത്രണ കമ്മിഷന്‍ അംഗം, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍, സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പിപിപി വിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് പാര്‍ട്ണര്‍ കേരള മിഷന്‍. നഗരസഭകളുടെ പദ്ധതികള്‍ പരിശോധിച്ച് ഏകജാലക സംവിധാനത്തിലൂടെ വേഗത്തില്‍ നടപ്പാക്കാന്‍ മിഷന്‍ സഹായിക്കും. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പ്രാദേശിക സര്‍ക്കാരുകള്‍ക്കുതന്നെയായിരിക്കും. മെച്ചപ്പെട്ട സാങ്കേതിക വിദ്യയും സാമ്പത്തിക സ്രോതസ്സും ഉപയോഗിച്ച് ന്യായമായ ചിലവില്‍ പദ്ധതികള്‍ നടപ്പാക്കും. നിശ്ചിത കാലയളവിലേക്ക് നഗരസഭയും സംരംഭകരും തമ്മില്‍ ഇതിനായി കരാറുണ്ടാക്കും. ഈ കരാറുമായി ബന്ധപ്പെട്ട സാങ്കേതികതകള്‍ പരിഹരിക്കുന്നതിനും പാര്‍ട്ണര്‍ കേരള മിഷന്‍ സഹായിക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന പാര്‍ട്ണര്‍ കേരള മീറ്റില്‍ 5500 കോടി രൂപയുടെ 101 പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍, പാര്‍ക്കിങ്ങ് പ്ലാസകള്‍, പാര്‍ക്കുകള്‍, ഫ്‌ളൈ ഓവറുകള്‍ തുടങ്ങി വരുമാനം പ്രതീക്ഷിക്കുന്ന ഒട്ടേറെ പദ്ധതികള്‍ക്കാണ് സംരംഭകര്‍ മുന്നോട്ടുവന്നിട്ടുള്ളത്. ഇവയില്‍നിന്ന്  വിശദമായ പരിശോധന നടത്തിയാണ് ആദ്യഘട്ടത്തിലെ 36 പദ്ധതികള്‍ തെരഞ്ഞെടുത്തത്. പദ്ധതികള്‍ മല്‍സരാധിഷ്ഠിത ടെന്‍ഡറിലൂടെയാണ് നടപ്പാക്കുക. നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം സ്വീകരിക്കാന്‍ തീരുമാനിച്ചത്. വിവിധ നഗരസഭകളില്‍ ഈ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങുമെന്നും രണ്ടുവര്‍ഷത്തിനകം എല്ലാ നഗരസഭകളിലും സമാനമായ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ടെ്.