സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Sunday, December 29, 2013

പെരിന്തല്‍മണ്ണയില്‍ 10 കോടിയുടെ കോടതി സമുച്ചയം രണ്ട് വര്‍ഷത്തിനകം


പെരിന്തല്‍മണ്ണയ്ക്ക് 10 കോടിയുടെ കോടതി സമുച്ചയം. നിര്‍മ്മാണ പ്രവര്‍ത്തികളുടെ തിരി തെളിയുന്നു. ഹൈക്കോടതി ജഡ്ജി തോമസ് പി. ജോസഫ്, ജില്ലാ ജഡ്ജി പി.കെ. ഹനീഫ, കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ലാന്റ് റവന്യൂ കമ്മിഷണര്‍ എം.സി. മോഹന്‍ദാസ് തുടങ്ങിയവര്‍ .

Tuesday, December 24, 2013

948 കോടിയുടെ നഗരപദ്ധതികള്‍ക്ക് അംഗീകാരം


കേന്ദ്രപദ്ധതിയായ UIDSSMT മുഖേന നടപ്പാക്കാനായി സംസ്ഥാനത്തെ 15 നഗരസഭകള്‍ സമര്‍പ്പിച്ച 948.2 കോടി രൂപയുടെ നഗരവികസന പദ്ധതികള്‍ക്ക് സംസ്ഥാനതല സാങ്ഷനിങ്ങ് കമ്മിറ്റി അംഗീകാരം നല്‍കി. കേന്ദ്രനഗരകാര്യ വകുപ്പ് അംഗീകരിക്കുന്നതോടെ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനാവും. 


 15 നഗരസഭകളുടെ 28 പദ്ധതികള്‍ക്കാണ് അംഗീകാരം. അഞ്ച് ശുദ്ധജല പദ്ധതികള്‍-383 കോടി രൂപ, അഞ്ച് ഖരമാലിന്യപ്ലാന്റുകള്‍-53.64 കോടി, നാല് നീര്‍തട പദ്ധതികള്‍ 186.06 കോടി, എട്ട് നഗരനവീകരണ പദ്ധതികള്‍-189.53 കോടി, രണ്ട് റോഡ് വികസന പദ്ധതികള്‍-42.4 കോടി, രണ്ട് ഡ്രെയ്നേജ് പദ്ധതികള്‍-35.29 കോടി, സിവറേജ് പദ്ധതി-50കോടി, പൈതൃക സംരക്ഷണം-8.08 കോടി.
Monday, December 23, 2013

കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് ഉദ്ഘാടനം

(ജെഡിടി ഇസ്ലാം കോംപ്ലക്സ്, വെള്ളിമാടുകുന്നു, കോഴോക്കോട്)

തികച്ചും അക്കാദമിക് തല്‍പ്പരരായ സമൂഹത്തിന് മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത്. ചരിത്രത്തിന്റെ വര്‍ത്തമാനങ്ങള്‍ കൃത്യതയോടെ പറയാനും പഠിപ്പിക്കാനും കഴിയുന്ന പ്രമുഖരുടെ നിര വേദിയിലും സദസ്സിലുമുണ്ട്. ഇതുപോലൊരു പണ്ഡിത സമ്പന്നമായ സദസ്സ് ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം. കേരള മുസ്ലിം ചരിത്രമെന്ന വിശാലമായ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പറയാതെ പോവരുതാത്ത ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.
 കേരള മുസ്ലിംകളുടെ ചരിത്രവും രാഷ്ട്രീയവും സാംസ്കാരിക ജീവിതവുമെല്ലാം ലോകത്തെ അക്കാദമിക് സമൂഹത്തിന് എക്കാലത്തും വളരെ പ്രധാനപ്പെട്ട പഠനവിഷയങ്ങളായിരുന്നു. ഒരുപക്ഷെ ഇത്രയധികം പഠനവിഷയമായ ഒരു ജനസമൂഹം ലോകത്ത് വേറെ കാണില്ല. റോളണ്ട് ഇ മില്ലര്‍, ഫിലിപ്പോ ഒസലോ തുടങ്ങി നിരവധി ചരിത്ര, സാമൂഹ്യ ശാസ്ത്ര പണ്ഡിതര്‍ ആധികാരികമായിതന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 
 ഇന്ത്യയില്‍ ഇസ്ലാമിന്റെ ആരംഭം കേരളത്തിലാണെന്ന് വലിയൊരു വിഭാഗം ചരിത്രകാരന്‍മാരും വിശ്വസിക്കുന്നത്. പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാം കേരളത്തിലെത്തിയിട്ടുണ്ടെന്ന് ഇവര്‍ കരുതുന്നു. ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കേരളത്തില്‍ ഇസ്ലാം മതം എത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഇസ്ലാം വികാസം പ്രാപിക്കുന്നത് 12.-13 നൂറ്റാണ്ടുകളിലാണ്.ലോകത്തെ കച്ചവടകേന്ദ്രങ്ങളില്‍ കോഴിക്കോടിന് വലിയ സ്ഥാനമുണ്ടായിരുന്നു. കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന വ്യാപാരകേന്ദ്രമായിരുന്നു മുസരിസ്. മറ്റാരേക്കാളും മുമ്പേ ഇന്ത്യന്‍മഹാസമുദ്രത്തിന്റെ കച്ചവട ആധിപത്യം അറബികള്‍ക്കുണ്ടായിരുന്നു. അറബികളുമായുള്ള ഈ ബന്ധം കേരള മുസ്ലിംകളുടെ മതവിസ്വാശം, ജീവിതരീതി, ഭാഷ, സാഹിത്യം  എന്നിവയിലെല്ലാം പ്രകടമാണ്. തദ്ദേശീയ ജനവിഭാഗങ്ങളുമായി അത് സൃഷ്ടിച്ച സൌഹാര്‍ദ്ദം പ്രധാനമാണ്. അറബികള്‍ക്കുശേഷം വന്ന പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം തദ്ദേശീയ ജനതക്കുമേല്‍ ആധിപത്യം സ്ഥാപിച്ചവരാണ്, എന്നാല്‍ അറബികള്‍ അതൊരിക്കലും ചെയ്തില്ല.
 12മുതല്‍ 16 -ാം നൂറ്റാണ്ടുവരെയുള്ള കേരള മുസ്ലിംകളുടെ ചരിത്രം സാമൂതിരിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. സാമ്പത്തികമായും സാംസ്കാരികമായും ഇരുവിഭാഗങ്ങള്‍ക്കും ഗുണപ്രദമായിരുന്നു ഈ ബന്ധം. ത്യാഗനിര്‍ഭരമായ ഒരു ചെറുത്തുനില്‍പ്പിന്റെ ചരിത്രംകൂടി കേരള മുസ്ലിംകള്‍ക്കുണ്ട്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് മരക്കാര്‍മാര്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരു നൂറ്റാണ്ടുകാലത്തോളം കേരളത്തില്‍ രാഷ്ട്രീയാധികാരം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പ്. മുസ്ലിം ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണത്തിളക്കമാണ് മലബാര്‍ കലാപം. 
 സാമ്രാജ്യത്വ വിരുദ്ധ മനസ്സാണ് മുസ്ലിംകള്‍ വിശേഷിച്ച് മലബാറിലെ മുസ്ലിംകള്‍ക്ക് ഉണ്ടായിരുന്നത്. സ്വാഭാവികമായും തിരുവിതാംകൂറിലും കൊച്ചിയിലും നേരിട്ടതിനെക്കാള്‍ പതിന്മടങ്ങ് പ്രതിബന്ധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് മലബാറിലുണ്ടായി. അതുകൊണ്ടുതന്നെ സാമ്രാജ്യത്വപക്ഷപാതികളായ ചരിത്രകാരന്‍മാര്‍ മുസ്ലിംകളെ അക്രമകാരികളായി ചിത്രീകരിച്ചു. മതമൌലികതയാണ് ഇതിന്റെ പിന്നിലെന്ന് അധിക്ഷേപിച്ചു. തീര്‍ച്ചയായും മതം ഈ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷേ, മതമായിരുന്നില്ല അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടങ്ങള്‍ക്ക് മതം ഊര്‍ജ്ജം നല്‍കിയെന്നുമാത്രം. 
 അമിതമായ ദേശസ്നേഹത്തില്‍നിന്ന് ഉടലെടുത്ത ബ്രിട്ടീഷ് വിരോധം അവരെ നാടുകടത്തുന്നതില്‍ കലാശിച്ചു. സാമ്രാജ്യത്വ വിരുദ്ധ സമീപനം ഇംഗ്ലീഷ് ഭാഷയോടുപോലും മടുപ്പുണ്ടാക്കി. പുരോഗമന തല്‍പ്പരരായ രാജാക്കന്‍മാരുടെ കീഴില്‍ തെക്കന്‍കേരളം വളര്‍ന്നപ്പോള്‍ മലബാര്‍ പിന്നോട്ടുപോയി. ചുരുക്കത്തില്‍ 1947 സ്വാതന്ത്യം ലഭിക്കുമ്പോള്‍ മലബാറും തെക്കന്‍ കേരളവും തമ്മില്‍ വിദ്യാഭ്യാസത്തിലുള്ള അന്തരം നൂറുവര്‍ഷമായി മാറിയിരുന്നു. 1864ല്‍ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജ് വന്നു, മുസ്ലിം നവോത്ഥാനത്തിന്  നാഴികക്കല്ലായ ഫാറൂഖ് കോളജ് സ്ഥാപിച്ചത് 1948ലാണ്. ഈ അന്തരം മാറ്റിയെടുക്കാന്‍ മുസ്ലിം നേതാക്കളും രാഷ്ട്രീയ നേതൃത്വവും നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടുതുടങ്ങി. വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തികള്‍ക്കും സമുദായ സംഘടനകള്‍ക്കും ബോധമുണ്ടായതാണ് മാറ്റങ്ങളുടെ തുടക്കം. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം. സീതിസാഹിബും സി.എച്ച്. മുഹമ്മദ്കോയാ സാഹിബും ഉള്‍പ്പടെയുള്ളവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വം കേരളത്തിലെ മുസ്ലിംകളുടെ സാമൂഹ്യജീവിതംതന്നെ മാറ്റിമറിച്ചു. 1970കളുടെ തുടക്കത്തിലുണ്ടായ ഗള്‍ഫ് കുടിയേറ്റം മുസ്ലിം ചരിത്രം മാറ്റിയെഴുതി. സമ്പത്ത് മാത്രമല്ല, സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങള്‍ക്ക് ഇത് വഴിയൊരുക്കി. പട്ടിക്കാട് ജാമി നൂരിയ്യ, ചെമ്മാട് ദാറുല്‍ഹുദ, ശാന്തപുരം ഇസ്ലാഹിയ, കാരന്തൂര്‍ മര്‍ക്കസ്, ഫറോക്ക് കോളജ് റൌലത്തുല്‍ ഉലൂം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കി. 1968 ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ എല്ലാ മല്‍സരപരീക്ഷകളിലും കേരളത്തിന്റെ മുന്നിലെത്താന്‍ ജില്ലക്ക് കഴിഞ്ഞുതുടങ്ങി. കാലിക്കറ്റ് സര്‍വ്വകലാശാലയും അലിഗഡ് ഓഫ് ക്യാമ്പസും ഇപ്പോള്‍ മലയാളം സര്‍വ്വകലാശാലയും ജില്ലയുടെ വിദ്യാഭ്യാസ നേട്ടത്തിന്റെ അടയാളങ്ങളാണ്.
 സാമ്പത്തികാവസ്ഥയില്‍ മുസ്ലിം സമുദായം മുന്നിലെത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതുപറയുമ്പോള്‍ നബിവചനം ഓര്‍ത്തുപോവുകയാണ്-*നിങ്ങള്‍ക്ക് ദാരിദ്ര്യം വരുന്നതിനെക്കുറിച്ച് എനിക്ക് ഭയമില്ല. മറിച്ച്   െഎശ്വര്യം വരുന്നതിലാണ്*. സമ്പത്ത് കിടമല്‍സരത്തിനും ദൈവസ്മരണ അകറ്റുന്നതിനും വഴിയൊരുക്കുമെന്നാണ് ഈ വചനത്തിന്റെ ഉള്ളടക്കം. പൂര്‍വ്വികരുടെ സംഭാവനകള്‍ പലതും കൈമോശം വരുന്നതിന്റെ ലക്ഷണങ്ങള്‍ ഇന്ന് പ്രകടമാണ്. അവര്‍ രൂപപ്പെടുത്തിയ െഎക്യബോധം നഷ്ടപ്പെടുത്തുകയും ഭിന്നതയിലേക്ക് നീങ്ങുകയും ചെയ്യുന്നതില്‍ സമുദായ സ്നേഹികളുടെ ദുഖം നേതൃത്വങ്ങള്‍ തിരിച്ചറിയണം. പള്ളികളും മദ്രസകളുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങളില്ലാത്ത കോടതികള്‍ കേരളത്തിലില്ലാതായിരിക്കുന്നു. കലഹങ്ങള്‍ അവസാനിക്കാതെ നന്‍മകളുണ്ടാവില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലാണ് ഒരുമ കാണിക്കേണ്ടത്. സമുദായങ്ങള്‍ തമ്മില്‍ എന്ന പോലെ സമുദായങ്ങള്‍ക്കുള്ളിലും  െെഎക്യം വേണം. മതേതരത്വത്തിലൂന്നിയ രാഷ്ട്രീയ ഏകീകരണവും ആവശ്യമാണ്. അത്തരം നീക്കങ്ങള്‍ക്ക് തുടക്കമാവാന്‍ ഇതുപോലുള്ള സംവാദങ്ങള്‍ക്കും സെമിനാറുകള്‍ക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Tuesday, December 17, 2013

ഹരിതരാഷ്ട്രീയത്തിലെ മൂന്നാംവര്‍ഷം


ഇന്ന് ഡിസംബര്‍ 17. മൂന്നുവര്‍ഷം മുമ്പ് 2010ലെ ഈ ദിനത്തിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്ന് അംഗത്വം സ്വീകരിച്ച്ഹരിതരാഷ്ട്രീയത്തിലേക്കുള്ള എന്‍റെ പ്രവേശം .മലപ്പുറം കിഴക്കേതലയില്‍ കോരിച്ചൊരിയുന്ന മഴയും പതിനായിരങ്ങളുമായിരുന്നു സാക്ഷി. ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍നിന്ന് ക്രിയാത്മക രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പ്. യാഥാര്‍ത്ഥ്യങ്ങളെ കപടവാദങ്ങള്‍കൊണ്ട് മൂടിവെക്കുന്നവര്‍ക്കിടയില്‍നിന്ന് അതിനെ സ്നേഹപൂര്‍വ്വം അഭിമുഖീകരിക്കുന്നവരിലേക്കുള്ള ദൂരം വളരെ വലുതാണ്. ആ ദൂരത്തിലേക്ക് ഓടിയെത്താനാണ് എന്റെ ശ്രമം.

 സമുദായത്തിന്റെ പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെ സ്നേഹപൂര്‍വ്വവും അല്ലാതെയും പലരും ചോദ്യം ചെയ്തിരുന്നു. ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബ്, കെ.എം. സീതി സാഹിബ്, സി.എച്ച്. മുഹമ്മദ്കോയ തുടങ്ങി അനേകം നേതാക്കളെ മുസ്ലിം എന്ന പേരില്‍ മാത്രമല്ല സമൂഹം കണ്ടത്. പൂക്കോയതങ്ങളെയും ശിഹാബ് തങ്ങളെയും ഹൈദരലി തങ്ങളെയും സമൂഹം ആദരിക്കുന്നത് അതേ ഗണത്തില്‍പ്പെടുത്തിയുമല്ല. കര്‍മ്മഫലമാണ് അവര്‍ക്കുള്ള അംഗീകാരങ്ങള്‍ . മനസ്സിന്റെ തേജസ്സാണ് ആ സ്നേഹാദരങ്ങളുടെ അടിത്തറ.  സമൂഹത്തെ തിരുത്താനും നേര്‍വഴിക്ക് നടത്താനുമുള്ള സൌമ്യസാന്നിധ്യങ്ങളാണ് ഇവരെല്ലാം. അവരുടെ ഹൃദയങ്ങളില്‍നിന്നുള്ള ആശയങ്ങളെ പിന്തുണക്കുന്നതും പിന്തുടരുന്നതും ശരിയെന്ന് വിശ്വസിച്ചു. അതാണ് മുസ്ലിംലീഗില്‍ അണിനിരക്കാന്‍ പ്രേരണയായത്. വിരസതയുടെ ഒമ്പതാണ്ടിനിടെ  'ഡിസ്പോസിബിള്‍' രാഷ്ട്രീയത്തിന്റെ ചരിത്രം എന്റെ കാര്യത്തിലും ആവര്‍ത്തിച്ചുവെന്നതും വിസ്മരിക്കുന്നില്ല.
 പാണക്കാട് തങ്ങള്‍ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിന് നൂറുവര്‍ഷത്തിലധികം കാലത്തെ അടുത്ത ബന്ധമുണ്ട്. ഉപ്പയോടൊപ്പം പാണക്കാട്ട് ഇടക്കിടെ പോവുകയും ചെയ്തിരുന്നു. കെയ്റോ യൂണിവേഴ്സിറ്റിയിലെ പഠനം കഴിഞ്ഞ് ശിഹാബ് തങ്ങള്‍ നാട്ടിലെത്തിയ കാലത്ത് അവിടെ നിത്യവും പോവാറുണ്ടായിരുന്നു. പൂക്കോയതങ്ങള്‍ക്ക് പത്രം വായിച്ചുകേള്‍പ്പിക്കാനുള്ള ചുമതല പലപ്പോഴും എനിക്കുകിട്ടി. സ്കൂള്‍ കാലത്തെ ആ ബന്ധം ജീവിതത്തില്‍ ഒരിക്കലും മുറിഞ്ഞുപോയിരുന്നില്ല. സാഹചര്യങ്ങള്‍കൊണ്ട് രാഷ്ട്രീയത്തില്‍ വരാനും മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ മല്‍സരിക്കാനും തീരുമാനമെടുക്കേണ്ടി വന്നു. അപൂര്‍വ്വമായെങ്കിലും ജീവിതത്തിലെ ചില ജയങ്ങള്‍ തോല്‍വിയാണ്. ചുറ്റുവട്ടത്തെ കാപട്യങ്ങള്‍ തിരിച്ചറിയുമ്പോഴാണ് അതിന്റെ ആഴമറിയുകയെന്നുമാത്രം.  മുഖംമൂടിയില്ലാത്ത രാഷ്ട്രീയമാണ് മുസ്ലിംലീഗിന്റെ ആകര്‍ഷണം. നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍, വാക്കിനും പ്രവൃത്തികള്‍ക്കുമിടയില്‍ ഒരിടത്തും കര്‍ട്ടണില്ല. നന്മ തുളുമ്പുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആത്മീയതയുടെ പശ്ചാത്തലം. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ദരിദ്രര്‍ക്ക് പാര്‍പ്പിടവും ജീവിതമാര്‍ഗവും കണ്ടെത്താന്‍ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം ലോകത്തൊരിടത്തും കാണില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംലീഗിന്റെ ശൈലി മറ്റുള്ളവര്‍ പിന്തുടരേണ്ടി വന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മല്‍സരിക്കേണ്ടി വന്നതിന്റെ വൈമനസ്യം ഇവിടെവന്നപ്പോള്‍ പ്രവര്‍ത്തകരോ നേതാക്കളോ കാണിച്ചില്ല. പഴയതൊന്നും മനസ്സില്‍വെക്കാതെ സ്നേഹത്തോടെ സ്വീകരിച്ചു. ഹരിതരഥത്തില്‍ നേതാക്കള്‍ക്കരികില്‍ ഇരിപ്പിടവും നല്‍കി. ഉത്തരവാദിത്തവും ഏല്‍പ്പിച്ചു.
 പ്രവാസിലീഗിന്റെ ചുമതലയാണ് പാര്‍ട്ടിയില്‍ എനിക്കുള്ളത്. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയവരുടെ ജീവിതത്തിലേക്ക് കടന്നുചെന്നു. ഇവര്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനയായി പ്രവാസി ലീഗ് മാറി. പ്രവാസികള്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി ഹരിത സഹകരണ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചു. എല്ലാ പഞ്ചായത്തുകളിലും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് ഞങ്ങള്‍. രാഷ്ട്രീയത്തിനപ്പുറത്തുള്ള ഇത്തരം നന്മകളോട് സമരസപ്പെടാവുന്ന ആര്‍ക്കും കടന്നുവരാം. കൂട്ടായ്മയുടെ ഭാഗമായി മാറി കുടുംബത്തെയും സമൂഹത്തെയും സുരക്ഷിതമാക്കുകയും ചെയ്യാം.
 എംഎല്‍എയും മന്ത്രിയുമാവാന്‍ വേണ്ടിയല്ല മുസ്ലിംലീഗിലേക്ക് വന്നത്. കരാര്‍ പ്രകാരമാണ് വരവെന്ന വിമര്‍ശനം ഇന്നും എന്റെ കാതിലുണ്ട്. മല്‍സരിക്കാനായിരുന്നെങ്കില്‍ മങ്കടയില്‍തന്നെ ആവാമായിരുന്നു. എന്നാല്‍ പെരിന്തല്‍മണ്ണ പിടിച്ചെടുക്കാനാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. അത് ഏറ്റെടുത്തു, അത്രമാത്രം. ബിസിനസ്സും സിനിമയും കഴിഞ്ഞാണ് പൊതുരംഗത്തേക്ക് ഞാന്‍ വരുന്നത്. ഈ കര്‍മ്മപഥത്തില്‍ വൈകിയെത്തിയതാണ് എന്റെ പോരായ്മ. അതുനികത്താനാണ് ശ്രമം. ഔദ്യോഗികമായ ഉത്തരവാദിത്തങ്ങള്‍ക്കിടെ അതിനായി പാര്‍ട്ടി പരിപാടികളുടെ ഓവര്‍ടൈം. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ നേതാക്കള്‍ക്കൊപ്പം, അവരുടെ നിര്‍ദേശപ്രകാരം പരിപാടികള്‍. മുസ്ലിംലീഗ് ഒരു അക്കരപ്പച്ചയാണെന്നായിരുന്നു എനിക്കെതിരെയുള്ള ചിലരുടെ വിമര്‍ശനം. അടുത്തുചെന്നപ്പോള്‍ മനസ്സിലായി, അക്കരെയല്ല, അകത്തും പച്ചതന്നെ. മനുഷ്യസ്നേഹത്തിന്റെ, സഹാനുഭൂതിയുടെ തിളക്കമാര്‍ന്ന പച്ച.

Thursday, December 12, 2013

പ്ളാസ്റ്റിക്കുകള്‍ ഇനി റോഡില്‍ ...പദ്ധതി ഉദ്ഘാടനം 20ന് കൊച്ചിയില്‍

സംസ്ഥാനത്ത് പ്ളാസ്റ്റിക് വെല്ലുവിളി പരിഹരിക്കാന്‍ നടപടി വരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ് ടാര്‍ ചെയ്യുന്നതിന് പ്ളാസ്റ്റിക് ഉപയോഗിക്കാന്‍ തീരുമാനിച്ചു. 20ന് കൊച്ചിയില്‍ പാലച്ചോട്-നിലംപതിഞ്ഞി റോഡ് ടാറിങ്ങിന് പ്ളാസ്റ്റിക് ഉപയോഗിക്കുന്നതോടെ ഈ പദ്ധതിക്ക് ഔദ്യോഗികമായ തുടക്കമാവും.
സര്‍ക്കാര്‍ പുതുതായി രൂപവല്‍ക്കരിച്ച ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ എല്ലാ നഗരസഭകളിലും പ്ളാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റുകള്‍ തുടങ്ങാനും തീരുമാനിച്ചു. ആദ്യം നഗരസഭകളില്‍ തുടങ്ങും. പിന്നെ ബ്ളോക്ക് പഞ്ചായത്തുകളില്‍ . കുടുംബശ്രീ ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്ളാസ്റ്റിക് ശേഖരിക്കും. ഷ്രെഡ് ചെയ്ത പ്ളാസ്റ്റിക് നിശ്ചിത തുകക്ക് ക്ളീന്‍ കേരള കമ്പനി വാങ്ങി പൊതുമരാമത്ത് വകുപ്പിനും നഗരസഭകള്‍ക്കും കൈമാറും. സംസ്ഥാനത്തെ വലിയ വെല്ലുവിളിക്ക് ഏറെക്കുറെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം കൊച്ചിയിലെ രവിപുരം പ്ളാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റും ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റും സന്ദര്‍ശിച്ചു. ഏതാണ്ട് 35 ടണ്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. ലെതര്‍ , റബ്ബര്‍ തുടങ്ങിയവയെല്ലാമുണ്ട്. പരമാവധി പ്ളാസ്റ്റിക്കുകള്‍ ഉപയോഗപ്പെടുത്തണം.
 എന്തായാലും സംസ്ഥാനത്താകെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കാനും ടാറിങ്ങിന് ഉപയോഗിക്കാനും തുടങ്ങുകയാണ്.  ഈ യജ്ഞത്തില്‍ എല്ലാവരും അവരുടെതായ പങ്കാളിത്തം ഉറപ്പാക്കണം. പ്രകൃതിയെ രക്ഷിക്കാനുള്ള നമ്മുടെ ബാധ്യത നിറവേറ്റാന്‍ ഒപ്പം നില്‍ക്കുമല്ലോ

Saturday, December 7, 2013

നിറമനസ്സോടെ സ്നേഹപൂര്‍വ്വം...

ഏറെനാളായി വിചാരിക്കുന്നു, അന്നത്തെ വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ . വോട്ടുനല്‍കി വിജയിപ്പിച്ചവരെ നേരില്‍ കാണണം. അന്നുകണ്ട അതേ വീട്ടിലിരുന്ന് അവരെ കേള്‍ക്കുകയും വേണം. ഇപ്പോള്‍‌ ഉത്തരവാദിത്തങ്ങളുടെ പകുതി വര്‍ഷം കഴിഞ്ഞു. രണ്ടര വര്‍ഷം മുമ്പ് വോട്ടഭ്യര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഓരോ പ്രദേശത്തിനും ഓരോരോ ആവശ്യങ്ങളുണ്ടായിരുന്നു. ആ പട്ടികയില്‍ പ്രധാനപ്പെട്ടവയെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതില്‍ അഭിമാനമുണ്ട്. ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ചറിയണം. നേടിയെടുക്കാന്‍ പരമാവധി പരിശ്രമിക്കണം. അതിനായി ഓരോ പ്രദേശത്തും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകവുമായി ഞങ്ങള്‍ കടന്നുചെന്നു. വികസന വര്‍ത്തമാനങ്ങളുമായി ഒരു പര്യടനം. 'സ്നേഹസംഗമ' മെന്ന പേരില്‍ മണ്ഡലമാകെ മുഖാമുഖം.
 തെരഞ്ഞെടുപ്പിന്റെ നിഴലിലല്ലാതെ ജനങ്ങളുമായി സംവദിച്ചു. നവംബര്‍ 15 മുതല്‍ 30 വരെ. ആലിപ്പറമ്പിലെ ആനമങ്ങാടുനിന്ന് തുടങ്ങി താഴേക്കോട് പഞ്ചായത്തിലെ പുത്തൂരില്‍ അവസാനിക്കുമ്പോള്‍ ഞാന്‍ പഠിച്ചത്  ഒട്ടേറെ പാഠങ്ങള്‍ . 200ലധികം കുടുംബ സദസ്സുകളിലായി 50,000 ലേറെ പേരെ നേരില്‍ കണ്ടു, കേട്ടു. രണ്ടര വര്‍ഷംകൊണ്ട് നടപ്പാക്കിയ 325 കോടി രൂപയുടെ വികസന പദ്ധതികള്‍ സഹപ്രവര്‍ത്തകര്‍ വിശദീകരിച്ചു. ശുദ്ധജലവും പാലവും റോഡുകളും കെട്ടിടങ്ങളും തുടങ്ങി നേട്ടങ്ങളുടെ പുതിയ അടയാളങ്ങള്‍ അവര്‍ നിരത്തി. വെറുതെ പറയുകയല്ലെന്ന് തെളിയിക്കാന്‍ രേഖകളും നല്‍കി. ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ചു.  ഈ വരവും ഇത്തരം ചോദ്യവും ആ മുഖങ്ങളില്‍ അത്ഭുതം വിരിയിച്ചു. അവരുടെ ആവശ്യങ്ങളെല്ലാം എഴുതിവാങ്ങി. വികസനപരവും വ്യക്തിപരവുമായ 2000 ലധികം അപേക്ഷകള്‍ .  എല്ലാം പരിശോധിച്ചുവരുന്നു. സര്‍ക്കാരില്‍നിന്ന് ലഭിക്കാവുന്നതെല്ലാം വേഗത്തില്‍ എത്തിക്കും. വികസന പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ പണം കണ്ടെത്തും. അനുമതി ലഭിച്ച പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ തന്നെ മണ്ഡലത്തിന്റെ മുഖച്ഛായ മാറും.
  പകുതി കാലം പൂര്‍ത്തിയാവുമ്പോള്‍ സമ്പൂര്‍ണ്ണ മണ്ഡലപര്യടനം എനിക്കും വേറിട്ട അനുഭവമായി. ഓരോ വീട്ടുമുറ്റങ്ങളിലും ഓരോരോ കാഴ്ചകള്‍ . പലതും ഒരിക്കല്‍പോലും മാഞ്ഞുപോവാത്തവയും. വിവരങ്ങളന്വേഷിച്ച് അങ്ങോട്ടുചെന്നതിന്റെ സന്തോഷമായിരുന്നു നാട്ടുകാരില്‍ . ഉറ്റമിത്രത്തെ പോലെ അവര്‍ സ്വീകരിച്ചു. അവരുടെ കാര്യങ്ങള്‍ നോക്കുന്ന മകനായി, സഹോദരനായി, സുഹൃത്തായി കൊണ്ടുനടന്നു. ഇളനീരും ചായയും പായസവും തന്നു. വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വയോധികരുടെ സ്നേഹപ്രകടനങ്ങള്‍ മനസ്സില്‍ നൊമ്പരങ്ങളായി. പ്രാര്‍ത്ഥിച്ചും അനുഗ്രഹിച്ചും അവര്‍ സന്തോഷം പങ്കിട്ടു. വികാരനിര്‍ഭരമായിരുന്നു പലതും.ദൈന്യതയുടെ കാഴ്ചകള്‍ കണ്ണുനിറച്ചു. നീറ്റലായി നെഞ്ചില്‍കൊണ്ടു. വികസന പദ്ധതികള്‍ നാട്ടിലെത്തിയതിന്റെ നന്ദിയായിരുന്നു ചിലര്‍ക്ക്. ആനുകൂല്യങ്ങള്‍ ആദ്യമായി പടികയറിയതിന്റെ പുഞ്ചിരികള്‍ . രോഗവും വാര്‍ധക്യവും ഒറ്റപ്പെടുത്തിയതിന്റെ വേദനകള്‍ കണ്ടു. സ്നേഹസംഗമയാത്രയില്‍ അനുഭവങ്ങളുടെ തുലാഭാരം സുഖദുഖങ്ങളില്‍ പപ്പാതിയായി നിന്നു. ഈ അനുഭവങ്ങളെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ സൌഭാഗ്യമായി ഞാന്‍ കാണുകയാണ്.
 ആവലാതികളുണ്ടായിരുന്നു. കൂടുതലും വ്യക്തിപരമായ ആനുകൂല്യങ്ങള്‍ . തുടക്കംമുതല്‍തന്നെ  രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായം പരമാവധി എത്തിക്കാന്‍ പരിശ്രമിച്ചിരുന്നു. നേരത്തെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചവക്കെല്ലാം തീര്‍പ്പുണ്ടാക്കി. രണ്ടര വര്‍ഷത്തിനിടെ 1.75 കോടിയിലധികം രൂപ ഈയിനത്തില്‍ നല്‍കി. ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ നാട്ടുകാരെ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നതിന് പകരം അവരെ കാണാന്‍ അങ്ങോട്ടുചെന്നപ്പോള്‍ ചിത്രം പിന്നെയും മാറി. കൂരകളില്‍ സര്‍ക്കാര്‍ സഹായമറിയാതെ ഒരുപാടു പേര്‍ . പെന്‍ഷനുകളും ക്ഷേമപദ്ധതികളും സഹായങ്ങളുമറിയാതെ ദുരിതംതിന്നുകയാണ് പലരും. അര്‍ഹമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എന്ത് ജനസേവനം. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഇത്രയധികം ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന മറ്റൊരു സര്‍ക്കാരില്ല. സൂക്ഷ്മമായി നിരീക്ഷിച്ച് അര്‍ഹരിലെല്ലാം ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ പരമാവധി പരിശ്രമിച്ച പെരിന്തല്‍മണ്ണയിലെ സ്ഥിതി ഇതാണെങ്കില്‍ സംസ്ഥാനത്തെ മുക്കിലും മൂലയിലും ഇനിയെത്ര ലക്ഷങ്ങള്‍ സഹായത്തിനായി കണ്ണീരൊഴുക്കുന്നുണ്ടാവും. നിരുത്തരവാദത്തിന്റെ സാക്ഷ്യപത്രങ്ങളാണവര്‍ .  അജ്ഞതകൊണ്ട് ഒരാനുകൂല്യവും ആര്‍ക്കും നഷ്ടമാവരുത്. അത് രാഷ്ട്രീയകക്ഷികളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രാഥമിക കര്‍ത്തവ്യമാണെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ.
 52,000 വീടുകളുണ്ട് മണ്ഡലത്തില്‍ . എല്ലാ വീടുകളും കയറിയിറങ്ങുക അപ്രായോഗികമാണ്. എന്നാല്‍ മിക്കവാറും കുടുംബങ്ങള്‍ സ്നേഹസംഗമത്തിലേക്ക് വന്നുവെന്നാണ് വിചാരിക്കുന്നത്. എല്ലാവരെയും കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷം. എല്ലാ നല്ലവാക്കുകള്‍ക്കും നന്ദിയുണ്ട്. രണ്ടാഴ്ചക്കാലത്തെ സ്നേഹയാത്രയെ നയിച്ച മുന്‍മന്ത്രി നാലകത്ത് സൂപ്പി, എ.കെ. നാസര്‍ , സേതുവേട്ടന്‍ , സി. അബൂബക്കര്‍ ഹാജി, ശീലത്ത് വീരാന്‍കുട്ടി, വി. ബാബുരാജ് തുടങ്ങി ഒട്ടേറെ പേര്‍ . പ്രചരണത്തിനായി അധ്വാനിച്ച പ്രവര്‍ത്തകര്‍ . കുടുംബസദസ്സുകള്‍ വിജയിപ്പിക്കാനായി പ്രയത്നിച്ച സഹപ്രവര്‍ത്തകര്‍ . വികസന വര്‍ത്തമാനങ്ങള്‍ വിവരിച്ചവര്‍ . സ്നേഹപൂര്‍വ്വമായ സ്വീകരണമൊരുക്കിയവര്‍ . എല്ലാറ്റിനുമുപരിയായി നേരില്‍ കാണാനെത്തിയ പ്രിയപ്പെട്ട നാട്ടുകാര്‍ , കാരണവന്‍മാര്‍ , രോഗികള്‍ .. എല്ലാവര്‍ക്കും സ്നേഹാഭിവാദ്യങ്ങള്‍ . നിങ്ങളുടെ വര്‍ത്തമാനങ്ങളാണ് എന്റെ ചിന്ത. നിങ്ങളുന്നയിച്ച ആവശ്യങ്ങളിലേക്കാണ് ശ്രദ്ധ. അവ പൂര്‍ത്തിയാവുന്നതുവരെ കര്‍മ്മനിരതരാണ് നമ്മള്‍ .

Saturday, November 30, 2013

മുനവ്വിര്‍ സിനാന്റെ സ്നേഹസമ്മാനം...


ആശംസകള്‍ ......

മണ്ഡലത്തിലെ സ്നേഹസംഗമയാത്രക്കിടെ ഏഴുവയസ്സുകാരന്‍ മുനവ്വിര്‍ സിനാന്‍ ഇന്നൊരു സ്നേഹം തന്നു. എന്നെ പകര്‍ത്തിയ പെന്‍സില്‍ ഡ്രോയിങ്ങ്. പെരിന്തല്‍മണ്ണ എംഇഎസ് എംസിസി സെന്‍ട്രല്‍ സ്കൂളിലെ രണ്ടാംക്ളാസുകാരന്റെ ചിത്രം എന്നെ ആശ്ചര്യപ്പെടുത്തി. ചിത്രം വളരെ മനോഹരമായിരിക്കുന്നു.
കളത്തിലക്കരയില്‍ കുടുംബസംഗമം കഴിഞ്ഞിറങ്ങുമ്പോള്‍ ആരുടെയും സഹായമില്ലാതെ ഒറ്റക്ക് വന്ന് ചിത്രം സമ്മാനിച്ചു. വരയുടെ മറുവശത്ത് ചിത്രരചന പഠിക്കണമെന്ന മോഹവും കുറിച്ചിട്ടുണ്ട്. കൊച്ചുകലാകാരന് ഹൃദയം നിറഞ്ഞ ആശംസകള്‍ ...

Friday, November 29, 2013

പാര്‍ട്ണര്‍ കേരള-കൊച്ചി ഒരുങ്ങുന്നു...


ഡിസംബര്‍ 19, 20 തിയതികളില്‍ നഗരസഭകള്‍ക്കുവേണ്ടി കൊച്ചിയില്‍ പാര്‍ട്ണര്‍ കേരള എന്ന പേരില്‍ നിക്ഷേപസംഗമം നടത്തുന്നു. നഗരസഭകളുടെ ഭൂമിയില്‍ ആര്‍ക്കും വികസനങ്ങളുടെ നിക്ഷേപമാവാം. വരുമാനം നഗരസഭകളുമായി പങ്കിടാം. സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം. പ്രവാസികള്‍ , വിദേശരാജ്യത്തുള്ളവര്‍ , ബിസിനസ്സില്‍ താല്‍പ്പര്യമുള്ള നാട്ടിലുള്ളവര്‍ എല്ലാവര്‍ക്കും പങ്കാളികളാവാം.
കേരളത്തിലെ നഗരസഭകളുടെ ദാരിദ്ര്യം മാറ്റാന്‍ മറ്റൊരു വഴിയുമില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നഗരസഭകളുടെ ഭൂമിയില്‍ വലിയ പദ്ധതികളാണ് വരാനിരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് അതാത് നഗരസഭകളുമായി ബന്ധപ്പെടാം. 60 നഗരസഭകളും അഞ്ച് കോര്‍പ്പറേഷനുകളും വികസന അതോറിറ്റികളും ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.


വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക  http://www.partnerkerala.com/

Wednesday, November 27, 2013

പാര്‍ട്ണര്‍ കേരള: ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയില്‍

കൊച്ചി:(വാര്‍ത്താസമ്മേളനം) നഗരസഭകള്‍ക്കായുള്ള നിക്ഷേപ സംഗമം പാര്‍ട്ണര്‍ കേരള ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയില്‍ നടക്കും. നിക്ഷേപകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിനായി 4000 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറായി.
 നഗരസഭകളുടെ ഭൂമിയില്‍ ഗുണകരമായ പദ്ധതികള്‍ക്കായി സ്വകാര്യ വ്യക്തികള്‍ പണം മുടക്കുന്നതാണ് പിപിപി പദ്ധതി. നിശ്ചിത കാലത്തേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി കരാര്‍ പ്രകാരം നടപടികള്‍. പദ്ധതിയുടെ സ്വഭാവം, സ്ഥലം, വരുമാനം എന്നിവ കണക്കാക്കിയാണ് കരാറിന്റെ കാലാവധി തീരുമാനിക്കുക. നിശ്ചിത വര്‍ഷത്തേക്ക് വരുമാനത്തിന്റെ നിശ്ചിത ശതമാനം നഗരസഭകള്‍ക്കും നിക്ഷേപകര്‍ക്കുമായി പങ്കിടാം. കാലാവധി തീരുമ്പോള്‍ പദ്ധതി പൂര്‍ണ്ണമായും നഗരസഭകളുടെ അധീനതയിലാവും. ഭാവിയില്‍ വലിയ വരുമാന സ്രോതസ്സായി ഈ പദ്ധതികള്‍ മാറും. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം. www.partnerkerala.com

http://www.youtube.com/watch?v=mjhLEcSO30A&feature=youtube_gdata

Monday, November 25, 2013

Friday, November 22, 2013

പെരിന്തല്‍മണ്ണ കുതിക്കുന്നു...

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 325 കോടി രൂപയുടെ വികസന പദ്ധതികള് . മണ്ഡലത്തില്‍ നടപ്പാക്കിയ എല്ലാ പദ്ധതികളുടെയും വിശദവിവരങ്ങള്‍ ഇതോടൊപ്പമുള്ള പുസ്തകത്തിലുണ്ട്. വീഡിയോ രൂപത്തില്‍ കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലും 16 പേജുള്ള പുസ്തകം ഓരോന്നായി മറിച്ചുകാണാം.


http://kkdesigns.x10.bz/demo/flip/#page-1

ന്യൂനപക്ഷ കമ്മീഷന്‍ ആസ്ഥാനം തിരുവനന്തപുരത്ത്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ആസ്ഥാനമായി. തിരുവനന്തപുരം ശാസ്തമംഗലത്ത് ആഞ്ജനേയ ബില്‍ഡിങ്ങിലാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുക. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ധനകാര്യ, നിയമവകുപ്പ് മന്ത്രി കെ.എം. മാണി ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു.
 ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ, സാമൂഹ്യ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനുമാണ് കമ്മിഷന്‍ രൂപവല്‍ക്കരിച്ചത്. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷനുണ്ടാവും. മന്ത്രി എ.പി. അനില്‍കുമാര്‍, കെ. മുരളീധരന്‍ എംഎല്‍എ, കെ. മുഹമ്മദുണ്ണിഹാജി എംഎല്‍എ, കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Wednesday, November 20, 2013

പ്രതീക്ഷയോടെ പാര്‍ട്ണര്‍ കേരള


നഗരസഭകളുടെ സമഗ്രവികസനത്തിനായി പദ്ധതികളില്‍ പൊതു, സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് പദ്ധതികള്‍ പരിചയപ്പെടാനും നഗരസഭകള്‍ക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനും സര്‍ക്കാര്‍ നേരിട്ട് അവസരം നല്‍കുന്നു. ഡിസംബര്‍ 19, 20തിയതികളില്‍ കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലിലാണ് നഗരസഭകളുടെ ചരിത്രത്തിലെ ഈ സുപ്രധാന സംഗമം നടക്കുന്നത്. പാര്‍‌ട്ണര്‍ കേരള എന്ന പേരിലുള്ള സംഗമത്തിലേക്ക് പ്രവാസികള്‍ , തദ്ദേശീയരും അന്യദേശക്കാരുമായ നിക്ഷേപകര്‍ എന്നിവരെ ക്ഷണിക്കുന്നു. പാര്‍ട്ണര്‍ കേരളയുടെ ലോഗോ മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.  

സാങ്കേതികതയിലല്ല, ജനപിന്തുണയുടെ മുട്ടത്തറ മോഡല്‍

സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി സംസ്ഥാനത്ത് ഒരു സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയതും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതുമാണ് തിരുവനന്തപുരത്തെ മുട്ടത്തറയില്‍ ട്രയല്‍ റണ്‍ വിജയകരമായി നടത്തി വരുന്നത.
 2009ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റ് സംസ്ഥാനത്തിന് മാതൃകയാവുന്നത് മറ്റൊരു തരത്തിലാണ്. ജനകീയമായ പിന്തുണയുടെ കാര്യത്തില്‍ മുട്ടത്തറ എല്ലാവര്‍ക്കും മാതൃകയായി. 100 ഏക്കര്‍ സ്ഥലത്ത് 80 കോടി രൂപ ചിലവില്‍ പ്ലാന്റ് നിര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായും പരിസരത്തുള്ളവരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യും. മലിനജലം സംസ്കരിച്ചുണ്ടാവുന്ന സ്ലഡ്ജ് വളമായി ഉപയോഗിക്കാമെന്ന് പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ ജൈവവളം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമീപിക്കുന്നുണ്ട്. അവശേഷിക്കുന്ന ജലം ശുദ്ധ ജലത്തിന്റെ മൂല്യങ്ങള്‍ അടങ്ങിയതാണ്. ചില കമ്പനികള്‍ ഈ ജലം ആവശ്യപ്പെട്ട് കരാറിന് സമീപിക്കുന്നു. എന്തുതന്നെയായാലും ഇതര മാലിന്യ പ്ലാന്റുകളെ അപേക്ഷിച്ച് ജനങ്ങള്‍ക്ക് ആശങ്കയില്ലാതെ പൂര്‍ത്തിയാക്കാനും പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞു. എല്ലാ മുറവിളികള്‍ക്കും അവസാനമായി ഒടുവില്‍ മുട്ടത്തറക്കാര്‍ പുതിയൊരു സന്ദേശം രാജ്യത്തിന് നല്‍കുകയാണ്. ഈ സന്ദേശത്തെ മുട്ടത്തറ മോഡല്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 

Tuesday, November 19, 2013

പെരിന്തല്‍മണ്ണയുടെ വികസനത്തിലൂടെ....പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍ വായിക്കാന്‍ താഴെ ക്ളിക്ക് ചെയ്യുക.
http://kkdesigns.x10.bz/demo/flip/#page-1


Saturday, November 16, 2013

വികസനത്തിന്‍റെ ഓളത്തില്‍ സ്നേഹസംഗമങ്ങള്‍

ഇന്ന് ആലിപ്പറമ്പില്‍ ....രണ്ടര വര്‍ഷത്തെ വികസനത്തിന്റെ അടയാളങ്ങള്‍ കാണിച്ചുകൊടുത്തു. ഇനിയും ചെയ്യാനുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 16 കേന്ദ്രങ്ങളിലും ആളുകള്‍ വന്നു. തെരഞ്ഞെടുപ്പുകാലമല്ലാതിരുന്നിട്ടും ആവേശത്തോടെ വലിയ ആള്‍ക്കൂട്ടം. ഈ കൂട്ടായ്മ പ്രതീക്ഷിച്ചുതന്നെയാണ് സ്നേഹസംഗമം എന്ന പേരുനല്‍കിയത്. സഹപ്രവര്‍ത്തകര്‍ക്കും സ്നേഹസംഗമത്തില്‍ വന്നവര്‍ക്കും സംവദിച്ചവര്‍ക്കുമെല്ലാം നന്ദി...

Friday, November 15, 2013

പെരിന്തല്‍മണ്ണയില്‍ ഇനി സ്നേഹസംഗമങ്ങള്‍

പെരിന്തല്‍മണ്ണയുടെ ജനപ്രതിനിധിയായിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കുതന്നെയാണ് മുന്‍ഗണന. മണ്ഡലത്തില്‍പ്പെടുന്ന പെരിന്തല്‍മണ്ണ നഗരസഭ, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂര്‍ , മേലാറ്റൂര്‍ , ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകളിലായി ആകെ 325 കോടി രൂപയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. റോഡുകള്‍ , പാലങ്ങള്‍ , ശുദ്ധജല പദ്ധതികള്‍ , കെട്ടിടങ്ങള്‍ , വള്ളുവനാട് വികസന അതോറിറ്റി, ന്യൂനപക്ഷ കോച്ചിങ്ങ് സെന്റര്‍ , വനിതാ െഎടിെഎ, പിടിഎം കോളജില്‍ പുതിയ കോഴ്സുകള്‍ ....തുടങ്ങി സര്‍വ്വ മേഖലയിലും പദ്ധതികള്‍ നടപ്പാക്കി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് വികസനത്തിന്റെ കണക്കുപുസ്തകമാണ് എന്റെ കൈവശമുള്ളത്. മണ്ഡലത്തിലെ 188 കേന്ദ്രങ്ങളില്‍ സ്നേഹസംഗമങ്ങള്‍ നടത്താനാണ് തീരുമാനം. ജനങ്ങളുടെ പുതിയ പ്രശ്നങ്ങള്‍ അറിയാനും പറയാനുമുള്ള ഈ സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഈ മാസം 30 വരെയാണ് സ്നേഹസംഗമങ്ങള്‍ . പാര്‍ട്ടിയിലെയും മുന്നണിയിലെയും സഹപ്രവര്‍ത്തകരും പൊതുജനവുമാണ് സ്നേഹസംഗത്തിന്റെ പിന്നണിയില്‍ . നാളെയുടെ പദ്ധതികളുടെ രൂപരേഖകൂടി തയ്യാറായിമാത്രമേ ഈ സ്നേഹസംഗമയാത്ര അവസാനിക്കുകയുള്ളൂ.

Thursday, November 14, 2013

ശിശുദിനാശംസകള്‍

ചാച്ചാജിയുടെ ഓര്‍മ്മകളില്‍ എല്ലാ കൂട്ടുകാര്‍ക്കും ശിശുദിനാശംസകള്‍ ...

Friday, November 8, 2013

നഗരസഭകളെ സഹായിക്കും പക്ഷെ പദ്ധതി നിര്‍വ്വഹണത്തിന് വേഗം വേണം

 നഗരസഭകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. ലോക് സഭാതെരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇത്തവണ ജനുവരി മുതലുള്ള മാസങ്ങള്‍  പദ്ധതി നിര്‍വ്വഹണത്തിന് പറ്റിയതാവില്ല. അത് മുന്‍കൂട്ടി കണ്ട് പദ്ധതികളുടെ വേഗം വര്‍ധിപ്പിക്കണം.ചില നഗരസഭകള്‍ ഭേദപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവ വളരെ പിന്നിലാണെന്ന് ഇവരുടെ അവലോകന യോഗത്തില്‍നിന്ന് മനസ്സിലായി. അനുവദിച്ച ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ കഴിയാതെ പോയാല്‍ പിന്നെന്ത് പ്രയോജനം. തിരുവനന്തപുരത്ത് ചേര്‍ന്ന ചെയര്‍മാന്‍ , സെക്രട്ടറിമാരുടെ യോഗം പദ്ധതിനിര്‍വ്വഹണത്തില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. 
 ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് പല നഗരസഭകളും മാതൃകാപരമായ പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ശേഷിക്കുന്നവര്‍ ഉടനെ ഡിപിആര്‍ സമര്‍പ്പിക്കണം. പ്ളാസ്റ്റിക്ക മാലിന്യ സംസ്കരണം ക്ളീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കാവുന്നതാണ്. കെഎസ് യുഡിപി, കെയുആര്‍ഡിഎഫ് സി തുടങ്ങിയവ നടപ്പാക്കുന്ന പദ്ധതികള്‍ വേഗത്തിലല്‍ നടപ്പാക്കേണ്ടതുണ്ട്. നഗരസഭകളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനംതന്നെയാണുള്ളത്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയുമുണ്ട്. എന്നാല്‍ കൃത്യവും സമയബന്ധിതവുമായി പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്തം നഗരസഭകള്‍ക്കുതന്നെയാണ്. 

Wednesday, November 6, 2013

കൊല്ലം കുരീപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കണമെന്ന ജനകീയാവശ്യത്തിന് ഉടന്‍ പരിഹാരമാവും

കൊല്ലം കുരീപ്പുഴയില്‍ പ്രവര്‍ത്തിക്കാത്ത മാലിന്യസംസ്കരണ കേന്ദ്രത്തില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ്. പ്രദേശവാസികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കഴിഞ്ഞദിവസം അവിടെ സന്ദര്‍ശിച്ചപ്പോള്‍ കൂടുതല്‍ ബോധ്യപ്പെട്ടു. അവിടെ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ മനോഹരമായ ആ തടാകത്തെ മോചിപ്പിക്കാനാവില്ല. കിണറുകളില്‍ ശുദ്ധജലം നിലനിര്‍ത്താനുമാവില്ല. പഴകിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പൊതുജനം സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്. അവിടെ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും പരിഗണിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടിയുണ്ടാവും. ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നാണ് ആവശ്യപ്പെടാനുള്ളത്. 

Thursday, October 31, 2013

മുഖ്യമന്ത്രിക്ക് ആശംസകള്‍ ....

എല്ലാം ജനങ്ങളില്‍ അര്‍പ്പിക്കുന്ന നേതാവ്. അവരുടെ സങ്കടങ്ങളില്‍ സ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന ഭരണാധികാരി. നൂറും ആയിരവും പതിനായിരവും പരാതികള്‍ നിന്ന നില്‍പ്പില്‍ പരിഹരിക്കാന്‍ മിടുക്കുള്ള നായകന്‍ . എത്ര തിരിക്കിലും ഓരോരുത്തര്‍ക്കും വ്യക്തിശ്രദ്ധ നല്‍കുന്ന പൊതുപ്രവര്‍ത്തകന്‍ .
ജനകീയ പ്രശ്നങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതം. അവരുടെ ക്ഷേമമാണ് ശ്വാസവായു. വാക്കിലും പ്രവര്‍ത്തിയിലും അന്തരമില്ല. ഓരോ ബുധനാഴ്ചകളിലും ഓരോരോ പദ്ധതികളാണ് അദ്ദേഹം ആവശ്യപ്പെടുക. ആയിരം കാര്യങ്ങള്‍ ചെയ്തുകൂട്ടണമെന്നാണ് മോഹം. അതില്‍ ചിലതിലൊക്കെ വീഴ്ച പറ്റാം. അത് തിരുത്താനാവും. എന്നാല്‍ വേഗത്തില്‍ നടപ്പാവുന്ന പദ്ധതികള്‍കൊണ്ട് ജനലക്ഷങ്ങളുടെ കണ്ണീരൊപ്പാനാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകള്‍ .അത്രയൊന്നും സുഖകരമല്ലാത്ത മുന്നണി രാഷ്ട്രീയത്തില്‍ വേറിട്ട അനുഭവമാണ് ഉമ്മന്‍ചാണ്ടി. വര്‍ത്തമാന കാലത്തെ രാഷ്ട്രീയത്തിന് നന്‍മയുടെ പ്രതീകമായി ഒരു ജനനായകന്‍ . രാഷ്ട്രീയ വിവാദങ്ങളില്‍ വീണുപോവാതെ, കരിങ്കൊടിയില്‍ മുഖം കറുക്കാതെ, കല്ലേറിലും പരുക്കേല്‍ക്കാതെ ക്ഷമയുടെ, സഹിഷ്ണുതയുടെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച് ഏഴു പതിറ്റാണ്ട്.
നിവേദനങ്ങളും പരാതികളുമില്ലാതെ നമ്മുടെ മുഖ്യമന്ത്രിയില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാതെ ദിനരാത്രങ്ങളില്ല. പരിഹാരത്തിന് പരിശ്രമങ്ങളില്ലാതെ ഉറക്കവുമില്ല. അധികാരത്തിന്റെ അവസരത്തെ പാവങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ചരിത്രത്തില്‍ ധന്യമായ ഏടുകളാണ് എഴുതിച്ചേര്‍ക്കുന്നത്. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത ജനസമ്മതിയാണ് അദ്ദേഹത്തിന്റെ വിജയം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്ന് യുവജന രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് എഴുപതില്‍ മുഖ്യമന്ത്രിയായി സേവനം. കേരളത്തിന്റെ അഭിമാനമാണ് ഉമ്മന്‍ചാണ്ടി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമാവാന്‍ , സംസ്ഥാനത്തിന്റെ വികസനത്തിന് അടിവരയിടാന്‍ ഇനിയും ഏറെക്കാലം അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് എഴുപതിന്റെ ഈ സുദിനത്തില്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

Sunday, October 27, 2013

ഈ കല്ലേറ് ജനാധിപത്യത്തിനുനേരെ.....

വിനാശകാലേ വിപരീതബുദ്ധി
അല്ലാതെ മറ്റൊന്നും പറയേണ്ടതില്ല. നാളിതുവരെ സമരങ്ങള്‍ പരാജയപ്പെടുത്തിയത് സര്‍ക്കാരല്ല, ജനങ്ങളാണ്. കുടില്‍കെട്ടിയും അടുപ്പുകൂട്ടിയും സെക്രട്ടറിയറ്റ് വളഞ്ഞും നടത്തിയ സമരങ്ങളൊക്കെ ജനങ്ങളാണ് പൊളിച്ചത്. നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ രണ്ടാമതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അമര്‍ഷം. സങ്കടങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുന്നവരെ ദുരിതത്തിലാക്കാനായിരുന്നു ഇപ്പോഴത്തെ പ്രക്ഷോഭം. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനം നേരിട്ട് ഇറങ്ങുമെന്ന് സിപിഎം തിരിച്ചറിഞ്ഞു. അതാണ് അക്രമത്തിന് നേതൃത്വം നല്‍കാന്‍ ആ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പറ്റിയ മുറിവ് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുടെ അടയാളമാണ്. വൈരുധ്യാത്മക സമരമാര്‍ഗം. അതാണ് പുതിയ രീതി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി രൂപപ്പെട്ടതുമുതല്‍ സമരത്തിന്റെ ജനാധിപത്യം സിപിഎം പഠിച്ചിട്ടില്ല. ആശയത്തെ ആശയംകൊണ്ടും പ്രത്യയശാസ്ത്രത്തെ പ്രത്യയശാസ്ത്രംകൊണ്ടും ഭരണത്തെ പ്രതിപക്ഷ ധര്‍മ്മംകൊണ്ടും നേരിടാന്‍ ഇനിയുള്ള കാലം കഴിയില്ലെന്ന ആത്മബോധമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസിന് നേരെ കല്ലെറിഞ്ഞും പൊതുമുതല്‍ നശിപ്പിച്ചും നടത്തിയ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ ദേഹോപദ്രവം ഏല്‍പ്പിക്കാമെന്നും വകവരുത്താമെന്നുമാണ് തീരുമാനമെങ്കില്‍ ആത്മഹത്യക്കൊരുങ്ങിയ ഭീരുവിന്റെ മുഖമാണ് സിപിഎമ്മിന് ചേരുക. കേരള ജനതയില്‍ വികസനത്തിന്റെ, ക്ഷേമപദ്ധതികളുടെ നായകത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ കല്ലെറിയുമ്പോള്‍ നോവുന്നത് ഒരു ജനതക്കാണെന്ന് മറക്കാതിരിക്കുക
Minister for urban affairs Manjalamkuzhi Ali and Health minister V.S. Sivakumar visit sewage treatment plant at Muttathara near Thiruvananthapuram on Saturday.

Saturday, October 26, 2013

തിരുവനന്തപുരത്തെ സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് ഉദ്ഘാടനം ഡിസംബറില്‍


ഇന്ത്യക്കാകെ മാതൃകയാവുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുള്ള മുട്ടത്തറയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഡിസംബറില്‍ മുഖ്യമന്ത്രി പ്ളാന്റ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഗോള നിലവാരത്തിലുള്ള സീവേജ്, സെപറ്റേജ് സംസ്കരണ പ്ളാന്റ് നമുക്കും സ്വന്തമാവും.

 1947ന് ശേഷം കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്ളാന്റ് സ്ഥാപിക്കുന്നത്. മന്ത്രി വി.എസ്. ശിവകുമാര്‍ , വി. ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, മറ്റ് ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ വലിയ ആഹ്ളാദമാണ് തോന്നുന്നത്. നാട്ടുകാരുടെ എതിര്‍പ്പിന് വഴികൊടുക്കാതെ ആര്‍ക്കും ആശങ്കയില്ലാതെ പദ്ധതി നിര്‍വ്വഹണം ഏതാണ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു. പ്രവര്‍ത്തനം നേരിട്ട് കാണാന്‍ ആളുകള്‍ ഇവിടെയെത്തുന്നു. കൊല്ലം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ സ്ഥാപിക്കുന്ന എസ് ടി പിക്ക് വലിയ ആത്മവിശ്വാസമാണ് തിരുവനന്തപുരത്തെ പ്ളാന്റ് നല്‍കുന്നത്. 
 മലിന ജലവും സമാനമായ മാലിന്യങ്ങളും സംസ്കരിച്ച് ശുദ്ധജലവും വളവുമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. പ്രതിദിനം 107 എംഎല്‍ഡി മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട്. ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധജലത്തിന് നാം ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ എല്ലാ ഗുണങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഈ ജലം കൃഷിക്കും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും നല്‍കും. സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന പദാര്‍ത്ഥം വളമായി ഉപയോഗിക്കാം. ഇതിന്റെ ശാസ്ത്രീയതക്കായി കാര്‍ഷിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. 
 100 കോടിയോളം രൂപയാണ് മുട്ടത്തറ പ്ളാന്റിനായി ചിലവിട്ടത്. ഇതിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൈനംദിന വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യവും പരിഗണനയു നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുകയുമില്ല. എന്തായാലും ഡിസംബറില്‍ ഈ പ്ളാന്റ് നാടിന് സമര്‍പ്പിക്കും.

http://www.thehindu.com/news/cities/Thiruvananthapuram/expedite-work-on-thiruvananthapuram-sewage-plant-manjalamkuzhi-ali/article5277820.ece

Friday, October 18, 2013

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ കോച്ചിങ്ങ് സബ്സെന്ററുകള്‍ തുടങ്ങും

ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മല്‍സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും തുടങ്ങി. ഇന്നലെ രാവിലെ ആലപ്പുഴയിലും വൈകുന്നേരം തൃശൂരിലും ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.
മുസ്ലിം വിഭാഗത്തിന്റെ സാമൂഹ്യമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി രജീന്ദ്ര സച്ചാര്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പരിശീലന കേന്ദ്രങ്ങള്‍ . സംസ്ഥാനത്ത് ഇതിനകം പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ് സി, യുപിഎസ് സി പരീക്ഷകളുടെ റാങ്ക് പട്ടികയില്‍ ഇടം നേടിയത് ഈ സംരംഭത്തിന്റെ വിജയംതന്നെയാണ്. ന്യൂനപക്ഷ കേന്ദ്രീകൃതമായ പ്രദേശങ്ങളില്‍ കോച്ചിങ്ങ് സെന്ററുകളുടെ സബ്സെന്റര്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് വരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , സംഘടനകള്‍  തുടങ്ങിയവ ഭൌതിക സൌകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ ഇക്കാര്യം ആലോചിക്കാവുന്നതാണ്. 
 മുസ്ലിം ന്യൂനപക്ഷത്തിനുവേണ്ടി മാത്രമാണ് രാജ്യത്തെല്ലായിടത്തും ഇത്തരം കോച്ചിങ്ങ് സെന്ററുകള്‍ തുടങ്ങിയതെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്നുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അവസരം നല്‍കാന്‍ കഴിയുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി മാത്രമാണ് ഈ പദ്ധതി. ഇവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ജീവിതം സുരക്ഷിതമാക്കുകയും വേണം. 

Wednesday, October 16, 2013

കൊച്ചിയില്‍ ലേസര്‍ ഫൌണ്ടന്‍ ഡാന്‍സിങ്ങ് ആറുമാസത്തിനകം

കൊച്ചിയുടെ മുഖം മാറുകയാണ്. ആധുനികതയുടെ മികവുകള്‍ ഈ നഗരത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. ലോകോത്തര നിലവാരമുള്ള സൌകര്യങ്ങളും കൊച്ചിക്ക് വേണം. യഥാര്‍ത്ഥത്തില്‍ കേരള ടൂറിസത്തിന്റെ കവാടമാണത്. കര, വ്യോമ, നാവിക സഞ്ചാരങ്ങളുള്ള അപൂര്‍വ്വം നഗരങ്ങളിലൊന്ന്. രാജ്യത്ത് മുംബൈ കഴിഞ്ഞാല്‍ വളര്‍ച്ചയുടെ വേഗം കൂടുതല്‍ കൊച്ചിക്കാണ്.
 അറബിക്കടലിന്റെ റാണിയെ കൂടുതല്‍ സുന്ദരിയാക്കാനാണ് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ശ്രമം. രാജേന്ദ്രമൈതാനിയില്‍ ആധുനിക ലേസര്‍ ഫൌണ്ടന്‍ ഡാന്‍സിങ്ങ് ആറുമാസത്തിനകം കൊണ്ടുവരും. അതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇന്നലെ തുടക്കമായി. ആംസ്റ്റര്‍ഡാം, ദുബായ് എന്നിവിടങ്ങളിലെപ്പോലെ മനോഹരമായ ലേസര്‍ ഫൌണ്ടനാണ് കൊച്ചിയില്‍ വരുന്നത്. വാട്ടര്‍ സ്ക്രീനില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന മനോഹരമായ സംവിധാനമാണിത്. മൂന്നുകോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന ഈ ദൃശ്യഭംഗി കാണാന്‍ കേരളമാകെ കൊച്ചിയിലേക്കെത്തുമെന്ന് ഉറപ്പാണ്. വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്താവുന്ന ഒട്ടേറെ പദ്ധതികളാണ് വിശാല കൊച്ചി വികസന അതോറിറ്റി രൂപപ്പെടുത്തുന്നത്. എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ സഹായവും മാര്‍ഗനിര്‍ദേശവുമുണ്ടാവുമെന്നും ഉറപ്പ് നല്‍കുന്നു.

Sunday, October 13, 2013

ഒടുവില്‍ അവര്‍ ഭൂമിയുടെ അവകാശികള്‍

പെരിന്തല്‍മണ്ണയ്ക്ക് ഇന്ന് ആഹ്ളാദ ദിനമാണ്. കാഞ്ഞിരക്കുന്ന് കോളനിയില്‍ 14 വര്‍ഷമായി കൈവശാവകാശത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സ്വന്തമായി ഭൂമിയായി. 30 കുടുംബങ്ങള്‍ക്ക് ഇന്ന് രാവിലെ കൈവശാവകാശ രേഖ നല്‍കി.
 മന്ത്രിയായ ഉടനെ, 2012 സെപ്റ്റംബര്‍ എട്ടിന് ജൂബിലി റോഡ് മുസ്ലിംലീഗ് കമ്മിറ്റിയാണ് ആദ്യം ഇക്കാര്യത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചത്. ദീര്‍ഘകാലമായി നടക്കാതെ പോയ പദ്ധതിയുടെ പുതിയ അപേക്ഷയെന്നേ അന്ന് കരുതിയുള്ളൂ. എങ്കിലും ആ ഫയലിനുപിന്നാലെ പോവണമെന്ന് തോന്നി. പിറ്റേന്നുതന്നെ ഇതേക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. സെപ്റ്റംബര്‍ 19ന്  പെരിന്തല്‍മണ്ണ നഗരസഭാ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. 2012 ഒക്ടോബര്‍ 10ന് ഇവിടുത്തെ കുടുംബങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12ന് നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കോളനി നിവാസികള്‍ വീണ്ടും നിവേദനവുമായി വന്നു. നവംബര്‍ 11ന് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു. കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ 2012 നവംബര്‍ 28ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ വീണ്ടും സമയമെടുത്തു. എങ്കിലും ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിച്ചു. സന്തോഷം.  അവകാശമില്ലാത്ത ഭൂമിയില്‍ വീടുവെച്ചവരുടെ ആശങ്ക തീര്‍ന്നു. അവര്‍ക്ക് തല ചായ്ക്കാന്‍ ഭൂമിയില്‍ സ്വന്തമായി മണ്ണുണ്ടായി. കിടപ്പാടമായി.
 കിടപ്പാടമില്ലാത്ത പതിനായിരങ്ങള്‍ക്ക് കിടപ്പാടം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. സീറോ ലാന്റ്ലെസ് പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് കിടപ്പാടം നല്‍‍കി വരുന്നു. മേലെ ശൂന്യാകാശവും താഴെ മരുഭൂമിയുമായിരുന്നവര്‍ക്ക് തല ചായ്ക്കാന്‍ ഇടം ലഭിക്കും. പെരിന്തല്‍മണ്ണയിലെ ഈ 30 കുടുംബങ്ങള്‍ക്ക് പക്ഷെ, ഇരട്ടിയാണ് മധുരം. സ്വന്തം വീട്ടില്‍ അന്യരായി ജീവിച്ചവരുടെ വേദനായാണ് ഇന്ന് അവസാനിച്ചത്. കോളനിയുടെ ആഹ്ളാദത്തില്‍ അത്യാഹ്ളാദത്തോടെ പങ്കുചേരുന്നു. 

Friday, October 11, 2013

പനങ്ങാങ്ങരയില്‍ പുതിയ മാവേലി സ്റ്റോര്‍

കുറെ കാലമായി പനങ്ങാങ്ങരക്കാരുടെ ഒരാവശ്യമായിരുന്നു മാവേലി സ്റ്റോര്‍ . മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനവാര്‍ത്ത പത്രത്തില്‍ കാണുമ്പോഴൊക്കെ അവരെന്നെ ഓര്‍മ്മപ്പെടുത്തും, നമുക്കും വേണം ഒരു മാവേലി. സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ മാവേലി വേഗത്തില്‍ തുടങ്ങാനുമായി. കൂടുതല്‍ സ്ഥലങ്ങളില്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമം.  അതിന്റെ ഭാഗമാണിത്. ഇതിനായി പ്രയത്നിച്ചവര്‍ , പ്രവര്‍ത്തിച്ചവര്‍ തുടങ്ങി എല്ലാവര്‍ക്കും എന്റെ നന്ദി..കുറഞ്ഞ വിലയില്‍ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെയെന്നും ആശംസിക്കുന്നു. 

Tuesday, October 8, 2013

പെരിന്തല്‍മണ്ണ ഗവ. കോളജില്‍ പുതിയ പിജി കോഴ്സുകള്‍ തുടങ്ങിപെരിന്തല്‍മണ്ണ പിടിഎം കോളജിനെ മികച്ച കോളജാക്കി മാറ്റണം. കൂടുതല്‍ കോഴ്സുകള്‍ , ഭൌതിക സൌകര്യങ്ങള്‍ .. അങ്ങനെയെല്ലാം ഒരുക്കണം. കോളജ് അധികൃതരും വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും നിരന്തരമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് മൂന്നര കോടി രൂപ ചെലവില്‍ സയന്‍സ് ബ്ളോക്ക് നിര്‍മ്മിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും വിമന്‍സ് ഹോസ്റ്റലിന്റെയും നിര്‍മ്മാണത്തിന് തുക കണ്ടെത്തി. ഇനി വേണ്ടത് പുതിയ കോഴ്സുകള്‍ . എംഎസ് സി മാത്തമാറ്റിക്സും എംകോമും ഇന്നലെ മുതല്‍ ഔദ്യോഗികമായി തുടങ്ങി. ബിരുദാനന്തര ബിരുദത്തിനായി കുറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു.
1975ലാണ് കോളജ് തുടങ്ങിയത്. വിദ്യാഭ്യാസത്തില്‍ മുന്നേറ്റത്തിന് കാഹളമൊരുക്കിയ പാണക്കാട് പൂക്കോയ തങ്ങളോടാണ് ഈ ക്യാമ്പസിന് കടപ്പാട്. പ്രീഡിഗ്രി കോഴ്സ് മാത്രമായി 25 വര്‍ഷം. 33 വര്‍ഷംകൊണ്ട് അഞ്ച് ഡിഗ്രി കോഴ്സുകളും രണ്ട് പിജി കോഴ്സുകളും. ഇനി ഈ വേഗംപോര. നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇവിടെ സൌകര്യം വേണം. അതിനാണ് ഉദ്യമം. അലിഗഡിന്റെ വരവോടെ പെരിന്തല്‍മണ്ണയുടെ വിദ്യാഭ്യാസ ചിത്രം തന്നെ മാറി. കൂടുതല്‍ തുക ഈ മേഖലയില്‍ ചെലവഴിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ മിടുക്ക് കാണിക്കണം. അതിനുള്ള സൌകര്യം ചെയ്യാന്‍ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ വിളവെടുപ്പ് നിങ്ങളുടെ വിജയമാണ്. കഠിനാധ്വാനത്തിലൂടെ ഉന്നതവിജയം നാട്ടിലേക്കും വീട്ടിലേക്കും കൊണ്ടുവരണം. അതാണ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തോട് കാണിക്കേണ്ട കടപ്പാട്.

Monday, October 7, 2013

പ്രവാസികളുടെ ശബ്ദവും കേള്‍ക്കണം

ഏറെ നാളത്തെ ഇടവേളക്കുശേഷം വീണ്ടും ദുബായില്‍ . ജീവിതം വഴിതിരിച്ച മണലാരണ്യത്തിലേക്ക് അതിഥിയായി ഒരിക്കല്‍കൂടി. പഴയ കാലത്തിന്റെ ഓര്‍മ്മകളെല്ലാം അവിടെ തങ്ങി നില്‍ക്കുന്നു. ഇടകലര്‍ന്ന് അന്നത്തെ സന്തോഷങ്ങളും വേദനകളും.
 വിമാനത്താവളത്തിന് പുറത്ത് സൌഹൃദങ്ങളുടെ പെരുമഴ. കെഎംസിസി പ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേര്‍ . അറൈവല്‍ ഹാളിന്റെ പടികടന്ന് അവരിലേക്കിറങ്ങി. പിന്നെ അവരിലൂടെ സഞ്ചരിച്ചു. ഏറെക്കാലമായി ദുബായില്‍ ജീവിക്കുന്നവര്‍ മുതല്‍ പുതിയ പ്രവാസികള്‍ വരെ. എല്ലാവരുമായും സംസാരിച്ചു. കാലത്തിന്റെ ദൈര്‍ഘ്യം പ്രശ്നങ്ങള്‍ കുറച്ചിട്ടില്ല. 1971ലാണ് ആദ്യം യുഎഇയില്‍ എത്തിയത്. അന്നൊക്കെ കേട്ടതും അനുഭവിച്ചതുമായ പ്രയാസങ്ങള്‍ ഇപ്പോഴുമുണ്ട്. മെനക്കേടൊന്നുമില്ലാതെ ലോകത്ത് വിദേശനാണ്യം ഇത്രയധികം ഒഴുകുന്ന മറ്റൊരു രാജ്യമില്ല. 69 ബില്യന്‍ ഡോളറാണ് പ്രതിവര്‍ഷം നാട്ടിലെത്തുന്നത്. കേരളത്തിന്റെ നിലനില്‍പ്പ് പോലും പ്രവാസികളിലാണ്. എന്നിട്ടും ഇവര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം പരിമിതം. നാട്ടിലുണ്ടെങ്കില്‍ മാത്രം വോട്ടവകാശമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ ഈ മാറ്റം പക്ഷെ അപൂര്‍ണ്ണംതന്നെയാണ്. പ്രവാസി വകുപ്പിന് ചെയ്യാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. പലതും അത്രയൊന്നും ബുദ്ധിമിട്ടില്ലാത്തവ. എന്നിട്ടും ശ്രദ്ധയെത്തുന്നില്ല. അഥവാ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഇവരുടെ ആവശ്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നില്ല. കഷ്ടപ്പെടാന്‍ ഒരുക്കമാണ്. എന്നും അതാണ് പ്രവാസികളുടെ യോഗം. അതിനൊപ്പം അവര്‍ക്ക് സര്‍ക്കാരുകളുടെ ഒരുകൈ സഹായം വേണം. പിന്തുണ വാക്കുകളില്‍ മാത്രമാവരുത്. കേരളത്തിന്റെ നിലനില്‍പ്പപോലും ഇവരുടെ വരുമാനത്തെ ആശ്രയിച്ചാണ്. വെറും കറവപ്പശുക്കളാക്കരുത്.
അബുദാബി, കുവൈത്ത് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ , സിഎച്ച് അനുസ്മരണം, ചന്ദ്രിക ക്യാമ്പയിന്‍ എന്നീ പരിപാടികള്‍ . എങ്ങും നിറഞ്ഞ സദസ്സ്. ആവേശത്തോടെ പ്രവാസികള്‍ . ലോക്സഭാ തെരഞ്ഞെടുപ്പിന് ഇവിടെ കേളികൊട്ടുയരുംമുമ്പ് അവിടെ മല്‍സരം തുടങ്ങിയ പ്രതീതി. വര്‍ഗീയത തന്നെയാണ് അവിടെയും ചര്‍ച്ച. നരേന്ദ്രമോഡി വേണോ ജനാധിപത്യം വേണോയെന്നാണ് ചോദ്യം. പുതിയ വര്‍ത്തമാനങ്ങളില്‍ അവര്‍ക്കും ആശങ്കകളുണ്ട്. ഗള്‍ഫ് നാടുകളുമായി നമുക്കുള്ള ആത്മബന്ധത്തിന് കോട്ടം വരാതെ നോക്കാന്‍ അവരും പരിശ്രമിക്കുന്നു.
 സിഎച്ചിന്റെ അനുസ്മരണത്തിലും പങ്കെടുക്കാനായി. രാഷ്ട്രീയ, മത രംഗങ്ങളില്‍ സിഎച്ച് ചെയ്ത അഭിമാനകരമായ സംഭാവനയാണ് മുസ്ലിംലീഗെന്നാണ് എന്റെ പക്ഷം. പ്രാസംഗികരെല്ലാം സിഎച്ചിന്റെ വ്യത്യസ്തമായ ഓര്‍മ്മകള്‍ പങ്കിട്ടു. സങ്കീര്‍ണ്ണതകളെ ലാളിത്യത്തോടെ നീതീകരിച്ച സിഎച്ചിന്റെ മഹത്വവും അതുതന്നെ. സീതിസാഹിബിന്റെയും സെയ്ത് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും അദൃശ്യ സാന്നിധ്യമായി സദസ്സ് മാറി. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന ഇടംനേടിയ ചന്ദ്രികയുടെ പ്രചരണ ക്യാമ്പയിന്‍ അബുദാബിയില്‍ ചന്ദ്രിക റീഡേഴ്സ് ഫോറം സംഘടിപ്പിച്ചിരുന്നു. തിരക്കുപിടിച്ച മൂന്നുദിവസങ്ങള്‍ക്കുശേഷം നാട്ടിലെ തിരക്കിലേക്ക് വിമാനമിറങ്ങിയെങ്കിലും പ്രവാസികളുടെ സങ്കടങ്ങളുടെ കനം കുറഞ്ഞില്ല. അവരുടെ സന്തോഷവും സന്ദേഹവുമെല്ലാം ഒപ്പിയെടുത്ത് അവര്‍ക്കുവേണ്ടി വാദിക്കാനും അവരിലേക്ക് ശ്രദ്ധിക്കാനുമാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഈ പാവങ്ങളെ ഒറ്റക്ക് വിടുന്നതെങ്ങനെ..

Wednesday, October 2, 2013

ചാല പ്ളാന്റ് -KSIDC നോഡല്‍ ഏജന്‍സി

ചാലയിലെ മാലിന്യപ്ളാന്റിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കും. പ്ളാന്റ് നിര്‍മ്മാണം ചുമതലപ്പെടുത്തിയിരുന്ന ലോറോ കമ്പനി ബാങ്ക് ഗ്യാരണ്ടി യഥാസമയം നല്‍കാത്ത സാഹചര്യത്തില്‍ നോഡല്‍ ഏജന്‍സിയായി കെഎസ്െഎഡിസിയെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
 ഉറവിട മാലിന്യ സംസ്കരണ പരിപാടി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 62 ബയോഗ്യാസ് പ്ളാന്റുകളും 30 പാറ്റൂര്‍ മോഡല്‍ പ്ളാന്റുകളും സ്ഥാപിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. നാല് നിയോജക മണ്ഡലങ്ങളില്‍ സമാനമായ പ്ളാന്റുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്ളാന്റുകളുടെ നിര്‍മ്മാണ ചിലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍ , മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

Monday, September 30, 2013

നാഷണല്‍ ഗെയിംസിന് സ്വാഗതം

35-മത് നാഷണല്‍ ഗെയിംസിന് കേരളത്തിലേക്ക് സ്വാഗതം. 2014 ഫെബ്രുവരിയില്‍ കേരളത്തിലാകെ നാഷണല്‍ ഗെയിംസിന്റെ അലയടികളാവും. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഗെയിംസിന്റെ പ്രചരണത്തിനായി നാഷണല്‍ ഗെയിംസ് സെക്രട്ടറിയറ്റ് അമ്മു എന്ന പേരില്‍ നാടകം സജീകരിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്കുള്ള ഈ സംഘത്തിന്റെ പര്യടനം തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്യാന്‍ അവസരം ലഭിച്ചു. ഒരു മഹാമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.
 വിദ്യാര്‍ത്ഥികളില്‍ കായികാഭിരുചി വളര്‍ത്താന്‍ അമ്മുവിന്റെ യാത്ര പ്രയോജനപ്പെടുമെന്ന് ഉറപ്പുണ്ട്. പുതിയ താരങ്ങള്‍ക്കിടയിലൂടെയാണ് വേഴാമ്പല്‍ അമ്മു യാത്ര തുടങ്ങിയത്. അമ്മുവിനോട് സംസാരിച്ചും കായികരംഗത്തെ വിശേഷങ്ങള്‍ പങ്കുവെച്ചും നാഷണല്‍ ഗെയിംസ് കേരളത്തിന്റെ കായികോല്‍സവമാവും. ലോകത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമതുള്ള രാജ്യമായ ഇന്ത്യയില്‍നിന്ന് പുതിയ താരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ജനസംഖ്യയുടെ വലുപ്പത്തിനനുസരിച്ച് പ്രതിഭകളുടെ എണ്ണം കൂടുകതന്നെ വേണം. ഗെയിംസ് നടക്കുന്ന ഏഴുജില്ലകളിലെ ആരവങ്ങള്‍ 14 ജില്ലകളിലേക്കും വ്യാപിക്കട്ടെയെന്ന് ആശംസിക്കുന്നു

Sunday, September 29, 2013

സ്നേഹപൂര്‍വ്വം.....


ശുഭപ്രതീക്ഷയോടെ പ്രവാസി ഹരിത സഹകരണ സംഘങ്ങള്‍

ജീവിതത്തിന്റെ വസന്തങ്ങള്‍ വിദേശരാജ്യങ്ങളില്‍ അധ്വാനിച്ച് ചിലവഴിച്ചവരാണ് ഇപ്പോള്‍ നാട്ടിലുള്ള പ്രവാസികള്‍ .വീടുവെച്ചും മക്കളെ വിവാഹം ചെയ്തയച്ചും ജീവിതം വഴിമുട്ടിയവര്‍ . അല്ലെങ്കില്‍ ഒന്നും സമ്പാദിക്കാനാവാതെ കാലം കഴിച്ചവര്‍ . എങ്കിലും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ പലപ്പോഴും ഇവര്‍ ഗള്‍ഫുകാരാണ്. അല്ലെങ്കില്‍ സമ്പന്നര്‍ .
നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴില്‍സംരംഭം വേണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വേണം. അതാണ് ഇന്നലെ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് മലബാര്‍ പാലസില്‍ ഇന്നലെ നടത്തിയത്. വിവിധ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ആദ്യം ഹരിത സഹകരണ സംഘങ്ങള്‍ തുടങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നെ പരിശീലനം. സഹകരണ സംഘം എന്ത്, എന്തിന് , റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ്, സര്‍ക്കാര്‍തല കരാര്‍ പ്രവൃത്തികള്‍ , ഹൈടെക് അഗ്രികള്‍ച്ചര്‍ , പൌള്‍ട്രി ഫാം, ഗോട്ട് ഫാം, ഹൈടെക് ഡയറി ഫാമിങ്ങ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധര്‍ ക്ളാസുകള്‍ എടുത്തു. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള പ്രവാസികള്‍ അവരുടെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞ് ക്ളാസുകള്‍ ഊര്‍ജ്ജസ്വലമാക്കി. ഇനി പ്രായോഗികമാക്കാനുള്ള നടപടികള്‍ .
 സംസ്ഥാനത്തെല്ലാം കേരള പ്രവാസി ലീഗ് ഇതുപോലെ ഹരിത സഹകരണ സംഘങ്ങള്‍ രൂപവല്‍ക്കരിച്ച് തൊഴിലസവരങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാരിന്റെ സഹായവും ഇക്കാര്യത്തിലുണ്ടാവും. മാന്യമായി തൊഴിലെടുക്കാനും സുഖകരമായ ജീവിതം നയിക്കാനും ഇനിയുള്ള കാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. മുസ്ലിംലീഗ് നടപ്പാക്കുന്ന ബൈത്തുറഹ്മ പദ്ധതി പോലെത്തന്നെ പ്രധാനപ്പെട്ടതാണ് പ്രവാസി ലീഗിന്റെ ഹരിത സഹകരണ സംഘം എന്ന പേരിലുള്ള പുതിയ സംരംഭം. ഗള്‍ഫ് നാടുകളിലായിരുന്നപ്പോള്‍ കേരളത്തിലേക്ക് കോടികള്‍ അയച്ചവര്‍ സംസ്ഥാനത്തിന് പുതിയ വഴികളിലൂടെ മുതല്‍ക്കൂട്ടാവുന്ന കാഴ്ചയാണ് ഇനി കാണുക. എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിലുണ്ടാവുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

Friday, September 27, 2013

മേല്‍ക്കുളങ്ങരയിലേക്കൊരു ബസ് റൂട്ട്

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഉള്‍പ്രദേശമായ മേല്‍ക്കുളങ്ങരയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി. ദീര്‍ഘകാലത്തെ യാത്രാക്ളേശത്തിന് പരിഹാരം. നാട്ടുകാരുടെ സന്തോഷത്തില്‍ പങ്കുചേരുന്നു.

Thursday, September 26, 2013

റോഡ് നവീകരണത്തിനായി 34 കോടി

റോഡ് നവീകരണത്തിനായി മലപ്പുറം നഗരസഭക്ക് 15 കോടി രൂപയും പുതിയ നഗരസഭകളായ കോട്ടക്കല്‍ , നിലമ്പൂര്‍ എന്നിവക്ക് എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് 4.5 കോടി രൂപയും അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തൊടുപുഴ, പാല, കോട്ടയം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നഗരസഭകള്‍ക്ക് ആകെ 10 കോടി രൂപയും നവീകരണത്തിന്റെ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Monday, September 23, 2013

സൌദിക്ക് ദേശീയ ദിനാശംസകള്‍

1932ലാണ് ഇന്നത്തെ സൌദി അറേബ്യ കിങ്ങ് അബ്ദുല്‍ അസീസ് ഇബിന്‍ സൌദ് രൂപപ്പെടുത്തിയത്. പോരടിച്ച് നിന്നിരുന്ന  Hejaz നെയും Najd നെയും മറ്റ് അനേകം ചെറിയ രാജ്യങ്ങളെയും യോജിപ്പിച്ച് സൌദി അറേബ്യ എന്ന ഏകീകൃത രാജ്യമായി. ആ പ്രഖ്യാപന ദിനമാണ് സൌദിയിലെ ദേശീയദിനം.
 25 ലക്ഷം ഇന്ത്യക്കാരും ലക്ഷക്കണക്കിന് മറ്റ് വിദേശികളും ജോലി ചെയ്യുന്ന സൌദിയെ സമ്പത്തിന്റെ കാര്യത്തില്‍ ദൈവം കനിഞ്ഞനുഗ്രഹിച്ചു. പെട്രോളും സ്വര്‍ണ്ണവും വെള്ളിയും മറ്റ് മിനറല്‍സും മെറ്റല്‍സുമെല്ലാം ഈ മരുഭൂമിയില്‍ സുലഭം. ഈ െെഎശ്വര്യം എന്നും നിലനില്‍ക്കട്ടെ. 81-മത് ദേശീയ ദിനം ആഘോഷത്തിന് ആശംസകള്‍ ....

വികസനത്തിന് ചാലക്കുടി മാതൃക


 ചാലക്കുടി നഗരസഭയെ അഭിനന്ദിക്കാതെ വയ്യ. സര്‍ക്കാര്‍ഫണ്ടിനെ മാത്രം ആശ്രയിക്കാതെ ജനകീയ പങ്കാളിത്തത്തോടെ ടൌണ്‍ഹാള്‍ നിര്‍മ്മാണം തുടങ്ങിയിരിക്കുന്നു. വ്യത്യാസങ്ങളേതുമില്ലാതെ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ നല്‍കുന്ന തുക ഉപയോഗിച്ചാണ് അഞ്ചു കോടി രൂപ ചിലവില്‍ ടൌണ്‍ഹാള്‍ നിര്‍മ്മിക്കുന്നത്. പൊതുപ്രവര്‍ത്തകരും സാധാരണക്കാരും സിനിമാ പ്രവര്‍ത്തകരും മറ്റെല്ലാവരും ഇതില്‍ പങ്കാളികളാവുന്നു. സംസ്ഥാനത്തിന്റെ വികസന ഭാവിയില്‍ ഒരുപക്ഷെ ആദ്യത്തെ വലിയ മാതൃകയാണിത്. ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നഗരസഭയെയും ചാലക്കുടിയുടെ മോഹസാഫല്യത്തിനായി സംഭാവനകള്‍ നല്‍കിയവരെയും ഞായറാഴ്ചയിലെ ചടങ്ങ് ധന്യമാക്കിയ നാട്ടുകാരെയും എല്ലാവരെയും അഭിനന്ദിക്കുന്നു. നിര്‍മ്മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാനും സുതാര്യമായി പ്രവര്‍ത്തിക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു

Saturday, September 21, 2013

സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ക്ക് സല്യൂട്ട്

വാഹനപകടങ്ങള്‍ കണ്ടും കേട്ടും മതിയായി. അപകട വാര്‍ത്തയില്ലാത്ത ഒരുദിവസത്തിനായി കൊതിക്കുകയാണ് നാമെല്ലാവരും. ഒരാളോ രണ്ടാളോ വിചാരിച്ചാല്‍ അപകടം ഇല്ലാതാവില്ല. വഴിയാത്രക്കാരും ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും എല്ലാവരും ശ്രദ്ധിക്കണം. ഇക്കാലമത്രയും അതിന് കഴിഞ്ഞില്ല. ഇനിയും ഈ നില തുടര്‍ന്നാല്‍ അകാലമൃത്യുകൊണ്ട് നാടിന്റെ കണ്ണീരുണങ്ങാത്ത കാലംവരും. അതില്ലാതാക്കാന്‍ പുതിയ പുതിയ ചിന്തകള്‍ വേണം. പ്രവര്‍ത്തനങ്ങള്‍ വേണം. ബോധവല്‍ക്കരണവും ഇടപെടലും വേണം. പുതിയ സമൂഹത്തെ ട്രാഫിക് നിയമങ്ങളും സംവിധാനങ്ങളും പഠിപ്പിക്കണം. സ്കൂള്‍ സിലബസിന് പുറത്ത് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ ഈ രംഗത്തേക്ക് ഇറങ്ങുന്നുവെന്നറിയുന്നതില്‍ വളരെ സന്തോഷം. ഇവര്‍ സമൂഹത്തിന് വഴികാട്ടികളാവണം. ചുറ്റിലുമുള്ളവരെ ഇക്കാര്യങ്ങളിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നവരുമാവണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇറങ്ങിത്തിരിച്ച ഈ കുട്ടിപ്പോലീസുകാരെ അഭിനന്ദിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളാല്‍ വിലപ്പെട്ട ഒട്ടേറെ ജീവിതങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. ഒപ്പം നിയമലംഘനങ്ങള്‍ തടയാന്‍ നിയമപാലകര്‍ ആര്‍ജ്ജവം കാണിക്കുകകൂടി ചെയ്താല്‍ അപകടങ്ങള്‍ക്ക് ശമനമുണ്ടാവും. ഈ ദൌത്യമേറ്റെടുത്ത എല്ലാവരെയും സ്നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു. നന്‍മകളുടെ ഈ ചിന്തകള്‍ക്ക് അഭിവാദ്യങ്ങളുടെ സല്യൂട്ട്.