സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Sunday, December 29, 2013

പെരിന്തല്‍മണ്ണയില്‍ 10 കോടിയുടെ കോടതി സമുച്ചയം രണ്ട് വര്‍ഷത്തിനകം


പെരിന്തല്‍മണ്ണയ്ക്ക് 10 കോടിയുടെ കോടതി സമുച്ചയം. നിര്‍മ്മാണ പ്രവര്‍ത്തികളുടെ തിരി തെളിയുന്നു. ഹൈക്കോടതി ജഡ്ജി തോമസ് പി. ജോസഫ്, ജില്ലാ ജഡ്ജി പി.കെ. ഹനീഫ, കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ലാന്റ് റവന്യൂ കമ്മിഷണര്‍ എം.സി. മോഹന്‍ദാസ് തുടങ്ങിയവര്‍ .

Tuesday, December 24, 2013

948 കോടിയുടെ നഗരപദ്ധതികള്‍ക്ക് അംഗീകാരം


കേന്ദ്രപദ്ധതിയായ UIDSSMT മുഖേന നടപ്പാക്കാനായി സംസ്ഥാനത്തെ 15 നഗരസഭകള്‍ സമര്‍പ്പിച്ച 948.2 കോടി രൂപയുടെ നഗരവികസന പദ്ധതികള്‍ക്ക് സംസ്ഥാനതല സാങ്ഷനിങ്ങ് കമ്മിറ്റി അംഗീകാരം നല്‍കി. കേന്ദ്രനഗരകാര്യ വകുപ്പ് അംഗീകരിക്കുന്നതോടെ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനാവും. 


 15 നഗരസഭകളുടെ 28 പദ്ധതികള്‍ക്കാണ് അംഗീകാരം. അഞ്ച് ശുദ്ധജല പദ്ധതികള്‍-383 കോടി രൂപ, അഞ്ച് ഖരമാലിന്യപ്ലാന്റുകള്‍-53.64 കോടി, നാല് നീര്‍തട പദ്ധതികള്‍ 186.06 കോടി, എട്ട് നഗരനവീകരണ പദ്ധതികള്‍-189.53 കോടി, രണ്ട് റോഡ് വികസന പദ്ധതികള്‍-42.4 കോടി, രണ്ട് ഡ്രെയ്നേജ് പദ്ധതികള്‍-35.29 കോടി, സിവറേജ് പദ്ധതി-50കോടി, പൈതൃക സംരക്ഷണം-8.08 കോടി.
Monday, December 23, 2013

കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് ഉദ്ഘാടനം

(ജെഡിടി ഇസ്ലാം കോംപ്ലക്സ്, വെള്ളിമാടുകുന്നു, കോഴോക്കോട്)

തികച്ചും അക്കാദമിക് തല്‍പ്പരരായ സമൂഹത്തിന് മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത്. ചരിത്രത്തിന്റെ വര്‍ത്തമാനങ്ങള്‍ കൃത്യതയോടെ പറയാനും പഠിപ്പിക്കാനും കഴിയുന്ന പ്രമുഖരുടെ നിര വേദിയിലും സദസ്സിലുമുണ്ട്. ഇതുപോലൊരു പണ്ഡിത സമ്പന്നമായ സദസ്സ് ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം. കേരള മുസ്ലിം ചരിത്രമെന്ന വിശാലമായ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പറയാതെ പോവരുതാത്ത ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.
 കേരള മുസ്ലിംകളുടെ ചരിത്രവും രാഷ്ട്രീയവും സാംസ്കാരിക ജീവിതവുമെല്ലാം ലോകത്തെ അക്കാദമിക് സമൂഹത്തിന് എക്കാലത്തും വളരെ പ്രധാനപ്പെട്ട പഠനവിഷയങ്ങളായിരുന്നു. ഒരുപക്ഷെ ഇത്രയധികം പഠനവിഷയമായ ഒരു ജനസമൂഹം ലോകത്ത് വേറെ കാണില്ല. റോളണ്ട് ഇ മില്ലര്‍, ഫിലിപ്പോ ഒസലോ തുടങ്ങി നിരവധി ചരിത്ര, സാമൂഹ്യ ശാസ്ത്ര പണ്ഡിതര്‍ ആധികാരികമായിതന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 
 ഇന്ത്യയില്‍ ഇസ്ലാമിന്റെ ആരംഭം കേരളത്തിലാണെന്ന് വലിയൊരു വിഭാഗം ചരിത്രകാരന്‍മാരും വിശ്വസിക്കുന്നത്. പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാം കേരളത്തിലെത്തിയിട്ടുണ്ടെന്ന് ഇവര്‍ കരുതുന്നു. ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കേരളത്തില്‍ ഇസ്ലാം മതം എത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഇസ്ലാം വികാസം പ്രാപിക്കുന്നത് 12.-13 നൂറ്റാണ്ടുകളിലാണ്.ലോകത്തെ കച്ചവടകേന്ദ്രങ്ങളില്‍ കോഴിക്കോടിന് വലിയ സ്ഥാനമുണ്ടായിരുന്നു. കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന വ്യാപാരകേന്ദ്രമായിരുന്നു മുസരിസ്. മറ്റാരേക്കാളും മുമ്പേ ഇന്ത്യന്‍മഹാസമുദ്രത്തിന്റെ കച്ചവട ആധിപത്യം അറബികള്‍ക്കുണ്ടായിരുന്നു. അറബികളുമായുള്ള ഈ ബന്ധം കേരള മുസ്ലിംകളുടെ മതവിസ്വാശം, ജീവിതരീതി, ഭാഷ, സാഹിത്യം  എന്നിവയിലെല്ലാം പ്രകടമാണ്. തദ്ദേശീയ ജനവിഭാഗങ്ങളുമായി അത് സൃഷ്ടിച്ച സൌഹാര്‍ദ്ദം പ്രധാനമാണ്. അറബികള്‍ക്കുശേഷം വന്ന പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം തദ്ദേശീയ ജനതക്കുമേല്‍ ആധിപത്യം സ്ഥാപിച്ചവരാണ്, എന്നാല്‍ അറബികള്‍ അതൊരിക്കലും ചെയ്തില്ല.
 12മുതല്‍ 16 -ാം നൂറ്റാണ്ടുവരെയുള്ള കേരള മുസ്ലിംകളുടെ ചരിത്രം സാമൂതിരിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. സാമ്പത്തികമായും സാംസ്കാരികമായും ഇരുവിഭാഗങ്ങള്‍ക്കും ഗുണപ്രദമായിരുന്നു ഈ ബന്ധം. ത്യാഗനിര്‍ഭരമായ ഒരു ചെറുത്തുനില്‍പ്പിന്റെ ചരിത്രംകൂടി കേരള മുസ്ലിംകള്‍ക്കുണ്ട്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് മരക്കാര്‍മാര്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരു നൂറ്റാണ്ടുകാലത്തോളം കേരളത്തില്‍ രാഷ്ട്രീയാധികാരം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പ്. മുസ്ലിം ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണത്തിളക്കമാണ് മലബാര്‍ കലാപം. 
 സാമ്രാജ്യത്വ വിരുദ്ധ മനസ്സാണ് മുസ്ലിംകള്‍ വിശേഷിച്ച് മലബാറിലെ മുസ്ലിംകള്‍ക്ക് ഉണ്ടായിരുന്നത്. സ്വാഭാവികമായും തിരുവിതാംകൂറിലും കൊച്ചിയിലും നേരിട്ടതിനെക്കാള്‍ പതിന്മടങ്ങ് പ്രതിബന്ധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് മലബാറിലുണ്ടായി. അതുകൊണ്ടുതന്നെ സാമ്രാജ്യത്വപക്ഷപാതികളായ ചരിത്രകാരന്‍മാര്‍ മുസ്ലിംകളെ അക്രമകാരികളായി ചിത്രീകരിച്ചു. മതമൌലികതയാണ് ഇതിന്റെ പിന്നിലെന്ന് അധിക്ഷേപിച്ചു. തീര്‍ച്ചയായും മതം ഈ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷേ, മതമായിരുന്നില്ല അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടങ്ങള്‍ക്ക് മതം ഊര്‍ജ്ജം നല്‍കിയെന്നുമാത്രം. 
 അമിതമായ ദേശസ്നേഹത്തില്‍നിന്ന് ഉടലെടുത്ത ബ്രിട്ടീഷ് വിരോധം അവരെ നാടുകടത്തുന്നതില്‍ കലാശിച്ചു. സാമ്രാജ്യത്വ വിരുദ്ധ സമീപനം ഇംഗ്ലീഷ് ഭാഷയോടുപോലും മടുപ്പുണ്ടാക്കി. പുരോഗമന തല്‍പ്പരരായ രാജാക്കന്‍മാരുടെ കീഴില്‍ തെക്കന്‍കേരളം വളര്‍ന്നപ്പോള്‍ മലബാര്‍ പിന്നോട്ടുപോയി. ചുരുക്കത്തില്‍ 1947 സ്വാതന്ത്യം ലഭിക്കുമ്പോള്‍ മലബാറും തെക്കന്‍ കേരളവും തമ്മില്‍ വിദ്യാഭ്യാസത്തിലുള്ള അന്തരം നൂറുവര്‍ഷമായി മാറിയിരുന്നു. 1864ല്‍ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജ് വന്നു, മുസ്ലിം നവോത്ഥാനത്തിന്  നാഴികക്കല്ലായ ഫാറൂഖ് കോളജ് സ്ഥാപിച്ചത് 1948ലാണ്. ഈ അന്തരം മാറ്റിയെടുക്കാന്‍ മുസ്ലിം നേതാക്കളും രാഷ്ട്രീയ നേതൃത്വവും നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടുതുടങ്ങി. വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തികള്‍ക്കും സമുദായ സംഘടനകള്‍ക്കും ബോധമുണ്ടായതാണ് മാറ്റങ്ങളുടെ തുടക്കം. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം. സീതിസാഹിബും സി.എച്ച്. മുഹമ്മദ്കോയാ സാഹിബും ഉള്‍പ്പടെയുള്ളവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വം കേരളത്തിലെ മുസ്ലിംകളുടെ സാമൂഹ്യജീവിതംതന്നെ മാറ്റിമറിച്ചു. 1970കളുടെ തുടക്കത്തിലുണ്ടായ ഗള്‍ഫ് കുടിയേറ്റം മുസ്ലിം ചരിത്രം മാറ്റിയെഴുതി. സമ്പത്ത് മാത്രമല്ല, സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങള്‍ക്ക് ഇത് വഴിയൊരുക്കി. പട്ടിക്കാട് ജാമി നൂരിയ്യ, ചെമ്മാട് ദാറുല്‍ഹുദ, ശാന്തപുരം ഇസ്ലാഹിയ, കാരന്തൂര്‍ മര്‍ക്കസ്, ഫറോക്ക് കോളജ് റൌലത്തുല്‍ ഉലൂം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കി. 1968 ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ എല്ലാ മല്‍സരപരീക്ഷകളിലും കേരളത്തിന്റെ മുന്നിലെത്താന്‍ ജില്ലക്ക് കഴിഞ്ഞുതുടങ്ങി. കാലിക്കറ്റ് സര്‍വ്വകലാശാലയും അലിഗഡ് ഓഫ് ക്യാമ്പസും ഇപ്പോള്‍ മലയാളം സര്‍വ്വകലാശാലയും ജില്ലയുടെ വിദ്യാഭ്യാസ നേട്ടത്തിന്റെ അടയാളങ്ങളാണ്.
 സാമ്പത്തികാവസ്ഥയില്‍ മുസ്ലിം സമുദായം മുന്നിലെത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതുപറയുമ്പോള്‍ നബിവചനം ഓര്‍ത്തുപോവുകയാണ്-*നിങ്ങള്‍ക്ക് ദാരിദ്ര്യം വരുന്നതിനെക്കുറിച്ച് എനിക്ക് ഭയമില്ല. മറിച്ച്   െഎശ്വര്യം വരുന്നതിലാണ്*. സമ്പത്ത് കിടമല്‍സരത്തിനും ദൈവസ്മരണ അകറ്റുന്നതിനും വഴിയൊരുക്കുമെന്നാണ് ഈ വചനത്തിന്റെ ഉള്ളടക്കം. പൂര്‍വ്വികരുടെ സംഭാവനകള്‍ പലതും കൈമോശം വരുന്നതിന്റെ ലക്ഷണങ്ങള്‍ ഇന്ന് പ്രകടമാണ്. അവര്‍ രൂപപ്പെടുത്തിയ െഎക്യബോധം നഷ്ടപ്പെടുത്തുകയും ഭിന്നതയിലേക്ക് നീങ്ങുകയും ചെയ്യുന്നതില്‍ സമുദായ സ്നേഹികളുടെ ദുഖം നേതൃത്വങ്ങള്‍ തിരിച്ചറിയണം. പള്ളികളും മദ്രസകളുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങളില്ലാത്ത കോടതികള്‍ കേരളത്തിലില്ലാതായിരിക്കുന്നു. കലഹങ്ങള്‍ അവസാനിക്കാതെ നന്‍മകളുണ്ടാവില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലാണ് ഒരുമ കാണിക്കേണ്ടത്. സമുദായങ്ങള്‍ തമ്മില്‍ എന്ന പോലെ സമുദായങ്ങള്‍ക്കുള്ളിലും  െെഎക്യം വേണം. മതേതരത്വത്തിലൂന്നിയ രാഷ്ട്രീയ ഏകീകരണവും ആവശ്യമാണ്. അത്തരം നീക്കങ്ങള്‍ക്ക് തുടക്കമാവാന്‍ ഇതുപോലുള്ള സംവാദങ്ങള്‍ക്കും സെമിനാറുകള്‍ക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Tuesday, December 17, 2013

ഹരിതരാഷ്ട്രീയത്തിലെ മൂന്നാംവര്‍ഷം


ഇന്ന് ഡിസംബര്‍ 17. മൂന്നുവര്‍ഷം മുമ്പ് 2010ലെ ഈ ദിനത്തിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്ന് അംഗത്വം സ്വീകരിച്ച്ഹരിതരാഷ്ട്രീയത്തിലേക്കുള്ള എന്‍റെ പ്രവേശം .മലപ്പുറം കിഴക്കേതലയില്‍ കോരിച്ചൊരിയുന്ന മഴയും പതിനായിരങ്ങളുമായിരുന്നു സാക്ഷി. ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍നിന്ന് ക്രിയാത്മക രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പ്. യാഥാര്‍ത്ഥ്യങ്ങളെ കപടവാദങ്ങള്‍കൊണ്ട് മൂടിവെക്കുന്നവര്‍ക്കിടയില്‍നിന്ന് അതിനെ സ്നേഹപൂര്‍വ്വം അഭിമുഖീകരിക്കുന്നവരിലേക്കുള്ള ദൂരം വളരെ വലുതാണ്. ആ ദൂരത്തിലേക്ക് ഓടിയെത്താനാണ് എന്റെ ശ്രമം.

 സമുദായത്തിന്റെ പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെ സ്നേഹപൂര്‍വ്വവും അല്ലാതെയും പലരും ചോദ്യം ചെയ്തിരുന്നു. ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബ്, കെ.എം. സീതി സാഹിബ്, സി.എച്ച്. മുഹമ്മദ്കോയ തുടങ്ങി അനേകം നേതാക്കളെ മുസ്ലിം എന്ന പേരില്‍ മാത്രമല്ല സമൂഹം കണ്ടത്. പൂക്കോയതങ്ങളെയും ശിഹാബ് തങ്ങളെയും ഹൈദരലി തങ്ങളെയും സമൂഹം ആദരിക്കുന്നത് അതേ ഗണത്തില്‍പ്പെടുത്തിയുമല്ല. കര്‍മ്മഫലമാണ് അവര്‍ക്കുള്ള അംഗീകാരങ്ങള്‍ . മനസ്സിന്റെ തേജസ്സാണ് ആ സ്നേഹാദരങ്ങളുടെ അടിത്തറ.  സമൂഹത്തെ തിരുത്താനും നേര്‍വഴിക്ക് നടത്താനുമുള്ള സൌമ്യസാന്നിധ്യങ്ങളാണ് ഇവരെല്ലാം. അവരുടെ ഹൃദയങ്ങളില്‍നിന്നുള്ള ആശയങ്ങളെ പിന്തുണക്കുന്നതും പിന്തുടരുന്നതും ശരിയെന്ന് വിശ്വസിച്ചു. അതാണ് മുസ്ലിംലീഗില്‍ അണിനിരക്കാന്‍ പ്രേരണയായത്. വിരസതയുടെ ഒമ്പതാണ്ടിനിടെ  'ഡിസ്പോസിബിള്‍' രാഷ്ട്രീയത്തിന്റെ ചരിത്രം എന്റെ കാര്യത്തിലും ആവര്‍ത്തിച്ചുവെന്നതും വിസ്മരിക്കുന്നില്ല.
 പാണക്കാട് തങ്ങള്‍ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിന് നൂറുവര്‍ഷത്തിലധികം കാലത്തെ അടുത്ത ബന്ധമുണ്ട്. ഉപ്പയോടൊപ്പം പാണക്കാട്ട് ഇടക്കിടെ പോവുകയും ചെയ്തിരുന്നു. കെയ്റോ യൂണിവേഴ്സിറ്റിയിലെ പഠനം കഴിഞ്ഞ് ശിഹാബ് തങ്ങള്‍ നാട്ടിലെത്തിയ കാലത്ത് അവിടെ നിത്യവും പോവാറുണ്ടായിരുന്നു. പൂക്കോയതങ്ങള്‍ക്ക് പത്രം വായിച്ചുകേള്‍പ്പിക്കാനുള്ള ചുമതല പലപ്പോഴും എനിക്കുകിട്ടി. സ്കൂള്‍ കാലത്തെ ആ ബന്ധം ജീവിതത്തില്‍ ഒരിക്കലും മുറിഞ്ഞുപോയിരുന്നില്ല. സാഹചര്യങ്ങള്‍കൊണ്ട് രാഷ്ട്രീയത്തില്‍ വരാനും മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ മല്‍സരിക്കാനും തീരുമാനമെടുക്കേണ്ടി വന്നു. അപൂര്‍വ്വമായെങ്കിലും ജീവിതത്തിലെ ചില ജയങ്ങള്‍ തോല്‍വിയാണ്. ചുറ്റുവട്ടത്തെ കാപട്യങ്ങള്‍ തിരിച്ചറിയുമ്പോഴാണ് അതിന്റെ ആഴമറിയുകയെന്നുമാത്രം.  മുഖംമൂടിയില്ലാത്ത രാഷ്ട്രീയമാണ് മുസ്ലിംലീഗിന്റെ ആകര്‍ഷണം. നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍, വാക്കിനും പ്രവൃത്തികള്‍ക്കുമിടയില്‍ ഒരിടത്തും കര്‍ട്ടണില്ല. നന്മ തുളുമ്പുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആത്മീയതയുടെ പശ്ചാത്തലം. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ദരിദ്രര്‍ക്ക് പാര്‍പ്പിടവും ജീവിതമാര്‍ഗവും കണ്ടെത്താന്‍ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം ലോകത്തൊരിടത്തും കാണില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംലീഗിന്റെ ശൈലി മറ്റുള്ളവര്‍ പിന്തുടരേണ്ടി വന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മല്‍സരിക്കേണ്ടി വന്നതിന്റെ വൈമനസ്യം ഇവിടെവന്നപ്പോള്‍ പ്രവര്‍ത്തകരോ നേതാക്കളോ കാണിച്ചില്ല. പഴയതൊന്നും മനസ്സില്‍വെക്കാതെ സ്നേഹത്തോടെ സ്വീകരിച്ചു. ഹരിതരഥത്തില്‍ നേതാക്കള്‍ക്കരികില്‍ ഇരിപ്പിടവും നല്‍കി. ഉത്തരവാദിത്തവും ഏല്‍പ്പിച്ചു.
 പ്രവാസിലീഗിന്റെ ചുമതലയാണ് പാര്‍ട്ടിയില്‍ എനിക്കുള്ളത്. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയവരുടെ ജീവിതത്തിലേക്ക് കടന്നുചെന്നു. ഇവര്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനയായി പ്രവാസി ലീഗ് മാറി. പ്രവാസികള്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി ഹരിത സഹകരണ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചു. എല്ലാ പഞ്ചായത്തുകളിലും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് ഞങ്ങള്‍. രാഷ്ട്രീയത്തിനപ്പുറത്തുള്ള ഇത്തരം നന്മകളോട് സമരസപ്പെടാവുന്ന ആര്‍ക്കും കടന്നുവരാം. കൂട്ടായ്മയുടെ ഭാഗമായി മാറി കുടുംബത്തെയും സമൂഹത്തെയും സുരക്ഷിതമാക്കുകയും ചെയ്യാം.
 എംഎല്‍എയും മന്ത്രിയുമാവാന്‍ വേണ്ടിയല്ല മുസ്ലിംലീഗിലേക്ക് വന്നത്. കരാര്‍ പ്രകാരമാണ് വരവെന്ന വിമര്‍ശനം ഇന്നും എന്റെ കാതിലുണ്ട്. മല്‍സരിക്കാനായിരുന്നെങ്കില്‍ മങ്കടയില്‍തന്നെ ആവാമായിരുന്നു. എന്നാല്‍ പെരിന്തല്‍മണ്ണ പിടിച്ചെടുക്കാനാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. അത് ഏറ്റെടുത്തു, അത്രമാത്രം. ബിസിനസ്സും സിനിമയും കഴിഞ്ഞാണ് പൊതുരംഗത്തേക്ക് ഞാന്‍ വരുന്നത്. ഈ കര്‍മ്മപഥത്തില്‍ വൈകിയെത്തിയതാണ് എന്റെ പോരായ്മ. അതുനികത്താനാണ് ശ്രമം. ഔദ്യോഗികമായ ഉത്തരവാദിത്തങ്ങള്‍ക്കിടെ അതിനായി പാര്‍ട്ടി പരിപാടികളുടെ ഓവര്‍ടൈം. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ നേതാക്കള്‍ക്കൊപ്പം, അവരുടെ നിര്‍ദേശപ്രകാരം പരിപാടികള്‍. മുസ്ലിംലീഗ് ഒരു അക്കരപ്പച്ചയാണെന്നായിരുന്നു എനിക്കെതിരെയുള്ള ചിലരുടെ വിമര്‍ശനം. അടുത്തുചെന്നപ്പോള്‍ മനസ്സിലായി, അക്കരെയല്ല, അകത്തും പച്ചതന്നെ. മനുഷ്യസ്നേഹത്തിന്റെ, സഹാനുഭൂതിയുടെ തിളക്കമാര്‍ന്ന പച്ച.

Thursday, December 12, 2013

പ്ളാസ്റ്റിക്കുകള്‍ ഇനി റോഡില്‍ ...പദ്ധതി ഉദ്ഘാടനം 20ന് കൊച്ചിയില്‍

സംസ്ഥാനത്ത് പ്ളാസ്റ്റിക് വെല്ലുവിളി പരിഹരിക്കാന്‍ നടപടി വരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ് ടാര്‍ ചെയ്യുന്നതിന് പ്ളാസ്റ്റിക് ഉപയോഗിക്കാന്‍ തീരുമാനിച്ചു. 20ന് കൊച്ചിയില്‍ പാലച്ചോട്-നിലംപതിഞ്ഞി റോഡ് ടാറിങ്ങിന് പ്ളാസ്റ്റിക് ഉപയോഗിക്കുന്നതോടെ ഈ പദ്ധതിക്ക് ഔദ്യോഗികമായ തുടക്കമാവും.
സര്‍ക്കാര്‍ പുതുതായി രൂപവല്‍ക്കരിച്ച ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ എല്ലാ നഗരസഭകളിലും പ്ളാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റുകള്‍ തുടങ്ങാനും തീരുമാനിച്ചു. ആദ്യം നഗരസഭകളില്‍ തുടങ്ങും. പിന്നെ ബ്ളോക്ക് പഞ്ചായത്തുകളില്‍ . കുടുംബശ്രീ ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്ളാസ്റ്റിക് ശേഖരിക്കും. ഷ്രെഡ് ചെയ്ത പ്ളാസ്റ്റിക് നിശ്ചിത തുകക്ക് ക്ളീന്‍ കേരള കമ്പനി വാങ്ങി പൊതുമരാമത്ത് വകുപ്പിനും നഗരസഭകള്‍ക്കും കൈമാറും. സംസ്ഥാനത്തെ വലിയ വെല്ലുവിളിക്ക് ഏറെക്കുറെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം കൊച്ചിയിലെ രവിപുരം പ്ളാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റും ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റും സന്ദര്‍ശിച്ചു. ഏതാണ്ട് 35 ടണ്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. ലെതര്‍ , റബ്ബര്‍ തുടങ്ങിയവയെല്ലാമുണ്ട്. പരമാവധി പ്ളാസ്റ്റിക്കുകള്‍ ഉപയോഗപ്പെടുത്തണം.
 എന്തായാലും സംസ്ഥാനത്താകെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കാനും ടാറിങ്ങിന് ഉപയോഗിക്കാനും തുടങ്ങുകയാണ്.  ഈ യജ്ഞത്തില്‍ എല്ലാവരും അവരുടെതായ പങ്കാളിത്തം ഉറപ്പാക്കണം. പ്രകൃതിയെ രക്ഷിക്കാനുള്ള നമ്മുടെ ബാധ്യത നിറവേറ്റാന്‍ ഒപ്പം നില്‍ക്കുമല്ലോ

Saturday, December 7, 2013

നിറമനസ്സോടെ സ്നേഹപൂര്‍വ്വം...

ഏറെനാളായി വിചാരിക്കുന്നു, അന്നത്തെ വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ . വോട്ടുനല്‍കി വിജയിപ്പിച്ചവരെ നേരില്‍ കാണണം. അന്നുകണ്ട അതേ വീട്ടിലിരുന്ന് അവരെ കേള്‍ക്കുകയും വേണം. ഇപ്പോള്‍‌ ഉത്തരവാദിത്തങ്ങളുടെ പകുതി വര്‍ഷം കഴിഞ്ഞു. രണ്ടര വര്‍ഷം മുമ്പ് വോട്ടഭ്യര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഓരോ പ്രദേശത്തിനും ഓരോരോ ആവശ്യങ്ങളുണ്ടായിരുന്നു. ആ പട്ടികയില്‍ പ്രധാനപ്പെട്ടവയെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതില്‍ അഭിമാനമുണ്ട്. ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ചറിയണം. നേടിയെടുക്കാന്‍ പരമാവധി പരിശ്രമിക്കണം. അതിനായി ഓരോ പ്രദേശത്തും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകവുമായി ഞങ്ങള്‍ കടന്നുചെന്നു. വികസന വര്‍ത്തമാനങ്ങളുമായി ഒരു പര്യടനം. 'സ്നേഹസംഗമ' മെന്ന പേരില്‍ മണ്ഡലമാകെ മുഖാമുഖം.
 തെരഞ്ഞെടുപ്പിന്റെ നിഴലിലല്ലാതെ ജനങ്ങളുമായി സംവദിച്ചു. നവംബര്‍ 15 മുതല്‍ 30 വരെ. ആലിപ്പറമ്പിലെ ആനമങ്ങാടുനിന്ന് തുടങ്ങി താഴേക്കോട് പഞ്ചായത്തിലെ പുത്തൂരില്‍ അവസാനിക്കുമ്പോള്‍ ഞാന്‍ പഠിച്ചത്  ഒട്ടേറെ പാഠങ്ങള്‍ . 200ലധികം കുടുംബ സദസ്സുകളിലായി 50,000 ലേറെ പേരെ നേരില്‍ കണ്ടു, കേട്ടു. രണ്ടര വര്‍ഷംകൊണ്ട് നടപ്പാക്കിയ 325 കോടി രൂപയുടെ വികസന പദ്ധതികള്‍ സഹപ്രവര്‍ത്തകര്‍ വിശദീകരിച്ചു. ശുദ്ധജലവും പാലവും റോഡുകളും കെട്ടിടങ്ങളും തുടങ്ങി നേട്ടങ്ങളുടെ പുതിയ അടയാളങ്ങള്‍ അവര്‍ നിരത്തി. വെറുതെ പറയുകയല്ലെന്ന് തെളിയിക്കാന്‍ രേഖകളും നല്‍കി. ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ചു.  ഈ വരവും ഇത്തരം ചോദ്യവും ആ മുഖങ്ങളില്‍ അത്ഭുതം വിരിയിച്ചു. അവരുടെ ആവശ്യങ്ങളെല്ലാം എഴുതിവാങ്ങി. വികസനപരവും വ്യക്തിപരവുമായ 2000 ലധികം അപേക്ഷകള്‍ .  എല്ലാം പരിശോധിച്ചുവരുന്നു. സര്‍ക്കാരില്‍നിന്ന് ലഭിക്കാവുന്നതെല്ലാം വേഗത്തില്‍ എത്തിക്കും. വികസന പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ പണം കണ്ടെത്തും. അനുമതി ലഭിച്ച പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ തന്നെ മണ്ഡലത്തിന്റെ മുഖച്ഛായ മാറും.
  പകുതി കാലം പൂര്‍ത്തിയാവുമ്പോള്‍ സമ്പൂര്‍ണ്ണ മണ്ഡലപര്യടനം എനിക്കും വേറിട്ട അനുഭവമായി. ഓരോ വീട്ടുമുറ്റങ്ങളിലും ഓരോരോ കാഴ്ചകള്‍ . പലതും ഒരിക്കല്‍പോലും മാഞ്ഞുപോവാത്തവയും. വിവരങ്ങളന്വേഷിച്ച് അങ്ങോട്ടുചെന്നതിന്റെ സന്തോഷമായിരുന്നു നാട്ടുകാരില്‍ . ഉറ്റമിത്രത്തെ പോലെ അവര്‍ സ്വീകരിച്ചു. അവരുടെ കാര്യങ്ങള്‍ നോക്കുന്ന മകനായി, സഹോദരനായി, സുഹൃത്തായി കൊണ്ടുനടന്നു. ഇളനീരും ചായയും പായസവും തന്നു. വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വയോധികരുടെ സ്നേഹപ്രകടനങ്ങള്‍ മനസ്സില്‍ നൊമ്പരങ്ങളായി. പ്രാര്‍ത്ഥിച്ചും അനുഗ്രഹിച്ചും അവര്‍ സന്തോഷം പങ്കിട്ടു. വികാരനിര്‍ഭരമായിരുന്നു പലതും.ദൈന്യതയുടെ കാഴ്ചകള്‍ കണ്ണുനിറച്ചു. നീറ്റലായി നെഞ്ചില്‍കൊണ്ടു. വികസന പദ്ധതികള്‍ നാട്ടിലെത്തിയതിന്റെ നന്ദിയായിരുന്നു ചിലര്‍ക്ക്. ആനുകൂല്യങ്ങള്‍ ആദ്യമായി പടികയറിയതിന്റെ പുഞ്ചിരികള്‍ . രോഗവും വാര്‍ധക്യവും ഒറ്റപ്പെടുത്തിയതിന്റെ വേദനകള്‍ കണ്ടു. സ്നേഹസംഗമയാത്രയില്‍ അനുഭവങ്ങളുടെ തുലാഭാരം സുഖദുഖങ്ങളില്‍ പപ്പാതിയായി നിന്നു. ഈ അനുഭവങ്ങളെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ സൌഭാഗ്യമായി ഞാന്‍ കാണുകയാണ്.
 ആവലാതികളുണ്ടായിരുന്നു. കൂടുതലും വ്യക്തിപരമായ ആനുകൂല്യങ്ങള്‍ . തുടക്കംമുതല്‍തന്നെ  രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായം പരമാവധി എത്തിക്കാന്‍ പരിശ്രമിച്ചിരുന്നു. നേരത്തെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചവക്കെല്ലാം തീര്‍പ്പുണ്ടാക്കി. രണ്ടര വര്‍ഷത്തിനിടെ 1.75 കോടിയിലധികം രൂപ ഈയിനത്തില്‍ നല്‍കി. ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ നാട്ടുകാരെ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നതിന് പകരം അവരെ കാണാന്‍ അങ്ങോട്ടുചെന്നപ്പോള്‍ ചിത്രം പിന്നെയും മാറി. കൂരകളില്‍ സര്‍ക്കാര്‍ സഹായമറിയാതെ ഒരുപാടു പേര്‍ . പെന്‍ഷനുകളും ക്ഷേമപദ്ധതികളും സഹായങ്ങളുമറിയാതെ ദുരിതംതിന്നുകയാണ് പലരും. അര്‍ഹമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എന്ത് ജനസേവനം. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഇത്രയധികം ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന മറ്റൊരു സര്‍ക്കാരില്ല. സൂക്ഷ്മമായി നിരീക്ഷിച്ച് അര്‍ഹരിലെല്ലാം ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ പരമാവധി പരിശ്രമിച്ച പെരിന്തല്‍മണ്ണയിലെ സ്ഥിതി ഇതാണെങ്കില്‍ സംസ്ഥാനത്തെ മുക്കിലും മൂലയിലും ഇനിയെത്ര ലക്ഷങ്ങള്‍ സഹായത്തിനായി കണ്ണീരൊഴുക്കുന്നുണ്ടാവും. നിരുത്തരവാദത്തിന്റെ സാക്ഷ്യപത്രങ്ങളാണവര്‍ .  അജ്ഞതകൊണ്ട് ഒരാനുകൂല്യവും ആര്‍ക്കും നഷ്ടമാവരുത്. അത് രാഷ്ട്രീയകക്ഷികളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രാഥമിക കര്‍ത്തവ്യമാണെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ.
 52,000 വീടുകളുണ്ട് മണ്ഡലത്തില്‍ . എല്ലാ വീടുകളും കയറിയിറങ്ങുക അപ്രായോഗികമാണ്. എന്നാല്‍ മിക്കവാറും കുടുംബങ്ങള്‍ സ്നേഹസംഗമത്തിലേക്ക് വന്നുവെന്നാണ് വിചാരിക്കുന്നത്. എല്ലാവരെയും കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷം. എല്ലാ നല്ലവാക്കുകള്‍ക്കും നന്ദിയുണ്ട്. രണ്ടാഴ്ചക്കാലത്തെ സ്നേഹയാത്രയെ നയിച്ച മുന്‍മന്ത്രി നാലകത്ത് സൂപ്പി, എ.കെ. നാസര്‍ , സേതുവേട്ടന്‍ , സി. അബൂബക്കര്‍ ഹാജി, ശീലത്ത് വീരാന്‍കുട്ടി, വി. ബാബുരാജ് തുടങ്ങി ഒട്ടേറെ പേര്‍ . പ്രചരണത്തിനായി അധ്വാനിച്ച പ്രവര്‍ത്തകര്‍ . കുടുംബസദസ്സുകള്‍ വിജയിപ്പിക്കാനായി പ്രയത്നിച്ച സഹപ്രവര്‍ത്തകര്‍ . വികസന വര്‍ത്തമാനങ്ങള്‍ വിവരിച്ചവര്‍ . സ്നേഹപൂര്‍വ്വമായ സ്വീകരണമൊരുക്കിയവര്‍ . എല്ലാറ്റിനുമുപരിയായി നേരില്‍ കാണാനെത്തിയ പ്രിയപ്പെട്ട നാട്ടുകാര്‍ , കാരണവന്‍മാര്‍ , രോഗികള്‍ .. എല്ലാവര്‍ക്കും സ്നേഹാഭിവാദ്യങ്ങള്‍ . നിങ്ങളുടെ വര്‍ത്തമാനങ്ങളാണ് എന്റെ ചിന്ത. നിങ്ങളുന്നയിച്ച ആവശ്യങ്ങളിലേക്കാണ് ശ്രദ്ധ. അവ പൂര്‍ത്തിയാവുന്നതുവരെ കര്‍മ്മനിരതരാണ് നമ്മള്‍ .