സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, March 10, 2015

ജികെ.......വിട


നല്ല സിനിമാ ആസ്വാദകന്‍ എന്ന നിലയിലാണ് ശ്രീ. ജി. കാര്‍ത്തികേയനെ എനിക്ക് ആദ്യം പരിചയം. രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ക്കിടയിലും തിയറ്ററുകളില്‍ വന്ന് സിനിമ കണ്ടിരുന്ന കാലത്താണ് അടുത്ത സൗഹൃദം രൂപപ്പെട്ടതും. മാക് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ദ കിങ്ങ് എന്ന സിനിമ തിരുവനന്തപുരത്തെ തിയറ്ററില്‍ ഞങ്ങള്‍ അടുത്തിരുന്നാണ് കണ്ടത്. തിരക്കുകാരണം തിയറ്ററില്‍ അധികമായി നല്‍കിയ കസേരയിലാണ് അദ്ദേഹം ഇരുന്നതും. സിനിമ കഴിഞ്ഞ് ഇറങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു-'ഞങ്ങളെയാണ് കൊന്നത്, എങ്കിലും നന്നായിട്ടുണ്ട്'. പിന്നീടും പലപ്പോഴും സിനിമാ പരിസരത്തുവച്ച് ഞങ്ങള്‍ കണ്ടു, അടുത്ത മിത്രങ്ങളായി. രാഷ്ട്രീയത്തിലെ ജി.കെ. യേക്കാള്‍ സിനിമാ ആസ്വാദകനായ ജി.കെ.യോടായിരുന്നു ബന്ധം എന്നതില്‍ ഇപ്പോഴും സംശയമില്ല. ആദ്യമായി നിയമസഭയിലെത്തിയപ്പോള്‍ അന്ന് സഭയിലെ പരിചയക്കാരുടെ കുറവ് നികത്താന്‍, അന്നത്തെ എതിര്‍പക്ഷ നിരയില്‍ വിശേഷിച്ചും ജി.കെ. യുമായുള്ള സൗഹൃദം പ്രയോജനപ്പെട്ടു. 
ഫെബ്രുവരില്‍ അദ്ദേഹത്തെ വീട്ടില്‍ചെന്ന് കണ്ടു. വല്ലാതെ ക്ഷീണിച്ചിരുന്നു. അല്‍പ്പനേരം സംസാരിച്ചു. അദ്ദേഹത്തിന്റെ സംസാരവും ശരീരവും വല്ലാതെ വേദനിപ്പിച്ചു. എന്റെ പ്രിയപ്പെട്ടവര്‍, ഉമ്മയും അംജദും വിട്ടുപോയപ്പോള്‍ ആശ്വസിപ്പിക്കാന്‍ ജി.കെ. വന്നു. നിയമസഭയില്‍ ഒരു സഹോദരന്റെ പരിഗണന സ്പീക്കറില്‍നിന്ന് ലഭിച്ചു. സഭയ്ക്കകത്ത് മറുപക്ഷം ഒരുക്കുന്ന ആക്ഷേപച്ചുഴികളെ സ്പീക്കര്‍ ചട്ടങ്ങളുടെ കൈകളിലൂടെ തടഞ്ഞുനിര്‍ത്തി. സഭയുടെ നിര്‍ബന്ധങ്ങള്‍ ഓര്‍മ്മപ്പെടുത്താനും ശാസിക്കാനും ആ കസേരയില്‍ ഇനി അദ്ദേഹമില്ല. രാഷ്ട്രീയത്തിലെ പക്വമതിയുടെ ആ മുഖം വല്ലാതെ വേദനിപ്പിച്ച് ചരിത്രമാവുകയാണ്. എന്നും ഓര്‍മ്മിക്കപ്പടേണ്ട, പകര്‍ത്തിയെടുക്കേണ്ട ആ ജീവിതത്തിന് മുന്നില്‍ പ്രണാമം.

Friday, March 6, 2015