സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, October 6, 2015

ആത്മസംതൃപ്തിയുടെ സ്‌നേഹസംഗമങ്ങള്‍

ഒരുവട്ടംകൂടി ഞാന്‍ അവരിലേക്ക് ചെന്നു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ്, സ്‌നേഹം പങ്കിട്ട് ഒരു പര്യടനം. മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് നാടിന്റെ മനസ്സറിയാന്‍ നടത്തിയ സ്‌നേഹസംഗമങ്ങള്‍ സമ്മാനിച്ച സന്തോഷം അളക്കാനാവില്ല. ഇത്രയേറെ മനസ്സുനിറഞ്ഞ, ആത്മസംതൃപ്തി നല്‍കിയ മറ്റൊരു അനുഭവവുമില്ല. 
 മണ്ഡലത്തിനുവേണ്ടി ഓരോരോ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഞാനെന്റെ കടമ നിറവേറ്റുകയായിരുന്നു. കുറെയേറെ കാര്യങ്ങള്‍ ചെയ്തു. ജില്ലാ ആശുപത്രി കൊണ്ടുവന്നു, റോഡുകള്‍ വികസിപ്പിച്ചു, പാലങ്ങളുണ്ടാക്കി, ശുദ്ധജല പദ്ധതികള്‍ നടപ്പാക്കി, ഗവ. കോളജില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി, കോളജിനും സ്‌കൂളുകള്‍ക്കും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി അനേകം പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ എല്ലായിടത്തും കാണാം. ഓരോരോ ആവശ്യങ്ങളുമായി വന്നവരെ പരമാവധി സഹായിച്ചിട്ടുണ്ട്.  
 പൊതുജനത്തിന് അനിവാര്യമായിരുന്ന ഇത്രമേല്‍ പദ്ധതികള്‍ ഒരുമിച്ച് കൊണ്ടുവന്നതിന്റെ നിര്‍വൃതിയാണ് ആളുകളുടെ മുഖത്തുണ്ടായിരുന്നത്. ചെറിയ പദ്ധതികളാണെങ്കില്‍ കൂടി നാട്ടുകാരുടെ സന്തോഷത്തിന് അതരുകളില്ല. കടന്നുചെന്ന വീടുകളില്‍, കണ്ടുമുട്ടിയ ആളുകളില്‍, അങ്ങനെ എല്ലായിടത്തും ഒരു സുഹൃത്തിന്റെ, സഹോദരന്റെ, മകന്റെ സ്‌നേഹവാല്‍സല്യങ്ങള്‍ നിറഞ്ഞ സ്വീകരണമാണ് കിട്ടിയത്. അലിയായും അല്യാക്കയായും അവരെന്നെ നെഞ്ചിലേറ്റി. മണ്ഡലത്തില്‍ നാലുവര്‍ഷത്തിനിടെ നടപ്പാക്കിയ 500 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയതിന്റെ സന്തോഷങ്ങള്‍ സ്‌നേഹസംഗമത്തിന്റെ ആ അനുഭവങ്ങളില്‍ എത്രയോ ചെറുതായിപ്പോയി. സ്വന്തം പ്രയാസങ്ങള്‍ തുറന്ന മനസ്സോടെ സ്വന്തം മക്കളോടെന്നപോലെ പങ്കിടുന്ന ഉമ്മമാരും അമ്മമാരും. വാല്‍സല്യത്തിന്റെ പൂമാല ചാര്‍ത്തി കാരണവന്‍മാര്‍. ചുറ്റിലും വട്ടമിട്ട് കുട്ടികള്‍. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിലേറെ ആനന്ദിക്കാവുന്ന മറ്റൊന്നുമില്ല. ജനങ്ങള്‍ എന്നിലര്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ സഹായിച്ചവര്‍ക്കെല്ലാം അഭിമാനിക്കാവുന്ന അനുഭവംതന്നെയാണിത്. 
 2013ല്‍ ഇതുപോലെ മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും സ്‌നേഹസംഗമങ്ങള്‍ നടത്തിയിരുന്നു. അന്നത്തെ അനുഭവങ്ങളാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങളുമായി സഞ്ചരിച്ച വഴികളിലൂടെയെല്ലാം അവയെല്ലാം പൂര്‍ത്തിയാക്കിയെന്നുപറയാന്‍ ഇത്തവണയും സഞ്ചരിച്ചു. ഇരുനൂറില്‍പ്പരം സ്‌നേഹസംഗമങ്ങളിലായി 50,000 ത്തോളം പേരെ കണ്ടുവെന്നാണ് മനസ്സിലാക്കുന്നത്. വികസന രാഷ്ട്രീയത്തോട് ജനങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് സ്‌നേഹസംഗമങ്ങളുടെ വിജയത്തില്‍ പ്രധാനമെന്ന് ഞാന്‍ കരുതുന്നു. അതോടൊപ്പംതന്നെ സന്തോഷം നല്‍കിയ മറ്റൊരു കാര്യംകൂടിയുണ്ട്. പലകാരണങ്ങളാല്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറിപ്പോയ ഒരുപാടുപേരെ സ്‌നേഹസംഗമങ്ങളിലെടെ രാഷ്ട്രീയത്തിന്റെ മുന്‍ബഞ്ചുകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ് അത്. രാഷ്ട്രീയംതന്നെ ഉപേക്ഷിച്ചവരെ, അനുഭവസമ്പത്തിന്റെ ആ ഗുരുക്കന്‍മാരെ നമ്മുടെ വഴികാട്ടികളാക്കി തിരികെ കൊണ്ടുവരാന്‍ സാധിച്ചത് അത്യധികം സന്തോഷം നല്‍കുന്നുണ്ട്.
 മണ്ഡലത്തില്‍ ഏതാണ്ട് 52,000 വീടുകളുണ്ട്. എല്ലാവീടുകളിലും കയറിച്ചെല്ലാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രായോഗികമല്ല. പലപ്പോഴും കണ്ടുമുട്ടുന്നവരെയും വല്ലപ്പോഴും കാണുന്നവരെയുമെല്ലാം അവരുടെ അടുത്തുചെന്ന് രണ്ടുതവണ കണ്ടു, സംസാരിച്ചു. ആദ്യത്തെ തവണ ആവശ്യപ്പെട്ട കാര്യങ്ങളില്‍ മിക്കതും പൂര്‍ത്തിയാക്കുകയും ചെയ്തു. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ എല്ലാ തിരക്കുകളും മാറ്റിവച്ച് മണ്ഡലത്തിലാകെ നടത്തിയ സ്‌നേഹസംഗമത്തിന്റെ വിജയശില്‍പ്പികള്‍ യഥാര്‍ത്ഥത്തില്‍ സഹപ്രവര്‍ത്തകരാണ്. കുളത്തൂര്‍ മൗലവി, മുന്‍മന്ത്രി നാലകത്ത് സൂപ്പി, അബൂബക്കര്‍ഹാജി, എ.കെ. നാസര്‍, സി. സേതുവേട്ടന്‍, വി. ബാബുരാജ്, നാലകത്ത് ഷൗക്കത്ത് തുടങ്ങി ഒരുപാടുപേര്‍. നാട്ടിലാകെ വികസന വര്‍ത്തമാനങ്ങള്‍ വിവരിച്ചവര്‍. കാണാനും സംസാരിക്കാനുമായി സ്‌നേഹസംഗമങ്ങളില്‍ എത്തിയവര്‍. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടുമുണ്ട്. നിങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍, നിങ്ങള്‍ക്കിടയില്‍ ഒരാളായി പദവികളുണ്ടെങ്കിലും ഇല്ലെങ്കിലും എന്നുമുണ്ടാവും, ഞാനും ഞങ്ങളെല്ലാവരും.

No comments:

Post a Comment

.