സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Friday, April 19, 2013

തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അപ്രതീക്ഷിത സന്ദര്‍ശനം

തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയെത്തി. രാവിലെ 10.10ന് ഓഫീസിലെത്തി ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചു.
 വിവിധ ആവശ്യങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയവര്‍ മന്ത്രിയോട് പരാതികളും ആവശ്യങ്ങളും ഉന്നയിച്ചു. വിവിധ അപേക്ഷകളില്‍ നടപടികള്‍ വൈകിക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. ഒരേ ആവശ്യത്തിന് പലതവണ ഓഫീസ് കയറിയിറങ്ങിയവരും മന്ത്രിയുടെ മുന്നിലെത്തി. മുട്ടുന്യായങ്ങള്‍ പറഞ്ഞ് അപേക്ഷകള്‍ നിരസിക്കുകയോ വൈകിക്കുകയോ ചെയ്യുന്നതായി പരാതിപ്പെട്ടു. ജനങ്ങള്‍ക്ക് െമെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നഗരസഭയും സര്‍ക്കാരും ജീവനക്കാരും അംഗീകരിക്കപ്പെടുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
 17,000 വാട്ടര്‍ കണക്ഷനും 35,000 വൈദ്യുതി കണക്ഷനും കോര്‍പ്പറേഷന്‍ നേരിട്ടാണ് നടത്തുന്നത്. ഇത്രയും ഭീമമായ കണക്ഷനുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളില്ല. കാളവണ്ടി യൂഗത്തിലാണ് നാം സഞ്ചരിക്കുന്നതെന്ന് ഒരു ജീവനക്കാരന്‍തന്നെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് പരിഹരിക്കണം. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മെച്ചപ്പെട്ടതും സുതാര്യവുമായ സേവനം ജനങ്ങള്‍ക്ക് ലഭിക്കണം. അതിന് സര്‍ക്കാരിന്റെ സഹായമുണ്ടാവും.
 കേരളത്തിലെ മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൃശൂരിന്റെ വളര്‍ച്ചാസ്വഭാവം കുറവാണ്. ഓഫീസ് സൌകര്യങ്ങള്‍ പോലും കുറവാണ്. നേരില്‍ കണ്ടപ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലായത്. ഇത്തരം പരാതികള്‍ക്കെല്ലാം പരിഹാരമുണ്ടാവും. അതേസയമം തൃശൂരിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. തൃശൂരിന്റെ സമഗ്രമാസ്റ്റര്‍ പ്ളാന്‍ രൂപപ്പെടുത്തി വരുകയാണ്. ഇനിയുള്ള വികസനങ്ങളെല്ലാം ഈ രൂപരേഖയുടെ അടിസ്ഥാനത്തിലാവും. അടുത്ത 30 വര്‍ഷംകൊണ്ട് കേരളം ആസൂത്രിത നഗരങ്ങളിലേക്ക് മാറും.
 തൃശൂരിലെ കെഎസ് യുഡിപി ഓഫീസ്, ജില്ലാ ടൌണ്‍ പ്ളാനിങ്ങ് ഓഫീസ് എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. വിവിധ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജീവനക്കാരോട് ചോദിച്ചറിഞ്ഞു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍
http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.

Thursday, April 11, 2013

ആശാ വളണ്ടിയര്‍മാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാം

അംഗന്‍വാടി, ബാലവാടി ജീവനക്കാരെ പോലെ ആശാ വളണ്ടിയര്‍മാര്‍ക്കും ഇനി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാം.
 അംഗന്‍വാടി, ബാലവാടി ജീവനക്കാര്‍ ഒഴികെയുള്ള പാര്‍ട്ട് ടൈം ജീവനക്കാരെയും ഓണറേറിയം കൈപ്പറ്റുന്നവരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന കേരള മുനിസിപ്പാലിറ്റി(രണ്ടാം ഭേദഗതി)ബില്‍ നിയമസഭ അംഗീകരിച്ചു. അംഗന്‍വാടി, ബാലവാടി ജീവനക്കാരുടെ ഗണത്തിലേക്ക് ആശാ വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചു. എയിഡഡ് സ്കൂള്‍ അധ്യാപകരെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മല്‍സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നെങ്കിലും പൊതുഅഭിപ്രായം ആരാഞ്ഞശേഷം തീരുമാനമെടുക്കാമെന്ന ധാരണയായി. അധ്യാപകര്‍ മല്‍സരംഗത്തേക്ക് വരുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുവെന്നത് വസ്തുതയാണ്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും അഭിപ്രായസമന്വയമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നു. അശാസ്ത്രീയമായ വാര്‍ഡ് വിഭജനം സംബന്ധിച്ച് പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകളുമായി ബന്ധപ്പെട്ടും ചില ആക്ഷേപങ്ങളുണ്ടെന്ന് നിയമസഭയില്‍ അഭിപ്രായമുയര്‍ന്നു. അഞ്ചുവര്‍ഷത്തെ കാലാവധി മാത്രമുള്ളതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ചില പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംവരണ വാര്‍ഡുകളുടെ കാലാവധി 10 വര്‍ഷമെങ്കിലുമാക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മാറ്റി.

സിനിമക്ക് ഇനി ഇ ടിക്കറ്റ്

സിനിമാ തിയറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റിങ്ങ് സംവിധാനം ഉടന്‍ നടപ്പാവും. വിനോദനികുതി കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിനായി ഇ ടിക്കറ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് കേരള തദ്ദേശാധികാരസ്ഥാന വിനോദ നികുതി ബില്‍ അവതരിപ്പിച്ച് മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു.
 സിനിമാ തിയറ്ററുകളില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ടുന്ന വിനോദ നികുതിയില്‍ വന്‍തോതില്‍ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ബില്‍ കൊണ്ടുവന്നത്. നിലവില്‍ മിക്ക തിയറ്ററുകളും മുദ്ര പതിച്ചതും ഒട്ടിച്ചതുമായ ടിക്കറ്റുകളാണ് നല്‍കുന്നത്. നികുതി വെട്ടിപ്പ് തടയാന്‍ ഇത് പര്യാപ്തമല്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. യഥാസമയം വിനോദ നികുതി അടക്കാത്ത തിയറ്ററുകളുടെ ലൈസന്‍സ് തദ്ദേശ സ്ഥാപനങ്ങള്‍ പുതുക്കി നല്‍കേണ്ടതില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. 2010ലെ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ആക്ടിന് കീഴില്‍ രൂപവല്‍ക്കരിച്ച കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയിലേക്ക് വരവുവെക്കുന്നതിനായി 25 രൂപയില്‍ അധികമുള്ള ഓരോ സിനിമാ ടിക്കറ്റിന്മേലും സെസ്സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
http://www.mathrubhumi.com/online/malayalam/news/story/2223699/2013-04-12/kerala