സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Saturday, January 18, 2014

ഓര്‍മ്മകളില്‍ പ്രേം...

പ്രേംനസീര്‍. മായാത്ത തേജസ്സായി മനസ്സില്‍ ആ മുഖമുണ്ട്. വിയോഗത്തിന്റെ 25 വര്‍ഷത്തെക്കാള്‍ ചെറിയ കാലത്തെ അടുപ്പത്തിന്റെ സ്നേഹ 'ധ്വനി'യാണ് എനിക്കുള്ളത്. തിരക്കുള്ള ചലചിത്രങ്ങളുടെ ലോകത്തുനിന്ന് ആ നിത്യഹരിതനായകന്‍ ഒറ്റപ്പെട്ടുപോയ ഇടവേള. രണ്ടുവര്‍ഷത്തോളം സിനിമയില്‍ അപൂര്‍വ്വമുഖമായി മാറിയ കാലത്താണ് വിജയഹര്‍ഷങ്ങളുടെ 'ധ്വനി' മുഴങ്ങുന്നത്. കേന്ദ്രകഥാപാത്രമായി അദ്ദേഹത്തെ തീരുമാനിച്ചപ്പോള്‍ സഹപ്രവര്‍ത്തകരില്‍ പലരും അതൃപ്തരായിരുന്നു. ചാനലുകളില്‍ ഓര്‍മ്മസല്ലാപം നടത്തുന്നവരില്‍ പലരും അന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശുപാര്‍ശക്കാരായിരുന്നുവെന്നത് കാലത്തിന്റെ കൗതുകം. 
 ഡാം അഴിമതിക്കേസ് അന്വേഷിക്കുന്ന കമ്മീഷന്‍ ജഡ്ജിയായിരുന്നു 'ധ്വനി'യിലെ പ്രേംനസീര്‍. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം സ്വീകരിച്ചു. നായകനായി അഭ്രപാളികളില്‍ നിറഞ്ഞുനിന്ന പ്രേംനസീര്‍ എന്ന സുന്ദരമുഖം സമര്‍ത്ഥനായ ജഡ്ജിയായി. ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ പലപ്പോഴും ലാളിത്യവും അച്ചടക്കവും കൊണ്ട് അദ്ദേഹം ആശ്ചര്യം കാണിച്ചു. അന്ന് തിരക്കേറിയ നടനായിരുന്ന തിലകന്‍ ചേട്ടനെ വേഗത്തില്‍ പറഞ്ഞയക്കാന്‍ രാത്രിയും ലൊക്കേഷനില്‍ തങ്ങിയത് ഓര്‍ക്കാതെ പറ്റില്ല. കോഴിക്കോട് ഗസ്റ്റ് ഹൗസിലെ സോഫയില്‍ കിടന്നുറങ്ങിയ പ്രേംനസീറിനെ എനിക്ക് ഓര്‍മ്മയുണ്ട്. എ.ടി. അബുവായിരുന്നു 'ധ്വനി'യുടെ സംവിധായകന്‍. വേണുവിന്റെ ക്യാമറ. യൂസഫലി കേച്ചേരിയുടെ വരികള്‍. പി.ആര്‍. നാഥിന്റെ തിരക്കഥ. സംഗീതം നൗഷാദിന്റെതായിരുന്നു. സഹസംവിധാനം ടി.എ. റസാഖ്. ജയറാമും ജയഭാരതിയും ജഗതിയും മാമുക്കോയയും തിലകനും ശോഭനയും സുരേഷ്‌ഗോപിയുമൊക്കെ ധ്വനിയില്‍ തിളങ്ങി. നിറഞ്ഞ സദസ്സുകളില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴായിരുന്നു ആ മഹാനടന്റെ അന്ത്യം. നസീറെന്ന പാഠപുസ്തകത്തിന്റെ അവസാനഭാഗവും ആ സിനിമയില്‍ ചേര്‍ത്തുവച്ചിട്ടുണ്ട്-അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയും ആ സിനിമയില്‍ കാണിക്കാനായി. അപൂര്‍വ്വതകളുടെ സിനിമാലോകത്ത് പ്രേംനസീര്‍ എന്ന വിഖ്യാതനടന് അവസാനകഥാപാത്രമൊരുക്കാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യം. നിറതേജസ്സായ ആ ഓര്‍മ്മകള്‍ക്ക് നിത്യവസന്തം.
https://www.facebook.com/manjalamkuzhiali

No comments:

Post a Comment

.