സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, July 28, 2014

ഓര്‍മ്മകളിലെ ഈദ്....

പുണ്യങ്ങളുടെ റമസാന്‍ പിന്നിട്ട് ചെറിയ പെരുന്നാളെത്തി. ഇത്തവണയും ഞങ്ങള്‍ക്ക് ആഘോഷമില്ല. കഴിഞ്ഞവര്‍ഷം ഉമ്മ ഞങ്ങളെ വിട്ടുപോയി. കഴിഞ്ഞ മാര്‍ച്ചില്‍ മകന്‍ അംജദും യാത്രയായി. അവരൊപ്പമുണ്ടെന്ന തോന്നലില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. സഹോദരങ്ങള്‍ക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമിടയില്‍ കാണാത്ത സാന്നിധ്യമായി അവരുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
 ചെറുപ്പത്തിലെ നോമ്പുകാലമാണ് ഓര്‍മ്മകളില്‍ ഇമ്പമുള്ളത്. സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം പന്തുകളിച്ചും ഓടിത്തളര്‍ന്നുമുള്ള കുട്ടിക്കാലം. സഹോദരങ്ങള്‍ക്കൊപ്പം വാശിയോടെ നോമ്പുനോല്‍ക്കാന്‍ അന്ന് ഹരമായിരുന്നു. റമസാനിലെ ഓരോ നോമ്പുദിനങ്ങളും ഒരു ജേതാവിന്റെ ഭാവത്തോടെയാണ് കടന്നുപോയിരുന്നത്. സ്‌കൂളിലും കളിക്കളത്തിലുമെല്ലാം നോമ്പിന്റെ വര്‍ത്തമാനങ്ങള്‍. നോമ്പുതുറയ്ക്കായി കാത്തിരുന്നതും അത്താഴത്തിനായി ഉമ്മ വിളിച്ചുണര്‍ത്തുന്നതുമെല്ലാം എന്റെ റമസാന്‍ ഓര്‍മ്മകള്‍. ചെറിയ പെരുന്നാളിന്റെ ചന്ദ്രക്കല കാണാന്‍ ഞങ്ങളെല്ലാവരും കൂടി വീടിനടുത്തുള്ള കുന്നിന്‍പ്രദേശമായ ചെമ്മീന്‍പറമ്പില്‍ പോയി മാനത്തേക്കുനോക്കി നില്‍ക്കുമായിരുന്നു. നോമ്പുതുറയ്ക്കുള്ള കാരയ്ക്ക കയ്യില്‍വെച്ച് അക്ഷമയോടെയുള്ള ആ നില്‍പ്പിനിടയില്‍ പള്ളിയില്‍നിന്ന് നോമ്പുതുറ അറിയിക്കുന്ന വെടി മുഴങ്ങും. നോമ്പുമുറിച്ച് പിന്നെയും അരമണിക്കൂറോളം അവിടെ തങ്ങിയാണ് മടക്കം. ഒരിക്കല്‍ ആ പുണ്യദര്‍ശനമുണ്ടായി. കാര്‍മേഘത്തിനിടയിലൂടെ ചന്ദ്രക്കല. മാസപ്പിറവിയാണോ അല്ലെയോ എന്നെല്ലാം സംശയങ്ങള്‍. വീട്ടിലെത്തി നോമ്പുതുറന്നിരിക്കുമ്പോള്‍ റേഡിയോയില്‍ വാര്‍ത്തവന്നു. കേരളത്തിലെവിടെയൊക്കെയോ ശവ്വാല്‍ മാസപ്പിറവി കണ്ടിരിക്കുന്നു. പിന്നീട് പലപ്പോഴും മാസപ്പിറവി കാണാന്‍ ആ കുന്ന് കയറിയെങ്കിലും നിരാശയായിരുന്നു ഫലം. പെരുന്നാളിലെ ആഘോഷങ്ങളില്‍ക്കിടയില്‍ എന്തെല്ലാം കുസൃതികള്‍. ആ ആഘോഷദിനത്തില്‍ സിനിമ കാണാന്‍ ലൈസന്‍സുണ്ടായിരുന്നുവെന്ന സന്തോഷവും പറയാതെ വയ്യ.
 കപ്പയും മറ്റ് നാടന്‍ വിഭവങ്ങളുമായിരുന്നു വീട്ടില്‍ പ്രധാനം. ഇറച്ചി കാര്യമായ നോമ്പുഭക്ഷണമായില്ല. പച്ചക്കറികള്‍ക്കാണ് പണ്ടെ ഞങ്ങള്‍ക്കെല്ലാം പ്രിയം. ഇപ്പോഴും അക്കാര്യത്തില്‍ വലിയ മാറ്റമില്ല. വിരുന്നുകാരുടെ വരവ് കൂടിയപ്പോള്‍ ഇറച്ചി അത്യാവശ്യമായി വന്നു. റസിയയെ വിവാഹം കഴിച്ചപ്പോഴും ഭക്ഷണക്രമത്തില്‍ മാറ്റം വന്നില്ല. കാരണം ഭക്ഷണകാര്യത്തിലും ഞങ്ങള്‍ തമ്മില്‍ സമാനതയുണ്ടായിരുന്നു. പ്രവാസജീവിതം തുടങ്ങിയപ്പോള്‍ റമസാന്‍ പലതും അവിടെത്തന്നെയായി. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒന്നിച്ചിരുന്ന് നോമ്പുതുറക്കുന്നതും സ്വന്തമായി പാകം ചെയ്ത് അത്താഴം കഴിച്ചതും ഇന്ന് ചിരി പകരുന്ന ഓര്‍മ്മകള്‍. പെരുന്നാള്‍ അടുപ്പിച്ച് നാട്ടിലെത്താന്‍ പലപ്പോഴും ശ്രമിച്ചു. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ മിക്കവാറും സാധിക്കുകയും ചെയ്തു. സിനിമയില്‍ എത്തിയപ്പോഴും റമസാന്‍ കാലത്തെ അനുഭവങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ റമസാനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പലപ്പോഴും നാട്ടിലുണ്ടായിട്ടും വീട്ടില്‍ നോമ്പുതുറക്കാന്‍ കഴിയുന്ന അവസരങ്ങള്‍ കുറഞ്ഞുവെന്നതാണ് സത്യം. എങ്കിലും കുടുംബത്തോടൊപ്പം നോമ്പുതുറക്കാന്‍ പരമാവധി ശ്രമിക്കുന്നു. ഇത്തവണ ആദ്യപകുതിയില്‍ നിയമസഭാ സമ്മേളനമായിരുന്നു. നാട്ടിലുണ്ടായിരുന്ന ദിവസങ്ങളില്‍ മിക്കതും വീട്ടില്‍ത്തന്നെ നോമ്പുതുറന്നു.
 പണ്ട് കപ്പയും കഞ്ഞിയുമായിരുന്നു നാടിന് പ്രിയം. ആ സ്ഥാനം ഇന്ന് കുഴിമന്തിയും കഫ്‌സയുമൊക്കെ കയ്യടക്കി. ഈ മോഡേണ്‍ ഫുഡിനോട് എനിക്കുപക്ഷെ അത്ര പ്രിയമില്ല. മാറ്റങ്ങള്‍ എന്തെല്ലാമുണ്ടായാലും അന്നത്തെ നോമ്പുകാലം തന്നെയാണ് പ്രിയപ്പെട്ട കാലം. ഇന്ന് എല്ലാം മെക്കാനിക്കലായി. ഭാവി കൂടുതല്‍ യാന്ത്രികമാവും. വ്രതശുദ്ധിയുടെ പുണ്യം ജീവിതത്തിന്റെ ഭാഗമാക്കാന്‍ നമുക്കെല്ലാം കഴിയട്ടെയെന്നാണ് പ്രാര്‍ത്ഥന. നന്‍മയുടെ വസന്തത്തിന് ഈ മഴക്കാലം സാക്ഷിയാവട്ടെ.
 മകന്റെയും ഉമ്മയുടെയും വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ആരും മോചിതരായിട്ടില്ല. ചെറിയപെരുന്നാളിന് ആ ഓര്‍മ്മകള്‍ അരികില്‍ത്തന്നെയുണ്ട്. അതുപോലെത്തന്നെയാണ് ഗാസയിലെയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമൊക്കെയുള്ള അസ്വസ്ഥതകള്‍. ഗാസയിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഇത്തവണത്തെ ചെറിയ പെരുന്നാളിന്റെ സന്ദേശം. ലോകത്തെവിടെയും വേട്ടയാടപ്പെടുന്ന ജനത്തിനായി ഈ ചെറിയ പെരുന്നാളില്‍ നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.

No comments:

Post a Comment

.