സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Saturday, October 25, 2014

Thursday, October 23, 2014


വികസനത്തിന് വഴി തെളിക്കാന്‍ പാര്‍ട്ണര്‍ കേരള

വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിലും നടപ്പാക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പ്രദേശത്തിന്റെ ആവശ്യങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്നതും മാധ്യമപ്രവര്‍ത്തകരാണ്. മീഡിയകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എത്രയോ പദ്ധതികള്‍ നാടിനുവേണ്ടി നടപ്പാക്കാന്‍ എക്കാലത്തും സര്‍ക്കാരുകള്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാര്‍ട്ണര്‍ കേരള എന്ന പൊതു-സ്വകാര്യ പങ്കാളിത്ത സമവാക്യം ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമ ശില്‍പ്പശാല നടത്തിയത്. തിരുവനന്തപുരത്തെ സീനിയര്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ ശില്‍പ്പശാലയില്‍ പങ്കാളികളായി.
പുതിയ പദ്ധതി കൊണ്ടുവരുമ്പോള്‍ സമൂഹത്തിനുണ്ടാവുന്ന സംശയങ്ങള്‍, ആശങ്കകള്‍, നിര്‍ദേശങ്ങള്‍ ഇവയെല്ലാം മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന നഗരസഭകള്‍ക്ക് പുതിയ പദ്ധതി വലിയ ഗുണം ചെയ്യുമെന്ന ആശയത്തിന് സ്വീകാര്യത ലഭിച്ചു. നഗരസഭകളുടെ ഭൂമിയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായി വികസന പദ്ധതികള്‍ രൂപപ്പെടുത്തും. നിശ്ചിത വര്‍ഷത്തിനുശേഷം ഈ ഭൂമിയും നടപ്പാക്കിയ പദ്ധതിയും നഗരസഭയ്ക്ക് സ്വന്തമാവും. സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുമ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യില്ലെന്നും സുതാര്യമാവുമെന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതില്‍ വിട്ടുവീഴ്ചയില്ല. സേവനങ്ങളുടെ മാനേജ്‌മെന്റാണ് പ്രധാനം. നെടുമ്പാശേരി വിമാനത്താവളംതന്നെയാണ് സുപ്രധാനമായ ഉദാഹരണം. നിക്ഷേപ-ലാഭ അനുപാതത്തില്‍ ലോകത്തുതന്നെ നാലാം സ്ഥാനത്താണ് നെടുമ്പാശേരി വിമാനത്താവളം. ഈ ഭരണരീതി സ്വീകരിക്കാം. മാന്യമായ മാനേജ്‌മെന്റ് ഉറപ്പാക്കിയാല്‍ സംതൃപ്തിയുള്ള സേവനം ജനത്തിന് ലഭിക്കും. നഗരസഭയ്ക്ക് സല്‍പ്പേരും വരുമാനവുമാവും.
അതിവേഗം ഒരു വലിയ നഗരമായി നമ്മുടെ സംസ്ഥാനം മാറുകയാണെന്ന സത്യം ഉള്‍ക്കൊള്ളാതെ ഇനി മുന്നോട്ടുപോകാനാവില്ല. ഇപ്പോള്‍ വരുമാനമുണ്ടാക്കാന്‍ കഴിയാതെ പോയാല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരിഞ്ചു ഭൂമിപോലും നഗരസഭകളില്‍ ഇല്ലാതെ വരും. മാധ്യമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞപോലെ 10 കോടിയുടെ പാലത്തിന് 40 കോടിയുടെ ഭൂമി വാങ്ങേണ്ട സ്ഥിതിയുണ്ടായാല്‍ നഗരസഭകള്‍ക്ക് എന്തുചെയ്യാനാവും. വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാരും ഈ നയംതന്നെയാണ് പിന്തുടരുന്നത്. നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പാര്‍ട്ണര്‍ കേരള വഴി കാണിക്കുകതന്നെ ചെയ്യും.

Tuesday, October 21, 2014

Wednesday, October 15, 2014

Tuesday, October 14, 2014

അര്‍ബണ്‍ 2020 നഗരസഭകളുടെ പദ്ധതി രൂപീകരണം പ്രഫഷണലാക്കുന്നു

തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യവും ആസൂത്രണത്തിലൂന്നിയതുമായ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യാറാക്കാന്‍ 'അര്‍ബന്‍ 2020' എന്ന പദ്ധതിക്ക് രൂപം നല്‍കി. കേന്ദ്ര സര്‍ക്കാരില്‍നിന്നും എഡിബി പോലുള്ള രാജ്യാന്തര ഏജന്‍സികളില്‍നിന്നും വികസന പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കുന്നതിനും യഥാസമയം നടപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന ഈ പദ്ധതി ബുധനാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
  നഗര വികസനത്തിന് കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിന് പ്രഫഷണല്‍ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അര്‍ബണ്‍ 2020 നടപ്പാക്കുന്നത്. ഇതിനായി നടപ്പുവര്‍ഷം 30 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ ഒരു വര്‍ഷത്തിനകം തയ്യാറാക്കും. വിവിധ നഗരപദ്ധതികള്‍ക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍)തയ്യാറാക്കുന്നതിലെ പോരായ്മകള്‍ മൂലം സംസ്ഥാനത്തെ നഗരസഭകള്‍ക്ക് ആവശ്യമായ ധനസഹായം കാലങ്ങളായി വേണ്ടപോലെ ലഭിക്കാറില്ല. ജന്റം പദ്ധതിയുടെ ഫസ്റ്റ് ഫേസിലും ട്രാന്‍സിഷന്‍ ഫേസിലും ഉദ്ദേശിച്ചത്ര പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാന്‍ സാധിക്കാതിരുന്നതും ഡിപിആറിലെ പോരായ്മ മൂലമാണ്. ഫണ്ട് ലഭ്യമായ പദ്ധതികളില്‍പോലും കൃത്യമായ പഠനങ്ങള്‍ നടത്താതെ ഡിപിആര്‍ തയ്യാറാക്കിയതിനാല്‍ നിര്‍വ്വഹണത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ലഭിച്ച തുക പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ പറ്റാതിരിക്കുകയും സര്‍ക്കാറിന് അധികമായി തുക ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ഈ പരിമിതികളെല്ലാം മറികടക്കുന്നതിന് നഗരസഭകളെ സഹായിക്കാനാണ് അര്‍ബണ്‍ 2020 തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ നോഡല്‍ ഏജന്‍സിയായി കെ.എസ്.യു.ഡി.പി. യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെലവും കെഎസ്‌യുഡിപി നല്‍കും. ഇതിനായി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള 31 ഏജന്‍സികളെ  തെരഞ്ഞെടുത്ത് എം പാനല്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ ഏത് ഏജന്‍സിയെ ഉപയോഗിച്ചും നഗരസഭകള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാവുന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും  ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെയും ധനസഹായം ലഭ്യമാക്കുന്നതിന് കെഎസ് യുഡിപി മുന്‍കൈ എടുക്കും. നിലവില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന 1000 കോടി രൂപയുടെ എഡിബി പദ്ധതികള്‍ 2016 ജൂണ്‍ 30ന് പൂര്‍ത്തിയാവുകയാണ്. പുതിയ വായ്പ്പയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ക്കുമുള്ള ഡിപിആര്‍ രൂപീകരണവും പുതിയ സംവിധാനത്തിലൂടെ ആയിരിക്കും തയ്യാറാക്കുന്നത്.                          
 നിലവില്‍ നഗരവികസന പദ്ധതികള്‍ തയ്യാറാക്കുന്നതും അവയ്ക്കുവേണ്ട സാങ്കേതിക, സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും നഗരസഭകളുടെ മാത്രം ചുമതലയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്ന് പരമാവധി ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നേരിട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. പദ്ധതിരേഖ തയ്യാറാക്കുന്നതിന് ആവശ്യമായ തനത് ഫണ്ട് നീക്കിവെയ്ക്കാന്‍ നഗരസഭകള്‍ക്കും കഴിയുകയില്ല.  മെച്ചപ്പെട്ട പദ്ധതി രേഖകള്‍ യഥാസമയം തയ്യാറാക്കി നല്‍കുന്നതിനും പരിമിതയുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയ്ക്ക് ആവശ്യവും അനുയോജ്യവും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതുമായ പദ്ധതികള്‍ കണ്ടെത്തി സമര്‍പ്പിക്കുവാന്‍ സാങ്കേതിക, സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഖര-ദ്രവ മാലിന്യ സംസ്‌കരണപദ്ധതികള്‍, സമഗ്ര ഡ്രെയ്‌നേജ് സംവിധാനം, കാല്‍നട യാത്രക്കാര്‍ക്കുള്ള സ്‌കൈവാക്കുകള്‍, മള്‍ട്ടി ലെവല്‍  പാര്‍ക്കിങ്ങ്, പൈതൃക സംരക്ഷണം, നഗര നവീകരണം, ജലാശയങ്ങളുടെയും കനാലുകളുടെയും സംരക്ഷണം തുടങ്ങി നഗര വികസനത്തിന്റെ സര്‍വ്വമേഖലകളിലും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഈ സംരംഭം വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.   

 



Tuesday, October 7, 2014

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഇനി 'സങ്കേത'ത്തില്‍

നഗരസഭകളില്‍നിന്ന് കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ലഭിക്കാന്‍ സാധാരണക്കാര്‍ പലപ്പോഴും പ്രയാസപ്പെടുന്നത് പതിവുകാഴ്ചയാണ്. യഥാസമയം അനുമതി ലഭിക്കാത്തതിനാല്‍ വലിയ നഷ്ടങ്ങളും സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാന്‍ ഇന്ത്യയില്‍ ആദ്യമായി കെട്ടിടനിര്‍മ്മാണത്തിനുള്ള അപേക്ഷയും അനുമതിയും ഓണ്‍ലൈനിലേക്ക് മാറ്റുകയാണ്. നവംബര്‍ ഒന്നുമുതല്‍ ഔദ്യോഗികമായി ഇത് നിലവില്‍ വരും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ 'സങ്കേതം'എന്ന സോഫ്റ്റ്‌വെയറില്‍ വീട്ടിലിരുന്ന് അപേക്ഷ സമര്‍പ്പിക്കാം. നഗരസഭകളിലേക്ക് വരേണ്ട ആവശ്യമില്ല. സ്ഥലപരിശോധനയുടെ തിയതി, ഫീസ് തുക തുടങ്ങിയ വിവരങ്ങള്‍ മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. 30 ദിവസത്തിനകം പെര്‍മിറ്റ് ലഭിക്കും. രാജ്യത്തിനാകെ മാതൃകയായ ഈ സംവിധാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അവരുടെ ആത്മാര്‍ത്ഥമായ സേവനമാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. നഗരസഭകളിലെ ജീവനക്കാരുടെയും പൊതുജനത്തിന്റെയും പിന്തുണ കൂടിയുണ്ടാവുമ്പോള്‍ ഈ മാതൃകാ പദ്ധതി വന്‍വിജയമാവുമെന്ന് തീര്‍ച്ചയുണ്ട്.