സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, October 16, 2013

കൊച്ചിയില്‍ ലേസര്‍ ഫൌണ്ടന്‍ ഡാന്‍സിങ്ങ് ആറുമാസത്തിനകം

കൊച്ചിയുടെ മുഖം മാറുകയാണ്. ആധുനികതയുടെ മികവുകള്‍ ഈ നഗരത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. ലോകോത്തര നിലവാരമുള്ള സൌകര്യങ്ങളും കൊച്ചിക്ക് വേണം. യഥാര്‍ത്ഥത്തില്‍ കേരള ടൂറിസത്തിന്റെ കവാടമാണത്. കര, വ്യോമ, നാവിക സഞ്ചാരങ്ങളുള്ള അപൂര്‍വ്വം നഗരങ്ങളിലൊന്ന്. രാജ്യത്ത് മുംബൈ കഴിഞ്ഞാല്‍ വളര്‍ച്ചയുടെ വേഗം കൂടുതല്‍ കൊച്ചിക്കാണ്.
 അറബിക്കടലിന്റെ റാണിയെ കൂടുതല്‍ സുന്ദരിയാക്കാനാണ് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ശ്രമം. രാജേന്ദ്രമൈതാനിയില്‍ ആധുനിക ലേസര്‍ ഫൌണ്ടന്‍ ഡാന്‍സിങ്ങ് ആറുമാസത്തിനകം കൊണ്ടുവരും. അതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇന്നലെ തുടക്കമായി. ആംസ്റ്റര്‍ഡാം, ദുബായ് എന്നിവിടങ്ങളിലെപ്പോലെ മനോഹരമായ ലേസര്‍ ഫൌണ്ടനാണ് കൊച്ചിയില്‍ വരുന്നത്. വാട്ടര്‍ സ്ക്രീനില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന മനോഹരമായ സംവിധാനമാണിത്. മൂന്നുകോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന ഈ ദൃശ്യഭംഗി കാണാന്‍ കേരളമാകെ കൊച്ചിയിലേക്കെത്തുമെന്ന് ഉറപ്പാണ്. വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്താവുന്ന ഒട്ടേറെ പദ്ധതികളാണ് വിശാല കൊച്ചി വികസന അതോറിറ്റി രൂപപ്പെടുത്തുന്നത്. എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ സഹായവും മാര്‍ഗനിര്‍ദേശവുമുണ്ടാവുമെന്നും ഉറപ്പ് നല്‍കുന്നു.

Sunday, October 13, 2013

ഒടുവില്‍ അവര്‍ ഭൂമിയുടെ അവകാശികള്‍

പെരിന്തല്‍മണ്ണയ്ക്ക് ഇന്ന് ആഹ്ളാദ ദിനമാണ്. കാഞ്ഞിരക്കുന്ന് കോളനിയില്‍ 14 വര്‍ഷമായി കൈവശാവകാശത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സ്വന്തമായി ഭൂമിയായി. 30 കുടുംബങ്ങള്‍ക്ക് ഇന്ന് രാവിലെ കൈവശാവകാശ രേഖ നല്‍കി.
 മന്ത്രിയായ ഉടനെ, 2012 സെപ്റ്റംബര്‍ എട്ടിന് ജൂബിലി റോഡ് മുസ്ലിംലീഗ് കമ്മിറ്റിയാണ് ആദ്യം ഇക്കാര്യത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചത്. ദീര്‍ഘകാലമായി നടക്കാതെ പോയ പദ്ധതിയുടെ പുതിയ അപേക്ഷയെന്നേ അന്ന് കരുതിയുള്ളൂ. എങ്കിലും ആ ഫയലിനുപിന്നാലെ പോവണമെന്ന് തോന്നി. പിറ്റേന്നുതന്നെ ഇതേക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. സെപ്റ്റംബര്‍ 19ന്  പെരിന്തല്‍മണ്ണ നഗരസഭാ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. 2012 ഒക്ടോബര്‍ 10ന് ഇവിടുത്തെ കുടുംബങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12ന് നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കോളനി നിവാസികള്‍ വീണ്ടും നിവേദനവുമായി വന്നു. നവംബര്‍ 11ന് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു. കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ 2012 നവംബര്‍ 28ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ വീണ്ടും സമയമെടുത്തു. എങ്കിലും ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിച്ചു. സന്തോഷം.  അവകാശമില്ലാത്ത ഭൂമിയില്‍ വീടുവെച്ചവരുടെ ആശങ്ക തീര്‍ന്നു. അവര്‍ക്ക് തല ചായ്ക്കാന്‍ ഭൂമിയില്‍ സ്വന്തമായി മണ്ണുണ്ടായി. കിടപ്പാടമായി.
 കിടപ്പാടമില്ലാത്ത പതിനായിരങ്ങള്‍ക്ക് കിടപ്പാടം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. സീറോ ലാന്റ്ലെസ് പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് കിടപ്പാടം നല്‍‍കി വരുന്നു. മേലെ ശൂന്യാകാശവും താഴെ മരുഭൂമിയുമായിരുന്നവര്‍ക്ക് തല ചായ്ക്കാന്‍ ഇടം ലഭിക്കും. പെരിന്തല്‍മണ്ണയിലെ ഈ 30 കുടുംബങ്ങള്‍ക്ക് പക്ഷെ, ഇരട്ടിയാണ് മധുരം. സ്വന്തം വീട്ടില്‍ അന്യരായി ജീവിച്ചവരുടെ വേദനായാണ് ഇന്ന് അവസാനിച്ചത്. കോളനിയുടെ ആഹ്ളാദത്തില്‍ അത്യാഹ്ളാദത്തോടെ പങ്കുചേരുന്നു. 

Friday, October 11, 2013

പനങ്ങാങ്ങരയില്‍ പുതിയ മാവേലി സ്റ്റോര്‍

കുറെ കാലമായി പനങ്ങാങ്ങരക്കാരുടെ ഒരാവശ്യമായിരുന്നു മാവേലി സ്റ്റോര്‍ . മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനവാര്‍ത്ത പത്രത്തില്‍ കാണുമ്പോഴൊക്കെ അവരെന്നെ ഓര്‍മ്മപ്പെടുത്തും, നമുക്കും വേണം ഒരു മാവേലി. സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ മാവേലി വേഗത്തില്‍ തുടങ്ങാനുമായി. കൂടുതല്‍ സ്ഥലങ്ങളില്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമം.  അതിന്റെ ഭാഗമാണിത്. ഇതിനായി പ്രയത്നിച്ചവര്‍ , പ്രവര്‍ത്തിച്ചവര്‍ തുടങ്ങി എല്ലാവര്‍ക്കും എന്റെ നന്ദി..കുറഞ്ഞ വിലയില്‍ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെയെന്നും ആശംസിക്കുന്നു.