(ജെഡിടി ഇസ്ലാം കോംപ്ലക്സ്, വെള്ളിമാടുകുന്നു, കോഴോക്കോട്)
തികച്ചും അക്കാദമിക് തല്‍പ്പരരായ സമൂഹത്തിന് മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത്. ചരിത്രത്തിന്റെ വര്‍ത്തമാനങ്ങള്‍ കൃത്യതയോടെ പറയാനും പഠിപ്പിക്കാനും കഴിയുന്ന പ്രമുഖരുടെ നിര വേദിയിലും സദസ്സിലുമുണ്ട്. ഇതുപോലൊരു പണ്ഡിത സമ്പന്നമായ സദസ്സ് ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം. കേരള മുസ്ലിം ചരിത്രമെന്ന വിശാലമായ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പറയാതെ പോവരുതാത്ത ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.
കേരള മുസ്ലിംകളുടെ ചരിത്രവും രാഷ്ട്രീയവും സാംസ്കാരിക ജീവിതവുമെല്ലാം ലോകത്തെ അക്കാദമിക് സമൂഹത്തിന് എക്കാലത്തും വളരെ പ്രധാനപ്പെട്ട പഠനവിഷയങ്ങളായിരുന്നു. ഒരുപക്ഷെ ഇത്രയധികം പഠനവിഷയമായ ഒരു ജനസമൂഹം ലോകത്ത് വേറെ കാണില്ല. റോളണ്ട് ഇ മില്ലര്‍, ഫിലിപ്പോ ഒസലോ തുടങ്ങി നിരവധി ചരിത്ര, സാമൂഹ്യ ശാസ്ത്ര പണ്ഡിതര്‍ ആധികാരികമായിതന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഇസ്ലാമിന്റെ ആരംഭം കേരളത്തിലാണെന്ന് വലിയൊരു വിഭാഗം ചരിത്രകാരന്‍മാരും വിശ്വസിക്കുന്നത്. പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാം കേരളത്തിലെത്തിയിട്ടുണ്ടെന്ന് ഇവര്‍ കരുതുന്നു. ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കേരളത്തില്‍ ഇസ്ലാം മതം എത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഇസ്ലാം വികാസം പ്രാപിക്കുന്നത് 12.-13 നൂറ്റാണ്ടുകളിലാണ്.ലോകത്തെ കച്ചവടകേന്ദ്രങ്ങളില്‍ കോഴിക്കോടിന് വലിയ സ്ഥാനമുണ്ടായിരുന്നു. കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന വ്യാപാരകേന്ദ്രമായിരുന്നു മുസരിസ്. മറ്റാരേക്കാളും മുമ്പേ ഇന്ത്യന്‍മഹാസമുദ്രത്തിന്റെ കച്ചവട ആധിപത്യം അറബികള്‍ക്കുണ്ടായിരുന്നു. അറബികളുമായുള്ള ഈ ബന്ധം കേരള മുസ്ലിംകളുടെ മതവിസ്വാശം, ജീവിതരീതി, ഭാഷ, സാഹിത്യം എന്നിവയിലെല്ലാം പ്രകടമാണ്. തദ്ദേശീയ ജനവിഭാഗങ്ങളുമായി അത് സൃഷ്ടിച്ച സൌഹാര്‍ദ്ദം പ്രധാനമാണ്. അറബികള്‍ക്കുശേഷം വന്ന പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം തദ്ദേശീയ ജനതക്കുമേല്‍ ആധിപത്യം സ്ഥാപിച്ചവരാണ്, എന്നാല്‍ അറബികള്‍ അതൊരിക്കലും ചെയ്തില്ല.
12മുതല്‍ 16 -ാം നൂറ്റാണ്ടുവരെയുള്ള കേരള മുസ്ലിംകളുടെ ചരിത്രം സാമൂതിരിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. സാമ്പത്തികമായും സാംസ്കാരികമായും ഇരുവിഭാഗങ്ങള്‍ക്കും ഗുണപ്രദമായിരുന്നു ഈ ബന്ധം. ത്യാഗനിര്‍ഭരമായ ഒരു ചെറുത്തുനില്‍പ്പിന്റെ ചരിത്രംകൂടി കേരള മുസ്ലിംകള്‍ക്കുണ്ട്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് മരക്കാര്‍മാര്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരു നൂറ്റാണ്ടുകാലത്തോളം കേരളത്തില്‍ രാഷ്ട്രീയാധികാരം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പ്. മുസ്ലിം ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണത്തിളക്കമാണ് മലബാര്‍ കലാപം.
സാമ്രാജ്യത്വ വിരുദ്ധ മനസ്സാണ് മുസ്ലിംകള്‍ വിശേഷിച്ച് മലബാറിലെ മുസ്ലിംകള്‍ക്ക് ഉണ്ടായിരുന്നത്. സ്വാഭാവികമായും തിരുവിതാംകൂറിലും കൊച്ചിയിലും നേരിട്ടതിനെക്കാള്‍ പതിന്മടങ്ങ് പ്രതിബന്ധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് മലബാറിലുണ്ടായി. അതുകൊണ്ടുതന്നെ സാമ്രാജ്യത്വപക്ഷപാതികളായ ചരിത്രകാരന്‍മാര്‍ മുസ്ലിംകളെ അക്രമകാരികളായി ചിത്രീകരിച്ചു. മതമൌലികതയാണ് ഇതിന്റെ പിന്നിലെന്ന് അധിക്ഷേപിച്ചു. തീര്‍ച്ചയായും മതം ഈ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷേ, മതമായിരുന്നില്ല അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടങ്ങള്‍ക്ക് മതം ഊര്‍ജ്ജം നല്‍കിയെന്നുമാത്രം.
അമിതമായ ദേശസ്നേഹത്തില്‍നിന്ന് ഉടലെടുത്ത ബ്രിട്ടീഷ് വിരോധം അവരെ നാടുകടത്തുന്നതില്‍ കലാശിച്ചു. സാമ്രാജ്യത്വ വിരുദ്ധ സമീപനം ഇംഗ്ലീഷ് ഭാഷയോടുപോലും മടുപ്പുണ്ടാക്കി. പുരോഗമന തല്‍പ്പരരായ രാജാക്കന്‍മാരുടെ കീഴില്‍ തെക്കന്‍കേരളം വളര്‍ന്നപ്പോള്‍ മലബാര്‍ പിന്നോട്ടുപോയി. ചുരുക്കത്തില്‍ 1947 സ്വാതന്ത്യം ലഭിക്കുമ്പോള്‍ മലബാറും തെക്കന്‍ കേരളവും തമ്മില്‍ വിദ്യാഭ്യാസത്തിലുള്ള അന്തരം നൂറുവര്‍ഷമായി മാറിയിരുന്നു. 1864ല്‍ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജ് വന്നു, മുസ്ലിം നവോത്ഥാനത്തിന് നാഴികക്കല്ലായ ഫാറൂഖ് കോളജ് സ്ഥാപിച്ചത് 1948ലാണ്. ഈ അന്തരം മാറ്റിയെടുക്കാന്‍ മുസ്ലിം നേതാക്കളും രാഷ്ട്രീയ നേതൃത്വവും നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടുതുടങ്ങി. വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തികള്‍ക്കും സമുദായ സംഘടനകള്‍ക്കും ബോധമുണ്ടായതാണ് മാറ്റങ്ങളുടെ തുടക്കം. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം. സീതിസാഹിബും സി.എച്ച്. മുഹമ്മദ്കോയാ സാഹിബും ഉള്‍പ്പടെയുള്ളവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വം കേരളത്തിലെ മുസ്ലിംകളുടെ സാമൂഹ്യജീവിതംതന്നെ മാറ്റിമറിച്ചു. 1970കളുടെ തുടക്കത്തിലുണ്ടായ ഗള്‍ഫ് കുടിയേറ്റം മുസ്ലിം ചരിത്രം മാറ്റിയെഴുതി. സമ്പത്ത് മാത്രമല്ല, സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങള്‍ക്ക് ഇത് വഴിയൊരുക്കി. പട്ടിക്കാട് ജാമി നൂരിയ്യ, ചെമ്മാട് ദാറുല്‍ഹുദ, ശാന്തപുരം ഇസ്ലാഹിയ, കാരന്തൂര്‍ മര്‍ക്കസ്, ഫറോക്ക് കോളജ് റൌലത്തുല്‍ ഉലൂം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കി. 1968 ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ എല്ലാ മല്‍സരപരീക്ഷകളിലും കേരളത്തിന്റെ മുന്നിലെത്താന്‍ ജില്ലക്ക് കഴിഞ്ഞുതുടങ്ങി. കാലിക്കറ്റ് സര്‍വ്വകലാശാലയും അലിഗഡ് ഓഫ് ക്യാമ്പസും ഇപ്പോള്‍ മലയാളം സര്‍വ്വകലാശാലയും ജില്ലയുടെ വിദ്യാഭ്യാസ നേട്ടത്തിന്റെ അടയാളങ്ങളാണ്.
സാമ്പത്തികാവസ്ഥയില്‍ മുസ്ലിം സമുദായം മുന്നിലെത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതുപറയുമ്പോള്‍ നബിവചനം ഓര്‍ത്തുപോവുകയാണ്-*നിങ്ങള്‍ക്ക് ദാരിദ്ര്യം വരുന്നതിനെക്കുറിച്ച് എനിക്ക് ഭയമില്ല. മറിച്ച് െഎശ്വര്യം വരുന്നതിലാണ്*. സമ്പത്ത് കിടമല്‍സരത്തിനും ദൈവസ്മരണ അകറ്റുന്നതിനും വഴിയൊരുക്കുമെന്നാണ് ഈ വചനത്തിന്റെ ഉള്ളടക്കം. പൂര്‍വ്വികരുടെ സംഭാവനകള്‍ പലതും കൈമോശം വരുന്നതിന്റെ ലക്ഷണങ്ങള്‍ ഇന്ന് പ്രകടമാണ്. അവര്‍ രൂപപ്പെടുത്തിയ െഎക്യബോധം നഷ്ടപ്പെടുത്തുകയും ഭിന്നതയിലേക്ക് നീങ്ങുകയും ചെയ്യുന്നതില്‍ സമുദായ സ്നേഹികളുടെ ദുഖം നേതൃത്വങ്ങള്‍ തിരിച്ചറിയണം. പള്ളികളും മദ്രസകളുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങളില്ലാത്ത കോടതികള്‍ കേരളത്തിലില്ലാതായിരിക്കുന്നു. കലഹങ്ങള്‍ അവസാനിക്കാതെ നന്‍മകളുണ്ടാവില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലാണ് ഒരുമ കാണിക്കേണ്ടത്. സമുദായങ്ങള്‍ തമ്മില്‍ എന്ന പോലെ സമുദായങ്ങള്‍ക്കുള്ളിലും െെഎക്യം വേണം. മതേതരത്വത്തിലൂന്നിയ രാഷ്ട്രീയ ഏകീകരണവും ആവശ്യമാണ്. അത്തരം നീക്കങ്ങള്‍ക്ക് തുടക്കമാവാന്‍ ഇതുപോലുള്ള സംവാദങ്ങള്‍ക്കും സെമിനാറുകള്‍ക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.
No comments:
Post a Comment
.