സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, December 17, 2013

ഹരിതരാഷ്ട്രീയത്തിലെ മൂന്നാംവര്‍ഷം


ഇന്ന് ഡിസംബര്‍ 17. മൂന്നുവര്‍ഷം മുമ്പ് 2010ലെ ഈ ദിനത്തിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്ന് അംഗത്വം സ്വീകരിച്ച്ഹരിതരാഷ്ട്രീയത്തിലേക്കുള്ള എന്‍റെ പ്രവേശം .മലപ്പുറം കിഴക്കേതലയില്‍ കോരിച്ചൊരിയുന്ന മഴയും പതിനായിരങ്ങളുമായിരുന്നു സാക്ഷി. ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍നിന്ന് ക്രിയാത്മക രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പ്. യാഥാര്‍ത്ഥ്യങ്ങളെ കപടവാദങ്ങള്‍കൊണ്ട് മൂടിവെക്കുന്നവര്‍ക്കിടയില്‍നിന്ന് അതിനെ സ്നേഹപൂര്‍വ്വം അഭിമുഖീകരിക്കുന്നവരിലേക്കുള്ള ദൂരം വളരെ വലുതാണ്. ആ ദൂരത്തിലേക്ക് ഓടിയെത്താനാണ് എന്റെ ശ്രമം.

 സമുദായത്തിന്റെ പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെ സ്നേഹപൂര്‍വ്വവും അല്ലാതെയും പലരും ചോദ്യം ചെയ്തിരുന്നു. ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബ്, കെ.എം. സീതി സാഹിബ്, സി.എച്ച്. മുഹമ്മദ്കോയ തുടങ്ങി അനേകം നേതാക്കളെ മുസ്ലിം എന്ന പേരില്‍ മാത്രമല്ല സമൂഹം കണ്ടത്. പൂക്കോയതങ്ങളെയും ശിഹാബ് തങ്ങളെയും ഹൈദരലി തങ്ങളെയും സമൂഹം ആദരിക്കുന്നത് അതേ ഗണത്തില്‍പ്പെടുത്തിയുമല്ല. കര്‍മ്മഫലമാണ് അവര്‍ക്കുള്ള അംഗീകാരങ്ങള്‍ . മനസ്സിന്റെ തേജസ്സാണ് ആ സ്നേഹാദരങ്ങളുടെ അടിത്തറ.  സമൂഹത്തെ തിരുത്താനും നേര്‍വഴിക്ക് നടത്താനുമുള്ള സൌമ്യസാന്നിധ്യങ്ങളാണ് ഇവരെല്ലാം. അവരുടെ ഹൃദയങ്ങളില്‍നിന്നുള്ള ആശയങ്ങളെ പിന്തുണക്കുന്നതും പിന്തുടരുന്നതും ശരിയെന്ന് വിശ്വസിച്ചു. അതാണ് മുസ്ലിംലീഗില്‍ അണിനിരക്കാന്‍ പ്രേരണയായത്. വിരസതയുടെ ഒമ്പതാണ്ടിനിടെ  'ഡിസ്പോസിബിള്‍' രാഷ്ട്രീയത്തിന്റെ ചരിത്രം എന്റെ കാര്യത്തിലും ആവര്‍ത്തിച്ചുവെന്നതും വിസ്മരിക്കുന്നില്ല.
 പാണക്കാട് തങ്ങള്‍ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിന് നൂറുവര്‍ഷത്തിലധികം കാലത്തെ അടുത്ത ബന്ധമുണ്ട്. ഉപ്പയോടൊപ്പം പാണക്കാട്ട് ഇടക്കിടെ പോവുകയും ചെയ്തിരുന്നു. കെയ്റോ യൂണിവേഴ്സിറ്റിയിലെ പഠനം കഴിഞ്ഞ് ശിഹാബ് തങ്ങള്‍ നാട്ടിലെത്തിയ കാലത്ത് അവിടെ നിത്യവും പോവാറുണ്ടായിരുന്നു. പൂക്കോയതങ്ങള്‍ക്ക് പത്രം വായിച്ചുകേള്‍പ്പിക്കാനുള്ള ചുമതല പലപ്പോഴും എനിക്കുകിട്ടി. സ്കൂള്‍ കാലത്തെ ആ ബന്ധം ജീവിതത്തില്‍ ഒരിക്കലും മുറിഞ്ഞുപോയിരുന്നില്ല. സാഹചര്യങ്ങള്‍കൊണ്ട് രാഷ്ട്രീയത്തില്‍ വരാനും മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ മല്‍സരിക്കാനും തീരുമാനമെടുക്കേണ്ടി വന്നു. അപൂര്‍വ്വമായെങ്കിലും ജീവിതത്തിലെ ചില ജയങ്ങള്‍ തോല്‍വിയാണ്. ചുറ്റുവട്ടത്തെ കാപട്യങ്ങള്‍ തിരിച്ചറിയുമ്പോഴാണ് അതിന്റെ ആഴമറിയുകയെന്നുമാത്രം.  മുഖംമൂടിയില്ലാത്ത രാഷ്ട്രീയമാണ് മുസ്ലിംലീഗിന്റെ ആകര്‍ഷണം. നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍, വാക്കിനും പ്രവൃത്തികള്‍ക്കുമിടയില്‍ ഒരിടത്തും കര്‍ട്ടണില്ല. നന്മ തുളുമ്പുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആത്മീയതയുടെ പശ്ചാത്തലം. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ദരിദ്രര്‍ക്ക് പാര്‍പ്പിടവും ജീവിതമാര്‍ഗവും കണ്ടെത്താന്‍ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം ലോകത്തൊരിടത്തും കാണില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംലീഗിന്റെ ശൈലി മറ്റുള്ളവര്‍ പിന്തുടരേണ്ടി വന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മല്‍സരിക്കേണ്ടി വന്നതിന്റെ വൈമനസ്യം ഇവിടെവന്നപ്പോള്‍ പ്രവര്‍ത്തകരോ നേതാക്കളോ കാണിച്ചില്ല. പഴയതൊന്നും മനസ്സില്‍വെക്കാതെ സ്നേഹത്തോടെ സ്വീകരിച്ചു. ഹരിതരഥത്തില്‍ നേതാക്കള്‍ക്കരികില്‍ ഇരിപ്പിടവും നല്‍കി. ഉത്തരവാദിത്തവും ഏല്‍പ്പിച്ചു.
 പ്രവാസിലീഗിന്റെ ചുമതലയാണ് പാര്‍ട്ടിയില്‍ എനിക്കുള്ളത്. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയവരുടെ ജീവിതത്തിലേക്ക് കടന്നുചെന്നു. ഇവര്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനയായി പ്രവാസി ലീഗ് മാറി. പ്രവാസികള്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി ഹരിത സഹകരണ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചു. എല്ലാ പഞ്ചായത്തുകളിലും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് ഞങ്ങള്‍. രാഷ്ട്രീയത്തിനപ്പുറത്തുള്ള ഇത്തരം നന്മകളോട് സമരസപ്പെടാവുന്ന ആര്‍ക്കും കടന്നുവരാം. കൂട്ടായ്മയുടെ ഭാഗമായി മാറി കുടുംബത്തെയും സമൂഹത്തെയും സുരക്ഷിതമാക്കുകയും ചെയ്യാം.
 എംഎല്‍എയും മന്ത്രിയുമാവാന്‍ വേണ്ടിയല്ല മുസ്ലിംലീഗിലേക്ക് വന്നത്. കരാര്‍ പ്രകാരമാണ് വരവെന്ന വിമര്‍ശനം ഇന്നും എന്റെ കാതിലുണ്ട്. മല്‍സരിക്കാനായിരുന്നെങ്കില്‍ മങ്കടയില്‍തന്നെ ആവാമായിരുന്നു. എന്നാല്‍ പെരിന്തല്‍മണ്ണ പിടിച്ചെടുക്കാനാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. അത് ഏറ്റെടുത്തു, അത്രമാത്രം. ബിസിനസ്സും സിനിമയും കഴിഞ്ഞാണ് പൊതുരംഗത്തേക്ക് ഞാന്‍ വരുന്നത്. ഈ കര്‍മ്മപഥത്തില്‍ വൈകിയെത്തിയതാണ് എന്റെ പോരായ്മ. അതുനികത്താനാണ് ശ്രമം. ഔദ്യോഗികമായ ഉത്തരവാദിത്തങ്ങള്‍ക്കിടെ അതിനായി പാര്‍ട്ടി പരിപാടികളുടെ ഓവര്‍ടൈം. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ നേതാക്കള്‍ക്കൊപ്പം, അവരുടെ നിര്‍ദേശപ്രകാരം പരിപാടികള്‍. മുസ്ലിംലീഗ് ഒരു അക്കരപ്പച്ചയാണെന്നായിരുന്നു എനിക്കെതിരെയുള്ള ചിലരുടെ വിമര്‍ശനം. അടുത്തുചെന്നപ്പോള്‍ മനസ്സിലായി, അക്കരെയല്ല, അകത്തും പച്ചതന്നെ. മനുഷ്യസ്നേഹത്തിന്റെ, സഹാനുഭൂതിയുടെ തിളക്കമാര്‍ന്ന പച്ച.

5 comments:

  1. ഹൃദയം തൊട്ടുള്ള, ഏച്ചുകെട്ടുകളില്ലാത്ത ലേഖനം, വായിച്ചു തീരാതിരുന്നെങ്കില്‍ എന്നാശിച്ചു പോയി...

    ReplyDelete
  2. wish you all success.minority devolopmental finance corpn has a big role in kerala.During yester years the fund goes to state channelising agencies of national minority devp.finance corpn.[kwomens devp corpn etc]disbursed those fund, such as micro loan,not for muslim minorities and in the case of stipend to coaching center students also spent not for minorities.Lakhs of rupees disbursed during 2011 to2013,not for real minorities.ksmdfc must be the SAC of NMDFC

    ReplyDelete
  3. I was also Part of this Event...................

    ReplyDelete
  4. ചവിട്ടിതാഴ്ത്താന്ഇരുന്നുകൊടുക്കാത്തതിലുള്ളദേശ്ശൃഠഅവറ്ക്കിപ്പോഴുംഉണ്ട്

    ReplyDelete

.