സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, April 21, 2014

ഇവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല... ദുഖത്തില്‍ പങ്കുചേരുന്നു..

സൗദിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനപകടത്തില്‍ മരിച്ച നാലുപേരുടെ വീടുകളില്‍ പോയി. ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ടു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. അപ്രതീക്ഷിത മരണങ്ങളെ പ്രാര്‍ത്ഥനകളിലൂടെ അതിജീവിക്കുകയല്ലാതെ ആശ്വാസമില്ല. 
 തിരൂരിലും കുറ്റിപ്പാലയിലും മലപ്പുറത്തുമുള്ളവരാണ് മരിച്ചവര്‍. കുറ്റിപ്പാലയിലെ ശ്രീധരേട്ടന്റെ വീട് മൂകമായിരുന്നു. അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോള്‍ എനിക്ക് എന്റെ മകനെയാണ് ഓര്‍മ്മ വന്നത്. മേല്‍മുറിയിലെ സലിമിന്റെ വീട്ടില്‍ മരണമറിഞ്ഞ് എത്തുന്നവരെ കളിചിരിയുമായി സ്വീകരിക്കുകയാണ് ഒന്നുമറിയാത്ത പിഞ്ചുമക്കള്‍. 10 മാസം പ്രായമായ കുഞ്ഞിനെ കാണാന്‍ തിരൂരിലെ നവാസ് ഇനി വരില്ല. ഓരോ വീടുകളും വേദനകളുടെ ഓരോരോ പാഠങ്ങളായാണ് തോന്നിയത്. നാട്ടിലെ ജീവിതത്തിന്റെ സന്തോഷവും സുഖ ദു:ഖങ്ങളും അനുഭവിക്കാന്‍ കൊതിയില്ലാഞ്ഞല്ലല്ലോ ആരും വിദേശത്ത് തൊഴിലെടുക്കാന്‍ പോകുന്നത്. കുടുംബത്തിന്റെ പ്രതീക്ഷയായി വളരുമ്പോള്‍ താങ്ങായി നില്‍ക്കണം. മുമ്പൊക്കെ കുറച്ചുകാലം വിദേശത്ത് ജോലി ചെയ്താല്‍ ഭേദപ്പെട്ട സമ്പാദ്യമുണ്ടാക്കാമായിരുന്നു. ഇന്ന് ചെലവുകള്‍ കൂടിയപ്പോള്‍ വരുമാനം കുറഞ്ഞു. കഷ്ടപ്പാടുകള്‍ വര്‍ധിച്ചു. മരുഭൂമിയുടെ ചൂടും അന്യനാടിന്റെ നൊമ്പരങ്ങളും തൊഴിലിന്റെ ദുരിതങ്ങളും ഒന്നും വീട്ടില്‍ അറിയിക്കാതെ പ്രവാസികള്‍ അവിടെ കഷ്ടപ്പെടുന്നു. വീടിന്റെ സന്തോഷമാണ് പ്രധാനം. വെള്ളിയാഴ്ചകളില്‍ വീട്ടിലെത്തുന്ന ഫോണിലൂടെയാണ് ഇവരുടെ ജീവിതം. ആ വര്‍ത്തമാനങ്ങളാണ് നാളെയുടെ പ്രതീക്ഷ നല്‍കുന്നത്. ഈ കുടുംബങ്ങളില്‍ അതൊക്കെ അവസാനിച്ചു. കുടുംബത്തിന്റെ അത്താണിയായവര്‍ വിട്ടുപോയി. അവരില്ലാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് ഈ കുടുംബങ്ങള്‍ക്ക് ഉത്തരമില്ല.
ജീവിതത്തിന്റെ സര്‍വ്വ സന്തോഷങ്ങളുമായി വല്ലപ്പോഴും നാട്ടിലെത്തുന്നവരാണ് പ്രവാസികള്‍. പ്രവാസം കഴിഞ്ഞ് നാട്ടില്‍ സകുടുംബം ജീവിക്കാന്‍ കൊതിയുള്ളവര്‍. ആ സ്വപ്‌നങ്ങളെയാണ് അപകടങ്ങള്‍ പറിച്ചുമാറ്റുന്നത്. മാതാപിതാക്കള്‍ ജീവിച്ചിരിക്കെയാണ് മക്കള്‍ മരണപ്പെട്ടത്. ഓടിട്ട വീടിനുമേല്‍ കരുതിവെച്ച സ്വപ്‌നങ്ങളാണ് അവസാനിച്ചത്. അങ്ങനെ ഓരോ കുടുംബങ്ങളും ഓരോരോ സങ്കടങ്ങള്‍. ഇന്നലെകളിലെ യാത്രപറച്ചിലെല്ലാം ഇവര്‍ക്ക് അവസാനത്തേതായി. ഇവയെല്ലാം സഹിക്കാനും വേര്‍പാടുകളെ അതിജീവിക്കാനും ഈ കുടുംബങ്ങള്‍ക്ക് കഴിയട്ടെ. പ്രവാസികളുടെ നന്‍മകളില്‍ ഇവരുടെ കുടുംബങ്ങളും ആശ്വസം കണ്ടെത്തട്ടെ.





No comments:

Post a Comment

.