സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, April 24, 2014

ഡോക്ടറും എന്‍ജിനീയറും മാത്രം മതിയോ..

മെഡിക്കല്‍, എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷകള്‍ കഴിഞ്ഞു. 1.90 ലക്ഷം പേര്‍ എന്‍ജിനീയറിങ്ങ് പ്രവേശനത്തിനും 1.20 ലക്ഷം പേര്‍ മെഡിക്കല്‍ പ്രവേശനത്തിനും പരീക്ഷ എഴുതി. ഭേദപ്പെട്ട തൊഴില്‍ സ്വന്തമാക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സഞ്ചരിച്ച വഴികളിലൂടെ തന്നെയാണ് ഇന്നും നമ്മുടെ സഞ്ചാരമെന്ന് തോന്നിപ്പോവുന്നു. സംസ്ഥാനത്തെ 327 കേന്ദ്രങ്ങള്‍ക്ക് മുന്നിലും ആധിയോടെ അല്ലെങ്കില്‍ ആകാംക്ഷയോടെ അക്ഷമരായ രക്ഷിതാക്കളുടെ മുഖം ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. പണ്ടത്തെതില്‍നിന്ന് ആകെ വ്യത്യാസമുള്ളത് രാവിലത്തെ പരീക്ഷക്കുശേഷം ഭക്ഷണത്തിനെത്തുമ്പോള്‍ പൊട്ടിക്കരയുന്ന കുട്ടികളെയും അമ്മമാരെയും കണ്ടിരുന്നിടത്ത് ഇപ്പോള്‍ കുട്ടികളെ കാണാനില്ല. അതിന്റെ ഇരട്ടി അമ്മമാരുടെ മുഖത്ത് കാണുകയും ചെയ്യാം. 
നമ്മുടെ മക്കള്‍ നല്ല നിലയില്‍ ജീവിക്കണമെന്നാണ് എല്ലാവരുടെയും മോഹം. എന്നാല്‍ എല്ലാവരും എന്‍ജിനീയറും ഡോക്ടറുമായാല്‍ പറ്റുമോ. കേരളത്തിനകത്തും പുറത്തും എത്രയെത്ര അവസരങ്ങളുണ്ട്. അഭിഭാഷകര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍,  ഡ്രൈവര്‍, കുക്ക് തുടങ്ങി സര്‍വ്വ മേഖലകളിലും അവസരങ്ങളുണ്ട്. എന്നാല്‍ അനാവശ്യമായ വേര്‍തിരിവ് ഈ തൊഴിലുകള്‍ക്കിടയില്‍ ഉണ്ടായിപ്പോയി. ഏതുതൊഴിലിനെയും മാന്യമായി കാണാനും സമീപിക്കാനുമുള്ള ശീലം വിദേശങ്ങളില്‍നിന്ന് നാം പഠിക്കണം. എല്ലാ ജോലികള്‍ക്കും അതിന്റെതായ റിസ്‌ക്കുകളുണ്ട്. തൊഴില്‍ സമയം കഴിഞ്ഞാല്‍ അല്ലെങ്കില്‍ തൊഴില്‍ശാലക്ക് പുറത്ത് എല്ലാവരും ഒരുപോലെതന്നെയാണ്. മാന്യതയുണ്ടെന്ന് കരുതുന്ന തൊഴിലെടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അരിക്കും ഉപ്പിനും മുളകിനുമൊന്നും വില വ്യത്യാസമില്ലല്ലോ. ചില തൊഴിലുകള്‍ക്കുമാത്രമേ ഗെറ്റപ്പ് ഉള്ളുവെന്ന ചിന്തയാണ് എന്‍ജിനീയറിങ്ങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ തിരക്ക് കുറയാത്തതിന് കാരണം.  
 വാര്‍ധക്യം പ്രശ്‌നമാവുന്ന കാലത്തേക്കാണ് കേരളം നീങ്ങുന്നത്. അരനൂറ്റാണ്ടുകൂടി കഴിയുമ്പോള്‍ നമ്മുടെ സംസ്ഥാനം വൃദ്ധരുടെ സിറ്റിയാവുമെന്നാണ് നിരീക്ഷണം. നമ്മുടെ ചെറുപ്പക്കാര്‍ നല്ല തൊഴിലും ജീവിതവും തേടി വലിയ നഗരങ്ങളിലേക്ക് ചേക്കേറും. വേഗമാണ് ഈ കാലത്തെ നയിക്കുന്നത്. അവിടെ രക്ഷിതാക്കളെ നോക്കാന്‍ മക്കളുണ്ടാവുമെന്ന് ഉറപ്പുപറയാനാവില്ല. അമ്മ മരിച്ച് 20 ദിവസം കഴിഞ്ഞ് മക്കള്‍ മരണവിവരമറിഞ്ഞ വാര്‍ത്ത അടുത്തകാലത്ത് വായിച്ചു. തിരക്കിനിടയില്‍, നമുക്ക് രക്ഷിതാക്കള്‍ക്ക് തുണയാവാന്‍ പലപ്പോഴും മക്കളെ കിട്ടിയെന്നു വരില്ല. മക്കളെ നന്നായി പഠിപ്പിക്കണം. അവരുടെ അഭിരുചിക്കനുസരിച്ച് വളര്‍ത്തണം. ഡോക്ടറും എന്‍ജിനീയറുമല്ലെങ്കിലും നല്ല നിലയില്‍തന്നെ ജീവിക്കാനാവുമെന്ന് ബോധ്യപ്പെടുത്തണം. എത്ര തികച്ചാലും തികയാത്ത മെഡിക്കല്‍, എന്‍ജിനീയറിങ്ങ് സീറ്റുകള്‍ക്കായി മല്‍സരിക്കുന്നത് കുറയ്ക്കാം. അഭിരുചിയുള്ളവരെ അവരുടെ വഴിക്ക് പറഞ്ഞുവിടാന്‍ മലയാളിയുടെ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല. ഡോക്ടര്‍/എന്‍ജിനീയര്‍ ഭ്രമം കളഞ്ഞ് കടമ നിര്‍വ്വഹിക്കുന്ന മക്കളെ വളര്‍ത്തിയെടുക്കാനുള്ള മല്‍സരമാണ് നാം നടത്തേണ്ടത്. അതില്‍ വിജയിച്ചാല്‍ മക്കളുടെ ജീവിതംതന്നെയാണ് വിജയിക്കുന്നത്.

No comments:

Post a Comment

.