സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, September 29, 2015

സ്്‌നേഹസംഗമം വെട്ടത്തൂരില്‍

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നിയോജക മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും സ്‌നേഹസംഗമങ്ങള്‍ നടത്തി വരുകയാണ്. ഇന്ന് വെട്ടത്തൂര്‍ പഞ്ചായത്തിലായിരുന്നു പര്യടനം. കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച മനോഹരമായ റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, പുതിയ ഹൈസ്‌കൂള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങി അനേകം പദ്ധതികള്‍ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. അതിനെല്ലാമുള്ള സ്‌നേഹവുമായാണ് ആളുകള്‍ ഓരോ സ്ഥലത്തും എത്തിയത്. വീട്ടുകാര്യങ്ങള്‍ പോലും സ്‌നേഹസംഗമത്തില്‍ പങ്കുവെയ്ക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയ കാര്യത്തില്‍ പ്രധാനം വികസനമാണുതാനും. എം.എല്‍.എ. എന്ന നിലയില്‍ കൊണ്ടുവന്ന പദ്ധതികള്‍ പോലും നിരസിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായതിന്റെ പ്രയാസം മറച്ചുവച്ചില്ല. നാടിന്റെ ആവശ്യത്തിന് ഒന്നാംസ്ഥാനം നല്‍കുമെന്ന് ഉറപ്പുള്ളവരെ മാത്രമേ ഇനി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കാവൂ എന്നാണ് എ്‌ന്റെ പക്ഷം.

Sunday, September 20, 2015

'ഞങ്ങള്‍ക്കുമുണ്ട് ചില ആവശ്യങ്ങള്‍...'

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടത്തുന്ന 'സ്‌നേഹസംഗമ' യാത്രയ്ക്കിടെ റോഡ് വേണമെന്ന ആവശ്യവുമായി കുട്ടികള്‍ വന്നു. കൂട്ടത്തിലൊരുവന്‍ ആ സ്വകാര്യം ചെവിയില്‍ വന്നു പറഞ്ഞു. ഏലംകുളം പഞ്ചായത്തിലെ ശോചനീയമായ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കുട്ടിപ്പട്ടാളത്തിന് ഉറപ്പുനല്‍കി. പഞ്ചായത്തുഫണ്ടില്‍നിന്ന് നടപ്പാക്കേണ്ട പ്രവൃത്തിയാണെങ്കിലും അവര്‍ ചെയ്യുന്നില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ പരിഹാരമുണ്ടാക്കേണ്ട ഉത്തരവാദിത്തമുണ്ട്. തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരിനൊപ്പം വികസനകാര്യങ്ങളില്‍ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസിന്റെ നാട്ടില്‍, മറ്റിടങ്ങളിലെത്തിയ വികസനം വന്നുചേരാന്‍ ഇനിയും കാലമെടുക്കും. വൈകുന്തോറും നാട് പിന്നോക്കം പോവുകയും ചെയ്യും. കൊടിയുടെ നിറം നോക്കാതെ നാടിനായി ഒന്നിക്കാന്‍ മടിച്ചുനില്‍ക്കരുതെന്നാണ് സ്‌നേഹസംഗമയാത്രയില്‍ ഞാന്‍ മുന്നോട്ടുവെയ്ക്കുന്നത്.





Friday, September 18, 2015






മണ്ഡലത്തില്‍ നടത്തുന്ന സ്‌നേഹസംഗമയാത്രയുടെ ആദ്യദിനമായിരുന്നു ഇന്ന്. മേലാറ്റൂര്‍ പഞ്ചായത്തിലെ 20 കേന്ദ്രങ്ങളില്‍ അനേകം പേരെ നേരില്‍ കണ്ടു. റോഡും പാലവും ശുദ്ധജല പദ്ധതികളും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും കെട്ടിടങ്ങളും അങ്ങനെ അനേകം പദ്ധതികള്‍ നടപ്പാക്കിയ ശേഷമായിരുന്നു രണ്ടാംവട്ടമുള്ള ഈ കൂടിക്കാഴ്ച. തെരഞ്ഞെടുപ്പുകാലത്ത് നടപ്പാക്കാമെന്ന് ഉറപ്പുനല്‍കിയ പദ്ധതികളേക്കാള്‍ എത്രയോ ആവശ്യങ്ങള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. എല്ലാം ഓര്‍ത്തുവച്ചവര്‍ക്കിടയിലേക്കാണ് കടന്നുചെന്നതെന്ന് ബോധ്യമായി. ആഹ്ലാദകരമായ അനേകം അനുഭവങ്ങളാണ് സ്‌നേഹസംഗമം നല്‍കുന്നത്. അതിന്റെ സന്തോഷമാണ് ഇന്നത്തെ സമ്പാദ്യം. കക്ഷിരാഷ്ട്രീയത്തിന്റെ മുഖമില്ലാതെയാണ് എല്ലാവരും വന്നത്. കൂടുതല്‍ കരുത്തോടെ, ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനുള്ള ആവേശമാണ് ഇവയെല്ലാം തരുന്നത്. രാവിലെ ഒമ്പതുമുതല്‍ തുടങ്ങിയ പര്യടനം രാത്രി വരെ നീണ്ടു.
എംഎല്‍എ അധ്യക്ഷനും മന്ത്രി ഉദ്ഘാടകനുമാവുന്ന പതിവുതെറ്റിച്ച് എംഎല്‍എ ഉദ്ഘാടകനും മന്ത്രി പ്രാസംഗികനുമായ ചടങ്ങാണെന്ന് പറഞ്ഞാണ് സി.പി. മുഹമ്മദ് മേലാറ്റൂരില്‍ രാത്രി ഏഴിന് നടന്ന ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. അഡ്വ. എം. ഉമ്മര്‍ എംഎല്‍എ, പി.വി. മനാഫ് തുടങ്ങിയവരും പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാനെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ആലിപ്പറമ്പ് പഞ്ചായത്തിലാണ് സ്‌നേഹസംഗമം.

Thursday, September 17, 2015

സ്‌നേഹസംഗമം സെക്കന്റ് എഡിഷന്‍ വ്യാഴാഴ്ച മുതല്‍


പെരിന്തല്‍മണ്ണയുടെ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ട് നാലുവര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ അനേകം വികസന പദ്ധതികള്‍ കൊണ്ടുവന്നു. 383റോഡുകള്‍, 36 കെട്ടിടങ്ങള്‍, 91 കുടിവെള്ള പദ്ധതികള്‍, 16 ജലസേചന പദ്ധതികള്‍.... പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ക്കാണ് പ്രധാന പരിഗണന നല്‍കിയത്. നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലും വികസനങ്ങള്‍ ഒരുപോലെ കണ്ടു. ആശുപത്രികളുടെ നഗരമായ പെരിന്തല്‍മണ്ണയില്‍ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്താന്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തി. പിഎച്ച്‌സികളെ സിഎച്ച്‌സികളാക്കി ഉയര്‍ത്തി. വിവിധ സിഎച്ച്‌സി, പിഎച്ച്‌സികളില്‍ പശ്ചാത്തല സൗകര്യമൊരുക്കി. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും കെട്ടിടങ്ങളും ലാബുകളും കമ്പ്യൂട്ടറുകളും നല്‍കി. ഗവ. പിടിഎം കോളജില്‍ പുതിയ കോഴ്‌സുകളും 12 കോടിയോളം രൂപ ചിലവഴിച്ച് കെട്ടിടങ്ങളും നിര്‍മ്മിച്ചു. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. മേലാറ്റൂരില്‍ ചെമ്മാണിയോട് പാലം, കട്ടൂപ്പാറ തടയണ, ആലിപ്പറമ്പ്-താഴേക്കോട് ശുദ്ധജല പദ്ധതികള്‍ തുടങ്ങി അനേകം പദ്ധതികള്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിനായി ആവുന്നത്ര പരിശ്രമിക്കുന്നു. ദീര്‍ഘകാലമായുള്ള വികസന സ്വപ്‌നങ്ങളും ആവശ്യങ്ങളും നടപ്പാക്കാന്‍ പരമാവധി കഴിഞ്ഞു. ഇവയുടെ വിശദവിവരങ്ങളടങ്ങിയ കൈപ്പുസ്തകം എല്ലാ വീടുകളിലും എത്തിച്ചുവരുകയാണ്. 
ഇനി മണ്ഡലത്തിലെ ആളുകളെ നേരിട്ട് കാണാന്‍ 'സ്‌നേഹസംഗമ' ങ്ങള്‍ എന്ന പേരില്‍ കൂട്ടായ്മകള്‍ നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മേലാറ്റൂരിലാണ് ആദ്യസംഗമം. ഒമ്പത് ദിവസങ്ങളിലായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും എല്ലാ വാര്‍ഡുകളിലും ചെന്ന് ആളുകളെ കാണും. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. എംഎല്‍എ എന്ന നിലയില്‍ നാലുവര്‍ഷത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ എങ്ങനെ കാണുന്നുവെന്ന് നേരിട്ടറിയുകയാണ് ഉദ്ദേശം. അവരുടെ വിലയിരുത്തല്‍ നാളെകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൃഹപാഠവുമാവും. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളും പങ്കെടുക്കും. സ്‌നേഹസംഗമങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Wednesday, September 9, 2015




വഴിവാണിഭക്കാരുടെ സര്‍വ്വെ 26 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുകച്ചവടക്കാരുടെ കണക്കെടുപ്പ് ഈ മാസം 26ന് തുടങ്ങും. ദേശീയ നഗര ഉപജീവന മിഷന്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാകമ്മിറ്റികളും ഉടന്‍ രൂപവല്‍ക്കരിക്കും.
സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം വരുന്ന വഴിവാണിഭക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കമാവുന്നത്. തുടക്കത്തില്‍ 14 നഗരങ്ങളിലാണ് സര്‍വ്വെ നടത്തുക. സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകുന്നേരം നാലിന് കോഴിക്കോട്ട് നടക്കും. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ജില്ലാ ആസ്ഥാനങ്ങളിലും കൊച്ചിയിലും തൃക്കാക്കരയിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സര്‍വ്വെയ്ക്കുശേഷം അര്‍ഹരായ വഴിവാണിഭക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായി അംഗീകൃത ട്രേഡ് യൂണിയനുകള്‍,  വികസന സമിതികള്‍, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാ തലങ്ങളില്‍ സമിതികളും ഉടന്‍ രൂപവല്‍ക്കരിക്കും. കലക്ടര്‍മാര്‍, ജില്ലാ ടൗണ്‍ പ്ലാനിങ്ങ് ഓഫീസസര്‍മാര്‍, പൊതുമരാമത്ത്, ദേശീയപാത അധികൃതര്‍, പൊലീസ്, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗങ്ങളാവും. തെരുവുകച്ചവടക്കാരുടെ വിവരശേഖരണത്തിനായി ടൗണ്‍ വെന്റിങ്ങ് കമ്മിറ്റികളും ഉടന്‍ രൂപവല്‍ക്കരിക്കും. കച്ചവടസ്ഥലവും കച്ചവടക്കാരുടെ എണ്ണവും സമാന്തരമായി ശേഖരിക്കുന്ന വിധമാണ് സര്‍വ്വെ നടത്തുക. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സര്‍വ്വെയ്ക്കുവേണ്ടി എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തും. വഴിവാണിഭക്കാരുടെ സംരക്ഷണത്തിനായി 3.50 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വഴിവാണിഭക്കാരുടെ സര്‍വ്വെ, പുനരധിവാസത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതി രൂപവല്‍ക്കരണം, മാര്‍ക്കറ്റ് പ്ലാന്‍, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയവയ്ക്കായി 98 ലക്ഷം രൂപ നീക്കിവെച്ചിയിട്ടുണ്ട്. ഈ പ്രവര്‍ത്തങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ച യോഗം തീരുമാനിച്ചു.