സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, November 11, 2014

കല്‍പ്പാത്തിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

ദക്ഷിണേന്ത്യയിലെ പ്രധാന ഉല്‍സവമാണ് പാലക്കാട് കല്‍പ്പാത്തി രഥോല്‍സവം. രഥോല്‍സവത്തിന്റെ ഭാഗമായി നടന്ന സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യാനായി കല്‍പ്പാത്തിയില്‍ ചെന്നപ്പോള്‍ അവിടത്തെ അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചു. എഴുനൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് രാജാവ് ഗോത്ര വര്‍ഗക്കാരിയെ വിവാഹം കഴിച്ചെന്നും നമ്പൂതിരിമാരുടെ ബഹിഷ്‌കരണത്തെ നേരിടാന്‍ പൂജാദി കാര്യങ്ങള്‍ക്കായി തഞ്ചാവൂരില്‍നിന്ന് തമിഴ് ബ്രാഹ്മണരെ കൊണ്ട് താമസിപ്പിച്ചുവെന്നുമാണ് കല്‍പ്പാത്തിയുടെ ഐതീഹ്യം. പാലക്കാട് നഗരസഭാ പരിധിയിലെ കല്‍പ്പാത്തി ഗ്രാമം ഇപ്പോഴും ആ പഴമയുടെ നേര്‍കാഴ്ചതന്നെയാണ്. വീതിയുള്ള മണ്‍ചുമരുകള്‍ക്കിടയില്‍ ഇടനാഴി പോലെയുള്ള അഗ്രഹാരങ്ങള്‍. 1300ല്‍പ്പരം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. തമിഴ് ബ്രാഹ്്മണ സംസ്‌കാരം കൊണ്ടും ആചാരങ്ങള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ പ്രദേശത്തിന്റെ പൈതൃക സംസ്‌കൃതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. അതേസമയം പൈതൃക ഗ്രാമമായി സംരക്ഷിച്ചതിന്റെ പേരില്‍ അഗ്രഹാരങ്ങളിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി എന്ന ബോധ്യമാണ് ആ സന്ദര്‍ശനം എനിക്കുനല്‍കുന്നത്. അറ്റകുറ്റപ്പണികള്‍ക്കും ചെറുതും വലുതുമായ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു ബാത്ത് റൂം നിര്‍മ്മാണം പോലും സാധിക്കാതെ ഇവര്‍ ദുരിതം പേറുന്നു. 

 രാജ്യത്തെ ഉന്നത ഔദ്യോഗിക പദവികളിലുള്ള പലരും ഈ അഗ്രഹാരങ്ങളില്‍ വളര്‍ന്നവരാണ്. ഇവിടുത്തെ താമസക്കാരില്‍ കൂടുതല്‍ പേരും ഉയര്‍ന്ന ജോലിയില്‍നിന്ന് വിരമിച്ചവരുമാണ്. ഈ അഗ്രഹാരങ്ങളിലെ യുവാക്കളെല്ലാം മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നു. അവിടേക്ക് താമസം മാറാന്‍ ഇവിടുത്തെ മുതിര്‍ന്നവര്‍ക്ക് മനസ്സുവരുന്നില്ല. കല്‍പ്പാത്തിക്ക് പുറത്ത് രമ്യഹര്‍മ്മങ്ങള്‍ നിര്‍മ്മിക്കാന്‍ പണമില്ലാഞ്ഞല്ല, ജനിച്ചുവളര്‍ച്ച ദേശത്തിന്റെ സ്വത്വത്തില്‍നിന്ന് പറിച്ചുകളയാനാവാത്ത ബന്ധമാണ് ഇവിടെ ഇവരെ നിലനിര്‍ത്തുന്നത്. ആവാസ വ്യവസ്ഥയുടെ ഈ കൗതുക ഗ്രാമത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടതുണ്ട്. അഗ്രഹാരങ്ങളിലും ഈ ഗ്രാമങ്ങളിലും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വീടുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ ഈ മാസം 20നകം തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കാന്‍ തീരുമാനിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കൂടി പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ ചര്‍ച്ചകളിലൂടെ ഇവിടുത്തെ മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൈ എടുക്കും. ഷാഫി പറമ്പില്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ രാജേഷ് തുടങ്ങി ജനപ്രതിനിധികളുമായി സംസാരിച്ച് വേണ്ടത് ചെയ്യാന്‍ ഒപ്പമുണ്ടാവുമെന്ന് ഈ ഗ്രാമത്തിന് ഉറപ്പുനല്‍കുന്നു.No comments:

Post a Comment

.