സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, July 10, 2013

ഇല്ല, ഈ സോളാര്‍ തിരക്കഥ വിജയിക്കില്ല

സോളാറിന്‍റെ മങ്ങിയ വെളിച്ചത്തില്‍ തപ്പിത്തടയുകയാണ് പ്രതിപക്ഷം. ഇടതുഭരണകാലത്ത് മിന്നിത്തിളങ്ങിയ പ്രഭ മാഞ്ഞുപോയതറിയാതെ തെരുവില്‍ കലാപത്തിന് കളമൊരുക്കുന്നു. മുഖ്യമന്ത്രിയുടെ രാജിയും അതിലൂടെ ഭരണമാറ്റവും. അതാണ് സ്വപ്നം. കുറഞ്ഞ ഭൂരിപക്ഷത്തിന്റെ ബലക്കുറവ് ആയുധമാക്കിയാല്‍ അധികാരത്തിലെത്താമെന്ന മോഹം രണ്ടുവര്‍ഷം പഴകി, തുരുമ്പെടുത്തു. ഇനി വയ്യെന്ന് തോന്നിയപ്പോഴാണ് കരിന്തിരി പോലെ സോളാറിന്റെ മിന്നാട്ടം. അതില്‍ കടിച്ചുതൂങ്ങി, ആ തൂങ്ങലിന് തന്നെ കിട്ടില്ലെന്ന് നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രി ആവര്‍ത്തിച്ചിട്ടും ചെവി കൊടുക്കാതെ, ആത്മാര്‍ത്ഥതയില്ലാതെ.
 എന്തിനാണ് ഈ ഹര്‍ത്താലെന്ന് ഹൈക്കോടതി ചോദിക്കുന്നു. അസഭ്യ രാഷ്ട്രീയത്തിന് ചുറ്റും ജനാധിപത്യത്തെ കറക്കിനിര്‍ത്താന്‍ എന്താണിത്ര തിടുക്കം. രണ്ടുവര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ കേരളം  ഭരിക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഇത്രയും മികച്ച നേട്ടങ്ങളുണ്ടാക്കിയ മറ്റൊരു സര്‍ക്കാരില്ല. നിയമസഭയിലെ ഭൂരിപക്ഷക്കുറവില്‍ നിന്നുകൊണ്ടുതന്നെ ജനഹൃദയങ്ങളിലെ മഹാഭൂരപക്ഷമാവാന്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനും കഴിഞ്ഞിരിക്കുന്നു. മധ്യവര്‍ഗത്തെ കേന്ദ്രീകരിച്ചുള്ള ഭരണമാണ് പതിവുഭരണരീതി. എന്നാല്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്കും ദരിദ്ര വിഭാഗങ്ങള്‍ക്കുമായി ഇത്രയേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരില്ല. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗംപോലും പാവങ്ങളുടെ ക്ഷേമത്തിനായി എന്തുചെയ്യാനാവുമെന്നാണ് ആലോചിച്ചത്. അതിനുള്ള ഫയലുകളാണ് ഉദ്യോഗസ്ഥരില്‍നിന്ന് ശേഖരിച്ചത്.
ഭരണത്തിന്റെ പിന്‍വാതിലില്‍ തക്കംപാര്‍ത്തിരുന്നവരുടെ നിരാശയാണ് ഇപ്പോഴത്തെ കലാപങ്ങള്‍. അതാണ് ബേജാറിന്റെ ഉറവിടം. കേരളമാകെ നിവേദനങ്ങളും ആവശ്യങ്ങളുമായെത്തിയ ജനസമ്പര്‍ക്ക പരിപാടി. ഇക്കാലംവരെ മന്ത്രിമാരെയോ മുഖ്യമന്ത്രിയെയോ നേരില്‍ കാണാനോ പരാതി പറയാനോ അവസരം ലഭിക്കാതിരുന്ന, സര്‍ക്കാരില്‍നിന്ന് അര്‍ഹിക്കുന്ന ഒരു സഹായവും ലഭിച്ചിട്ടില്ലാത്ത, ജനലക്ഷങ്ങളിലേക്ക് അവരുടെ നേതാവും കൂട്ടുകാരനുമായി കടന്നുചെന്ന മുഖ്യമന്ത്രിയെ ലോകംതന്നെ അംഗീകരിച്ചിരിക്കുന്നു. കേരളത്തിനുതന്നെ അഭിമാനമായാണ് ഉമ്മന്‍ചാണ്ടി യുഎന്‍ അവാര്‍ഡ് സ്വീകരിച്ചത്. രാജഭരണവും ജനാധിപത്യവും അംഗീകരിക്കുന്ന രാജ്യങ്ങള്‍ കേരള മോഡല്‍ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭരണസംവിധാനത്തിനുള്ള അംഗീകാരമാണ്. ഒരേസമയം ബൃഹത് പദ്ധതികളും പാവങ്ങളുടെ പട്ടിണി മാറ്റാനുള്ള ദൃഢനിശ്ചയവും നടപ്പാക്കുന്നതിലെ വേഗവും സുതാര്യതയും എല്ലാവര്‍ക്കും മാതൃകയാണ്. എന്നിട്ടും ഈ ആക്രമണം എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, അസഹിഷ്ണുത. അധികാരത്തില്‍നിന്ന് മാറുമ്പോഴുള്ള അടങ്ങാത്ത അസ്വസ്ഥത.
 നിയമസഭയെ തെരുവാക്കി മാറ്റാന്‍ കരാറെടുത്താണ് ഇത്തവണയും പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും രോഗങ്ങളും വിലക്കയറ്റവും സരിതാനായര്‍ക്കും പകരം അടിയന്തര പ്രമേയമോ സബ്മിഷനോ ആയില്ല. കഴിഞ്ഞ സമ്മേളനത്തില്‍ കെ.ബി. ഗണേഷ്കുമാറിന്റെ കുടുംബ കാര്യമായിരുന്നു ഇവര്‍ക്ക് പ്രധാനം. ഇത്തവണ സോളാറിലൂടെ സഭയെ  കലുഷിതമാക്കി. പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കാതെ വരുമ്പോള്‍ ക്ഷോഭിക്കുന്ന ചില ചാനല്‍ ആങ്കര്‍മാരെ ഇപ്പോള്‍ ജനത്തിനറിയാം. അതുപോലെത്തന്നെയാണ് സഭയില്‍ പ്രതിപക്ഷത്തിന്റെ പെരുമാറ്റവും. 28 ദിവസം സമ്മേളിക്കാനായി തുടങ്ങിയ സഭ 12 ദിവസമാണ് കൂടിയത്. ഇതില്‍ 10 ദിവസവും സോളാറില്‍ മാത്രം അലങ്കോലമായി. ഒട്ടേറെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും ഒട്ടും വിശ്വാസ്യതയില്ലാത്തവരും ക്രിമിനലുകളും ചാനലുകളില്‍ നടത്തുന്ന അഭിപ്രായങ്ങളുമായി നിയമസഭയില്‍ വന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രതിപക്ഷം.അങ്ങനെയൊരു ബഹളത്തിന് മുന്നില്‍ മുട്ടുമടക്കുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള ആരും ഭരണപക്ഷത്തില്ല. ജനാധിപത്യത്തെ അവഹേളിക്കാന്‍ എല്ലാവരും തുനിഞ്ഞിറങ്ങരുതല്ലോ. ദിശ നഷ്ടപ്പെട്ടവര്‍ക്ക് വസ്തുതകള്‍ പറഞ്ഞുകൊടുക്കുകയാണ് അവസാന സഭാദിവസം  ധനമന്ത്രി കെ.എം. മാണി ചെയ്തത്. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പുതന്നെ സരിതക്ക് ചെക്ക് നല്‍കിയിരുന്നുവെന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ എന്തുകൊണ്ടോ പ്രതിപക്ഷത്തിന് കഴിയുന്നില്ല. അതില്‍ തികഞ്ഞ ആത്മവഞ്ചനയുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് അറിയാത്തവരായി ആരും പ്രതിപക്ഷ ബഞ്ചുകളിലില്ല. അസത്യങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു ഇവരുടെ വാദങ്ങള്‍ . തിരക്കഥയായി സമരാഭാസങ്ങള്‍ . വസ്തുതകള്‍ ഓരോന്നായി പുറത്തുവരുമ്പോഴും പല്ലവി മാറ്റാന്‍ പ്രതിപക്ഷത്തിനായില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ തരംതാണ രീതിയില്‍ ആരോപണം ഉന്നയിക്കാന്‍ സഭയിലെ സീനിയര്‍ കാണിച്ച താല്‍പ്പര്യം കീഴ് വഴക്കമാവാതെ നോക്കേണ്ടത് ഇനിയുള്ള കാലത്തിന്റെ ബാധ്യതയുമായി.
 നിയമസഭയിലെ തോല്‍വി മറയ്ക്കാന്‍ പുറത്ത് എന്തെല്ലാം കോലാഹലങ്ങള്‍ . വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും തെരുവിലിറക്കിയാല്‍ ജനഹൃദയങ്ങളില്‍നിന്ന് ഉമ്മന്‍ചാണ്ടിയെയും അധികാരത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിനെയും ഇറക്കിവിടാമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകള്‍ . അതിനായി ഹര്‍ത്താലും നടത്തി. രണ്ടുവര്‍ഷംകൊണ്ട് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ ഒന്നിച്ച് ആക്രമിച്ചാല്‍ പേടിച്ചോടുമെന്ന് ആരും കരുതേണ്ടതില്ല. അതാണ് ബുധനാഴ്ചയിലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന് ഉദാഹരിക്കാനുള്ള അപൂര്‍വ്വതയാണ് ഉമ്മന്‍ചാണ്ടി. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും യുഡിഎഫിലെ കക്ഷിനേതാക്കളും ജനങ്ങളും ഇതുതന്നെയാണ് പറയുന്നത്. കക്ഷിരാഷ്ട്രീയമുള്ള ഒരുകൂട്ടം മാധ്യമപ്രചാരകര്‍ രൂപപ്പെടുത്തുന്ന ഇല്ലാത്ത പെണ്‍കഥകളിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നന്‍മകള്‍ തട്ടിത്തകര്‍ക്കാമെന്ന ചിന്തതന്നെ ബുദ്ധിശൂന്യതയാണ്. അത് ജനം തിരിച്ചറിയുന്നുണ്ട്. കല്ലെറിഞ്ഞും കോലം കത്തിച്ചും ഹര്‍ത്താല്‍ നടത്തിയും കലഹിക്കുന്നതിന് മുമ്പ് സ്വന്തം മനസ്സുതന്നെ സമ്മതിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം.
 സ്വഭാവഹത്യ മാത്രാരം രാഷ്ട്രീയ വിഷയമായ കാലഘട്ടം നമ്മുടെ ചരിത്രത്തിലില്ല. സംസ്ഥാന, ദേശീയ രാഷ്ട്രീയ തലങ്ങളില്‍ സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളെ  മറികടക്കാന്‍ ഈ ആരോപണങ്ങള്‍കൊണ്ട് കഴിയില്ല. രാഷ്ട്രീയ വിചാരകര്‍ക്കുമുന്നില്‍ വഷളത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് നമ്മുടെ ജനാധിപത്യത്തെ ഇങ്ങനെ നാണം കെടുത്തരുതേ. അഴിമതിയും സ്വജനപക്ഷപാതവും പറയാനില്ലെന്ന് കരുതി നാരീവിഷയങ്ങളില്‍ നേരം കളയരുത്. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളാണ് മുന്നിലെങ്കില്‍ സര്‍ക്കാരിന്റെ തെറ്റുകള്‍ ചാണ്ടിക്കാട്ടി കൂടെ നില്‍ക്കുകതന്നെയാണ് വേണ്ടത്. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതും. 

1 comment:

  1. minorities and weaker sections in the society r happy with the present udf govt.that much care they r getting.New projects r implementing for the betterment of the as a whole.All roads r in good condition except a little.If v compare with the ldf period,this govt. is running very smoothly.After the speech of finance minister in the niyamasabha about solar scam,all doubts vanished.

    ReplyDelete

.