സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, October 31, 2013

മുഖ്യമന്ത്രിക്ക് ആശംസകള്‍ ....

എല്ലാം ജനങ്ങളില്‍ അര്‍പ്പിക്കുന്ന നേതാവ്. അവരുടെ സങ്കടങ്ങളില്‍ സ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന ഭരണാധികാരി. നൂറും ആയിരവും പതിനായിരവും പരാതികള്‍ നിന്ന നില്‍പ്പില്‍ പരിഹരിക്കാന്‍ മിടുക്കുള്ള നായകന്‍ . എത്ര തിരിക്കിലും ഓരോരുത്തര്‍ക്കും വ്യക്തിശ്രദ്ധ നല്‍കുന്ന പൊതുപ്രവര്‍ത്തകന്‍ .
ജനകീയ പ്രശ്നങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതം. അവരുടെ ക്ഷേമമാണ് ശ്വാസവായു. വാക്കിലും പ്രവര്‍ത്തിയിലും അന്തരമില്ല. ഓരോ ബുധനാഴ്ചകളിലും ഓരോരോ പദ്ധതികളാണ് അദ്ദേഹം ആവശ്യപ്പെടുക. ആയിരം കാര്യങ്ങള്‍ ചെയ്തുകൂട്ടണമെന്നാണ് മോഹം. അതില്‍ ചിലതിലൊക്കെ വീഴ്ച പറ്റാം. അത് തിരുത്താനാവും. എന്നാല്‍ വേഗത്തില്‍ നടപ്പാവുന്ന പദ്ധതികള്‍കൊണ്ട് ജനലക്ഷങ്ങളുടെ കണ്ണീരൊപ്പാനാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകള്‍ .അത്രയൊന്നും സുഖകരമല്ലാത്ത മുന്നണി രാഷ്ട്രീയത്തില്‍ വേറിട്ട അനുഭവമാണ് ഉമ്മന്‍ചാണ്ടി. വര്‍ത്തമാന കാലത്തെ രാഷ്ട്രീയത്തിന് നന്‍മയുടെ പ്രതീകമായി ഒരു ജനനായകന്‍ . രാഷ്ട്രീയ വിവാദങ്ങളില്‍ വീണുപോവാതെ, കരിങ്കൊടിയില്‍ മുഖം കറുക്കാതെ, കല്ലേറിലും പരുക്കേല്‍ക്കാതെ ക്ഷമയുടെ, സഹിഷ്ണുതയുടെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച് ഏഴു പതിറ്റാണ്ട്.
നിവേദനങ്ങളും പരാതികളുമില്ലാതെ നമ്മുടെ മുഖ്യമന്ത്രിയില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാതെ ദിനരാത്രങ്ങളില്ല. പരിഹാരത്തിന് പരിശ്രമങ്ങളില്ലാതെ ഉറക്കവുമില്ല. അധികാരത്തിന്റെ അവസരത്തെ പാവങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ചരിത്രത്തില്‍ ധന്യമായ ഏടുകളാണ് എഴുതിച്ചേര്‍ക്കുന്നത്. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത ജനസമ്മതിയാണ് അദ്ദേഹത്തിന്റെ വിജയം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്ന് യുവജന രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് എഴുപതില്‍ മുഖ്യമന്ത്രിയായി സേവനം. കേരളത്തിന്റെ അഭിമാനമാണ് ഉമ്മന്‍ചാണ്ടി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമാവാന്‍ , സംസ്ഥാനത്തിന്റെ വികസനത്തിന് അടിവരയിടാന്‍ ഇനിയും ഏറെക്കാലം അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് എഴുപതിന്റെ ഈ സുദിനത്തില്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

Sunday, October 27, 2013

ഈ കല്ലേറ് ജനാധിപത്യത്തിനുനേരെ.....

വിനാശകാലേ വിപരീതബുദ്ധി
അല്ലാതെ മറ്റൊന്നും പറയേണ്ടതില്ല. നാളിതുവരെ സമരങ്ങള്‍ പരാജയപ്പെടുത്തിയത് സര്‍ക്കാരല്ല, ജനങ്ങളാണ്. കുടില്‍കെട്ടിയും അടുപ്പുകൂട്ടിയും സെക്രട്ടറിയറ്റ് വളഞ്ഞും നടത്തിയ സമരങ്ങളൊക്കെ ജനങ്ങളാണ് പൊളിച്ചത്. നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ രണ്ടാമതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അമര്‍ഷം. സങ്കടങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുന്നവരെ ദുരിതത്തിലാക്കാനായിരുന്നു ഇപ്പോഴത്തെ പ്രക്ഷോഭം. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനം നേരിട്ട് ഇറങ്ങുമെന്ന് സിപിഎം തിരിച്ചറിഞ്ഞു. അതാണ് അക്രമത്തിന് നേതൃത്വം നല്‍കാന്‍ ആ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പറ്റിയ മുറിവ് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുടെ അടയാളമാണ്. വൈരുധ്യാത്മക സമരമാര്‍ഗം. അതാണ് പുതിയ രീതി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി രൂപപ്പെട്ടതുമുതല്‍ സമരത്തിന്റെ ജനാധിപത്യം സിപിഎം പഠിച്ചിട്ടില്ല. ആശയത്തെ ആശയംകൊണ്ടും പ്രത്യയശാസ്ത്രത്തെ പ്രത്യയശാസ്ത്രംകൊണ്ടും ഭരണത്തെ പ്രതിപക്ഷ ധര്‍മ്മംകൊണ്ടും നേരിടാന്‍ ഇനിയുള്ള കാലം കഴിയില്ലെന്ന ആത്മബോധമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസിന് നേരെ കല്ലെറിഞ്ഞും പൊതുമുതല്‍ നശിപ്പിച്ചും നടത്തിയ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ ദേഹോപദ്രവം ഏല്‍പ്പിക്കാമെന്നും വകവരുത്താമെന്നുമാണ് തീരുമാനമെങ്കില്‍ ആത്മഹത്യക്കൊരുങ്ങിയ ഭീരുവിന്റെ മുഖമാണ് സിപിഎമ്മിന് ചേരുക. കേരള ജനതയില്‍ വികസനത്തിന്റെ, ക്ഷേമപദ്ധതികളുടെ നായകത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ കല്ലെറിയുമ്പോള്‍ നോവുന്നത് ഒരു ജനതക്കാണെന്ന് മറക്കാതിരിക്കുക
Minister for urban affairs Manjalamkuzhi Ali and Health minister V.S. Sivakumar visit sewage treatment plant at Muttathara near Thiruvananthapuram on Saturday.

Saturday, October 26, 2013

തിരുവനന്തപുരത്തെ സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് ഉദ്ഘാടനം ഡിസംബറില്‍


ഇന്ത്യക്കാകെ മാതൃകയാവുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുള്ള മുട്ടത്തറയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഡിസംബറില്‍ മുഖ്യമന്ത്രി പ്ളാന്റ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഗോള നിലവാരത്തിലുള്ള സീവേജ്, സെപറ്റേജ് സംസ്കരണ പ്ളാന്റ് നമുക്കും സ്വന്തമാവും.

 1947ന് ശേഷം കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്ളാന്റ് സ്ഥാപിക്കുന്നത്. മന്ത്രി വി.എസ്. ശിവകുമാര്‍ , വി. ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, മറ്റ് ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ വലിയ ആഹ്ളാദമാണ് തോന്നുന്നത്. നാട്ടുകാരുടെ എതിര്‍പ്പിന് വഴികൊടുക്കാതെ ആര്‍ക്കും ആശങ്കയില്ലാതെ പദ്ധതി നിര്‍വ്വഹണം ഏതാണ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു. പ്രവര്‍ത്തനം നേരിട്ട് കാണാന്‍ ആളുകള്‍ ഇവിടെയെത്തുന്നു. കൊല്ലം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ സ്ഥാപിക്കുന്ന എസ് ടി പിക്ക് വലിയ ആത്മവിശ്വാസമാണ് തിരുവനന്തപുരത്തെ പ്ളാന്റ് നല്‍കുന്നത്. 
 മലിന ജലവും സമാനമായ മാലിന്യങ്ങളും സംസ്കരിച്ച് ശുദ്ധജലവും വളവുമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. പ്രതിദിനം 107 എംഎല്‍ഡി മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട്. ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധജലത്തിന് നാം ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ എല്ലാ ഗുണങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഈ ജലം കൃഷിക്കും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും നല്‍കും. സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന പദാര്‍ത്ഥം വളമായി ഉപയോഗിക്കാം. ഇതിന്റെ ശാസ്ത്രീയതക്കായി കാര്‍ഷിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. 
 100 കോടിയോളം രൂപയാണ് മുട്ടത്തറ പ്ളാന്റിനായി ചിലവിട്ടത്. ഇതിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൈനംദിന വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യവും പരിഗണനയു നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുകയുമില്ല. എന്തായാലും ഡിസംബറില്‍ ഈ പ്ളാന്റ് നാടിന് സമര്‍പ്പിക്കും.

http://www.thehindu.com/news/cities/Thiruvananthapuram/expedite-work-on-thiruvananthapuram-sewage-plant-manjalamkuzhi-ali/article5277820.ece

Friday, October 18, 2013

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ കോച്ചിങ്ങ് സബ്സെന്ററുകള്‍ തുടങ്ങും

ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മല്‍സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും തുടങ്ങി. ഇന്നലെ രാവിലെ ആലപ്പുഴയിലും വൈകുന്നേരം തൃശൂരിലും ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.
മുസ്ലിം വിഭാഗത്തിന്റെ സാമൂഹ്യമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി രജീന്ദ്ര സച്ചാര്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പരിശീലന കേന്ദ്രങ്ങള്‍ . സംസ്ഥാനത്ത് ഇതിനകം പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ് സി, യുപിഎസ് സി പരീക്ഷകളുടെ റാങ്ക് പട്ടികയില്‍ ഇടം നേടിയത് ഈ സംരംഭത്തിന്റെ വിജയംതന്നെയാണ്. ന്യൂനപക്ഷ കേന്ദ്രീകൃതമായ പ്രദേശങ്ങളില്‍ കോച്ചിങ്ങ് സെന്ററുകളുടെ സബ്സെന്റര്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് വരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , സംഘടനകള്‍  തുടങ്ങിയവ ഭൌതിക സൌകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ ഇക്കാര്യം ആലോചിക്കാവുന്നതാണ്. 
 മുസ്ലിം ന്യൂനപക്ഷത്തിനുവേണ്ടി മാത്രമാണ് രാജ്യത്തെല്ലായിടത്തും ഇത്തരം കോച്ചിങ്ങ് സെന്ററുകള്‍ തുടങ്ങിയതെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്നുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അവസരം നല്‍കാന്‍ കഴിയുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി മാത്രമാണ് ഈ പദ്ധതി. ഇവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ജീവിതം സുരക്ഷിതമാക്കുകയും വേണം. 

Wednesday, October 16, 2013

കൊച്ചിയില്‍ ലേസര്‍ ഫൌണ്ടന്‍ ഡാന്‍സിങ്ങ് ആറുമാസത്തിനകം

കൊച്ചിയുടെ മുഖം മാറുകയാണ്. ആധുനികതയുടെ മികവുകള്‍ ഈ നഗരത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. ലോകോത്തര നിലവാരമുള്ള സൌകര്യങ്ങളും കൊച്ചിക്ക് വേണം. യഥാര്‍ത്ഥത്തില്‍ കേരള ടൂറിസത്തിന്റെ കവാടമാണത്. കര, വ്യോമ, നാവിക സഞ്ചാരങ്ങളുള്ള അപൂര്‍വ്വം നഗരങ്ങളിലൊന്ന്. രാജ്യത്ത് മുംബൈ കഴിഞ്ഞാല്‍ വളര്‍ച്ചയുടെ വേഗം കൂടുതല്‍ കൊച്ചിക്കാണ്.
 അറബിക്കടലിന്റെ റാണിയെ കൂടുതല്‍ സുന്ദരിയാക്കാനാണ് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ശ്രമം. രാജേന്ദ്രമൈതാനിയില്‍ ആധുനിക ലേസര്‍ ഫൌണ്ടന്‍ ഡാന്‍സിങ്ങ് ആറുമാസത്തിനകം കൊണ്ടുവരും. അതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇന്നലെ തുടക്കമായി. ആംസ്റ്റര്‍ഡാം, ദുബായ് എന്നിവിടങ്ങളിലെപ്പോലെ മനോഹരമായ ലേസര്‍ ഫൌണ്ടനാണ് കൊച്ചിയില്‍ വരുന്നത്. വാട്ടര്‍ സ്ക്രീനില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന മനോഹരമായ സംവിധാനമാണിത്. മൂന്നുകോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന ഈ ദൃശ്യഭംഗി കാണാന്‍ കേരളമാകെ കൊച്ചിയിലേക്കെത്തുമെന്ന് ഉറപ്പാണ്. വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്താവുന്ന ഒട്ടേറെ പദ്ധതികളാണ് വിശാല കൊച്ചി വികസന അതോറിറ്റി രൂപപ്പെടുത്തുന്നത്. എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ സഹായവും മാര്‍ഗനിര്‍ദേശവുമുണ്ടാവുമെന്നും ഉറപ്പ് നല്‍കുന്നു.

Sunday, October 13, 2013

ഒടുവില്‍ അവര്‍ ഭൂമിയുടെ അവകാശികള്‍

പെരിന്തല്‍മണ്ണയ്ക്ക് ഇന്ന് ആഹ്ളാദ ദിനമാണ്. കാഞ്ഞിരക്കുന്ന് കോളനിയില്‍ 14 വര്‍ഷമായി കൈവശാവകാശത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സ്വന്തമായി ഭൂമിയായി. 30 കുടുംബങ്ങള്‍ക്ക് ഇന്ന് രാവിലെ കൈവശാവകാശ രേഖ നല്‍കി.
 മന്ത്രിയായ ഉടനെ, 2012 സെപ്റ്റംബര്‍ എട്ടിന് ജൂബിലി റോഡ് മുസ്ലിംലീഗ് കമ്മിറ്റിയാണ് ആദ്യം ഇക്കാര്യത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചത്. ദീര്‍ഘകാലമായി നടക്കാതെ പോയ പദ്ധതിയുടെ പുതിയ അപേക്ഷയെന്നേ അന്ന് കരുതിയുള്ളൂ. എങ്കിലും ആ ഫയലിനുപിന്നാലെ പോവണമെന്ന് തോന്നി. പിറ്റേന്നുതന്നെ ഇതേക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. സെപ്റ്റംബര്‍ 19ന്  പെരിന്തല്‍മണ്ണ നഗരസഭാ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. 2012 ഒക്ടോബര്‍ 10ന് ഇവിടുത്തെ കുടുംബങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12ന് നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കോളനി നിവാസികള്‍ വീണ്ടും നിവേദനവുമായി വന്നു. നവംബര്‍ 11ന് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു. കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ 2012 നവംബര്‍ 28ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ വീണ്ടും സമയമെടുത്തു. എങ്കിലും ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിച്ചു. സന്തോഷം.  അവകാശമില്ലാത്ത ഭൂമിയില്‍ വീടുവെച്ചവരുടെ ആശങ്ക തീര്‍ന്നു. അവര്‍ക്ക് തല ചായ്ക്കാന്‍ ഭൂമിയില്‍ സ്വന്തമായി മണ്ണുണ്ടായി. കിടപ്പാടമായി.
 കിടപ്പാടമില്ലാത്ത പതിനായിരങ്ങള്‍ക്ക് കിടപ്പാടം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. സീറോ ലാന്റ്ലെസ് പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് കിടപ്പാടം നല്‍‍കി വരുന്നു. മേലെ ശൂന്യാകാശവും താഴെ മരുഭൂമിയുമായിരുന്നവര്‍ക്ക് തല ചായ്ക്കാന്‍ ഇടം ലഭിക്കും. പെരിന്തല്‍മണ്ണയിലെ ഈ 30 കുടുംബങ്ങള്‍ക്ക് പക്ഷെ, ഇരട്ടിയാണ് മധുരം. സ്വന്തം വീട്ടില്‍ അന്യരായി ജീവിച്ചവരുടെ വേദനായാണ് ഇന്ന് അവസാനിച്ചത്. കോളനിയുടെ ആഹ്ളാദത്തില്‍ അത്യാഹ്ളാദത്തോടെ പങ്കുചേരുന്നു. 

Friday, October 11, 2013

പനങ്ങാങ്ങരയില്‍ പുതിയ മാവേലി സ്റ്റോര്‍

കുറെ കാലമായി പനങ്ങാങ്ങരക്കാരുടെ ഒരാവശ്യമായിരുന്നു മാവേലി സ്റ്റോര്‍ . മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനവാര്‍ത്ത പത്രത്തില്‍ കാണുമ്പോഴൊക്കെ അവരെന്നെ ഓര്‍മ്മപ്പെടുത്തും, നമുക്കും വേണം ഒരു മാവേലി. സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ മാവേലി വേഗത്തില്‍ തുടങ്ങാനുമായി. കൂടുതല്‍ സ്ഥലങ്ങളില്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമം.  അതിന്റെ ഭാഗമാണിത്. ഇതിനായി പ്രയത്നിച്ചവര്‍ , പ്രവര്‍ത്തിച്ചവര്‍ തുടങ്ങി എല്ലാവര്‍ക്കും എന്റെ നന്ദി..കുറഞ്ഞ വിലയില്‍ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെയെന്നും ആശംസിക്കുന്നു. 

Tuesday, October 8, 2013

പെരിന്തല്‍മണ്ണ ഗവ. കോളജില്‍ പുതിയ പിജി കോഴ്സുകള്‍ തുടങ്ങി



പെരിന്തല്‍മണ്ണ പിടിഎം കോളജിനെ മികച്ച കോളജാക്കി മാറ്റണം. കൂടുതല്‍ കോഴ്സുകള്‍ , ഭൌതിക സൌകര്യങ്ങള്‍ .. അങ്ങനെയെല്ലാം ഒരുക്കണം. കോളജ് അധികൃതരും വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും നിരന്തരമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് മൂന്നര കോടി രൂപ ചെലവില്‍ സയന്‍സ് ബ്ളോക്ക് നിര്‍മ്മിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും വിമന്‍സ് ഹോസ്റ്റലിന്റെയും നിര്‍മ്മാണത്തിന് തുക കണ്ടെത്തി. ഇനി വേണ്ടത് പുതിയ കോഴ്സുകള്‍ . എംഎസ് സി മാത്തമാറ്റിക്സും എംകോമും ഇന്നലെ മുതല്‍ ഔദ്യോഗികമായി തുടങ്ങി. ബിരുദാനന്തര ബിരുദത്തിനായി കുറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു.
1975ലാണ് കോളജ് തുടങ്ങിയത്. വിദ്യാഭ്യാസത്തില്‍ മുന്നേറ്റത്തിന് കാഹളമൊരുക്കിയ പാണക്കാട് പൂക്കോയ തങ്ങളോടാണ് ഈ ക്യാമ്പസിന് കടപ്പാട്. പ്രീഡിഗ്രി കോഴ്സ് മാത്രമായി 25 വര്‍ഷം. 33 വര്‍ഷംകൊണ്ട് അഞ്ച് ഡിഗ്രി കോഴ്സുകളും രണ്ട് പിജി കോഴ്സുകളും. ഇനി ഈ വേഗംപോര. നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇവിടെ സൌകര്യം വേണം. അതിനാണ് ഉദ്യമം. അലിഗഡിന്റെ വരവോടെ പെരിന്തല്‍മണ്ണയുടെ വിദ്യാഭ്യാസ ചിത്രം തന്നെ മാറി. കൂടുതല്‍ തുക ഈ മേഖലയില്‍ ചെലവഴിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ മിടുക്ക് കാണിക്കണം. അതിനുള്ള സൌകര്യം ചെയ്യാന്‍ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ വിളവെടുപ്പ് നിങ്ങളുടെ വിജയമാണ്. കഠിനാധ്വാനത്തിലൂടെ ഉന്നതവിജയം നാട്ടിലേക്കും വീട്ടിലേക്കും കൊണ്ടുവരണം. അതാണ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തോട് കാണിക്കേണ്ട കടപ്പാട്.

Monday, October 7, 2013

പ്രവാസികളുടെ ശബ്ദവും കേള്‍ക്കണം

ഏറെ നാളത്തെ ഇടവേളക്കുശേഷം വീണ്ടും ദുബായില്‍ . ജീവിതം വഴിതിരിച്ച മണലാരണ്യത്തിലേക്ക് അതിഥിയായി ഒരിക്കല്‍കൂടി. പഴയ കാലത്തിന്റെ ഓര്‍മ്മകളെല്ലാം അവിടെ തങ്ങി നില്‍ക്കുന്നു. ഇടകലര്‍ന്ന് അന്നത്തെ സന്തോഷങ്ങളും വേദനകളും.
 വിമാനത്താവളത്തിന് പുറത്ത് സൌഹൃദങ്ങളുടെ പെരുമഴ. കെഎംസിസി പ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേര്‍ . അറൈവല്‍ ഹാളിന്റെ പടികടന്ന് അവരിലേക്കിറങ്ങി. പിന്നെ അവരിലൂടെ സഞ്ചരിച്ചു. ഏറെക്കാലമായി ദുബായില്‍ ജീവിക്കുന്നവര്‍ മുതല്‍ പുതിയ പ്രവാസികള്‍ വരെ. എല്ലാവരുമായും സംസാരിച്ചു. കാലത്തിന്റെ ദൈര്‍ഘ്യം പ്രശ്നങ്ങള്‍ കുറച്ചിട്ടില്ല. 1971ലാണ് ആദ്യം യുഎഇയില്‍ എത്തിയത്. അന്നൊക്കെ കേട്ടതും അനുഭവിച്ചതുമായ പ്രയാസങ്ങള്‍ ഇപ്പോഴുമുണ്ട്. മെനക്കേടൊന്നുമില്ലാതെ ലോകത്ത് വിദേശനാണ്യം ഇത്രയധികം ഒഴുകുന്ന മറ്റൊരു രാജ്യമില്ല. 69 ബില്യന്‍ ഡോളറാണ് പ്രതിവര്‍ഷം നാട്ടിലെത്തുന്നത്. കേരളത്തിന്റെ നിലനില്‍പ്പ് പോലും പ്രവാസികളിലാണ്. എന്നിട്ടും ഇവര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം പരിമിതം. നാട്ടിലുണ്ടെങ്കില്‍ മാത്രം വോട്ടവകാശമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ ഈ മാറ്റം പക്ഷെ അപൂര്‍ണ്ണംതന്നെയാണ്. പ്രവാസി വകുപ്പിന് ചെയ്യാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. പലതും അത്രയൊന്നും ബുദ്ധിമിട്ടില്ലാത്തവ. എന്നിട്ടും ശ്രദ്ധയെത്തുന്നില്ല. അഥവാ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഇവരുടെ ആവശ്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നില്ല. കഷ്ടപ്പെടാന്‍ ഒരുക്കമാണ്. എന്നും അതാണ് പ്രവാസികളുടെ യോഗം. അതിനൊപ്പം അവര്‍ക്ക് സര്‍ക്കാരുകളുടെ ഒരുകൈ സഹായം വേണം. പിന്തുണ വാക്കുകളില്‍ മാത്രമാവരുത്. കേരളത്തിന്റെ നിലനില്‍പ്പപോലും ഇവരുടെ വരുമാനത്തെ ആശ്രയിച്ചാണ്. വെറും കറവപ്പശുക്കളാക്കരുത്.
അബുദാബി, കുവൈത്ത് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ , സിഎച്ച് അനുസ്മരണം, ചന്ദ്രിക ക്യാമ്പയിന്‍ എന്നീ പരിപാടികള്‍ . എങ്ങും നിറഞ്ഞ സദസ്സ്. ആവേശത്തോടെ പ്രവാസികള്‍ . ലോക്സഭാ തെരഞ്ഞെടുപ്പിന് ഇവിടെ കേളികൊട്ടുയരുംമുമ്പ് അവിടെ മല്‍സരം തുടങ്ങിയ പ്രതീതി. വര്‍ഗീയത തന്നെയാണ് അവിടെയും ചര്‍ച്ച. നരേന്ദ്രമോഡി വേണോ ജനാധിപത്യം വേണോയെന്നാണ് ചോദ്യം. പുതിയ വര്‍ത്തമാനങ്ങളില്‍ അവര്‍ക്കും ആശങ്കകളുണ്ട്. ഗള്‍ഫ് നാടുകളുമായി നമുക്കുള്ള ആത്മബന്ധത്തിന് കോട്ടം വരാതെ നോക്കാന്‍ അവരും പരിശ്രമിക്കുന്നു.
 സിഎച്ചിന്റെ അനുസ്മരണത്തിലും പങ്കെടുക്കാനായി. രാഷ്ട്രീയ, മത രംഗങ്ങളില്‍ സിഎച്ച് ചെയ്ത അഭിമാനകരമായ സംഭാവനയാണ് മുസ്ലിംലീഗെന്നാണ് എന്റെ പക്ഷം. പ്രാസംഗികരെല്ലാം സിഎച്ചിന്റെ വ്യത്യസ്തമായ ഓര്‍മ്മകള്‍ പങ്കിട്ടു. സങ്കീര്‍ണ്ണതകളെ ലാളിത്യത്തോടെ നീതീകരിച്ച സിഎച്ചിന്റെ മഹത്വവും അതുതന്നെ. സീതിസാഹിബിന്റെയും സെയ്ത് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും അദൃശ്യ സാന്നിധ്യമായി സദസ്സ് മാറി. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന ഇടംനേടിയ ചന്ദ്രികയുടെ പ്രചരണ ക്യാമ്പയിന്‍ അബുദാബിയില്‍ ചന്ദ്രിക റീഡേഴ്സ് ഫോറം സംഘടിപ്പിച്ചിരുന്നു. തിരക്കുപിടിച്ച മൂന്നുദിവസങ്ങള്‍ക്കുശേഷം നാട്ടിലെ തിരക്കിലേക്ക് വിമാനമിറങ്ങിയെങ്കിലും പ്രവാസികളുടെ സങ്കടങ്ങളുടെ കനം കുറഞ്ഞില്ല. അവരുടെ സന്തോഷവും സന്ദേഹവുമെല്ലാം ഒപ്പിയെടുത്ത് അവര്‍ക്കുവേണ്ടി വാദിക്കാനും അവരിലേക്ക് ശ്രദ്ധിക്കാനുമാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഈ പാവങ്ങളെ ഒറ്റക്ക് വിടുന്നതെങ്ങനെ..

Wednesday, October 2, 2013

ചാല പ്ളാന്റ് -KSIDC നോഡല്‍ ഏജന്‍സി

ചാലയിലെ മാലിന്യപ്ളാന്റിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കും. പ്ളാന്റ് നിര്‍മ്മാണം ചുമതലപ്പെടുത്തിയിരുന്ന ലോറോ കമ്പനി ബാങ്ക് ഗ്യാരണ്ടി യഥാസമയം നല്‍കാത്ത സാഹചര്യത്തില്‍ നോഡല്‍ ഏജന്‍സിയായി കെഎസ്െഎഡിസിയെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
 ഉറവിട മാലിന്യ സംസ്കരണ പരിപാടി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 62 ബയോഗ്യാസ് പ്ളാന്റുകളും 30 പാറ്റൂര്‍ മോഡല്‍ പ്ളാന്റുകളും സ്ഥാപിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. നാല് നിയോജക മണ്ഡലങ്ങളില്‍ സമാനമായ പ്ളാന്റുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്ളാന്റുകളുടെ നിര്‍മ്മാണ ചിലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍ , മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.