സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, October 7, 2013

പ്രവാസികളുടെ ശബ്ദവും കേള്‍ക്കണം

ഏറെ നാളത്തെ ഇടവേളക്കുശേഷം വീണ്ടും ദുബായില്‍ . ജീവിതം വഴിതിരിച്ച മണലാരണ്യത്തിലേക്ക് അതിഥിയായി ഒരിക്കല്‍കൂടി. പഴയ കാലത്തിന്റെ ഓര്‍മ്മകളെല്ലാം അവിടെ തങ്ങി നില്‍ക്കുന്നു. ഇടകലര്‍ന്ന് അന്നത്തെ സന്തോഷങ്ങളും വേദനകളും.
 വിമാനത്താവളത്തിന് പുറത്ത് സൌഹൃദങ്ങളുടെ പെരുമഴ. കെഎംസിസി പ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേര്‍ . അറൈവല്‍ ഹാളിന്റെ പടികടന്ന് അവരിലേക്കിറങ്ങി. പിന്നെ അവരിലൂടെ സഞ്ചരിച്ചു. ഏറെക്കാലമായി ദുബായില്‍ ജീവിക്കുന്നവര്‍ മുതല്‍ പുതിയ പ്രവാസികള്‍ വരെ. എല്ലാവരുമായും സംസാരിച്ചു. കാലത്തിന്റെ ദൈര്‍ഘ്യം പ്രശ്നങ്ങള്‍ കുറച്ചിട്ടില്ല. 1971ലാണ് ആദ്യം യുഎഇയില്‍ എത്തിയത്. അന്നൊക്കെ കേട്ടതും അനുഭവിച്ചതുമായ പ്രയാസങ്ങള്‍ ഇപ്പോഴുമുണ്ട്. മെനക്കേടൊന്നുമില്ലാതെ ലോകത്ത് വിദേശനാണ്യം ഇത്രയധികം ഒഴുകുന്ന മറ്റൊരു രാജ്യമില്ല. 69 ബില്യന്‍ ഡോളറാണ് പ്രതിവര്‍ഷം നാട്ടിലെത്തുന്നത്. കേരളത്തിന്റെ നിലനില്‍പ്പ് പോലും പ്രവാസികളിലാണ്. എന്നിട്ടും ഇവര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം പരിമിതം. നാട്ടിലുണ്ടെങ്കില്‍ മാത്രം വോട്ടവകാശമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ ഈ മാറ്റം പക്ഷെ അപൂര്‍ണ്ണംതന്നെയാണ്. പ്രവാസി വകുപ്പിന് ചെയ്യാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. പലതും അത്രയൊന്നും ബുദ്ധിമിട്ടില്ലാത്തവ. എന്നിട്ടും ശ്രദ്ധയെത്തുന്നില്ല. അഥവാ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഇവരുടെ ആവശ്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നില്ല. കഷ്ടപ്പെടാന്‍ ഒരുക്കമാണ്. എന്നും അതാണ് പ്രവാസികളുടെ യോഗം. അതിനൊപ്പം അവര്‍ക്ക് സര്‍ക്കാരുകളുടെ ഒരുകൈ സഹായം വേണം. പിന്തുണ വാക്കുകളില്‍ മാത്രമാവരുത്. കേരളത്തിന്റെ നിലനില്‍പ്പപോലും ഇവരുടെ വരുമാനത്തെ ആശ്രയിച്ചാണ്. വെറും കറവപ്പശുക്കളാക്കരുത്.
അബുദാബി, കുവൈത്ത് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ , സിഎച്ച് അനുസ്മരണം, ചന്ദ്രിക ക്യാമ്പയിന്‍ എന്നീ പരിപാടികള്‍ . എങ്ങും നിറഞ്ഞ സദസ്സ്. ആവേശത്തോടെ പ്രവാസികള്‍ . ലോക്സഭാ തെരഞ്ഞെടുപ്പിന് ഇവിടെ കേളികൊട്ടുയരുംമുമ്പ് അവിടെ മല്‍സരം തുടങ്ങിയ പ്രതീതി. വര്‍ഗീയത തന്നെയാണ് അവിടെയും ചര്‍ച്ച. നരേന്ദ്രമോഡി വേണോ ജനാധിപത്യം വേണോയെന്നാണ് ചോദ്യം. പുതിയ വര്‍ത്തമാനങ്ങളില്‍ അവര്‍ക്കും ആശങ്കകളുണ്ട്. ഗള്‍ഫ് നാടുകളുമായി നമുക്കുള്ള ആത്മബന്ധത്തിന് കോട്ടം വരാതെ നോക്കാന്‍ അവരും പരിശ്രമിക്കുന്നു.
 സിഎച്ചിന്റെ അനുസ്മരണത്തിലും പങ്കെടുക്കാനായി. രാഷ്ട്രീയ, മത രംഗങ്ങളില്‍ സിഎച്ച് ചെയ്ത അഭിമാനകരമായ സംഭാവനയാണ് മുസ്ലിംലീഗെന്നാണ് എന്റെ പക്ഷം. പ്രാസംഗികരെല്ലാം സിഎച്ചിന്റെ വ്യത്യസ്തമായ ഓര്‍മ്മകള്‍ പങ്കിട്ടു. സങ്കീര്‍ണ്ണതകളെ ലാളിത്യത്തോടെ നീതീകരിച്ച സിഎച്ചിന്റെ മഹത്വവും അതുതന്നെ. സീതിസാഹിബിന്റെയും സെയ്ത് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും അദൃശ്യ സാന്നിധ്യമായി സദസ്സ് മാറി. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന ഇടംനേടിയ ചന്ദ്രികയുടെ പ്രചരണ ക്യാമ്പയിന്‍ അബുദാബിയില്‍ ചന്ദ്രിക റീഡേഴ്സ് ഫോറം സംഘടിപ്പിച്ചിരുന്നു. തിരക്കുപിടിച്ച മൂന്നുദിവസങ്ങള്‍ക്കുശേഷം നാട്ടിലെ തിരക്കിലേക്ക് വിമാനമിറങ്ങിയെങ്കിലും പ്രവാസികളുടെ സങ്കടങ്ങളുടെ കനം കുറഞ്ഞില്ല. അവരുടെ സന്തോഷവും സന്ദേഹവുമെല്ലാം ഒപ്പിയെടുത്ത് അവര്‍ക്കുവേണ്ടി വാദിക്കാനും അവരിലേക്ക് ശ്രദ്ധിക്കാനുമാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഈ പാവങ്ങളെ ഒറ്റക്ക് വിടുന്നതെങ്ങനെ..

No comments:

Post a Comment

.