സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, March 26, 2013

ചിതറുന്നത് ചോരയല്ല, കുടുംബങ്ങളുടെ കണ്ണുനീര്‍

റോഡില്‍ ജീവന്‍ നഷ്ടപ്പെടാത്ത ദിനങ്ങളില്ല. കുടുംബങ്ങളുടെ കണ്ണീര്‍ വറ്റുന്നുമില്ല. എത്രയോ കാലമായി അപകടങ്ങള്‍ കുറക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു. നടപടികള്‍ സ്വീകരിക്കുന്നു. എന്നിട്ടും നാള്‍ക്കുനാള്‍ അപകടങ്ങളുടെയും അപകടമരണങ്ങളുടെയും കണക്കുകള്‍ കുത്തനെ ഉയരുന്നു.
 എത്ര ആഘോഷപൂര്‍വ്വമാണ് തിരുവനന്തപുരം സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയത്.  ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു അവര്‍........
ഒരുപാട് പ്രതീക്ഷകളുടെ സ്വപ്നസഞ്ചാരികള്‍.. രാജാക്കാടിനടുത്തുള്ള താഴ്ചയിലേക്ക് ഒരുപാട് ജീവിതങ്ങളാണ് മറിഞ്ഞുവീണത്. ഒരുനിമിഷംകൊണ്ട് എത്ര നെഞ്ചുകളാണ് പിളര്‍ന്നത്.  വീട്ടില്‍നിന്ന് പുഞ്ചിരിയോടെ പടിയിറങ്ങുന്നവരുടെ മൃതദേഹങ്ങളാണ് പലപ്പോഴും തിരിച്ചെത്തുന്നത്. മുമ്പൊക്കെ ഇത് അപൂര്‍വ്വമായിരുന്നു. ഇന്ന് പതിവായി. അപകടങ്ങളെത്തുടര്‍ന്നുണ്ടാവുന്ന വൈകല്യവും മരണം തന്നെയാണ്. വീട്ടില്‍നിന്ന് പുറത്തുപോകുന്നവര്‍ തിരിച്ചെത്തുന്നതുവരെ ആധി പിന്തുടരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.  അനുഭവങ്ങളൊന്നും നമുക്ക് പാഠമാവുന്നില്ല. റോഡുകളില്‍ എന്താണ് സംഭവിക്കുന്നത്. ഈ ഡ്രൈവര്‍മാര്‍ നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. അശ്രദ്ധയാണ് 90 ശതമാനം അപകടങ്ങള്‍ക്കും കാരണമെന്നാണ്  ഗതാഗത രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അങ്ങനെയായാല്‍ അശ്രദ്ധകൊണ്ടുണ്ടായ മരണങ്ങള്‍ എത്രയാണ്. നെഞ്ചിടിപ്പോടെയല്ലാതെ നമുക്ക് അപകട വാര്‍ത്ത ശ്രവിക്കാനാവില്ല. രാജാക്കാട്ടെ അപകടവും പതിവുപോലെ വേദനതന്നു. കണ്ണീരുണങ്ങാത്ത വീടുകളെക്കുറിച്ച് ചിന്തിപ്പിച്ചു. വീതിയുള്ള റോഡായിട്ടും പകല്‍വെളിച്ചത്തില്‍ ഒരു ബസ്സ് S പോലെയുള്ള വളവില്‍ താഴേക്ക് വീണു. ഒരുപക്ഷെ, ഡ്രൈവറുടെ ശ്രദ്ധ കണ്ണടച്ചില്ലായിരുന്നെങ്കില്‍ ഇവര്‍ നമ്മുടെ കണ്ണീരാവില്ലായിരുന്നു. അപകടങ്ങള്‍ എത്ര കുടുംബങ്ങളെയാണ് അനാഥമാക്കിയത്.  നടുറോഡില്‍ പിടഞ്ഞുവീഴുന്നത് യഥാര്‍ത്ഥത്തില്‍ പരുക്കേറ്റവരുടെ ചോരയല്ല, അനാഥമാവുന്ന കുടുംബത്തിന്റെ കണ്ണീരാണ്.
  അപകടങ്ങളും കൂട്ടമരണങ്ങളും ആദ്യത്തെതും അവസാനത്തെതുമല്ല. അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ചര്‍ച്ചകള്‍ മുറുകും. അടിയന്തര നടപടികളും വരും. സംസ്ഥാനത്ത് കുറെ വര്‍ഷങ്ങളായി വാഹന അപകടങ്ങള്‍ കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഫലം എന്തെന്ന ചോദ്യത്തിന് മറുപടി അവ്യക്തം.സംസ്ഥാനത്തെ കണക്കനുസരിച്ച് അപകട മരണങ്ങളുടെ  ഇരകളില്‍ കൂടുതലും യൂവാക്കളാണ്. വലിയ വാഹനങ്ങള്‍ അപകടം പെരുപ്പിക്കുമ്പോള്‍ ബൈക്ക് ഉള്‍പ്പെടെയുള്ള ന്യൂ ജെനറേഷന്‍ വാഹനങ്ങള്‍ മരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
 കുടുംബത്തിന് നാളെ അത്താണിയാവേണ്ടവരാണ് വിദ്യാര്‍ത്ഥികള്‍ . കുടുംബത്തിന്റെ പ്രതീക്ഷകളാണ് യുവാക്കള്‍. . മരണം എല്ലാവര്‍ക്കും വേദനയാണ്. മരിക്കുന്നവരും പരുക്കേല്‍ക്കുന്നവരും നമുക്ക് അന്യരാണെങ്കിലും മറ്റാരുടെയൊക്കെയോ ഉറ്റവരാണ്. എല്ലാം കണ്ണീരും തീരാദുഖവും.  2000 ല്‍ കേരളത്തില്‍ 2710 പേര്‍ വാഹന അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2011ല്‍ ഇത് 4145 ആയി. 2012 അവസാനിച്ചപ്പോള്‍ 4286 പേര്‍ അപകടങ്ങളില്‍ മരിച്ചു. 2013 തീരുമ്പോള്‍ ഈ കണക്ക് കുറക്കാന്‍ എന്തുചെയ്യും. നിയമനടപടികള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊപ്പം വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. റോഡ് നിയമങ്ങളോട് മാന്യമായി പ്രതികരിക്കണം. ആവേശത്തിന്റെ ബൈക്ക് യാത്രകളില്‍ വീട്ടിലുള്ളവരെക്കൂടി ഓര്‍ക്കണം. എനിക്കോ ഞാന്‍ കാരണം മറ്റാര്‍ക്കെങ്കിലുമോ ആപത്ത് വരില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം. അങ്ങനെയൊരു കാലം വന്നാല്‍ ഈ കണക്കുകള്‍ കുറയും.
' Better late than late late Mr.'

Saturday, March 23, 2013

മലപ്പുറം നഗരസഭയുടെ വാര്‍ഷിക പദ്ധതി പൂര്‍ത്തീകരണവും വികലാംഗര്‍ക്ക് ഉപകരണ വിതരണവും

മലപ്പുറം നഗരസഭ വികലാംഗര്‍ക്ക് നല്‍കുന്ന ഉപകരണങ്ങള്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി വിതരണം ചെയ്യുന്നു.




Thursday, March 21, 2013

ബി. സത്യന്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടി

ആറ്റിങ്ങല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ നഗരസഭാ റോഡ് വികസന പദ്ധതിക്കായുള്ള നിര്‍ദേശങ്ങളൊന്നുംതന്നെ നഗരകാര്യവകുപ്പിന് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. സമര്‍പ്പിക്കുന്ന മുറക്ക് പരിശോധിക്കാം.
 ശുചിത്വ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അതാത് നഗരസഭകള്‍തന്നെ നല്‍കണമെന്നതിനാല്‍ ആറ്റിങ്ങല്‍ നഗരസഭയെ മാത്രം പ്രസ്തുത ബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. അവിടെ ചവര്‍ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനും പിന്നീട് അത് നവീകരിച്ച് കുറ്റമറ്റതാക്കുന്നതിനുമായി സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ വഴി 252.7 ലക്ഷം രൂപയോളം നല്‍കിയിരുന്നു. നഗരസഭ പ്ലാന്റ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്. സംസ്ഥാനത്തെ ഒരു മാതൃകാ പ്ലാന്റായി സര്‍ക്കാര്‍ ഇതിനെ കാണുന്നു. 

Wednesday, March 20, 2013

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സബ്മിഷനുള്ള മറുപടി

1999ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട് മുന്‍സര്‍ക്കാര്‍ 16.02.2009ന് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടവരുമായോ വിദഗ്ധരുമായോ ശരിയായ രീതിയില്‍ ആലോചിക്കാതെ പുറപ്പെടുവിച്ച ഈ ഭേദഗതി വ്യാപകമായ പരാതികള്‍ക്കിടയാക്കി. ഇതേ തുടര്‍ന്ന് പ്രസ്തുത ചട്ടങ്ങളില്‍ 2010ല്‍ വീണ്ടും ഭേദഗതി വരുത്തുകയുണ്ടായി. ചട്ടങ്ങളില്‍ നിരവധി തവണ മാറ്റങ്ങള്‍ വരുത്തിയ ശേഷവും പരാതികള്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല, വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തു.
 കെട്ടിട നിര്‍മ്മാണ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമായതോടെ നിര്‍മ്മാണ മേഖല സ്തംഭിച്ച സാഹചര്യമുണ്ടായി. പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ഈ മേഖലയിലെ നിക്ഷേപം ഗണ്യമായി കുറഞ്ഞു. ഫ്ലാറ്റുകളുടെയും വീടുകളുടെയും നിര്‍മ്മാണത്തിലുണ്ടായ വന്‍കുറവ് തൊഴിലവസരങ്ങള്‍ കുറച്ചു. നിര്‍മ്മാണ മേഖലയിലെ ഈ മാന്ദ്യം കുറഞ്ഞ കാലം കൊണ്ട് ഫ്ലാറ്റുകളുടെ വില കുതിച്ചുയരാനിടയാക്കി. സാധാരണക്കാരന് താങ്ങാനാവാത്ത സ്ഥിതിവിശേഷമാണ് ഇതുമൂലം ഉണ്ടായത്. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പെര്‍മിറ്റ് ഫീ ഇനത്തിലും വസ്തു നികുതി ഇനത്തിലും ലഭിക്കേണ്ട തുകയില്‍ കാര്യമായ കുറവുവരുകയും ഇത് വികസന പ്രക്രിയയെ ബാധിക്കുകയും ചെയ്തു.
 ഫ്ലാറ്റുകളുടെ നിര്‍മ്മാണത്തില്‍ കുറവ് വന്നതുമൂലം കേന്ദ്രീകൃതമായ ജനവാസം കുറഞ്ഞു. ഗ്രാമങ്ങളില്‍ കെട്ടിട നിര്‍മ്മാതാക്കള്‍ വില്ലകളുടെ നിര്‍മ്മാണത്തിനായി പ്രകൃതിദത്തമായ കുന്നുകള്‍ അനധികൃതമായി നിരത്തുന്നതിനും ജലസ്രോതസ്സുകളും കൃഷി ഭൂമികളും നികത്തുന്നതിനും വഴിയൊരുക്കി.
 2009ലെയും 2010ലെയും ഭേദഗതി ചട്ടങ്ങളിലെ ഗുണപരമായ വ്യവസ്ഥകള്‍ നിലനിര്‍ത്തിയും അനാവശ്യവും സങ്കീര്‍ണ്ണവുമായ ചില വ്യവസ്ഥകള്‍ ഒഴിവാക്കിയുമാണ് ഇപ്പോള്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവന പദ്ധതികള്‍ക്ക് കൂടുതല്‍ എഫ്എആര്‍ അനുവദിച്ചും പൊതുആവശ്യത്തിന് ഭൂമി നല്‍കുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്തുമാണ് പുതിയ ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്. സേഫ്റ്റി, സെക്യൂരിറ്റി എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെയും പാര്‍ക്കിങ്ങ് സൌകര്യം വര്‍ധിപ്പിച്ചും വരുത്തിയ ഭേദഗതികള്‍മൂലം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഏറെ സുതാര്യമാവുകയും സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഷാഫി പറമ്പിലിന്റെ സബ്മിഷനുള്ള മറുപടി

പാലക്കാട് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ ഉത്തരവ് (എംഎസ്) നമ്പര്‍ 236-86-എല്‍.. എ ഡി 20.11.86 പ്രകാരം നിലവില്‍ വന്നു. 11.11.2009ലെ സര്‍ക്കാര്‍ ഉത്തരവ് (എംഎസ്) 210-09-ത.സ്വ.ഭ.വ. പ്രകാരം പ്രസ്തുത സ്കീമിലെ സോണിങ്ങ് റഗുലേഷന്‍ കാലോചിതമായി പരിഷ്കരിച്ചിരുന്നു. ഈ ഉത്തരവ് അനുസരിച്ച് 25.10.2008ന് മുമ്പ് സ്ഥലം വാങ്ങിയ ഒറ്റക്കുടുംബ താമസക്കാര്‍ക്ക് പാടശേഖരങ്ങളില്‍ 200 ചതുരശ്ര മീറ്റര്‍ വരെ വിസ്ത്രീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയുണ്ട്. ഈ ആനുകൂല്യം 25.10.2008ന് ശേഷം സ്ഥലം വാങ്ങിയവര്‍ക്ക് കൂടി ലഭ്യമാക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും 15.15.2012 ലെ സര്‍ക്കാര്‍ ഉത്തരവ് (എംഎസ്) 127-12-ത.സ്വ.ഭ.വ. ഉത്തരവ് പ്രകാരം കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്‍മേലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിന് പാലക്കാട് ജില്ലാ ടൌണ്‍പ്ലാനറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നിര്‍ദേശങ്ങളോ പരാതികളോ ലഭിച്ചിട്ടില്ല. ജില്ലാ ടൌണ്‍പ്ലാനര്‍ ഇക്കാര്യം ചീഫ് ടൌണ്‍ പ്ലാനറെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുന്നതാണ്.

Wednesday, March 13, 2013

കൌണ്‍സില്‍ യോഗത്തിലെ ബഹളക്കാര്‍ക്ക് ഇനി ഒറ്റ ദിവസം സസ്പെന്‍ഷന്‍

തിരുവനന്തപുരം
 നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ക്രമരഹിതമായി പെരുമാറുന്ന അംഗം ഇനിമുതല്‍ ആ ദിവസം മാത്രം പുറത്തിരുന്നാല്‍ മതി. കൌണ്‍സില്‍ അധ്യക്ഷന്‍ തീരുമാനിക്കുന്ന കാലയളവിലേക്ക് സസ്പെന്റ് ചെയ്യാമെന്ന 1995ലെ കേരള മുനിസിപ്പാലിറ്റി(കൌണ്‍സില്‍ യോഗനടപടിക്രമം) ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നഗരകാര്യവകുപ്പ് തീരുമാനിച്ചു.
 നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ക്രമവിരുദ്ധമായി പെരുമാറുകയും യോഗം നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുന്ന ആള്‍ തീരുമാനിക്കുന്ന കാലയളവിലേക്ക് സസ്പെന്റ് ചെയ്യാമെന്നാണ് നിലവിലെ ചട്ടത്തിലെ വ്യവസ്ഥ. ഇപ്രകാരം പെരുമാറുന്ന അംഗത്തെ ആവശ്യമെങ്കില്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്യാവുന്നതാണെന്നും ചട്ടത്തിലുണ്ട്. സസ്പെന്‍ഷന്‍ കാലാവധി പരമാവധി എത്രയാണെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കേരള മുനിസിപ്പല്‍ ആക്ട് 38(3) പ്രകാരം യോഗത്തില്‍ ചെയര്‍പഴ്സണ്‍ അല്ലെങ്കില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നയാള്‍ക്ക് ക്രമരഹിതമായി പെരുമാറുന്ന അംഗത്തെ ആ ദിവസത്തേക്ക് മാത്രം സസ്പെന്റ് ചെയ്യാന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ നിയമഭേദഗതിക്ക് അനുസൃതമായി ചട്ടം ഭേദഗതി ചെയ്യാനും ചെയര്‍പേഴ്സണോ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുന്ന തീരുമാനിക്കുന്ന കാലയളവിലേക്ക് അംഗത്തെ സസ്പെന്റ് ചെയ്യാനുള്ള വ്യവസ്ഥ നീക്കം ചെയ്യാനുമാണ് പുതിയ ഭേദഗതി.
 കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍( ()0(കില) ഡയറക്ടര്‍ ഇക്കാര്യത്തില്‍ സ്പഷ്ടീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് 2000ലെ ഇടത് സര്‍ക്കാര്‍ മുനിസിപ്പല്‍ നിയമത്തില്‍ മാത്രം വരുത്തിയ ഭേദഗതി ഇപ്പോള്‍ ചട്ടത്തില്‍ കൂടി ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. 

Tuesday, March 12, 2013

മുനിസിപ്പല്‍ കെട്ടിട നികുതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

തിരുവനന്തപുരം
അശാസ്ത്രീയമായ നികുതി നിര്‍ണ്ണയ നിര്‍ദേശങ്ങള്‍ ഒഴിവാക്കി 2011ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ചട്ടങ്ങള്‍ നിലവില്‍ വന്നശേഷം ഉടമകള്‍ക്കുണ്ടായ അധിക ബാധ്യതകളും കെട്ടിട ഉടമകള്‍ നല്‍കുന്ന റിട്ടേണ്‍ ഫോറത്തിലെ സങ്കീര്‍ണ്ണതകളും ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയിലാണ് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ഇന്നലെ ഒപ്പുവെച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍ വരും.
 വസ്തുനികുതി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നികുതി ദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോറം അത്യാവശ്യ വിവരങ്ങള്‍മാത്രം ഉള്‍ക്കൊള്ളിച്ച് ലഘൂകരിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കകം വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കെട്ടിട ഉടമകള്‍ ആദ്യത്തെ 10 ദിവസത്തെ കാലയളവിന് 50 രൂപയും തുടര്‍ന്നുള്ള 30 ദിവസംവരെ 100 രൂപയും പിന്നീട് സമര്‍പ്പിക്കുന്നതുവരെ പ്രതിദിനം 10 രൂപ വീതവുമാണ് പിഴ നല്‍കേണ്ടിയിരുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുക, തെറ്റായി ഫയല്‍ ചെയ്യുക, കാലതാമസം വരുത്തുക തുടങ്ങിയവക്കും പിഴ ഈടാക്കിയിരുന്നു. പുതിയ ഭേദഗതിയില്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കി.
 ചുമരിന്റെ നിര്‍മ്മിതി കണക്കാക്കി നികുതി വര്‍ധന നിശ്ചയിച്ചിരുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത, സംസ്ഥാന പാത, അഞ്ച് മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ എന്നിവ പ്രധാന മാര്‍ഗമായുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ 30 ശതമാനമായിരുന്ന വര്‍ധന 20 ശതമാനമാക്കി കുറച്ചു. കൌണ്‍സില്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍നിന്ന് പ്രവേശന മാര്‍ഗമുള്ള കെട്ടിടങ്ങള്‍ക്ക് 30 ശതമാനം വര്‍ധന വരുത്തുന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. ഒന്നര മീറ്ററില്‍ കുറവ് വഴി സൌകര്യമുള്ളവര്‍ക്ക് 10 ശതമാനവും പൊതുവഴി സൌകര്യമില്ലാത്തവര്‍ക്ക് ശതമാനവും നികുതിയിളവ് ലഭിക്കും.
 കെട്ടിടത്തിന്റെ ഉപയോഗത്തിന്റെ സ്വഭാവം അനുസരിച്ചുള്ള നികുതി വര്‍ധന ഒഴിവാക്കി. ഉടമ വാടകക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങളുടെ അധിക വര്‍ധന പുതിയ ഭേദഗതിപ്രകാരം ഉണ്ടാവില്ല. തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍പ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി ആദ്യമായി നിര്‍ണ്ണയിക്കുമ്പോഴുള്ള വര്‍ധന കുറഞ്ഞത് നിലവിലുണ്ടായിരുന്നതിന്റെ 25 ശതമാനവും കൂടിയത് 60 ശതമാനവുമായിരിക്കണമെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ വാണിജ്യാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ ഉണ്ടാവുന്ന വര്‍ധന വാര്‍ഷിക വസ്തുനികുതിയുടെ 150 ശതമാനത്തില്‍ അധികമാവാന്‍ പാടില്ലെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ച് ശതമാനം എന്ന തോതില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 25 ശതമാനത്തില്‍ അധികരിക്കാത്ത വസ്തുനികുതി വര്‍ധിപ്പിക്കാന്‍ നഗരസഭകള്‍ക്ക് അധികാരം നല്‍കും.
 വാണിജ്യാവശ്യത്തിനോ ഓഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടത്തിന്റെ കാര്യത്തില്‍ ഭൂനിരപ്പിലെ നിലയുടെ മുകളിലുള്ള നിലക്ക് ആദ്യത്തെ നിലയിലെ വസ്തുനികുതിയുടെ അഞ്ച് ശതമാനം, രണ്ടാംനിലക്ക് കണക്കാക്കിയ വസ്തുനികുതിയുടെ 10 ശതമാനം, മൂന്നാംനിലക്ക് 15 ശതമാനം, നാലാംനിലക്ക് 20 ശതമാനം, അഞ്ചാംനിലക്ക് 5 ശതമാനം ആറാംനിലമുതല്‍ ഓരോ നിലക്കും വാര്‍ഷിക വസ്തുനികുതിയുടെ 25 ശതമാനം എന്ന തോതില്‍ ഇളവ് അനുവദിക്കും.
 വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് 2011 ജനുവരിയില്‍ കൊണ്ടുവന്ന ചട്ടങ്ങളില്‍ ഇപ്പോള്‍ ഭേദഗതി വരുത്തുന്നത്. 1994നുശേഷം കേരളത്തിലെ നഗരസഭകളില്‍ വസ്തുനികുതി പുനര്‍നിര്‍ണ്ണയം നടത്തിയിട്ടില്ല. നഗരസഭകളില്‍ വസ്തുനികുതിയില്‍നിന്നുള്ള തനത് വരുമാനത്തില്‍ ഇതുമൂലം കാര്യമായ കുറവുണ്ടായി. കെട്ടിട ഉടമകള്‍ക്ക് ഭാരമാവാത്ത വിധം നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ ചട്ടഭേദഗതിയിലൂടെ കഴിയും.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do

Monday, March 11, 2013

പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ പരിശീലന കേന്ദ്രം തുടങ്ങി


മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കോച്ചിങ്ങ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണ്. ഒരു മാസത്തിനകം എല്ലാ ജില്ലകളിലും ന്യൂനപക്ഷ കോച്ചിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങും. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക് പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്ത്രീ കൂട്ടായ്മകള്‍ക്ക് രണ്ടര ലക്ഷം രൂപവരെ സബ്സിഡി നല്‍കും. ഉദ്ദേശിച്ചുള്ള ന്യൂനപക്ഷ പദ്ധതികള്‍ സമ്പന്ന വിഭാഗങ്ങള്‍ ഹൈജാക്ക് ചെയ്യാതെ നോക്കണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കായി തുടങ്ങിയ പല പദ്ധതികളും ഇത്തരത്തില്‍ സമ്പന്നര്‍ കൈക്കലാക്കുന്നത് പതിവായിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രഫണ്ടുകള്‍ക്ക് വേണ്ടത്ര അപേക്ഷകരില്ല. കേന്ദ്രപദ്ധതികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് കാരണം. പഞ്ചായത്തുകളില്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം പൂര്‍ത്തിയാവുന്നതോടെ ഇതിന് ഏറെക്കുറെ പരിഹാരമാവും. നഗരസഭാ ചെയര്‍പേഴ്സണ്‍ നിഷി അനില്‍രാജ് ആധ്യക്ഷ്യം വഹിച്ചു.മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡി ഹനീഫ പെരിഞ്ചീരി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Monday, March 4, 2013

കാസര്‍കോട് ജില്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള കോച്ചിങ്ങ് സെന്റര്‍ തുടങ്ങി



കാസര്‍കോട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മല്‍സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രം കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയില്‍ പ്രവര്‍ത്തനം തുടങ്ങി. കാലങ്ങളായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂനപക്ഷ ക്ഷേമ, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മിക്ക സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായി പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ മുന്‍കാലങ്ങളില്‍ കേരളം അലംഭാവം കാണിച്ചു. ഈ കുറവ് ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചുവരുകയാണ്. ന്യൂനപക്ഷ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തി വരുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴില്‍സംരംഭം തുടങ്ങുന്നതിന് സബ്സിഡിയോടെയുള്ളവായ്പ കോര്‍പ്പറേഷന്‍ അനുവദിക്കും. സംസ്ഥാനത്ത് 1.30 ലക്ഷം അധ്യാപകരില്‍ 10,000 പേര്‍ മാത്രമാണ് മദ്രസ അധ്യാപക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പദ്ധതികള്‍ അര്‍‌ഹരായവരിലേക്ക് എത്തിക്കുന്നതില്‍ എല്ലാവരും ജാഗ്രത കാണിക്കണം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ന്യൂനപക്ഷക്ഷേമത്തിനായി 3500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 60 ശതമാനം കൂടുതലാണ്. വിവാഹ മോചിതരായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു. എന്‍... എ. നെല്ലിക്കുന്ന് ആധ്യക്ഷ്യം വഹിച്ചു. മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പഴ്സണ്‍ ഹസീന താജുദ്ദീന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര് ഡോ. പി.നസീര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.