സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, June 12, 2013

നിയമസഭയില്‍ സബ്മിഷനുള്ള മറുപടി

1. ചിറ്റയം ഗോപകുമാര്‍

മറുപടി
ഒരു സ്ഥലത്തെ ജനസംഖ്യ, ജനസാന്ദ്രത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്‍ഷികേതര മേഖലയിലുള്ള തൊഴില്‍ ശതമാനം, സാമ്പത്തിക പ്രാധാന്യമുള്ള ഘടകങ്ങള്‍ എന്നിവയാണ് മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍.
 1994ലെ കേരള മുനസിപ്പാലിറ്റി ആക്ടിലെ 4(2) (എഫ്) പ്രകാരം ഒരു ഗ്രാമപഞ്ചായത്തിനെ ടൌണ്‍ പഞ്ചായത്തായോ മുനിസിപ്പല്‍ കൌണ്‍സില്‍ ആയോ പരിവര്‍ത്തനം ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇപ്രകാരം സംസ്ഥാനത്തെ നഗരസ്വഭാവം ആര്‍ജ്ജിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റിയാക്കാവുന്നതും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമപഞ്ചായത്തുകളെ അവയോട് കൂട്ടിച്ചേര്‍ക്കാവുന്നതുമാണ്.
 പന്തളം പഞ്ചായത്ത് 1990ല്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയതാണ്. എന്നാല്‍ അവിടത്തെ ജനങ്ങളുടെ പ്രതിഷേധം കാരണം 1993ല്‍ വീണ്ടും പഞ്ചായത്ത് ആക്കുകയായിരുന്നു. ഈരാറ്റുപേട്ട, കൂത്താട്ടുകുളം, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളും 1990ല്‍ മുനിസിപ്പാലിറ്റി ആക്കുകയും വീണ്ടും 1993ല്‍  പഞ്ചായത്താക്കുകയുമുണ്ടായി. അങ്ങയുടെ ആവശ്യം പരിഗണിക്കുന്നതാണ്.
 എന്നാല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 4(2) (എ), (ബി) ഖണ്ഡങ്ങള്‍ പ്രകാരം ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ കുറക്കുകയോ ചെയ്യുന്ന ഏതൊരു മാറ്റവും ആ പഞ്ചായത്തിന്റെ നിലവിലുള്ള സമിതിയുടെ കാലാവധി തീരുന്ന മുറയ്ക്കല്ലാതെ പ്രാബല്യത്തില്‍ വരുത്താന്‍ പാടില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ പന്തളം പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കുന്നതിനുള്ള നടപടികള്‍ നിലവിലെ ഭരണസമിതിയുടെ കാലാവധി തീരുന്ന മുറക്ക്, അതായത് 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളൂ.

2. വി.പി. സജീന്ദ്രന്‍

ബ്രഹ്മപുരത്ത് പിപിപി അടിസ്ഥാനത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ 2012 ഏപ്രില്‍ മുതല്‍ ആരംഭിച്ചിരുന്നു. പ്ലാന്റ് സ്ഥാപിക്കാനായി ലഭിച്ച പ്രപ്പോസലുകള്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച സാങ്കേതിക സമിതി പരിശോധിച്ചു. ഇതില്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് ആവശ്യപ്പെട്ട കമ്പനിയും രണ്ടാമത് തന്ന കമ്പനിയും സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധിച്ചതില്‍ പോരായ്മകള്‍ ഉണ്ടെന്ന് കണ്ടതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതുപ്രകാരം 18.05.2013ല്‍ ഉത്തരവിറങ്ങിയിട്ടുണ്ട്.
 അവിടത്തെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്ക് തീ പിടിച്ചതുമായി ബന്ധപ്പെട്ട് 2013 ജനുവരി 15ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ 2014 മാര്‍ച്ചിനകം ആധുനിക പ്ലാന്റ് സ്ഥാപിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. സ്വിസ്സ് ചലഞ്ച് രീതിയില്‍ നവീന പ്ലാന്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കാനായി കൊച്ചി കോര്‍പ്പറേഷനെ അനുവദിച്ചുകൊണ്ട് 14.05.2013ല്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി നവീന പ്ലാന്റ് നിര്‍ദ്ദിഷ്ട കാലാവധിക്കകം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുവരുന്നു.
 ബ്രഹ്മപുരത്ത് ചുറ്റുമതില്‍ നിര്‍മ്മിക്കുക, പരിസരത്ത് ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കുക, ഖര-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ തീരുമാനങ്ങളില്‍ വേണ്ടത്ര പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ കൊച്ചി മേയറെ കൂടി പങ്കെടുപ്പിച്ച് ഉടന്‍ യോഗം ചേരുന്നതാണ്. 

No comments:

Post a Comment

.