സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, April 3, 2013

നഗരവികസനത്തിന് നിക്ഷേപസംഗമങ്ങള്‍ നടത്തും

നഗരവികസനത്തിനായി എമര്‍ജിങ്ങ് കേരള മാതൃകയില്‍ നിക്ഷേപ സംഗമങ്ങള്‍ നടത്തുമെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു. ജോസഫ് വാഴക്കന്‍, ബെന്നി ബഹനാന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, വി.ഡി. സതീശന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് മേഖലാതലങ്ങളില്‍ നിക്ഷേപ സംഗമങ്ങള്‍ നടത്തും. ആദ്യസംഗമം ആഗസ്റ്റ് 17ന് നടത്തുമെന്നും സ്ഥലം പിന്നീട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. മേഖലാതലങ്ങളില്‍ നടത്തുന്ന സംഗമങ്ങളില്‍ അതാത് മേഖലകളിലെ പദ്ധതികള്‍ അവതരിപ്പിക്കും. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ സംഗമങ്ങളില്‍ പങ്കെടുപ്പിക്കുകയും വികസന പ്രക്രിയയുടെ ഭാഗമാക്കുകയും ചെയ്യും. സ്വകാര്യ മേഖലയിലെ നിക്ഷേപവും സാങ്കേതിക വിദ്യകളും പൊതു ആവശ്യങ്ങള്‍ക്കും വികസനത്തിനുമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കണ്ണൂര്‍, മഞ്ചേരി നഗരസഭകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ സംരംഭങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഇത്തരം പദ്ധതികള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
 നഗരസഭയുടെ തനത് വരുമാനവും സര്‍ക്കാര്‍ നല്‍കുന്ന വികസന ഫണ്ടും നഗരവികസനത്തിന് അപര്യാപ്തമാണ്. വികസനങ്ങള്‍ക്കായി വന്‍തോതില്‍ പണം കണ്ടെത്തേണ്ടതായിട്ടുണ്ട്. സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമുള്ള നഗരസഭകള്‍ക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് നിക്ഷേപസംഗമങ്ങള്‍ അവസരം നല്‍കും.  സംഗമത്തിലൂടെ തീരുമാനിക്കപ്പെടുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഏജന്‍സികളുടെയും നിക്ഷേപകരുടെയും സഹകരണം ഉറപ്പാക്കും.
 സംഗമത്തിന്റെ ഭാഗമായി നഗരസഭാ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഏകദിന ശില്‍പ്പശാല നടത്തും. നഗരസഭകളില്‍ ലഭ്യമാവുന്ന സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭകളുടെ അധീനതയിലുള്ള സൌകര്യങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി സൌഹൃദ ഷോപ്പിങ്ങ് മാളുകള്‍, ബസ് ടെര്‍മിനലുകള്‍, ഖരമാലിന്യ പ്ലാന്റുകള്‍ തുടങ്ങിയവ സ്ഥാപിക്കും. നിക്ഷേപ സംഗമത്തിനും പദ്ധതി നിര്‍വ്വഹണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും നഗരകാര്യ ഡയറക്ടര്‍ കണ്‍വീനറുമായി കമ്മിറ്റിയും നഗരകാര്യ ഡയറക്ടറേറ്റില്‍ പിപിപി സെല്ലും രൂപവല്‍ക്കിരിച്ചിട്ടുണ്ട്.

No comments:

Post a Comment

.